Monday, December 23, 2013

ബലൂണ്‍...

ഊതി ഊതി
വീര്‍ത്ത് വീര്‍ത്ത്
പൊട്ടിത്തെറിച്ച്
നീയെന്തിനാണ്
കുഞ്ഞിക്കണുകളിലെ
വിസ്മയങ്ങളെ
കണ്ണീര്‍ മഴയില്‍
ഒഴുക്കുന്നത്...?

Tuesday, December 17, 2013

ഓല പീപ്പി...

കുഞ്ഞിളം
കൈയുള്ളത്തില്‍
ചുരുട്ടി, ചുരുട്ടി
ചുരുട്ടിക്കെട്ടി
ചുണ്ടത്ത് വെച്ച്
അടിവയറ്റില്‍ നിന്ന്
തൊണ്ടക്കുഴല്‍ വഴി
ചെറുകാറ്റിനൊപ്പം
പുറത്തോക്കൊഴുകിയ
അരൂപിയായ
ബാല കുതൂഹ
ലത...

Saturday, December 14, 2013

കടല മിഠായി...

കുഞ്ഞു മനസ്സിന്റെ
രസക്കൂട്ടിലേക്ക്
കിനിഞ്ഞിറങ്ങിയ
അതി മധുരം...
ചുണ്ടത്ത് തുളമ്പിയ
ഉമിനീര്‍ തേനില്‍
പൂക്കുന്ന
പാല്‍ പുഞ്ചിരി...

Saturday, November 16, 2013

ആ അമ്മയുടെ ഗര്‍ഭപാത്രത്തിന്... ഹൃദയപൂര്‍വ്വം

120 കോടിയിലേറെ വരുന്ന ജനതയെ 24 വര്‍ഷം തന്റെ ആത്മാവിഷ്‌ക്കാരങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ചുറ്റും സഞ്ചരിപ്പിച്ച ഒരു മനുഷ്യന്‍, കത്തുന്ന ഉച്ച സൂര്യനെ സാക്ഷിയാക്കി ഈറനണിഞ്ഞ കണ്ണുകളോടെ പവലിയനിലേക്ക് മടങ്ങിയപ്പോള്‍ അയാള്‍ ഈ മൈതാനങ്ങളില്‍ ബാക്കി വെക്കുന്നത് ഒരു രാജ്യത്തിന്റെ ഹൃദയ വികാരങ്ങളുടെ ഉള്‍ത്തുടിപ്പുകളാണ്....................

പ്രസിദ്ധ മറാഠി എഴുത്തുകാരന്‍ രമേഷ് ടെണ്ടുല്‍ക്കറുടെ മകന്‍ സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍ ബാറ്റ് കൊണ്ടാണ് സാഹിത്യ സൃഷ്ടികള്‍ നടത്തിയത്. അയാള്‍ റണ്‍സുകളും റെക്കോര്‍ഡുകളും വാരി കൂട്ടിയപ്പോള്‍ കോടിയിലേറെ സന്തോഷങ്ങളുടെ വേലിയേറ്റവും അയാള്‍ ഓരോ തവണ നിരാശനാകുമ്പോള്‍ അത്ര തന്നെ നൊമ്പരങ്ങളും ഉതിര്‍ക്കപ്പെട്ടു. ആ ബാറ്റില്‍ നിന്ന് പിറന്നത് റണ്‍സുകളുടെ ഉജ്ജ്വലമായ വൈഖരികളായിരുന്നു.....................

ക്രിക്കറ്റില്‍ ഒരേയൊരു ആനന്ദമേയുള്ളു. അത് കരീബിയന്‍ ഇതിഹാസം ബ്രയാന്‍ ചാള്‍സ് ലാറയാണ്. ലാറ ഇടംകൈയില്‍ ആനന്ദങ്ങളുടെ വസന്തമാണ് പെയ്യിച്ചത്. അവസാന മത്സരം കഴിഞ്ഞപ്പോള്‍ അദ്ദേഹം ലോകത്തോട് ചോദിച്ചത് ഞാന്‍ നിങ്ങളെ ആനന്ദിപ്പിച്ചുവോ എന്നായിരുന്നു..... ലോക ക്രിക്കറ്റില്‍ ഒരേയൊരു വികാരമേയുള്ളു. അത് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കറാണ്. സച്ചിന്‍ വലം കൈയില്‍ വൈകാരികമായ ഋതുക്കളാണ് സൃഷ്ടിച്ചത്. അവസാനം പവലിയനിലേക്ക് നടക്കുമ്പോള്‍, ഇത്രയും കാലം അക്ഷോഭ്യനായി പോരാടിയ സച്ചിന്‍ കരയുന്നുണ്ടായിരുന്നു.......................

ഇന്ത്യന്‍ ക്രിക്കറ്റിലെ സുവര്‍ണ്ണ തലമുറയിലെ അവസാന നക്ഷത്രവും ഹംസഗാനം ചൊല്ലി. വാംഖഡെയിലെ പുല്‍മൈതാനത്ത് സച്ചിന്‍ രണ്ടര പതിറ്റാണ്ടിലെ ഓര്‍മകള്‍ പങ്ക് വെക്കുമ്പോള്‍ അതിന് സാക്ഷികളായി ദ്രാവിഡും ഗാംഗുലിയും ലക്ഷ്മണുമുണ്ടായിരുന്നു. സംഭാഷണത്തിനിടയില്‍ മൂവര്‍ക്കും സച്ചിന്‍ നന്ദി പറഞ്ഞു. ഈ നാല് പേരും ചേര്‍ന്ന് ഏതാണ്ട് കാല്‍ നൂറ്റാണ്ടുകാലം ഇന്ത്യന്‍ ക്രിക്കറ്റിനെ  സഞ്ചരിപ്പിച്ച വഴികളെക്കുറിച്ച് ചിന്തിച്ചു നോക്കൂ. ഈ മൂന്ന് കരുത്തുറ്റ തൂണുകള്‍ക്ക് മുകളിലാണ് സച്ചിന്‍ തന്റെ കരിയറിലെ ഏതാണ്ടെല്ലാ നേട്ടങ്ങളും പണിതത്. സച്ചിനിലെ വ്യക്തിയുടെ മിന്നലാട്ടങ്ങളായി ഈ മൂവരെയും കാണാം. സച്ചിന്റെ രണ്ട് തരം സൗമ്യതകളാണ് ദ്രാവിഡും ലക്ഷ്മണുമെങ്കില്‍ സച്ചിനിലെ പോരാളിയുടെ സിംഹവീര്യത്വമാണ് ഗാംഗുലി. ബാറ്റിംഗ് ലൈനപ്പ് നോക്കൂ. സച്ചിനും ഗാംഗുലിയും ചേര്‍ന്ന ഓപണിംഗ് സഖ്യം അടിത്തറയിടുന്ന ഇന്നിംഗ്‌സിനെ ദ്രാവിഡും ലക്ഷ്മണും ചേര്‍ന്ന് പൂര്‍ണ്ണമാക്കുന്ന ചാരുത. ബാറ്റിംഗിലെ ഏല്ലാ ശൈലികളും സ്ഥൂലവും സൂക്ഷ്മവുമായി ചേര്‍ന്ന് രൂപപ്പെടുന്ന വ്യാകരണാത്മകമായ ലാവണ്യത..........................

സച്ചിന്റെ സഹോദരന്‍ അജിത്, ആദ്യ പരിശീലകന്‍ രമാകാന്ത് അച്ചരേക്കര്‍, വാക്കുകള്‍ കൊണ്ട് സച്ചിനിലെ ഇതിഹാസത്തെ അടയാളപ്പെടുത്തിയ ഗവാസ്‌കര്‍. ഈ മൂന്ന് പേരുടെയും ക്രാന്തദര്‍ശിത്വമാണ് ഇന്ന് 100 സെഞ്ച്വറികളടക്കമുള്ള അസാമാന്യ പ്രകടനങ്ങള്‍ നടത്തിയ ഒരു കായിക താരത്തിന്റെ പിറവിക്ക് പിന്നില്‍. പ്രിയപ്പെട്ട അജിത്, അച്ചരേക്കര്‍, ഗവാസ്‌കര്‍ നന്ദി..... ജീവന്റെ സമസ്ത മേഖലയിലേക്കും സച്ചിനെന്ന വ്യക്തിയെ ദൈവാത്മകമായി പടര്‍ത്തിയതിന്.....

ലോകത്തിലെ ഏറ്റവും സൗമ്യനായ വ്യക്തിയെന്ന് സച്ചിനെ അടയാളപ്പെടുത്താം. അതുകൊണ്ടാണ് അദ്ദേഹം സിക്‌സറുകളേക്കാള്‍ ഫോറുകളെ പ്രണയിച്ചത്............ ക്രിക്കറ്റിന്റെ ആധ്യാത്മികതയാണ് സച്ചിന്‍. അതുകൊണ്ടാണ് കഴിഞ്ഞ 24 കൊല്ലമായി താന്‍ ശ്വസിച്ചത് ക്രിക്കറ്റിന്റെ വായു മാത്രമാണെന്ന് അദ്ദേഹം പറഞ്ഞത്........ ക്രിക്കറ്റെന്ന ബോധിവൃക്ഷ ചുവട്ടിലെ ധ്യാന സ്ഥലികളില്‍ മൗനം പൂണ്ട്, മൗനം പൂണ്ട് തഥാഗത്വമാര്‍ന്ന ഒരേയൊരു സച്ചിന്‍.......

സച്ചിന്‍ നന്ദി... വ്യക്തിത്വത്തിലെ സൗമ്യതക്ക്, കളത്തിനകത്തും പുറത്തും പ്രകടിപ്പിച്ച ആഭിജാതമായ കുലീനതക്ക്, എല്ലാറ്റിനുമുപരി സാഗര ഗര്‍ജനമാര്‍ന്ന പ്രകടനങ്ങളാല്‍ പ്രപഞ്ചത്തെ പ്രചോദിപ്പിച്ചുകൊണ്ടേയിരുന്നതിന്................

ആദ്യമായും അവസാനമായും മകന്റെ ക്രിക്കറ്റ് പ്രകടനം നേരില്‍ കണ്ട് ആ അമ്മ പവലിയനിലിരുന്നു. അവസാന പോരാട്ടത്തിന് സച്ചിനിറങ്ങുമ്പോള്‍ രജ്‌നി ടെണ്ടുല്‍ക്കറുടെ ഹൃദയത്തില്‍ ചുരന്ന മാതൃത്വത്തിന്റെ നിര്‍വൃതിയെ എങ്ങനെ വിശേഷിപ്പിക്കും?...... പ്രിയപ്പെട്ട അമ്മേ നന്ദി... ഇത്രയും ഉജ്ജ്വലനായ ഒരു വ്യക്തിയെ രാജ്യത്തിന് സമ്മാനിച്ചതിന്............. ആ വ്യക്തിയെ ബീജാവാപം നടത്തി പാവന ദിവ്യത്വമാര്‍ജിച്ച അമ്മയുടെ ഗര്‍ഭ പാത്രത്തിന് ശതകോടി പ്രണാമങ്ങള്‍.......................................................................................

Monday, October 14, 2013

എന്നിട്ടും...

ഹൃദയത്തില്‍
പുഷ്പിച്ച
ഋതു
ചൈതന്യമേ...
വസന്തം തരാതെ
എന്തിനാണ്
നീയെന്ന
മഞ്ഞ വെയിലത്ത്
ഒറ്റക്ക്
നിര്‍ത്തുന്നത്...

Sunday, September 15, 2013

ഊണു കഴിക്കാന്‍ ജീവിക്കുക... ജീവിക്കാന്‍ ഊണു കഴിക്കുക...

ഭക്ഷണം ഒരു സംസ്‌കാരമാണ്. കേരളത്തിന്റെ സവിശേഷ കാലാവസ്ഥയുടെ അടിസ്ഥാനത്തില്‍ നമ്മുടെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് ഊണ്‍. യഥാര്‍ഥത്തില്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്‍മാരായ ജനത നാമല്ലേ. നമ്മുടെ ഊണിന്റെ മഹത്വം മറ്റൊരു ഭക്ഷണത്തിനുമുണ്ടാകാന്‍ സാധ്യതയില്ല. കാരണം അത് കഴിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദത്തിന് എല്ലാ രസങ്ങളുടെയും അകമ്പടിയുണ്ട്. ഉപ്പും മധുരവും എരുവും പുളിയും കയ്പ്പും തുടങ്ങി എല്ലാ രസങ്ങളും മേമ്പൊടി ചേര്‍ക്കപ്പെടുന്നു. മറ്റ് രാജ്യക്കാരെ അപേക്ഷിച്ച് ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് കേരളക്കാര്‍ക്ക് ലഭിക്കുന്ന ഒരു സവിശേഷത കൂടിയാണ് ഊണ് കഴിക്കല്‍ എന്ന കല. ഇതൊരു കലയാണ്. അലോചിച്ചിട്ടുണ്ടോ. ശബ്ദങ്ങളുടെ ഒരു സിംഫണി കൂടി അതിനൊപ്പം പശ്ചാത്തലത്തിലുണ്ടാകും. എന്തെല്ലാം ശബ്ദങ്ങളാണ് നാം അറിഞ്ഞ് ഉണ്ടാല്‍ കേള്‍ക്കുക. സായിപ്പിന് ഇത് മനസ്സിലാകില്ല. കാരണം അവരുടെ തീന്‍മേശ മര്യാദ തന്നെ മുഖ്യ വില്ലന്‍. ഭക്ഷണം ആസ്വദിക്കുകയോ ആസ്വദിക്കാതിരിക്കുകയോ എന്ത് വേണമെങ്കിലും ആയിക്കോ. പക്ഷേ മര്യാദയുണ്ടല്ലോ ങേഹേ! അതുകൊണ്ട് എന്ത് സംഭവിക്കുന്നു ഒന്നും ആസ്വദിച്ച് കഴിക്കാന്‍ സാധിക്കില്ല. പറഞ്ഞു വന്നത് ശബ്ദങ്ങളെ കുറിച്ചാണ്.....
ചോറ് കുഴക്കുന്നതില്‍ തുടങ്ങുന്നു നേര്‍ത്ത ശബ്ദത്തിന്റെ അകമ്പടി. പിന്നയങ്ങോട്ട് വൈവിധ്യമാര്‍ന്ന ആരോഹണ അവരോഹണ ക്രമങ്ങളാണ്. കുഞ്ഞുണ്ണി മാഷ് പറഞ്ഞ പര്‍പ്പടകം എന്ന പപ്പടം കടിക്കുമ്പോള്‍ ഒരു ശബ്ദം. അത് പൊടിക്കുമ്പോള്‍ മറ്റൊരു ശബ്ദം. അത് ചവക്കുമ്പോള്‍ ശബ്ദം നേര്‍ത്ത് ഇല്ലാതാകുന്നു. വര്‍ത്തുപ്പേരി ചവക്കുമ്പോഴും ശര്‍ക്കരയുപ്പേരി ചവക്കുമ്പോഴും ചേന വറുത്തത് ചവക്കുമ്പോഴും കേള്‍ക്കാം ഉപ്പേരിയുടെ വൈവിധ്യമാര്‍ന്ന ഒച്ചകള്‍. ഇനി കൊണ്ടാട്ടത്തിന് മറ്റൊന്നാണ്. രസം കൈയിലൊഴിച്ച് കുടിക്കുമ്പോള്‍ നേര്‍ത്ത ശബ്ദമാണ്. ആ ഒച്ചയുടെ വൈവിധ്യങ്ങള്‍ കൂടി കൂടി വരും സംഭാരവും മോരും തൈരുമാകുമ്പോള്‍. അടുത്തത് പായസമാണ്. പായസം ഇലയിലൊഴിച്ച് കഴിക്കണം. ഇലയിലൊഴിച്ച് കഴിക്കുമ്പോള്‍ പുറത്തേക്ക് വരുന്ന ഒച്ചയാണ് ഒച്ച. സദ്യക്ക് ഒരേ പന്തിയിലുള്ള ഒരു കൂട്ടം ആളുകള്‍ പായസം ഒരുമിച്ച് കഴിക്കുമ്പോള്‍ അത് സംഘ ഗാനമായി മാറുന്നു. ഊണ് കഴിഞ്ഞ് കൈ വിരലുകള്‍ നൊട്ടി നുണയുമ്പോള്‍ മറ്റൊരു ശബ്ദം. അതും കഴിഞ്ഞ് ഇല മടക്കി എഴുന്നേല്‍ക്കുമ്പോള്‍ ആശ്വാസത്തിന്റെയും ആനന്ദത്തിന്റെയും വലിയൊരു ഏമ്പക്കം... ഹോ... എന്തൊരു ശബ്ദ കോലാഹലമാണ്...................
നല്ല കുത്തരി ചോറില്‍ നല്ല നാടന്‍ നെയ്യ് ഉരുക്കിയൊഴിച്ച് കുറച്ച് ഉപ്പും കൂട്ടി വിസ്തരിച്ച് കുഴച്ച് കുറച്ചു കഴിക്കുക. അടുത്ത പടി കാളനാണ്. അത് കുറുകിയതോ ഒഴുകിയതോ ആകട്ടെ. ചേനയും കായയും ചേര്‍ന്ന് രൂപപ്പെടുത്തിയ, പുളി അല്‍പ്പം ഗമയോടെ തലയുയര്‍ത്തുന്ന കാളനും കൂട്ടി കുറച്ച്. പിന്നെ സാമ്പാര്‍. (സാമ്പാര്‍ തമിഴനാണ്. എങ്കിലും നമ്മുടെ വിശാല മനസ്‌കത അതിനെ നമ്മുടെ അവിഭാജ്യ ഘടകമാക്കി.) സാമ്പാറും കൂട്ടി വീണ്ടും ഒരു സുഭിക്ഷത. വീണ്ടും ചോറിന്റെ വരവാണ്. കുറച്ച് ചോറ് മാറ്റി വെച്ച് അല്‍പ്പം രസം ഒഴിക്കുക. ഒരു പപ്പടം പൊടിച്ച് രസത്തിനെയും ചോറിനെയും രസത്തിലാക്കുക. അടുത്ത പടി പായസമാണ്. പായസം വിസ്തരിച്ച് രസിച്ച്, രസിച്ച് ആസ്വദിക്കുക. മേമ്പൊടിയായി ഏത് ഉപ്പിലിട്ടതാണോ ഇലയിലുള്ളത് അത് ഒന്ന് തൊട്ടു നക്കുക. വയറ്റില്‍ കുറച്ച് ഒഴിവുകൂടി  പായസത്തിന് ആ ഉപ്പിലിട്ടത് അനുവദിക്കും. രസം ഒഴിച്ച സമയത്ത് മാറ്റി വെച്ച ബാക്കി ചോറ് വീണ്ടും ഇലയിലേക്ക് നീക്കുക. മോര് കൂട്ടി ചെറുതായി ഒന്നുകൂടെ. പായസത്തിന്റെ മധുരം ഏല്‍പ്പിച്ച മത്ത് മാറി കിട്ടാനും ദഹനത്തിനും ഈ അവസാന പ്രയോഗം മികച്ചതാണ്.
ഇലയുടെ അറ്റങ്ങളില്‍ ധാരാളം കുഞ്ഞു കുഞ്ഞു വിഭവങ്ങളുണ്ടാകും. അവര്‍ കുഞ്ഞന്‍മാരാണെങ്കിലും മഹത്വമേറും. ഉപ്പിടാത്ത ഓലനാണ് വേണ്ടത്. കാരണം ഓരോ വിഭവങ്ങളുടെയും വൈവിധ്യത്തെ ഓലന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. എല്ലാ പച്ചക്കറികളും ചേര്‍ന്ന അവിയല്‍, കൂട്ടുകറി, എലിശ്ശേരി, തോരന്‍, പച്ചടി, കിച്ചടി, വറുത്ത ഉപ്പേരികള്‍, കടുമാങ്ങ, നാരങ്ങ ഉപ്പിലിട്ടത്, പപ്പടം, മെഴുക്കുപുരട്ടി, പുളിയിഞ്ചി, ഇഞ്ചിത്തൈര്... അങ്ങനെ അങ്ങനെ അങ്ങനെ..........................
 ഊണ് കഴിഞ്ഞാല്‍ വരാന്തയില്‍ വന്ന് പ്രകൃതിയുടെ പ്രശാന്തതയിലേക്ക് മനസ്സിനെ തുറക്കുക. ചിങ്ങ മാസത്തിലെ പ്രകൃതിയുടെ ഗാംഭീര്യത്തെ, പരമാനന്ദത്തെ, ഓണത്തിന്റെ ഹരിതാഭയെ പതുക്കെ പതുക്കെ മനസ്സിലേക്ക് ആവാഹിക്കുക. മതി.......... മനം നിറഞ്ഞു.... മൗനം നിറഞ്ഞു..... ഓണം നിറഞ്ഞു........................................


നിറഞ്ഞ.... നിറഞ്ഞ..... നിറഞ്ഞ ഓണം..... ഓണത്തെ നല്ലോണം ഉണ്ണുക......ഓണത്തെ നല്ലോണം ഊട്ടുക............

Wednesday, September 11, 2013

പെയ്‌സിന്റെ വിസ്മയ എയ്‌സുകള്‍

അയാളുടെ ഹൃദയം അദ്ഭുതങ്ങളൊളിപ്പിച്ച ഒരു വിസ്മയ ചെപ്പായിരുന്നു. ഓരോ കാലത്തും ഒട്ടും നിനച്ചിരിക്കാത്ത സമയത്ത് അയാള്‍ തന്റെ ചെപ്പ് തുറന്ന് വിസ്മയങ്ങളെ പുറത്തേക്കെടുത്തു. ലിയാണ്ടര്‍ പെയ്‌സ് എന്ന ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം തന്റെ 40ാം വയസ്സ് ഒരു കിരീട നേട്ടത്തോടെ ആഘോഷിച്ച് പ്രായം വെറും കണക്കാണെന്ന് തെളിയിച്ച് അദ്ഭുതപ്പെടുത്തുന്നു. ആര്‍തര്‍ ആഷെ സ്റ്റേഡിയത്തിലെ ഫ്‌ളെഷിംഗ് മെഡോയില്‍ പെയ്‌സും കൂട്ടുകാരന്‍ ചെക് റിപ്പബ്ലിക്കിന്റെ റാഡെക് സ്റ്റെപാനെക്കും ചേര്‍ന്ന് എഴുതി ചേര്‍ത്തത് മനോഹരമായ, ഖണ്ഡകാവ്യ സമാനമായ ഒരു ടെന്നീസ് കവിതയായിരുന്നു. യു എസ് ഓപണ്‍ നേടി ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന രണ്ടാമത്തെ ചാമ്പ്യനെന്ന സുവര്‍ണ നേട്ടം സ്വന്തമാക്കി നെഞ്ചും വിരിച്ച് നിന്ന ആ മനുഷ്യന്‍ അദ്ഭുതമല്ലെങ്കില്‍ മറ്റെന്താണ്...........

1990 മുതല്‍ തുടങ്ങിയ പെയ്‌സിന്റെ ജൈത്രയാത്ര രണ്ട് ഘട്ടങ്ങളാക്കി തിരിക്കാം. ആ യാത്ര ഇന്ത്യന്‍ കായിക  ചരിത്രത്തെ രണ്ടാക്കി പകുക്കുന്നു. ഓര്‍മ്മയില്ലേ 1996ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സ്. 1952ലെ ഹെല്‍സിങ്കി ഒളിമ്പിക്‌സില്‍ പോക്കറ്റ് ഡൈനാമോ എന്നറിയപ്പെട്ട കെ ഡി യാദവ് ഗുസ്തിയില്‍ നേടിയ വെങ്കലത്തില്‍ ഒതുങ്ങിയ സ്വതന്ത്ര ഇന്ത്യയുടെ മെഡല്‍ നേട്ടം ഒളിമ്പിക്‌സ് വേദിയില്‍ ആവര്‍ത്തിക്കാന്‍ നാല് പതിറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു. അത് പൂവണിഞ്ഞത് 1996ല്‍ പെയ്‌സ് നേടിയ ടെന്നീസ് സിംഗിള്‍സ് വെങ്കലത്തിലൂടെയായിരുന്നു. അന്ന് സെമിയില്‍ സാക്ഷാല്‍ ആന്ദ്രെ അഗാസിയോടാണ് ഇന്ത്യന്‍ ഇതിഹാസം കീഴടങ്ങിയത്. പിന്നീടുള്ള ഒളിമ്പിക്‌സിലെ ഇന്ത്യന്‍ മെഡല്‍ നേട്ടം പരിശോധിച്ചാല്‍ മനസ്സിലാക്കാം ആ ഒരൊറ്റ വെങ്കലം ഉണ്ടാക്കിയ സുവര്‍ണ പ്രചോദനങ്ങള്‍..............

40 വയസ്സ് കായിക താരത്തെ സംബന്ധിച്ച് കളിക്കളത്തിലെ സായാഹ്നമാണ്. പെയ്‌സ് അതിനെ അട്ടിമറിക്കുന്നത് അയാളുടെ ഉള്ളിലെ ഭാവനയുടെ പുറത്താണ്. ഓരോ തവണയും വീണു പോകുമ്പോള്‍ ഉയിര്‍ത്തെഴുനേല്‍ക്കുന്ന അദ്ദേഹം ആത്മാര്‍പ്പണത്തിലൂടെയും കഠിന പരിശ്രമത്തിലൂടെയുമാണ് തന്റെ സ്ഥാനം ഉറപ്പാക്കുന്നത്. ജീവിതം ടെന്നീസിനായി സമര്‍പ്പിക്കുന്നതും രാജ്യത്തിന്റെ യശസ്സാണ് വ്യക്തി താത്പര്യത്തിനും അപ്പുറത്തെന്ന വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകളും പെയ്‌സിനെ കരുത്തനാക്കുന്നു. എട്ട് ഡബിള്‍സ് കിരീടങ്ങളും ആറ് മിക്‌സ്ഡ് ഡബിള്‍സ് കിരീടങ്ങളുമടക്കം 14 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുടെ അവകാശിയായ ഓരേയൊരു ഇന്ത്യന്‍ താരം..........

ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത മഹത്തായ കായിക താരങ്ങളില്‍ ഒരാളായ പെയ്‌സ് ബംഗാളുകാരനാണ്. ആ ഹൃദയം സിംഹവീര്യത്താലാണ് തുടിക്കുന്നത്. ആ തുടിപ്പില്‍ കളിമണ്‍ കോര്‍ട്ടിലും പുല്‍ കോര്‍ട്ടിലും ഹാര്‍ഡ് കോര്‍ട്ടിലും വസന്തത്തിന്റെ പുതുനാമ്പുകളാണ് തളിരിടാറുള്ളത്....................

പ്രിയപ്പെട്ട പെയ്‌സ് താങ്കള്‍ ഒഴുകിക്കോളൂ.......... ആ ഒഴുക്കില്‍ താങ്കള്‍ തീര്‍ക്കുന്ന വിസ്മയമൊളിപ്പിച്ച എയ്‌സുകള്‍ ആനന്ദത്തിന്റെ കനത്ത മഴ തന്നെ പെയ്യിക്കട്ടെ.................


Wednesday, September 4, 2013

യാത്രാ... മൊഴികള്‍...


ആ രാത്രി കൊട്ടാരത്തിലെ സുഖ സൗകര്യങ്ങളും പ്രിയപ്പെട്ട പത്‌നി യശോധരയേയും മകന്‍ രാഹുലനേയും ഒറ്റക്കാക്കി ഗൗതമന്‍ ഇറങ്ങി പുറപ്പെട്ടു. ദുഃഖത്തിന്റെ കാരണമന്വേഷിച്ചാണ്  പില്‍ക്കാലത്ത് ബോധദയം പൂണ്ട് സിദ്ധാര്‍ഥനും ബുദ്ധനുമൊക്കെയായി മാറിയ ഗൗതമ കുമാരന്‍ കൊട്ടാരത്തോട് വിട പറഞ്ഞത്...

അതെ,  യാത്രകള്‍ അന്വേഷണങ്ങളും തിരിച്ചറിവുകളുമാണ്. അനുഭങ്ങളില്‍ നിന്ന് രൂപപ്പെടുന്ന ഓരോ അറിവുകളും പില്‍ക്കാലത്ത് ജീവിക്കാനുള്ള ഉണ്മകളായി മാറുന്നു...

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി കണ്ടു... അറിഞ്ഞു... അനുഭവിച്ചു... ഒരു സിനിമക്കൊപ്പം രണ്ടര മണിക്കൂര്‍ യാത്ര ചെയ്തു. അതില്‍ പ്രണയമുണ്ടായിരുന്നു, വിരഹമുണ്ടായിരുന്നു, നൊമ്പരങ്ങളുണ്ടായിരുന്നു, വിപ്ലവമുണ്ടായിരുന്നു വിശപ്പും ദാഹവും കലാപങ്ങളും നിലവിളികളുമുണ്ടായിരുന്നു. രണ്ട് ബുള്ളറ്റുകള്‍ ഹൃദയം കീറി കടന്ന് പോയത് ഗോവയിലേക്കും കൊല്‍ക്കത്തയിലേക്കും ആസാമിലേക്കും പിന്നെ നാഗാലാന്റിലേക്കുമായിരുന്നു...

വിപ്ലവത്തിന്റെ രക്ത നക്ഷത്രമായിരുന്ന ഏണസ്റ്റോ ചെ ഗുവേര തന്റെ സുഹൃത്ത് ആല്‍ബര്‍ട്ടോ ഗ്രനാഡോക്കൊപ്പം ഒരു ബുള്ളറ്റില്‍ യാത്ര തിരിച്ചത് മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന പേരില്‍ വായിച്ചതും ആതേ പേരിലുള്ള സിനിമയിലൂടെ അറിഞ്ഞതുമായിരുന്നു. സമീര്‍ താഹിറിന്റെ നീലാകാശം കണ്ടിരുന്നപ്പോള്‍ ഓര്‍മയില്‍ തെളിഞ്ഞതും ചെയുടെ ബുള്ളറ്റായിരുന്നു. ആ യാത്രക്ക് ശേഷം ബൊളീവിയന്‍ കാടുകളിലെ ഒളിപ്പോരടക്കമുള്ള വിപ്ലവ വഴികളിലൂടെ തിരുത്തല്‍ ശക്തിയായി ചെ ഗുവേരയെന്ന നക്ഷത്രം ഉദിച്ചുയര്‍ന്നത് പില്‍ക്കാല ചരിത്രം...

നഷ്ട പ്രണയം വീണ്ടെടുക്കാനുള്ള നായകന്റെയും സുഹൃത്തിന്റെയും യാത്ര വൈവിധ്യമാര്‍ന്ന അനുഭവങ്ങളിലൂടെ നിലാകാശത്തും പച്ചക്കടലിലും ചുവന്ന ഭൂമിയിലും സംവിധായകന്‍ കോറിയിടുന്നു. ആധുനിക യുവതയുടെ ഉത്സവ കാഴ്ച്ചകളില്‍ നിന്ന് അവര്‍ എത്തിപ്പെടുന്നത് 70കളിലെ വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍ സൃഷ്ടിക്കാന്‍ ഇറങ്ങി പുറപ്പെട്ട വൃദ്ധനായി തീര്‍ന്ന ഒരു പഴയ നക്‌സലൈറ്റിന്റെ ഗ്രാമത്തിലാണ്. പിന്നീട് കലാപ ഭൂമിയായ ആസാമിന്റെ മണ്ണില്‍. അവിടെ നിന്നും ഇരുവരും തങ്ങളുടെ പ്രണയിനികളുടെ അടുത്തേക്ക് വഴിമാറി പോകുന്നു...

മൂന്ന് വര്‍ണങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത് ജീവിതത്തിന്റെ വൈവിധ്യങ്ങളെയാണ്. നീലാകാശം ഇളം നിറത്തിലുള്ളതാണ്. ആ ഇളം നീല പ്രണയത്തിന്റെ, നിഷ്‌കളങ്കതയുടെ അടയാളമായി മാറുന്നു. പച്ച പ്രതീക്ഷകളെ പുല്‍കുമ്പോള്‍ ചുവന്ന ഭൂമി ജീവിതത്തിന്റെ നശ്വരതയെ ഓര്‍മ്മപ്പെടുത്തുന്നു...

ഇറങ്ങി പുറപ്പെടുക അത്രതന്നെ... ഓരോ യാത്രകളും ഓര്‍മ്മപ്പെടുത്തലുകളാണ്... നഷ്ടങ്ങളൊന്നും നഷ്ടങ്ങളല്ലെന്നും നേടിയതൊന്നും നേട്ടങ്ങളല്ലെന്നും തിരിച്ചറിയുന്നിടത്ത് വെച്ചാണ് ഗൗതമന്‍ സിദ്ധാര്‍ഥനായത്... ആ മാറ്റം ബോധിയുടെ ചുവട്ടിലേക്കുള്ള പ്രയാണമാകുന്നു... വൃക്ഷ ചുവട്ടില്‍ വെച്ച് സിദ്ധാര്‍ഥനെന്ന മനുഷ്യന്‍ ബുദ്ധനെന്ന മിത്തായി മാറിയത് യാത്രയില്‍ നിന്ന്, അന്വേഷണത്തില്‍ നിന്ന് രൂപപ്പെട്ട ഇച്ഛയുടെ കരുത്തില്‍ നിന്നായിരുന്നു..................................................................

Wednesday, August 21, 2013

ഗുല്‍മോഹര്‍

വിത്ത് പൊട്ടി
മുള വീശി
മണ്ണില്‍ നിന്ന്
വിണ്ണിലേക്ക്
പ്രണയം
പുഷ്പിച്ച
ചുവന്ന
കനവുകള്‍...

Tuesday, August 20, 2013

ബോധി വൃക്ഷം

തായ് വേരിന്റെ
ഉള്ളറകളില്‍ നിന്ന്
വൃക്ഷ ഹൃദയം കടന്ന്
ഇലയുടെ തുമ്പിലേക്ക്
ഇരമ്പി കയറിയ
മൗനം...
ഞാന്‍... ഞാന്‍...
ഞാനെന്ന മന്ത്രം
വ്യാപനം ചെയ്ത്
നമ്മിലേക്ക് വികസിച്ച
മഹാ ബോധി....................

Tuesday, August 13, 2013

കൊടുങ്കാറ്റിന്റെ കാല്‍പ്പനികമായ രണ്ടറ്റങ്ങള്‍

മനുഷ്യാകാരം പൂണ്ട വേഗത്തിന്റെ രണ്ട് രൂപങ്ങള്‍. ട്രാക്കില്‍ നിറയുന്ന ആ രണ്ട് വസന്തങ്ങളും കറുപ്പ് ചാലിച്ച കൊടുങ്കാറ്റുകളാണ്.  കൊടുങ്കാറ്റിന്റെ കാല്‍പ്പനികമായ രണ്ടറ്റങ്ങള്‍. ഉസൈന്‍ ബോള്‍ട്ടും മോ ഫറയും പ്രപഞ്ചത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യന്‍മാരാണ്. വര്‍ത്തമാന പരിസരത്തില്‍ അവര്‍ക്ക് എതിരാളികളില്ല. ബോള്‍ട്ട് നമ്മുടെ കണ്ണുകള്‍ അടച്ച് തുറക്കുന്ന വേഗത്തില്‍ 100 മീറ്ററും 200 മീറ്ററും താണ്ടുന്നു. മോ ഫറ 5000, 10000 മീറ്ററുകളില്‍ പതിയെ തുടങ്ങി വേഗത്തിന്റെ പല മാനങ്ങള്‍ താണ്ടി ശക്തി പ്രാപിക്കുന്നു.
ബോള്‍ട്ട് ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും ജമൈക്കക്കാരനാണ്. സ്പ്രിന്റിലെ ഇതിഹാസമായി അയാളെ ലോകം കാണുന്നു. ആ വേഗങ്ങള്‍ നമ്മുടെ സങ്കല്‍പ്പങ്ങളെ പോലും വെല്ലുവിളിക്കുന്നതാണ്. ശാസ്ത്രജ്ഞന്‍മാര്‍ തലങ്ങും വിലങ്ങുമിരുന്നു ചിന്തിക്കുകയാണ് ഇത്ര വേഗത്തില്‍ ആയളെങ്ങനെ ഓടുന്നു എന്നതിനെക്കുറിച്ച്. കരീബിയന്‍ വന്യതയുടെ പ്രതീകമാണ് ബോള്‍ട്ട്. അയാള്‍ ഓടുമ്പോള്‍ താളാത്മകമായ നിറവ് അതില്‍ കാണാം. അതിന്റെ തുടക്കം ഹീറ്റ്‌സിലായിരിക്കും. സെമി മധ്യ താളത്തിലേക്ക് ഉയരും. ഫൈനല്‍ അതിന്റെ പൂര്‍ണ്ണ രൂപത്തിലെത്തുന്നു. ഹീറ്റ്‌സിലും സെമിയിലും ബോള്‍ട്ട് ഒരിക്കലും ഒന്നാമതെത്താറില്ല. കരുത്ത് മുഴുവന്‍ അവസാനത്തേക്ക് ഒരുക്കി വെക്കുന്നു. സ്റ്റാര്‍ട്ടിംഗ് പോയിന്റിലെത്തുന്ന ആ നിമിഷം മുതല്‍ നമ്മുടെ കണ്ണുകളെയും അയാള്‍ ഓടാന്‍ തയ്യാറാക്കുന്നു. കണ്ണടച്ച് തുറക്കുന്ന അത്ര വേഗത്തില്‍................
മോ ഫറ ജന്മം കൊണ്ട് സൊമാലിയക്കാരനും കര്‍മ്മം കൊണ്ട് ബ്രിട്ടീഷുകാരനുമാണ്. 5000, 10000 മീറ്ററുകള്‍ താണ്ടുന്ന ആ കറുത്ത മെലിഞ്ഞ മനുഷ്യന്‍ ഇക്കണ്ട ദൂരം മുഴുവന്‍ ഓടിയാലും തളരുന്നില്ല എന്നത് കൗതുകം ജനിപ്പിക്കുന്ന കാര്യമാണ്. ഒപ്പമുള്ളവര്‍ ഫിനിഷിംഗ് ലൈന്‍ തൊട്ട് തളര്‍ന്ന് വീഴുമ്പോള്‍ ഫറ സുന്ദരമായി നടന്നു നീങ്ങുന്ന കാഴ്ച്ചയായിരിക്കും സ്റ്റേഡിയത്തില്‍. ബ്രിട്ടനായി മത്സരിക്കുമ്പോഴും ഫറയുടെ സ്വത്വത്തില്‍ കറുത്തവന്റെ കരുത്താണ് വിരിയുന്നത്. പതിയെ തുടങ്ങി ചടുലമായി അവസാനിക്കുന്ന ആഫ്രിക്കന്‍ വാദ്യത്തിന്റെ താള വഴികളാണ് അയാള്‍ ട്രാക്കില്‍ തെളിയിക്കുന്നത്. അയാള്‍ ഓടി തുടങ്ങുമ്പോള്‍ നമുക്ക് ചിന്തിക്കാന്‍ സമയമുണ്ട്. ഒപ്പം മത്സരിക്കുന്നവരുടെ വേഗം വെച്ച് കണക്ക് കൂട്ടാന്‍ അയാള്‍ നമുക്ക് സമയം തരുന്നു. എന്നാല്‍ അവസാന ലാപ്പില്‍ നമ്മുടെ ചിന്തകളെ തകിടം മറിച്ച് അയാള്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു. അതാണ് ഫറ.......... അതാണ്...........വേഗത്തിന്റെ മറ്റൊരു രൂപം..................
ഒപ്പം ഓടാന്‍ ഫറ ബോള്‍ട്ടിനെ വെല്ലുവിളിച്ചിട്ടുണ്ട്. ആര് ജയിക്കും എന്നത് അവിടെ നില്‍ക്കട്ടെ. രണ്ട് വ്യത്യസ്ത വേഗങ്ങള്‍ ഒരുമിക്കുമ്പോഴുണ്ടാകുന്ന വൈവിധ്യതയെ കുറിച്ച് ചിന്തിച്ച് നോക്കുക.
പന്തുവരാളിയും പൂര്‍വികല്ല്യാണിയും രണ്ട് വ്യത്യസ്ത രാഗങ്ങളാണ്. അതിന്റെ സ്വര സ്ഥാനങ്ങളും വ്യത്യസ്തം. എങ്കിലും കേള്‍ക്കുമ്പോള്‍ അതില്‍ ചില സാമ്യതകള്‍ തോന്നും. അവരോഹണ സ്വരങ്ങല്‍ ഏതാണ്ട് തുല്ല്യമാണ്. അതേ പോലെയാണ് ബോള്‍ട്ടും ഫറയും. വേഗതയുടെ രണ്ട് സമസ്യകള്‍. മുകളില്‍ പറഞ്ഞ രണ്ട് രാഗങ്ങള്‍ കേള്‍ക്കുന്ന ആതേ സ്വച്ഛതയില്‍ രണ്ട് വേഗങ്ങളെയും വ്യത്യസ്തമായും സമരസപ്പെട്ടും അറിയണം................

Saturday, August 3, 2013

ബുദ്ധം

നിറഞ്ഞ മൗനം
അടി തൊട്ട്
മുടി വരെ ശൂന്യം...
നിശ്ചലമായി
ധ്യാനം പൂണ്ട്
തുറവിയിലേക്ക്
സഞ്ചാരം...
ഉള്ളില്‍
ആഴങ്ങളില്‍
ആഴങ്ങളില്‍ നിന്ന്
സഹസ്ര പത്മത്തിലേക്ക്
പെയ്തിറങ്ങിയ
ആനന്ദധാര...

Wednesday, July 24, 2013

പട്ടം...

നിഷ്‌കളങ്കതയുടെ
കൈകളില്‍ നിന്ന്
മുകളിലേക്ക് ഉയര്‍ന്ന
ബാല ചാപല്യങ്ങള്‍...
കാറ്റുപിടിച്ച്
മാനം മുട്ടെ
ഉയര്‍ന്നപ്പോള്‍
പിടിവിട്ടു പോയ
കുഞ്ഞു കിനാവ്...

Tuesday, July 23, 2013

മില്‍ഖാ... സല്യൂട്ട്... ആ സിംഹ ഹൃദയത്തിന്

1960 റോം ഒളിമ്പിക്‌സില്‍ 400 മീറ്ററിന്റെ ഫിനിഷിംഗ് ലൈനില്‍ വെച്ച് ഇന്ത്യയുടെ മില്‍ഖാ സിംഗ് തിരിഞ്ഞു നോക്കിയത് എന്തിനായിരുന്നു......... വിഭജനത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ പേറി പലായനം ചെയ്യേണ്ടി വന്ന തന്റെ കുട്ടിക്കാലത്തെ ആ നിമിഷം മില്‍ഖ ഓര്‍ത്തിരുന്നുവോ. അറിയില്ല. അതങ്ങിനെ സംഭവിക്കണമെന്ന് ആരോ മുന്‍കൂട്ടി ഏഴുതി വെച്ചതായിരിക്കണം.........................................................................
കോഴിക്കോടിന്റെ ചരിത്രത്തിനൊപ്പം കൂട്ടി വായിക്കേണ്ട പേരാണ് ക്രൗണ്‍ തിയേറ്ററിന്റെ ഭൂതകാലം. കോഴിക്കോട്ടുകാരെ ഇംഗ്ലീഷ് സിനിമ കാണാന്‍ പഠിപ്പിച്ച കൊട്ടക. ആ കൊട്ടകയുടെ ശീതീകരിച്ച മുറിയിലിരുന്ന് ഭാഗ് മില്‍ഖ ഭാഗ് എന്ന രാകേഷ് ഓംപ്രകാശ് മെഹ്‌റയുടെ ഹിന്ദി സിനിമ കണ്ടു. ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ എന്തുകൊണ്ടും യോഗ്യത വലിയ ഭൂതകാലത്തിന്റെ അകമ്പടിയുള്ള ക്രൗണിന് തന്നെയാണ്. സിനിമ തുടങ്ങുന്നത് റോം ഒളിമ്പിക്‌സ് സ്റ്റേഡിയത്തിലെ ട്രാക്കില്‍ വെച്ച് മില്‍ഖക്ക് മെഡല്‍ നഷ്ടപ്പെട്ട ഷോട്ടോടെയാണ്. അസാമാന്യ കൈയടക്കത്തോടെ ജീവിച്ചിരിക്കുന്ന ഇതിഹാസത്തെ മെഹ്‌റ സെല്ലുലോയ്ഡിലേക്ക് പകര്‍ത്തിയിരിക്കുന്നു. മില്‍ഖയായി പരകായ പ്രവേശം നടത്തിയ ഫര്‍ഹാന്‍ അക്തറിന്റെ പ്രകടനവും ഗംഭീരം. മൂന്ന് മണിക്കൂര്‍ ചിരിച്ചും ചിന്തിച്ചും പ്രണയിച്ചും ഇടക്ക് വിതുമ്പിയും പൊട്ടിക്കരഞ്ഞും രോമാഞ്ചം കൊണ്ടും ഒരു നീണ്ട കായിക ചരിത്രത്തെ  ഹൃദയത്തിലേക്ക് പടര്‍ത്തി. തിയേറ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ മനസ്സ് നിറയെ വികാരങ്ങളുടെ പെരുമഴയായിരുന്നു. പുറത്തേക്കിറങ്ങിയപ്പോള്‍ മഴ തോര്‍ന്ന് തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു...........................................
ആരാണ് മില്‍ഖ സിംഗ്? കപില്‍ ദേവിനും പി ടി ഉഷക്കും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും ലിയാണ്ടര്‍ പേസിനും മുമ്പ് ഇന്ത്യന്‍ കായിക സ്വപ്‌നങ്ങളെ ലോകത്തോളം ഓടിച്ച കരുത്തന്‍. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്ന മഹാ സത്യത്തെ ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ ഉജ്ജ്വലനായ പട്ടാളക്കാരനും അത്‌ലറ്റും. ദ ഫ്‌ളൈയിംഗ് സിഖ് എന്ന അപര നാമത്തില്‍ അറിയപ്പെട്ട ഇന്ത്യയുടെ ഒരേയൊരു ഇതിഹാസ അത്‌ലറ്റ്. വിഭജന കാലത്ത് എല്ലാം നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടി വന്നതിന്റെ തിക്താനുഭവങ്ങളില്‍ നിന്നാണ് ആ അത്‌ലറ്റ് പിറവിയെടുത്തത്. ഇന്നത്തെ പാക്കിസ്ഥാനിലുള്ള ഗോവിന്ദ്പുരയിലെ ചുട്ടു പഴുത്ത മണലിലൂടെ ഓടി തുടങ്ങി അഭയാര്‍ഥി ക്യാമ്പില്‍ താമസിച്ച്, തീവണ്ടിയില്‍ നിന്ന് കല്‍ക്കരി മോഷ്ടിച്ച്, ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് തീഹാര്‍ ജയിലില്‍ അടക്കപ്പെട്ട് ഒടുവില്‍ പട്ടാള ക്യാമ്പില്‍ നിന്ന് ഏറ്റവും ഇഷ്ടപ്പെട്ട പാലിനായി ഓട്ടം ശക്തമാക്കിയ മില്‍ഖ പിന്നീട് ഇന്ത്യന്‍ കായിക സംസ്‌കാരത്തെ മാറ്റി പണിയാന്‍ നിയുക്തനായത് കാലത്തിന്റെ കാവ്യ നീതി .........................
ഓടാനായി മാത്രം പിറന്ന മില്‍ഖ, കാമുകനായിരുന്നു നര്‍ത്തകനായിരുന്നു സംഗീതജ്ഞനായിരുന്നു. അതിലെല്ലാം ഓട്ടത്തിന്റെ ചടുലതയുണ്ട്. ആ വികാരങ്ങളുടെയെല്ലാം താളം ഒന്നായിരുന്നു. പരാജയപ്പെടുന്ന ഓരോ നിമിഷത്തിലും തിരിച്ചടിക്കാനുള്ള കരുത്ത് മനുഷ്യന് ഉണ്ടാകുന്നത് ജീവിതാനുഭവങ്ങളില്‍ നിന്നാണെന്ന് ഓട്ടത്തിലൂടെ അയാള്‍ തെളിയിച്ചു. കഠിനമായ ജീവിത സമരങ്ങള്‍, കയ്‌പ്പേറിയ അനുഭവങ്ങള്‍, ഉയിര്‍പ്പുകളും പതനങ്ങളും ഇച്ഛാഭംഗങ്ങളും എല്ലാം ചേര്‍ന്ന് നോക്കിയിട്ടും മില്‍ഖയിലെ പോരാളിയെ തളക്കാന്‍ സാധിച്ചില്ല. കവി പറഞ്ഞത് പോലെ ഈശ്വരനോ മാന്ത്രികനോ ഒന്നുമായിരുന്നില്ല ആ സര്‍ദാര്‍ജി. പച്ചയായ മനുഷ്യനായിരുന്നു, വൈകാരികമായ മനുഷ്യത്വമായിരുന്നു...................................
പ്രിയപ്പെട്ട മില്‍ഖ നന്ദി... ജീവിതം കൊണ്ട് ആത്മവിശ്വാസത്തെയും ദൃഢനിശ്ചയത്തെയും കൃത്യമായി നിര്‍വചിച്ചതിന്. വാക്കുകള്‍ കൊണ്ട്, ഹൃദയം കൊണ്ട്, മൗനം കൊണ്ട് 78ല്‍ എത്തിനില്‍ക്കുന്ന അങ്ങയുടെ ആ സിംഹ ഹൃദയത്തിന് വലിയ വലിയ സല്യൂട്ട്........

Wednesday, July 10, 2013

കണ്‍മഷി...

നിന്റെ കണ്ണില്‍ പൂത്ത
കറുത്ത വസന്തത്തിന്
എന്റെ ജീവന്‍...
കറുപ്പില്‍ ചാലിച്ച്
പീലിയില്‍ തൊട്ട്
മുഖ ചന്ദ്രനില്‍ പടര്‍ന്ന
കണ്ണുനീര്‍ ചാലിലും
ഞാനുണ്ട്...

Tuesday, July 9, 2013

ടെന്നീസ് റാക്കറ്റിന്റെ ധ്യാന വഴികള്‍....

റാക്കറ്റെടുത്ത ഓരോ നിമിഷത്തിലും  ധ്യാന സ്ഥലികളില്‍ മുഴുകുന്ന ബൗധായന വഴികളിലായിരുന്നു അയാള്‍. ഏഴ് ഫൈനലുകള്‍ കളിച്ചിട്ടും അഞ്ചിലും പരാജയപ്പെട്ടപ്പോഴും അയാള്‍ പ്രതീക്ഷകളെ പുല്‍കി. നീണ്ട 77 വര്‍ഷം ഒരു ജനത കാത്തിരുന്ന നിമിഷം സമ്മാനിക്കുമ്പോഴും അയാളുടെ മുഖത്ത് നിറഞ്ഞ സൗമ്യതയുണ്ടായിരുന്നു. ആന്‍ഡി മുറെ എന്ന ബ്രിട്ടീഷ് ടെന്നീസ് താരത്തെ ശ്രദ്ധിച്ച് നോക്കൂ. ഹൃദയത്തില്‍ നിന്നൂറിക്കൂടുന്ന വൈകാരിക നിമിഷങ്ങളെ എപ്പോഴും ഒരു തടസ്സവുമില്ലാതെ അയാള്‍ പ്രദര്‍ശിപ്പിക്കും. അതുകൊണ്ടാണ് 2012ല്‍ വിംബിള്‍ഡണ്‍ ഫൈനലില്‍ റോജര്‍ ഫെഡററോട് പരാജയപ്പെട്ടപ്പോള്‍ അയാള്‍ പൊട്ടിക്കരഞ്ഞത്. ആ കരച്ചിലിന്റെ പിന്നില്‍ നാളെയുടെ പ്രതീക്ഷകള്‍ ഒരു പക്ഷേ തിളങ്ങിയിരിക്കാം. അതുകൊണ്ടാണ് കാലം അന്ന് മുറെയുടെ കണ്ണീര്‍ വീഴ്ത്തി ആള്‍ ഇംഗ്ലണ്ട് ക്ലബിലെ ടെന്നീസ് പുല്‍ത്തകിടിയെ ശുദ്ധീകരിച്ചത്. എട്ടാം ഫ്രഞ്ച് ഓപ്പണ്‍ നേടിയെത്തിയ നദാല്‍ ആദ്യവും എട്ടാം വിംബിള്‍ഡണ്‍ കിരീടം തേടിയെത്തിയ ഫെഡറര്‍ പിന്നാലെയും പുറത്ത് പോയതും ആ നിയോഗത്തിന്റെ ബാക്കിയാണ്.
ആഭിജാതമായ ഒരു ട്രോഫിയിലേക്ക് ഒരു ജനത കണ്ണും നട്ട് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 77 വര്‍ഷമായി എന്നത് കൗതുകം തരുന്ന കാര്യമാണ്. 1936 ഫ്രെഡ് പെറിയെന്ന ബ്രിട്ടീഷ് താരമാണ് അവസാനമായി സ്വന്തം മണ്ണിലെ കിരീടത്തില്‍ മുത്തമിട്ടത്. ടെന്നീസ് ലോകത്തെ ഏറ്റവും പഴക്കം ചെന്ന ചാമ്പ്യന്‍ഷിപ്പ് ആ ജനതയുടെ അഭിമാന ചിഹ്നമാണ്. പക്ഷേ ചരിത്രം എല്ലായ്‌പ്പോഴും വഴിമാറിപ്പോയി. ഇവാന്‍ ലന്‍ഡലടക്കമുള്ള ബ്രിട്ടീഷ് ഇതിഹാസ താരങ്ങള്‍ക്ക് പോലും വിംബിള്‍ഡണ്‍ പുല്‍ത്തകിടി മാത്രം വഴങ്ങിയില്ല. അദ്ദേഹം ആ സങ്കടം ശിഷ്യനായ മുറെയിലൂടെ തീര്‍ക്കുന്നതും കൗതുകകരമായി.
ആന്‍ഡി മുറെ ഒരു പുഴയാണ്. അത് എപ്പോഴും ഒരേ ഭാവമല്ല പ്രകടിപ്പിക്കാറുള്ളത്. എതിരാളിയുടെ നില്‍പ്പിനനുസരിച്ച് തന്റെ ടെന്നീസിനെ മുറെ വ്യാഖ്യാനിച്ചുകൊണ്ടേയിരിക്കുന്നു. ഫൈനലില്‍ എതിരാളിയായി കിട്ടിയത് ലോക ഒന്നാം നമ്പര്‍ താരമായ ദ്യോക്കോവിച്ചിനെ. മികച്ച സര്‍വുകള്‍ ഉതിര്‍ക്കുന്ന ദ്യോക്കോവിച്ചിനെതിരെ അതേ കരുത്തില്‍ സര്‍വുകള്‍ ഉതിര്‍ക്കാന്‍ മുറെക്ക് സാധിക്കുന്നത് വ്യത്യസ്ത രീതിയിലേക്ക് മാറാനുള്ള അദ്ദേഹത്തിന്റെ നൈസര്‍ഗിക വാസനയുടെ ഗുണമാണ്. ആദ്യ സെറ്റ് നേടി തുടങ്ങിയ മുറെക്ക് രണ്ടാം സെറ്റില്‍ കടുത്ത വെല്ലുവിളി നേരിടേണ്ടി വന്നു. അവിടെ നിന്ന് തിരിച്ചടിച്ച അയാള്‍ രണ്ടാം സെറ്റും മൂന്നാം സെറ്റും സ്വന്തമാക്കുമ്പോള്‍ ഒരു ചരിത്രം വഴിമാറാന്‍ വെമ്പി നില്‍ക്കുകയായിരുന്നു.
ആനന്ദത്തിന്റെ വഴികള്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്നതല്ല. അത് നൈമിഷികമായി സൃഷ്ടിക്കപ്പെടുന്നതാണ്. ആന്‍ഡി മുറെയുടെ ടെന്നീസ് സൂക്ഷ്മ വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങുന്നതല്ല. അത് നിസ്സംഗതയുടെ ആധ്യാത്മികതയാണ് ചുറ്റിലും പ്രസരിപ്പിക്കുന്നത്. അയാള്‍ ഫൈനലില്‍ തോല്‍ക്കുമ്പോഴും വിജയിക്കുമ്പോഴും തീര്‍ച്ചയായും നമ്മുടെ ഹൃദയത്തിലേക്ക് കടന്നു വരുന്ന മൗനത്തെ ഒരു മാപിനി വെച്ച് അളന്നാല്‍ അതിന് ആനന്ദമെന്ന ഒറ്റ ഉത്തരമാകും ലഭിക്കുക.............................

Friday, July 5, 2013

വരൂ... ചെപ്പടി കുന്നിലേക്ക്

മായാവിയും കുട്ടൂസനും ഡാകിനിയും രാജുവും രാധയും വിക്രമനും മുത്തുവും ലുട്ടാപ്പിയും പുട്ടാലു അമ്മാവനും കാലിയയും ചമതകനും ഡൂഡുവും കലൂലുവും കപീഷും പീലുവും സിഗാളും കിഷ്‌കുവും പപ്പൂസും ഡിങ്കനും നമ്പോലനും വൈദ്യരും പപ്പൂസും........ അങ്ങനെ ഒരുപാട് പേര്‍ ജീവിത വഴിയുടെ പരിണാമ ദിശയില്‍ നിന്ന് ഇറങ്ങി പോയി. അവരെല്ലാം ഇപ്പോഴുമുണ്ട്. ബാലരമയിലും, ബാലമംഗളത്തിലുമൊക്കെയായി. പക്ഷേ കാണാറില്ല. വല്ലപ്പോഴും സൂത്രനെ കാണാറുണ്ട്........... ഇടക്കാണ് മീശ മാര്‍ജാരനും എലുമ്പനും വന്നത്. അവരെയും പരിചയപ്പെട്ടു അത്രമാത്രം. ആദ്യം പറഞ്ഞവരായിരുന്നു വായനയിലേക്ക് കൈ പിടിച്ച് നടത്തിയവര്‍. സ്വന്തമായി വാങ്ങാന്‍ കെല്പ്പില്ലാത്ത കാലത്ത് അതെല്ലാം വായിക്കാന്‍ മാത്രം കൂട്ടുകാരാക്കിയവര്‍ ഒരുപാടുണ്ട്. ചിലരെല്ലാമായി ആ സൗഹൃദം മറ്റൊരു തലത്തില്‍ ഇന്നും തുടരുന്നുണ്ട്. ചിലരെ വഴി വക്കില്‍ വെച്ചപ്പോഴെങ്കിലും കണ്ടുമുട്ടും.
അമ്മാത്ത് സ്ഥിരമായി ബാലരമയും പൂമ്പാറ്റയും വാങ്ങാറുണ്ടായിരുന്നു. ഇടക്ക് പോകുമ്പോള്‍ കൂട്ടിവെച്ച് ഓരോന്നായി വായിച്ചു തള്ളും. വല്ല്യമ്മാവന്‍ രാത്രി വരുമ്പോള്‍ ബാലരമയും പൂമ്പാറ്റയും കൊണ്ടു വരും. അപ്പോള്‍ ഞാനും മറ്റൊരു ഞാനുമായി (മറ്റൊരു ഞാന്‍ ഞാനല്ല. അത് മറ്റൊരു വ്യക്തി തന്നെയാണ്. പേര് പറയാത്തത് മറ്റൊരാളായി എനിക്ക് കാണാന്‍ കഴിയാത്തത് കൊണ്ടാണ്) ആരാദ്യം ഏത് വായിക്കണം എന്ന് പറഞ്ഞ് അടിയുണ്ടാക്കാറുണ്ട്. പിന്നീടെപ്പോഴോ ആ വരവ് അവസാനിച്ചു. അന്ന് ബാലരമയെല്ലാം ദൈ്വവാരികയായിരുന്നു. അമ്മാത്തെ തട്ടിന്‍പുറത്തുള്ള വലിയ പത്തായത്തിന്റെ ഇരുട്ടറകളിലെവിടെയോ മായവിമാരും കുട്ടൂസന്‍മാരുമെല്ലാം കൂട്ടമായി ഏറെക്കാലം വിശ്രമിച്ചിരുന്നു. ഓര്‍മ്മ പുതുക്കാനെന്ന വണ്ണം അവരെയെല്ലാം വീണ്ടും വീണ്ടും വായിച്ചിരുന്നു. പിന്നീടെപ്പോഴോ അവരെല്ലാം ആ തട്ടിന്‍പുറം ഉപേക്ഷിച്ച് മടങ്ങി പോയി. അവരെല്ലാം എവിടെ പോയെന്നും ആര്‍ക്കും അറിയില്ല.
അങ്ങനെയിരിക്കുമ്പോഴാണ് ഞായറാഴ്ച്ചകളിലെ നാല് മണിയുടെ ദൂരദര്‍ശന്‍ സിനിമക്ക് ശേഷമുള്ള മൗഗ്ലിയുടെ വരവ്. മൗഗ്ലിയും ബഗീരയും കാ എന്ന പെരുമ്പാമ്പും ബല്ലു അമ്മാവനും കിറ്റിയെന്ന കുഞ്ഞണ്ണാനും ചെന്നായ മമ്മിയും പിന്നെ വില്ലന്‍ കടുവ ഷേര്‍ഖാനും........................ അരമണിക്കൂര്‍ നേരം എല്ലാം മറക്കും. ഏഴ് മണിക്ക് മൗഗ്ലിയും കഴിഞ്ഞ് വല്ല്യച്ഛന്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് ഇല്ലത്തേക്ക് അച്ഛന്റെ കൂടെ മടങ്ങുമ്പോള്‍ വല്ലാത്ത സങ്കടമാണ്. ഒരാഴ്ച്ച കാത്തിരിക്കേണ്ടതിന്റെയും പിറ്റേന്ന് സ്‌കൂളില്‍ പോകുന്നതും ആലോചിച്ച്!!!

''ചെപ്പടി കുന്നില്‍ ചിന്നി ചിണങ്ങും ചക്കര പൂവേ
ചെന്നായ മമ്മി അങ്കിള്‍ ബഗീരേം തേടുന്നു നിന്നെ
കാടിന്‍ കുഞ്ഞേ നീയെന്തേ നാടും തേടി പോകുന്നു
മാനോടൊപ്പം ചാടുന്നു മീനോടൊപ്പം നീന്തുന്നു''........

Wednesday, July 3, 2013

കാഴ്ച്ചയിലെ വസന്തങ്ങളും... ഇടിമുഴക്കങ്ങളും

1950 ജൂലൈ 16 ബ്രസീലിയന്‍ ജനതക്ക് കറുത്ത ദിനമായിരുന്നു. ബ്രസീല്‍ ഫുട്‌ബോള്‍ ടീം  മാറക്കാനയില്‍ വിജയശ്രീലാളിതരാകുന്നത് കാണാന്‍ ആ ജനത തടിച്ചു കൂടിയെങ്കിലും കണ്ടത് മറ്റൊന്നായിരുന്നു. ഉറുഗ്വെ തങ്ങളുടെ രണ്ടാം ലോകകപ്പ് വിജയം ആഘോഷിക്കുന്നത് നെഞ്ച് പിളര്‍ക്കുന്ന വേദനയോടെ നോക്കി നില്‍ക്കാനായിരുന്നു അവരെ കാലം ഒരുക്കി വെച്ചത്. അന്ന് സംഭവിച്ചത് ബ്രസീലിന്റെ സാംസ്‌കാരിക, ദേശീയ ദുരന്തമായി ഇന്നും അവര്‍ കാണുന്നു. അന്ന് ബ്രസീല്‍ ടീമില്‍ കളിച്ച പതിനൊന്ന് കളിക്കാരും അവഹേളനത്തിന്റെ ചവറ്റുകുട്ടയിലേക്ക് വീഴാന്‍ അധികം സമയമെടുത്തിട്ടില്ല. പലരും പിന്നീട് ഒളിവിലായിരുന്നുവത്രെ! ഏറ്റവും അധികം ക്രൂശിക്കപ്പെട്ടത് ഗോള്‍വല കാത്ത ബാര്‍ബോസയെന്ന കളിക്കാരനായിരുന്നു. അത് ചരിത്രത്തിന്റെ നിയോഗം...............................................................................................

ലോക, യൂറോ ചാമ്പ്യന്‍മാരും തോല്‍വിയറിയാതെ 29 മത്സരങ്ങള്‍ കളിച്ചെത്തിയ അതികായന്‍മാരുമായ സ്‌പെയിനിനെ ബ്രസീലിന്റെ യുവ സംഘം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി കോണ്‍ഫെഡറേഷന്‍ കപ്പ് ജേതാക്കളാ മറ്റൊരു ജൂലൈയില്‍. 2013ലെ ജൂലൈ പിറന്ന് ഉണര്‍ന്നത് ബ്രസീല്‍ ജനതയുടെ ആഹ്ലാദാരവങ്ങളിലേക്കാണ്. പുറത്ത് ആദ്യം ഭക്ഷണമെന്നും പിന്നീട് ഫുട്‌ബോളെന്നും പറഞ്ഞ് പ്രതിഷേധിക്കുന്ന ഒരു കൂട്ടം ജനത വേറെയുണ്ട് അവിടെ. എന്നാല്‍ അവരും ആ സന്തോഷത്തെ സ്വീകരിച്ചു. ഹാട്രിക്ക് കിരീടം അവര്‍ സ്വന്തമാക്കിയത് മാറക്കാനയിലെ ഹരിത മണ്ണില്‍ വെച്ചായിരുന്നു എന്നത് ചരിത്രം അവര്‍ക്കായി കാത്തുവെച്ച മറ്റൊരു നിയോഗം.......................................................................................

കാഴ്ച്ചകള്‍ പല തരത്തിലാണ്. മൈതാനത്ത് 20 കളിക്കാര്‍ പന്ത് തട്ടുന്നതും രണ്ട് ഗോളിമാര്‍ വല കാക്കുന്നതും എങ്ങനെ വേണമെങ്കിലും നോക്കി കാണാം. തങ്ങളുടെ ഇഷ്ടക്കാര്‍ ഗോളടിക്കുന്നത് പ്രതീക്ഷിച്ചിരിക്കാം. അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത് കാണുമ്പോള്‍ ദീര്‍ഘ നിശ്വാസം ഉതിര്‍ക്കാം. ഗോള്‍ നേടുമ്പോള്‍ ആഹ്ലാദിക്കാം. രണ്ട് കണ്ണില്‍ നിന്ന് പുറപ്പെടുന്ന രശ്മികള്‍ ഏത് തരത്തിലായിരിക്കും ഇത്തരം കാഴ്ച്ചകളെ തലച്ചോറിലേക്ക് അടര്‍ത്തി വെക്കുന്നത്. രണ്ടാം മിനുട്ടില്‍ ഫ്രെഡ് കിടന്ന കിടപ്പില്‍ വലയിലേക്ക് പന്ത് തട്ടിയ നിമിഷത്തില്‍ പൊട്ടിത്തെറിച്ച സ്റ്റേഡിയത്തിന്റെ ആരവം സ്പാനിഷ് കളിക്കാരുടെ ഹൃദയത്തില്‍ സൃഷ്ടിച്ച വേവലാതിയുടെ തരംഗങ്ങളെ കുറിച്ച് വെറുതെ ആലോചിച്ചു നോക്കു. നാല് സ്പാനിഷ് അതികായരെ സാക്ഷി നിര്‍ത്തി ഓസ്‌കാറെന്ന സുമുഖനായ പയ്യന്‍ തള്ളിക്കൊടുത്ത പന്തില്‍ നിന്ന് നെയ്മര്‍ വലയിലേക്ക് തൊടുത്ത കിക്കിന്റെ ശക്തിയും അസ്തപ്രജ്ഞനായി നിന്ന കാസിയസെന്ന ഗോളിയുടെ അന്ധാളിപ്പും കണ്ണുകളെ ഞെട്ടിച്ചു കളഞ്ഞു.....................................................................................

രണ്ടാം പകുതി തുടങ്ങി ഫ്രെഡ് വീണ്ടും ഗോള്‍ നേടി സ്പാനിഷ് ദുരന്തത്തിന് ചരമ ഗീതമെഴുതുമ്പോള്‍ ടിക്കി- ടാക്കയെന്ന കുറിയ പാസില്‍ കരുപ്പിടിപ്പിച്ചിരുന്ന ഒരു സുന്ദര ഫുട്‌ബോളിനും തിരശ്ശീല വീഴുകയാണ്.  ആ പാസ്സുകള്‍ക്കിടയില്‍ ബ്രസീലിന്റെ മഞ്ഞ കുപ്പായമിട്ട കുട്ടിക്കൂട്ടം വിള്ളലുകള്‍ കണ്ടെത്തിയതിന്റെ നിസ്സഹയത പന്തുമായി എന്ത് ചെയ്യണമെന്നറിയാതെയുള്ള ഇനിയെസ്റ്റയുടെ ഓട്ടത്തില്‍ കാണാമായിരുന്നു. സ്‌പെയിനിന്റെ ബുദ്ധി കേന്ദ്രമായിരുന്ന ഷാവി ചിത്രത്തിലുണ്ടായിരുന്നില്ല. പ്രതിരോധത്തിലെ കരുത്തനായ റാമോസ്  പെനാല്‍റ്റി നഷ്ടപ്പെടുത്തുന്നു. പീക്വ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തേക്ക് പോകുന്നു. ദുരന്തത്തിന്റെ ചിത്രങ്ങള്‍ക്ക് പല വര്‍ണങ്ങള്‍ കൈവരുന്ന കാഴ്ച്ച........................................................

1994ല്‍ ബ്രസീലിന് ലോകകപ്പ് സമ്മാനിച്ച കാര്‍ലോസ് ആല്‍ബര്‍ട്ടോ പെരേരയും 2002ല്‍ ലോകകപ്പ് സമ്മാനിച്ച സ്‌കൊളാരിയും ചേര്‍ന്നാണ് ഈ സംഘത്തെ ഒരുക്കിയെടുത്തത്. പട്ടാളച്ചിട്ടയുമായി സ്‌കൊളാരിയും സാത്വികനായ പെരേരയും രൂപപ്പെടുത്തിയ മിശ്രിതം നൈസര്‍ഗിക വാസനകള്‍ക്കൊപ്പം ചേരുമ്പോള്‍ രൂപപ്പെട്ട പുതിയ സൗന്ദര്യമാണ് ബ്രസീലിയന്‍ ഫുട്‌ബോളിന്റെ ഇന്നത്തെ കാഴ്ച്ച. ഏറ്റവും കൂടുതല്‍ ലോകകപ്പ് സ്വന്തമാക്കിയ, ഫുട്‌ബോളിലെ അനിഷേധ്യ ശക്തികളെന്ന് ലോകം പാടിയ ഒരു ടീം കോണ്‍ഫെഡറേഷന്‍സ് കപ്പിനെത്തുമ്പോള്‍ ലോക റാങ്കിംഗില്‍ 22ാം സ്ഥാനത്ത് നില്‍ക്കുകയായിരുന്നു. അവരുടെ തിരിച്ചു വരവിന്റെ കാഴ്ച്ചകളെ എങ്ങനെ വേണമെങ്കിലും വായിക്കാം വ്യാഖ്യാനിക്കാം...........................................

നിരാശതയുടെ കവലയില്‍ പ്രജ്ഞയറ്റ് നിന്നുപോയ നിങ്ങളുടെ വാച്ചുകള്‍ക്ക് കീ കൊടുക്കുവിന്‍. ഈ നിശബ്ദ മണിക്കൂറിന്റെ ആഴങ്ങളില്‍ വസന്തത്തിന്റെ ഇടിമുഴക്കമുണ്ട്.................................................................................................................

Saturday, June 29, 2013

ജന്മം...

പൂവിന്റെ ജന്മമാണ്
നിമിഷ നേരത്തേക്കുള്ള
ശലഭ ജീവിതമാണ്...
പരാഗ രേണുക്കളിലൂടെ
പടരുന്ന പരമ്പരകള്‍...
നോക്കൂ
ദളങ്ങളില്‍ പരക്കുന്ന
മഞ്ഞ് തുള്ളികള്‍
സ്വപ്നങ്ങളായി
പൂമ്പൊടികളില്‍
വീണ്
പ്രണയത്താല്‍ ചുവന്ന്
പൂക്കളായി വീണ്ടും...

Friday, June 28, 2013

രണ്ട് ഏകാന്തതകള്‍..........

എന്‍ എസ് മാധവന്‍ ഹിഗ്വിറ്റ എന്ന ചെറുകഥയുടെ തുടക്കത്തില്‍ ഇങ്ങനെ പ്രയോഗിക്കുന്നുണ്ട്. ''പെനാല്‍റ്റി കിക്ക് കാത്തു നില്‍ക്കുന്ന ഗോളിയുടെ ഏകാന്തത'' വല്ലാത്തൊരു എകാന്തതയാണ് അത്. ഗോള്‍ പോസ്റ്റിന് കീഴില്‍ ഒറ്റക്ക് നിഷ്പ്രയാസം ഗോളടിക്കാനായി വരുന്നവരെ കാത്ത് നില്‍ക്കുന്ന ആ രംഗം.
കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ രണ്ടാം സെമിയില്‍ സ്‌പെയിനും ഇറ്റലിയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ അത് ക്ലാസിക് പോരായി മാറി. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍ ഒഴിഞ്ഞു നിന്നപ്പോള്‍ വിജയികളെ തീരുമാനിച്ചത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍. കളി കണ്ടിരുന്നപ്പോള്‍ ഞാന്‍ ചിന്തിച്ചത് ആ രണ്ട് പേരെ കുറിച്ചായിരുന്നു. പിയര്‍ലൂജി ബുഫണും ഇകര്‍ കാസിയസും. 120 മിനുട്ടും ഗോള്‍ നേടാന്‍ ഇരു ടീമിനും കഴിയാതെ പോയത് ഈ രണ്ട് സിംഹ ഹൃദയജ്ഞരും ഗോള്‍ വല കാത്തത് കൊണ്ടാണ്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇരു ടീമുകളും അഞ്ച് ഗോള്‍ വീതം അടിച്ച് തുല്ല്യത പാലിച്ചപ്പോള്‍ ഇറ്റലിയുടെ ആറാം ഗോള്‍ എടുത്ത ബൊനൂച്ചി പുറത്തേക്ക് അടിച്ചു കളഞ്ഞു. സ്‌പെയിനിന്റെ ജീസസ് നവാസ് ലക്ഷ്യം കണ്ടതോടെ സ്‌പെയിന്‍ വിജയിച്ചു. ഇവിടെ മറ്റൊരു കാര്യമാണ് ശ്രദ്ധേയം. ഇരു ടീമംഗങ്ങളും കൂടിയെടുത്ത പതിനാല് കിക്കില്‍ ഒരെണ്ണവും ബുഫണും കാസിയസും തടുത്തിട്ടില്ല എന്നതാണ്.
ചില ഏകാന്തതകള്‍ അങ്ങിനെയാണ്..... 35കാരനായ ബുഫണും 32കാരനായ കാസിയസും എത്രയോ കഠിനമായ പരീക്ഷണങ്ങളെ അതിജീവിച്ചവരാണ്. ഏകാന്തമായ ആ നില്‍പ്പില്‍ അവര്‍ ചിന്തിച്ചത് എന്തായിരിക്കും...? വിശാലമായ മൈതാനത്തിന്റെ രണ്ട് അറ്റങ്ങളില്‍ ലോകത്തിലെ ഇതിഹാസ സമാനരായ രണ്ട് കാവല്‍ക്കാര്‍ ഹോ!!! എന്തൊരു കാഴ്ച്ചയാണത്. ഇരുവരും സംഗീതജ്ഞരാണ്. ഒരാള്‍ ബീഥോവനും മറ്റൊരാള്‍ മൊസാര്‍ട്ടും. അല്ലെങ്കില്‍ ഇരുവരും സ്ഥൈര്യ രാഗങ്ങളാണ്. ഒരാള്‍ ഹംസാനന്ദിയും മറ്റൊരാള്‍ ഹംസനാദവും.  മൈതാനം പിയാനോയായി രൂപപ്പെടുന്നു. അറ്റങ്ങളില്‍ നിന്ന് ഇരുവരുടെയും സംഗീത സംവിധാനത്തില്‍ ഫുട്‌ബോള്‍ എന്ന കായികം ഒരു കലയായി മാറുന്നു.
വര്‍ത്തമാനകാല ഫുട്‌ബോളിലെ രണ്ട് അതികായന്‍മാരായ ഗോളിമാരാണ് ഇറ്റലിയുടെ പിയര്‍ലൂജി ബുഫണും സ്‌പെയിനിന്റെ ഇകര്‍ കാസിയസും. ഇരുവരും തമ്മില്‍ സാമ്യങ്ങളേറെ. രണ്ട് പേരും ദേശീയ ടീമിന്റെയും രാജ്യത്തെ പ്രമുഖ ക്ലബ്ബുകളുടെയും നായകന്‍മാര്‍. ബുഫണ്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റസിന്റെയും കാസിയസ് സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെയും. ഇരുവരും ലോകകപ്പ് ഉയര്‍ത്തിയ നായകന്‍മാര്‍. മൈതാനത്തിനകത്തും പുറത്തും ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്ന അടിമുടി മാന്യന്‍മാരായ കാവല്‍ക്കാര്‍.
പോരാട്ടങ്ങളെ ആത്മവീര്യത്തോടെ നേരിടുക എന്നത് കരുത്താണ്. ആ കരുത്തിന്റെ അടയാളപ്പെടുത്തലുകളാണ് ബുഫണും കാസിയസും. പല കാലുകളിലൂടെ മറിഞ്ഞെത്തുന്ന വെളുത്ത പന്തിനെ ഒരു തൂവല്‍ കണക്കെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന ഇരുവരുടെയും അഭിജാതമായ രൂപം കാലമെത്ര കഴിഞ്ഞാലും മായാതെ കിടക്കും. സത്യം..... ഇരുവര്‍ക്കും പ്രായാകാതിരുന്നെങ്കില്‍... ഇരുവരും വിരമിക്കാതിരുന്നെങ്കില്‍..... അതെല്ലാം വെറുതെയാണെന്നറിയാമെങ്കിലും. ഭ്രാന്തമായ ആവേശത്തോടെ ഇരുവരെയും സ്‌നേഹിക്കുമ്പോള്‍ (ആരാധനയല്ല) ആരുടെ ഭാഗം ചേരും എന്നത് അങ്കലാപ്പിലാക്കുന്ന ചോദ്യമാണ്. ആ ചോദ്യം  ''പെനാല്‍റ്റി കിക്ക് കാത്തു നില്‍ക്കുന്ന ഗോളിയുടെ ഏകാന്തത'' പോലെ ഒറ്റക്കങ്ങനെ മനസ്സില്‍ തൂങ്ങി നില്‍ക്കട്ടെ അല്ലേ................

Tuesday, June 25, 2013

നിഷ്‌കളങ്കതയുടെ ചിത്രശാല

ഓഫീസിന് പുറത്ത് കനത്ത മഴ പെയ്യുന്നു. മോണിട്ടറിലേക്ക് ഈ അക്ഷരങ്ങളെ പകര്‍ത്തുമ്പോള്‍ പുറത്തെ മഴയെ ഞാന്‍ എന്നിലേക്ക് പടര്‍ത്തുന്നു. ഈ മഴക്കാലം കുട്ടിക്കാലത്തിന്റെ ബാക്കിയാണ്. ഒരിക്കലും തിരിച്ചു വരാത്ത, കവി പറഞ്ഞതുപോലെ സുഗന്ധമുള്ള ഓര്‍മ്മകള്‍ നിറഞ്ഞ നിഷ്‌കളങ്കതയുടെ ചിത്രശാല.
ഇന്ന് കൈരളിയില്‍ പോയി അഞ്ച് സുന്ദരികള്‍ സിനിമ കണ്ടു. അതില്‍ എം മുകുന്ദന്റെ കഥയില്‍ ഷൈജു ഖാലിദ് സംവിധാനം ചെയ്ത സേതുലക്ഷ്മി എന്ന സിനിമ വല്ലാതെ ഇഷ്ടപ്പെട്ടു. കാരണം സ്‌കൂള്‍ ജീവിതത്തിന്റെ മഴവില്‍ വര്‍ണ്ണങ്ങളായിരുന്നു അതില്‍ നിറയെ. മറ്റൊരു തലത്തിലും ആ സിനിമ പ്രസക്തമായ ഒരു കാര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. അതില്‍ ഒരു രംഗത്തില്‍ സ്‌കൂളിലെ സിനിമാ പ്രദര്‍ശനം കാണിക്കുന്നുണ്ട്. യാത്ര എന്ന മമ്മൂട്ടി ചിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്. കുഞ്ഞിക്കണ്ണുകളിലെ വിസ്മയങ്ങളെ സംവിധായകന്‍ അതില്‍ ഗംഭീരമായി പകര്‍ത്തിയിട്ടുണ്ട്.
ഞാന്‍ ഓര്‍ക്കുകയായിരുന്നു. തൃക്കുറ്റിശ്ശേരി സര്‍ക്കാര്‍ യു പി സ്‌കൂളിലെ ആ വലിയ നീളത്തിലുള്ള മുറി. അതിന്റെ വടക്കേ മൂലയിലുള്ള ചുവരില്‍ (അന്ന് ആ ഭാഗത്ത് അഞ്ച് എ ക്ലാസായിരുന്നു. സംസ്‌കൃതം പഠിപ്പിച്ചിരുന്ന വിജയന്‍ മാഷ് ക്ലാസ് മാഷായിരുന്ന അഞ്ച് എ ) വലിച്ചു കെട്ടിയ വെള്ള തുണിയില്‍ നെല്ലും വെള്ളാനകളുടെ നാടും കണ്ട എന്റെ കുട്ടിക്കാലത്തെ കണ്ണുകളെ കുറിച്ച്. നെല്ല് പ്രദര്‍ശിപ്പിച്ചത് ഏതോ ക്ലബിന്റെ ധനശേഖരണാര്‍ഥമായിരുന്നു. (നിരഞ്ജനയോ, സൂര്യയോ, സരിഗയോ ആണ് ഓര്‍മ്മയില്‍ തെളിയുന്നില്ല) ധനശേഖരണാര്‍ഥം എന്ന വാക്ക് ആദ്യമായി കേട്ടതും അന്നാണ്. റോസ് നിറത്തിലുള്ള പത്ത് രൂപയുടെ ടിക്കറ്റായിരുന്നു എന്റെ കൈയിലുണ്ടായിരുന്നത്. വയലാറിന്റെ പ്രസിദ്ധമായ കദളി ചെങ്കദളി എന്ന പാട്ട് ലതാ മങ്കേഷ്‌കറിന്റെ അവ്യക്തമായ മലയാളത്തില്‍ കേട്ടതും ഓര്‍മ്മയിലുണ്ട്. പിന്നീടാണ് വെള്ളാനകളുടെ നാട് കണ്ടത്. ആ സിനിമ കാണുമ്പോള്‍ കറുത്ത നിറത്തില്‍ മാത്രം കണ്ടിട്ടുള്ള ആനകളായിരുന്നു ഉള്ളില്‍. അപ്പോള്‍ വെളുത്ത ആനകള്‍ എവിടെയാകും എന്നാണ് ചിന്തിച്ചിരുന്നത്. വെള്ളാനകള്‍ സ്‌ക്രീനിലേക്ക് ഇറങ്ങി വരുന്നതും കാത്ത് ഞാനിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല.
ഇന്ന് ആ ഹാളില്ല. സ്‌കൂളുമില്ല. സ്‌കൂള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. വെള്ളയും കറുപ്പും നിറത്തിലുള്ള ആ കെട്ടിടത്തിന്റെ ഒരു ഭാഗം മാത്രമാണ് ഇപ്പോഴുള്ളത്. അവിടെ ഒരു സോപ്പ് ഫാക്ടറി ഉണ്ടായിരുന്നു. പിന്നീട് ഫര്‍ണ്ണിച്ചര്‍ പണികള്‍ നടത്തുന്നവരായിരുന്നു എന്ന് തോന്നുന്നു. ഇപ്പോള്‍ തേങ്ങാ കച്ചവടമോ മറ്റോ ആണ് അവിടെ ഉള്ളത്.....
വിസ്മയ കാഴ്ച്ചകള്‍ നിറച്ച സൗമ്യ നിമിഷങ്ങളായിരുന്നു സേതുലക്ഷ്മി എന്ന സിനിമ കഴിയും വരെ ഉള്ളില്‍ നിറഞ്ഞത്. ഇത് കുറിക്കുമ്പോഴും ആ സിനിമയിലെ കൊച്ചു പെണ്‍കുട്ടിയുടെ കളങ്കമില്ലത്ത കണ്ണുകളും കൗതുകങ്ങളും മുഖത്തെ നുണക്കുഴിയും പാതി വന്ന പല്ലുകളും വീണ്ടും തെളിയുന്നു. ഒടുവില്‍ നൊമ്പരവും ഒരുപാട് ചോദ്യങ്ങളും മനസ്സിലേക്ക് തീയായി കോരിയിട്ടാണ് ആ മുകുന്ദന്‍ കഥയുടെ സെല്ലുലോയ്ഡ് ഭാഷ്യം അവസാനിച്ചത്............
പുറത്ത് മഴ ..........
ഇപ്പോഴും.............................................

Saturday, June 22, 2013

കേള്‍ക്കുന്നുണ്ടോ

നീ കേള്‍ക്കുന്നുണ്ടോ
എന്റെ ഉള്ളിലെ കടലിരമ്പം
ഏറിയും കുറഞ്ഞുമുള്ള
അതിന്റെ ആരോഹണ
അവരോഹണങ്ങള്‍...
കുഞ്ഞു ശംഖെടുത്ത്
ചെവിയോട് ചേര്‍ത്ത് നോക്കൂ
അതിന്റെ ഹൃദയ വഴിയിലൂടെ
ഒഴുകി വരുന്ന
സാഗര സംഗീതത്തെ
എന്റെ നിശ്വാസങ്ങളോട്
ചേര്‍ത്ത് നീ പൂരിപ്പിക്കുക...
ഈ നിമിഷം വരെ നിലനിന്ന
നമുക്കിടയിലെ മൗനങ്ങള്‍
ആഴങ്ങളില്‍ കിടന്ന്
വാചാലമാകും......

Tuesday, June 18, 2013

കാഴ്ച്ച

നിന്റെ കണ്ണുകളില്‍ ഞാന്‍
ആകാശമാണ് കണ്ടത്
രാത്രിയില്‍ അതില്‍ നിറയെ
നക്ഷത്രങ്ങളായിരുന്നു...
ഇടക്ക് വെട്ടിത്തിളങ്ങുന്ന
ചാന്ദ്ര വെളിച്ചമായി നിന്റെ മുഖം...
വാടി പോയ ഒരു പ്രണയത്തിന്റെ
നനുത്ത ഓര്‍മ്മകളില്‍
പുറത്ത് കനത്ത് പെയ്യുന്ന
മഴയെ ജനലിലൂടെ
നോക്കിയിരിക്കുമ്പോള്‍
ഓര്‍ത്ത് പോകുന്നു...
നിന്റെ കണ്ണുകളിലെ ആകാശം
എത്രയെത്ര മഴകളെയാണ്
ആവാഹിക്കുന്നതെന്ന്...


Monday, June 17, 2013

അപ്പോള്‍ യാത്ര തുടങ്ങാം................

മുമ്പ് നിശ്ചയിക്കപ്പെട്ടതാണ് ഓരോ യാത്രകളും. നാം നയിക്കപ്പെടുന്നു അത്രയേയുള്ളു. വിശ്രമിക്കാനുള്ള വഴിയമ്പലങ്ങളും തീരുമാനിക്കപ്പെട്ടതു തന്നെ. രാവിലെ എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി വെളുത്ത ആകാശത്തെ നോക്കി പുഞ്ചിരിക്കുക. രാത്രിയില്‍ കിടക്കാന്‍ നേരത്ത് അതേ അകാശം കറുത്തിരിക്കുമെങ്കിലും നക്ഷത്രങ്ങളും ചന്ദ്രനും മറ്റൊരു ലോകം സമ്മാനിക്കാന്‍ കാത്തു നില്‍ക്കുന്നുണ്ടാകും. ജീവിതത്തിന്റെ രണ്ടറ്റങ്ങളാണിത്. അതിനിടയില്‍ എന്തെല്ലാം സംഭവിക്കുന്നു.
രണ്ട് ദിവസമായി കനത്ത മഴയാണ്. ഇടവിട്ടിടവിട്ടങ്ങനെ തിമിര്‍ക്കുന്നു. നല്ല രസം. ഈ മുറിയില്‍ ഒറ്റക്കിരുന്ന്
പാട്ട് കേട്ടും പുസ്തകം വായിച്ചും ഇടക്ക് ജനലിലൂടെ അകത്തേക്ക് തെറിച്ചു വീഴുന്ന മഴത്തുള്ളികളുടെ നനവ് തട്ടി കുളിരുമ്പോള്‍ അന്തം വിട്ടുറങ്ങിയും സമയം കടന്ന് പോകുന്നു. സമയമില്ലെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എനിക്ക് തോന്നിയിട്ടില്ല. കെ ജി എസ് ഒരു കവിതയില്‍ പറയുന്നുണ്ട് '' ധൃതിപ്പെടേണ്ട. എഴുന്നേല്‍ക്കുവാന്‍ ധാരാളം സമയമുണ്ടല്ലോ''. അതെ എന്തിനിങ്ങനെ തിരക്കുണ്ടാക്കുന്നു.
വലിയ സ്വപ്നങ്ങള്‍ കാണുന്നതിന് പകരം ചെറിയ ചെറിയ സ്വപ്നങ്ങള്‍ കണ്ട് ആ സ്വപ്നത്തിലേക്ക് പാദങ്ങളെ കരുത്തോടെ ഊന്നാന്‍ സജ്ജമാക്കി യാത്രക്കൊരുങ്ങുക. വലിയ സ്വപ്നങ്ങള്‍ കണ്ട് അതിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കടുത്ത നിരാശയായിരിക്കും. ചെറിയ സ്വപ്നങ്ങളാകുമ്പോള്‍ നിരാശക്കും ദൈര്‍ഖ്യം കുറയും.
ബുദ്ധനോട് ഒരനുയായി ഇങ്ങനെ പറഞ്ഞു. '' എനിക്ക് സന്തോഷം വേണം'' ബുദ്ധന്‍ അയാളോട് പറഞ്ഞു. '' ആദ്യം എനിക്ക് എടുത്തു കളയുക. അത് സ്വാര്‍ഥതയാണ്. രണ്ടാമതായി വേണം എടുത്തു മാറ്റുക. അത് ആഗ്രഹമാണ്. ഇനി നോക്കു എന്താണ് ബാക്കിയായത്. സന്തോഷം.''
പുറത്ത് മഴ കുറഞ്ഞിട്ടുണ്ട്. അപ്പോള്‍ യാത്ര തുടങ്ങാം................

Tuesday, June 4, 2013

കറുത്ത ചരിത്രത്തിന്റെ കാണാപ്പുറങ്ങള്‍

1960കളിലും 70കളുടെ പകുതി വരെയും ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ വിമോചന സമരങ്ങളുടെ പോരാളിയായിരുന്നു സ്റ്റീവന്‍ ബിക്കോ.  വംശീയ വെറിക്കെതിരെ കരുത്തുറ്റ പോരാട്ടങ്ങള്‍ നയിച്ച ആ മനുഷ്യനെ 30ാം വയസ്സില്‍ വെള്ളക്കാരുടെ പോലീസ് കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കറുത്ത വര്‍ഗ്ഗക്കാരുടെ വിദ്യാഭ്യാസ, സാമൂഹിക മുന്നേറ്റങ്ങള്‍ക്കായി പരിശ്രമിച്ച ആ ചെറുപ്പക്കാരന്‍ ഇതിഹാസ സമാനമായാണ് അവരുടെ ഇടയില്‍ ഇന്നുമുള്ളത്. വെള്ളക്കാരനൊപ്പം കറുത്തവനും ദക്ഷിണാഫ്രിക്കയില്‍ അവകാശമുണ്ടെന്ന് അയാള്‍ അധികാരികളോട് എപ്പോഴും വാദിച്ചു. വാദിച്ചുകൊണ്ട് പൊരുതി വീണു.
വെള്ളക്കാരനും ദക്ഷിണാഫ്രിക്കന്‍ പത്രപ്രവര്‍ത്തകനുമായിരുന്ന ഡൊണാള്‍ഡ് വുഡ് ബിക്കോയുടെ അടുത്ത സുഹൃത്തായിരുന്നു. ബിക്കോക്കൊപ്പം വിമോചന പോരാട്ടങ്ങളില്‍ പങ്കെടുത്തതിന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് പലായനം ചെയ്ത അദ്ദേഹം ബിക്കോയുടെ ജീവിതവും പോരാട്ടങ്ങളും മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.
വിഖ്യത സംവിധായകന്‍ റിച്ചാര്‍ഡ് ആറ്റന്‍ ബ്രോ 1987ല്‍ ബിക്കോയുടെ പോരാട്ടത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത സിനിമയായിരുന്നു ക്രൈ ഫ്രീഡം. അത് കണ്ട ശേഷമാണ് ഈ കുറിപ്പെഴുതുന്നത്. വംശവെറി എന്ന കൊള്ളരുതായ്മ ഈ 21ാം നൂറ്റാണ്ടിലും നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല.
ഘാനയില്‍ വംശ വേരുകളുള്ള ഇറ്റാലിയന്‍ ഫുട്‌ബോളര്‍ മരിയോ ബെല്ലോട്ടെല്ലി എന്ന 22കാരനാണ് ഇന്ന് വംശവെറിക്ക് ഏറ്റവും അധികം വിധേയനാകുന്നത്. സ്വന്തം രാജ്യത്തെ കാണികളും ആ ചെറുപ്പക്കാരനെ വെറുതെ വിടുന്നില്ല എന്ന് പറയുമ്പോഴാണ് അതിന്റെ ക്രൗര്യമാര്‍ന്ന ചിന്തയുടെ ഭീകരത വെളിവാക്കപ്പെടുന്നത്. യാന്ത്രവത്കൃതമായി നാം വികസിക്കുമ്പോഴും മനസ്സുകളില്‍ വികാസമുണ്ടാകുന്നില്ല എന്നത് ഭയാനകമായ അവസ്ഥയാണ്. ഈയടുത്ത് യുവേഫ അധ്യക്ഷന്‍ മിഷേല്‍ പ്ലാറ്റിനി ബെല്ലോട്ടെല്ലിയെ ഈ വിധത്തില്‍ പ്രകോപിപ്പിക്കുന്നതിനെ ശക്തമായി എതിര്‍ത്ത് രംഗത്ത് വന്നിരുന്നു.   22 വയസ്സ് മാത്രമുള്ള ആ ചെറുപ്പക്കാരനെ എന്തിനാണ് ഈ വിധത്തില്‍ അന്തമായി എതിര്‍ക്കുന്നതെന്ന് അദ്ദേഹം ചോദിക്കുകയുണ്ടായി. ഫിഫയടക്കമുള്ള സംഘടനകള്‍ ശക്തമായ നടപടികളുമായി രംഗത്തുണ്ടെങ്കിലും ഫുട്‌ബോള്‍ മൈതാനത്തെ ഈ കൊള്ളരുതായ്മക്ക് സായിപ്പന്‍മാരായ കാണികള്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നതാണ് സത്യം. യൂറോ കപ്പില്‍ ജര്‍മ്മനിക്കെതിരായ പോരാട്ടത്തില്‍ ഇറ്റാലിയന്‍ ടീമിന് വേണ്ടി വല ചലിപ്പിച്ച ശേഷം ഷര്‍ട്ടൂരി ബെല്ലോട്ടെല്ലി നിന്ന കിംഗ് കോഗ് പോസ് അയാളുടെ സ്വത്വത്തില്‍ നിന്നുണര്‍ന്ന പ്രതിഷേധ ശബ്ദമായിരുന്നു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. ആഴത്തില്‍ ചെന്നാല്‍ നമുക്കിടയില്‍ പോലും ഇത്തരത്തിലുള്ള വൈകൃത ചിന്തകളുണ്ടെന്ന് കാണാം. ആദിവാസികളുടെ അവസ്ഥ ഈ വംശവെറിയുടെ മറ്റൊരു രൂപം മാത്രമാണ്. അതിന്റെ ക്രൂരമായ മുഖമാണ് അട്ടപ്പാടിയിലെ ആദിവാസികളെ ഇന്ന് പട്ടിണി മരണങ്ങളിലേക്ക് തള്ളിവിട്ടത്. ആദിവാസികളെ കാട്ടില്‍ നിന്നിറക്കാന്‍ ശ്രമിക്കുന്നതിന് പകരം അവര്‍ക്ക് ഭക്ഷണമടക്കമുള്ള പ്രാഥമിക ആവശ്യങ്ങള്‍ക്ക് മതിയായ സൗകര്യങ്ങളും പരിഗണനയും ജീവിക്കാനുള്ള ഭൂമിയും വിദ്യാഭ്യാസപരമായ മുന്നേറ്റങ്ങള്‍ക്കുള്ള അവസരവും ഒരുക്കുകയാണ് വേണ്ടത്. അതിന് പകരം മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ അവരെ ചൂഷണം ചെയ്ത് ചെയ്ത് ഇന്നത്തെ അവസ്ഥയിലെത്തിച്ചു.
ഞാനും നിങ്ങളും ഉള്‍പ്പെടുന്ന നമ്മള്‍ എന്ന വര്‍ഗ്ഗത്തിന് ഇതൊന്നും മനസ്സിലായിക്കൊള്ളണമെന്നില്ല. കാരണം മൂന്ന് നേരം ഭക്ഷണം ഒരുവിധം തട്ടിയൊപ്പിച്ച് നമുക്ക് കിട്ടുന്നുണ്ട്. പക്ഷേ നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ കിടന്ന് ഒരാള്‍ എന്തോ പറയുന്നുണ്ട്.............. അത് കേള്‍ക്കുന്നില്ലെങ്കില്‍ ഇനിയും നാം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ചുരുക്കം!!!
മാര്‍ട്ടിന്‍ ലൂഥര്‍കിംഗിനും ജെസ്സി ഓവാന്‍സിനും മുഹമ്മദലിക്കും നെല്‍സണ്‍ മണ്ടേലക്കും പിന്നെ ഏറ്റവും പ്രിയപ്പെട്ട മരിയോക്കും പരിശുദ്ധവും കരുത്തുറ്റതുമായ സിംഹ ഹൃദയം കൊണ്ടുനടക്കുന്ന ലോകത്തിലെ എല്ലാ കറുത്ത വര്‍ഗ്ഗക്കാര്‍ക്കും  അവരുടെ ഓരോ പോരാട്ടങ്ങള്‍ക്കും ഐക്യദാര്‍ഢ്യവും ഒപ്പം ഹൃദയ നമസ്‌ക്കാരവും.

Tuesday, May 28, 2013

തഥാഗത പ്രയാണം

ഒന്ന്

ഓരോ നിമിഷത്തിലും
ഇലകള്‍ താഴേക്ക് വീണപ്പോള്‍
വൃക്ഷത്തിന് പ്രണയം കൊണ്ട് മുറിവേറ്റു
കണ്ണില്‍ നിന്ന് ഒലിച്ചിറങ്ങിയ
വെള്ളത്തിന്റെ നനവ് തട്ടി
ചപ്പിലകള്‍ക്കിടയിലൂടെ
ഒരു കുഞ്ഞ് ചെടിയുടെ തളിര്‍പ്പ്
വൃക്ഷം അതിനെ
നെഞ്ചോട് ചേര്‍ത്തു...

രണ്ട്

മകനേ... പ്രകൃതിയുടെ
ജൈവ സത്യങ്ങളിലേക്ക്
ഇനി നീയും ഉയിര്‍ക്കുക
തളിരിലകളുടെ പൊടിപ്പിനെ
ആവോളം അറിയുക
സൗമ്യ സ്വപ്നങ്ങള്‍ കൂട്ടിവെച്ച്
ജീവിത സമരങ്ങളുടെ തീയേറ്റ്
വെയിലത്ത് വാടാതെ പൊരുതുക
ധ്യാനങ്ങളില്‍ നിന്ന്
മണ്ണിന്റെ ആത്മാവിലേക്ക്
പുതു മൗനങ്ങളുടെ ഗന്ധം പരത്തി
വേരിനെ പടര്‍ത്തി
തഥാത്വത്തോടെ വളരുക...

മൂന്ന്

ആ അപരാഹ്നത്തില്‍
മറ്റൊരു പ്രണയത്തിന്റെ
സ്വപ്നക്കൂട്ടിലേക്ക്
മഴ നനഞ്ഞ കിനാക്കളെ
പെയ്തിറങ്ങാന്‍ വിട്ട്
വൃക്ഷം വീണ്ടും
തഥാഗത
പ്രയാണത്തിനൊരുങ്ങി...





Monday, May 27, 2013

വസന്തത്തില്‍ ആദ്യമായി ചുവന്ന പൂക്കള്‍ വിടര്‍ന്നിരുന്നു...

അവള്‍, അവന്‍, അവര്‍ ആത്മഹത്യ ചെയ്ത ആ രാത്രി പുലര്‍ന്നപ്പോള്‍ വസന്തത്തില്‍ ആദ്യമായി ചുവന്ന പൂക്കള്‍ വിടര്‍ന്നിരുന്നു............
എന്തിനായിരുന്നു അവനും അവളും അവരെല്ലാം അതു ചെയ്തത്. അറിയില്ല. നിസ്സഹായതയുടെ പുറമ്പോക്കിലേക്ക് എടുത്തെറിയപ്പെട്ട നിമിഷത്തിലെപ്പോഴോ..............
ഓരോ ആത്മഹത്യയും നമ്മോട് പറയുന്നതെന്താണ്. കാമുകിക്ക് ചെവി മുറിച്ചു നല്‍കി പ്രണയവും  ഏകാന്തതയും നൈരാശ്യങ്ങളും ഒപ്പം ചേര്‍ത്ത് വിന്‍സന്റ് വാന്‍ഗോഗ് ആത്മഹത്യ ചെയ്തു. 37ാം വയസ്സില്‍ ജീവിതമവസാനിപ്പിക്കാന്‍ തീരുമാനിച്ച വാന്‍ഗോഗ് നിറതോക്ക് ഉദരത്തിലേക്ക് അമര്‍ത്തി വെച്ച ആ സെക്കന്റില്‍ എന്തായിരിക്കും ചിന്തിച്ചിരിക്കുക. ജീവിതാസക്തിയെ ആത്മഹത്യ കൊണ്ട് അടയാളപ്പെടുത്താനായിരിക്കും കുറഞ്ഞ കാലം കൊണ്ട് വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ത്ത് ഉന്മാദിയായ വാന്‍ഗോഗ് തീരുമാനിച്ചത്. കാരണം ജീവിതം വാന്‍ഗോഗിനെ അടിമുടി പരാജയപ്പെടുത്തിക്കൊണ്ടേയിരുന്നു...........
എഴുതി തള്ളലും ഒറ്റപ്പെടുത്തലും ഏകാന്തതയും മടുത്ത്. എന്നിട്ടും ജീവിക്കാനുള്ള അതിയായ ആഗ്രഹവുമായി നടന്ന്... നടന്ന്... തങ്ങളുടെ സ്വപ്നങ്ങളോട് നിരന്തരം കലഹിച്ച്..... ഒടുവില്‍ നിരാശപ്പെട്ട്.....................
ഓരോ ആത്മഹത്യയും സഹായത്തിനായുള്ള അവസാന വിളിയാണ്. ഒറ്റപ്പെട്ടു പോയവന്റെ അവസാനത്തെ നിലവിളി........
അവന്‍, അവള്‍, അവര്‍....... ഒരു വിത്തെടുത്ത് നട്ടു. അതില്‍ ജീവന്റെ തുടിപ്പുകള്‍ കിളിര്‍ത്തു. അത് കുഞ്ഞു ചെടിയായി വളരാന്‍ തുടങ്ങി. ദിവസവും വെള്ളവും വെളിച്ചവും കിട്ടി അത് വളര്‍ന്നു. ഒരു ദിവസം അതില്‍ നിറയെ ചുവന്ന മൊട്ടുകള്‍. പൂക്കള്‍ നാളെ വിടരുമെന്ന് കരുതി. ഒന്നാം ദിവസം കഴിഞ്ഞു പൂക്കള്‍ വിടര്‍ന്നില്ല. രണ്ട്, മൂന്ന് ദിവസങ്ങളായിട്ടും പൂക്കള്‍ വിടര്‍ന്നില്ല.............
അവള്‍, അവന്‍, അവര്‍ ആത്മഹത്യ ചെയ്ത ആ രാത്രി പുലര്‍ന്നപ്പോള്‍ വസന്തത്തില്‍ ആദ്യമായി ചുവന്ന പൂക്കള്‍ വിടര്‍ന്നിരുന്നു............

Saturday, May 25, 2013

നാട്ടുവര്‍ത്തമാനം: ഇന്ന് നല്ല മഴ പെയ്തു................


ഇന്ന് നല്ല മഴ പെയ്തു. ഓഫീസില്‍ നിന്നിറങ്ങി മഴ കൊണ്ടങ്ങിനെ നടന്നു. നല്ല സുഖം, നല്ല തണുപ്പ്. ചില ഓര്‍മകള്‍, കൊഴിഞ്ഞ് കൊഴിഞ്ഞ് പുറകിലേക്ക് തള്ളിമാറ്റി നാം കടന്ന് പോകുമ്പോഴും ഇടക്ക് അത് തിരിച്ചു വിളിക്കാറുണ്ട്. പോകാന്‍ കഴിയില്ലെങ്കിലും ആഗ്രഹമുണ്ടെങ്കിലും തിരികെ ലഭിക്കാത്തത്................. ഇല്ലത്തെ ആ വലിയ ഇലഞ്ഞി മരത്തില്‍ നിന്ന് അകത്തേക്ക് തണുപ്പോടെ അരിച്ചെത്തിയ കാറ്റില്‍ നിറഞ്ഞ ഇലഞ്ഞി പൂക്കളുടെ ഗന്ധം പോലെ ഹൃദയത്തില്‍ സുഗന്ധം പടര്‍ത്തി അതങ്ങിനെ........................................
ഇത്തവണ മാങ്ങ കുറവായിരുന്നു. കൊതി തീര്‍ക്കാന്‍ മാത്രം കുളത്തിന്റെ വക്കത്തുള്ള നാട്ടുമാവ് കനിഞ്ഞു. പടിഞ്ഞാറെ പറമ്പിലുള്ള മാള്‍ഗോവയിലെ ഒരു കൊമ്പില്‍ അഞ്ചെട്ടണ്ണം വേറെയും. തൊട്ടപ്പുറത്തുള്ള മൂവാണ്ടനും ചെറിയ കനിവ് കാട്ടി. അത്ര തന്നെ................ മുമ്പ് തറവാട്ടിലെ ചന്ദ്രക്കാരന്‍ മാവിന്റെ ചോട്ടില്‍ മാങ്ങക്കായി മേല്‍പ്പോട്ട് നോക്കി ഇരുന്നതും ഓരോ കാറ്റടിക്കുമ്പോഴും ഒപ്പമുള്ളവരെ വെട്ടിച്ച് മാങ്ങ പെറുക്കാന്‍ ഓടുന്നതും............... ആ മാവ് ഇന്നില്ല. തറവാട്ടിലെ കുഞ്ഞിക്കുട്ടഫന്‍ താമസിക്കുന്ന വീട്ടില്‍ ചന്ദ്രക്കാരനുണ്ട്. ഇത്തവണ അതും പൂത്തില്ല. കഴിഞ്ഞ തവണ കൊതിക്ക് രണ്ടു മൂന്നെണ്ണം കിട്ടിയിരുന്നു. ചൊന കൊണ്ട് പൊള്ളി പൊള്ളി കവിളത്തെ തോലു പൊളിഞ്ഞ കുട്ടിത്തം. പറമ്പിലൂടെ ഓടി നടന്ന് പഴുത്ത മാങ്ങയും പച്ച വെള്ളവും കുടിച്ച് വയറും വീര്‍ത്ത്............ ഊണിന്റെ കൂടെ പഴുത്ത മാങ്ങ അഞ്ചെട്ടണ്ണം പിഴിഞ്ഞ് അവസാനം കുറച്ച് ചോറും മോരും ഉപ്പും ചേര്‍ത്ത് കഴിച്ച് നെടുനീളന്‍ ഏമ്പക്കവും വിട്ട് അന്തം വിട്ടുറങ്ങിയിരുന്ന അവസ്ഥ!!!!!!!!!!!!!!!!!!!!!!!!

............................................. സത്യം ഇന്ന് നല്ല മഴ പെയ്തു......................................... പുറത്തും മനസ്സിലും...................................................

Tuesday, May 21, 2013

ആത്മരതിയുടെ സംഗീത നിമിഷങ്ങള്‍

ആ സായാഹ്നം നിറവിന്റേതായിരുന്നു. കോട്ടക്കലിലേക്കുള്ള ബസ്സ് യാത്ര. ഞങ്ങള്‍ നാല് പേര്‍. കാണാനും കേള്‍ക്കാനും പോകുന്ന സംഗീതത്തിന്റെ അറ്റമില്ലാത്ത കടലിരമ്പമായിരുന്നു മനസ്സില്‍. കച്ചേരി തുടങ്ങി. മനോമോഹന എന്ന് തുടങ്ങുന്ന മോഹന രാഗത്തിലെ കുഞ്ഞു വര്‍ണ്ണം ശാന്തമായി ഒഴുകി തുടങ്ങി.....................
സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ സംഗീതം ഉണര്‍വാണ്. ഭൂതകാലത്തെ മറവിയിലേക്ക് തള്ളാനും ഭാവിയെക്കുറിച്ച് വേവലാതി പെടാതിരിക്കാനും കരുത്തുറ്റ വര്‍ത്തമാനത്തില്‍ സ്വയം അലിയാനും അത് ഓര്‍മ്മിപ്പിക്കുന്നു.............................
മോഹനം കടന്ന് നാട്ടയിലേക്കും ഹരികാംബോജിയിലേക്കും പുഴയുടെ ഒഴുക്ക്. ഭൈരവിയുടെ സ്വത്വത്തിലേക്കുള്ള സഞ്ചാരമായിരുന്നു പിന്നീട്. ഭൈരവിയുടെ പ്രണയവും വിരഹവും സന്തോഷവും സന്താപവും. ഉള്‍ക്കരുത്താര്‍ന്ന രാഗം താനം പല്ലവി ബിഹാഗിലൂടെ ഹിന്ദോളവും കന്നഡയും ദര്‍ബാറി കാനഡയും കടന്ന് സുരുട്ടിയില്‍ അവസാനിക്കുമ്പോള്‍ നിശബ്ദതയുടെ താഴ്‌വരകളിലൂടെ ലക്ഷ്യമില്ലാതെ അലഞ്ഞ പ്രതീതി. ചെന്തമഴിന്റെ മാധുര്യം കിനിഞ്ഞ ഭാരതീയാര്‍ കൃതി മധുരയുടെ പ്രാചീന തെരുവുകളിലേക്ക് സഞ്ചരിപ്പിച്ചു. കാംബോജിയില്‍ തുടങ്ങി ഷണ്മുഖപ്രിയ, ബേഗഡയിലൂടെ വികസിച്ച വിരുത്തം........................................................
മഴ പെയ്തു തീര്‍ന്നു. മൂന്ന് മണിക്കൂറും 50 മിനുട്ടും ഞങ്ങള്‍ അറിഞ്ഞു കൊണ്ടു. ഇടക്ക് വിതുമ്പിയും ഇടക്ക് പൊട്ടിച്ചിരിക്കാനും ഇടക്ക് മൗനത്തിലേക്ക് ഒളിച്ചോടാനും തോന്നിപ്പിച്ച് ആ മഴയുടെ ഓരോ തുള്ളികളും ആനന്ദമായി പെയ്തിറങ്ങി. അതിപ്പോഴും ഉള്ളില്‍ പെയ്തുകൊണ്ടിരിക്കുന്നു....................
പ്രിയപ്പെട്ട പാട്ടുകാരാ നന്ദി. ആത്മരതിയുടെ സംഗീത നിമിഷങ്ങള്‍ക്ക്.

.........................................

ഗൗരീ മനോഹര വസന്തങ്ങള്‍


''കന്തനെടി അവനെനിക്ക് സ്വന്തമടി വള്ളിമണാളനെടി''... സഞ്ജയ് സുബ്രഹ്മണ്യം വീണ്ടും വസന്തമായി പെയ്തിറങ്ങിയ ഒരു രാത്രിയുടെ ഓര്‍മ്മകള്‍. ബഹുദാരിയില്‍ ആവോളം പ്രണയം ചാലിച്ച് ഒഴുകിയ രാഗം താനം പല്ലവിയിലെ വരിയാണ് തുടക്കത്തിലെഴുതിയത്. ബഹുദാരിയും കടന്ന് അമീര്‍ കല്ല്യാണിയിലേക്കും ഹിന്ദോളത്തിലേക്കും കദനകുതൂഹലത്തിലേക്കും നീണ്ട് സിന്ധഭൈരവിയുടെ ഗാംഭീര്യത്തില്‍ അവസാനിച്ച കാല്‍പ്പനികത. നീലാംബരി വര്‍ണ്ണത്തില്‍ മന്ദമായി തുടക്കം. ഗൗരീമനോഹരിയുടെ മനോഹര വഴികളിലൂടെ യാത്ര. കാംബോജിയുടെ ധാതുവീര്യമാര്‍ന്ന കടലിരമ്പം. വേനലില്‍ തിമിര്‍ത്ത് പെയ്ത മഴ പോലെ തനിയാവര്‍ത്തനം.
             വസന്തോത്സവത്തിലെ ആ രാത്രി....... മൂന്ന് മണിക്കൂര്‍............ അത്ഭുതമൂറിയ മിഴികള്‍ ഇടക്ക് നനഞ്ഞുവോ........ ഒറ്റയിരുപ്പില്‍ കേട്ടതും കണ്ടതും മടക്ക സഞ്ചാരത്തില്‍ വീണ്ടും വീണ്ടും കേട്ടു............. ഇടക്ക് ഉറങ്ങി.......... ഞെട്ടിയുണര്‍ന്നപ്പോഴും ചെവിയില്‍ ഹിന്ദോളം മുഴങ്ങുന്നുണ്ടായിരുന്നു.................. ജീവിതത്തില്‍ പരമാനന്ദങ്ങള്‍ അനുഭവിക്കാന്‍ സാധിക്കും സത്യം!!!!!

Wednesday, May 15, 2013

കുഞ്ഞു നക്ഷത്രമേ പൊറുക്കുക....


വൈകാരികത മാറി മാറി സഞ്ചരിച്ച
ജീവിതത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍....

ഇലകള്‍ക്കും ശിഖരങ്ങള്‍ക്കും ഇടയിലൂടെ
അരിച്ചിറങ്ങിയ കുത്തുന്ന വെയിലത്ത്
കുഞ്ഞു ചിത്ര ശലഭം പൊള്ളി മരിച്ചു....

നിന്നിലെ നിഷ്‌കളങ്കതയെയും
കരുത്താര്‍ന്ന സഹനത്തെയും
ഉള്‍ക്കൊള്ളാന്‍ മാത്രം
വലിപ്പവും വിശാലതയും
ഞങ്ങള്‍ക്കിലാതെ പോയതിന്
പ്രിയപ്പെട്ട കുഞ്ഞേ.....
മാപ്പ്......മാപ്പ്.......മാപ്പ്‌

നിറ യൗവനത്തിന്റെ കാവ്യ മനോഹര... സൂത്ര വാക്യങ്ങള്‍


ഇംഗ്ലണ്ടിലെ പൗരാണിക നഗരങ്ങളിലൊന്നായ മാഞ്ചസ്റ്ററില്‍ 1910ല്‍ പണി തീര്‍ത്ത ഓള്‍ട്രാഫോര്‍ഡ് മൈതാനത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി ഇനി ഫെര്‍ഗി ഉണ്ടാകില്ല. നീണ്ട 27 വര്‍ഷത്തെ ഇതിഹാസ സമാനമായ കാല്‍പ്പന്തു കളിയുടെ പരിശീലന ചരിത്രത്തെ ഒരു വലിയ പുസ്തകമാക്കി സര്‍ അലക്‌സ് ചാപ്മാന്‍ ഫെര്‍ഗൂസന്‍ ലോകത്തിന്റെ നെഞ്ചിലേക്ക് സമര്‍പ്പിച്ചു.
              ഇപ്പോള്‍ രാത്രി ഒരു മണി കഴിഞ്ഞിരിക്കുന്നു. കമ്പ്യൂട്ടറിന്റെ മോണിട്ടറിലേക്ക് ഈ അക്ഷരങ്ങള്‍ കുറിച്ചിടുമ്പോള്‍ എന്നെ വിസ്മയിപ്പിച്ച ഒരു വയോധികന്റെ ആത്മവിശ്വാസത്തെയാണ് ഞാന്‍ ഉള്ളില്‍ നിറക്കാന്‍ ശ്രമിക്കുന്നത്. ഇച്ഛാശക്തിക്ക് പ്രായം പ്രശ്‌നമല്ലെന്ന് ഓള്‍ഡ് ട്രാഫോര്‍ഡിലെ പച്ച മൈതാനത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ചുവന്ന കുപ്പായത്തിലിറങ്ങിയ 11 കളിക്കാര്‍ പന്ത് തട്ടുമ്പോള്‍ കളി കണ്ടിരിക്കുന്ന എല്ലാവരോടുമായി അദ്ദേഹം പറയാതെ പറയുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന പയ്യനെ ലോകമറിയുന്ന താരമാക്കി മാറ്റിയതും വെയ്ന്‍ റൂണിയെ റൂണിയാക്കിയതും ബെക്കാമിനെ മാന്ത്രികത്വം നിറഞ്ഞ മിഡ്ഫീല്‍ഡറാക്കിയതും ഫെര്‍ഗിയുടെ ക്രാന്ത ദര്‍ശനങ്ങളായിരുന്നു. ഒരു വെളുത്ത പന്തിനൊപ്പം സഞ്ചരിക്കാന്‍ തന്റെ മനസ്സിനെ തുറന്നുവിട്ട ആ ഭീഷ്മാചാര്യന്‍ തന്റെ വഴിക്ക് എല്ലാവരെയും നടത്താന്‍ പാകത്തില്‍ വളര്‍ന്ന് പന്തലിച്ചു. ഒന്നുകില്‍ എനിക്ക് പുറകില്‍ അല്ലെങ്കില്‍ ടീമില്‍ നിന്ന് പുറത്തേക്ക് എന്ന നയം ഏകാധിപത്യത്തിന്റെ ധ്വനി വളര്‍ത്തുന്നതായി തോന്നുമെങ്കിലും ഫെര്‍ഗിയുടെ മികവ് അതിലും മുകളിലായിരുന്നതിനാല്‍ അത് നിശബ്ദതയോടെ അംഗീകരിക്കേണ്ടി വരും. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിനെ ബ്രിട്ടീഷ് സര്‍ക്കാര്‍ സര്‍ സ്ഥാനം നല്‍കി ആദരിച്ചത്.
             രണ്ടര പതിറ്റാണ്ടോളം ഒരൊറ്റ ടീമിന്റെ പരിശീലകനായി വിരാജിച്ച് എവിടെയോ കിടന്ന ഫുട്‌ബോള്‍ ടീമിനെ മികവിന്റെ ഔന്നത്യത്തിലെത്തിച്ചാണ് അദ്ദേഹം ആ പുരാതന മൈതാനത്ത് നിന്ന് മടങ്ങുന്നത്. സ്‌കോട്ട്‌ലന്‍ഡില്‍ ജനിച്ച ഫെര്‍ഗൂസന്‍ 1983ലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലകനായി എത്തുന്നത്. 27 വര്‍ഷങ്ങള്‍ കൊണ്ട്  38 കിരീടങ്ങള്‍ സ്വന്തമാക്കി നിത്യ വസന്തമായി പൂത്തു നിന്നാണ് 71ാം വയസ്സില്‍ അദ്ദേഹം മടങ്ങുന്നത്.
       ഏറ്റവും പ്രിയപ്പെട്ട ഫെര്‍ഗി നന്ദി............ വാര്‍ധക്യത്തിലും കാല്‍പ്പന്ത് കളിയിലേക്ക് നിറ യൗവനത്തിന്റെ  കാവ്യ മനോഹരമായ സൂത്ര വാക്യങ്ങള്‍ എഴുതി ചേര്‍ത്തതിന്......................

Saturday, April 13, 2013

ഏതു ധൂസര സങ്കല്‍പ്പത്തില്‍...


''ഏതു ധൂസര സങ്കല്‍പ്പത്തില്‍ വളര്‍ന്നാലും
ഏത് യന്ത്രവത്കൃത
ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലെന്നും വിരിയട്ടെ
ഗ്രാമത്തിന്‍
വിശുദ്ധിയും മമതയും
ഇത്തിരി കൊന്നപ്പൂവും''

തൊട്ടുമുന്നിലുള്ള എല്ലാത്തിനെയും ഒരു കള്ളത്തരവുമില്ലാതെ തുറന്ന് സ്‌നേഹിക്കുക എന്നത് കരുത്താണ്. കടുത്ത വേനലില്‍ ചുറ്റും പൊള്ളി നില്‍ക്കുമ്പോള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നപ്പൂക്കള്‍ നന്മയുടെയും വിശുദ്ധിയുടെയും ഓര്‍മ്മപ്പെടുത്തലാണ്. പ്രകൃതി പറഞ്ഞു തരുന്ന പ്രതീക്ഷയുടെ കുഞ്ഞു പാഠം.
ഹൃദയം തുറന്ന് വെച്ച് പ്രസന്നതയോടെ ലോകത്തെ നോക്കുക. ചെടികളും മരങ്ങളും പൂക്കളും ഷഡ്പദങ്ങളും ചിത്രശലഭങ്ങളും തുടങ്ങി അനേകം കോടി സസ്യ-ഫല- ജന്തു വര്‍ഗ്ഗങ്ങള്‍ അതിവസിക്കുന്ന ഈ പ്രപഞ്ചത്തിന്റെ ഒരു വക്കില്‍ ഉറപ്പോടെ കാല്‍വെച്ച് സൗഹൃദത്തെ പകരുക, സഹജീവിയുടെ നിസ്സഹായതയില്‍ ഒപ്പം നില്‍ക്കുക...
കൊന്നപ്പൂ പോലെ പരിശുദ്ധമായ സ്‌നേഹവും നിറഞ്ഞ നന്മകളും ആശംസിക്കുന്നു...

''കുഞ്ഞിക്കണ്ണുകള്‍
പൊത്തി വരട്ടെ
കണി കണ്ടിത്തിരി
പൂത്തിരി കത്തിക്കട്ടെ''

Saturday, March 2, 2013

ഒറ്റ



ഇല്ലായ്മകളുടെ
ഏകാന്തത്തില്‍
കിടന്ന്
വായനക്കാരാ
എന്ത് പറയാനാണ്...?
ഇതാ ഈ ജനലിലൂടെ
പുറത്ത് നോക്കിയിരിക്കും
അത്ര തന്നെ...
വിദൂരത്തിലേക്ക്
അലസ സ്വപ്‌നാടനം...
വരികള്‍
വായിക്കുമ്പോള്‍
പലതും
തോന്നിയേക്കാം...
ഞാന്‍ ഒറ്റക്കാണ്
പക്ഷേ ഒറ്റക്കല്ലതാനും...
കണ്ണ് ആഞ്ഞ്
തുറന്ന് നോക്കൂ
എന്റെ ചുറ്റും
ഉഭയമായി നില്‍ക്കുന്ന
ഒരാളെ കാണാം
സംശയിക്കേണ്ട
അതും ഞാന്‍ തന്നെ...
ഇനി നിങ്ങളുടെ
ഊഴമാണ്...
ഗണിതത്തിന്റെ
ഉസാഗ, ലസാഗു
പ്രത്യശാസ്ത്രങ്ങളില്‍
തൂങ്ങിയാടി
തിട്ടപ്പെടുത്തി
അതുതാന്‍ അല്ലയോ
ഇതെന്ന്
വര്‍ണ്യത്തില്‍
ആശങ്കപ്പെട്ടോളൂ.........


Tuesday, February 26, 2013

ഓര്‍മ്മയിലെ പുതുമണ്ണിന്റെ മണം....


ഞാനൊരു വലിയ ശൂന്യതയാണ്. ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങളുമായി മല്ലിടുന്നവന്‍.... ആദ്യ മഴ നനഞ്ഞ് ചുട്ടുപഴുത്ത മണ്ണില്‍ നിന്ന് ഉയരുന്ന മണ്ണിന്റെ മണം.........
നാട്ടുവഴികളിലൂടെ നടക്കുമ്പോള്‍ ഒരു വടിയെടുത്ത് കാട്ടപ്പയുടെ കഴുത്ത് വെട്ടി യുദ്ധം ചെയ്യുന്ന ഞാന്‍. കുട്ടിക്കാലത്ത് ഈന്തിന്റെ ഓല കൊണ്ട് പന്തല് കെട്ടി പീടിക കച്ചോടം നടത്താറുണ്ടായിരുന്നു. വാങ്ങാന്‍ വരുന്ന ആളുകള്‍ ചിത്രത്തിലുണ്ടാകില്ല. ഒറ്റക്ക് സംസാരിക്കും. മുതലാളിയും തൊഴിലാളിയും ഉപഭോക്താവും എല്ലാം ഞാന്‍ തന്നെ. ഉണക്ക മട്ടലിന്റെ തടിച്ച ഭാഗത്ത് രണ്ട് ചെറിയ വടിക്കഷ്ണങ്ങള്‍ താഴ്ത്തി കാളയാക്കി ഉഴുത്തുകാരനാകും. ഇത് ഒറ്റക്കാളയാണ്. പ്ലാവില നടക്ക് ചീന്തി രണ്ട് ഭാഗത്തേക്ക് മടക്കി ഈര്‍ക്കില്‍ കുത്തി രണ്ട് കാളയാക്കി മറ്റൊരു തരത്തിലും ഈ ഉഴുത്ത് നടത്താറുണ്ട്.
കൊപ്ര വില്‍ക്കാന്‍ അച്ഛന്‍ കോഴിക്കോട്ട് പോയി തിരിച്ചെത്തിയപ്പോള്‍ മൂന്ന് ലൈറ്റുള്ള ചുവന്ന കാറ് കൊണ്ടത്തന്നു. ആദ്യമായി ആശിച്ച് കിട്ടിയ കാര്‍. അത് നല്ല കിട്ടലായിരുന്നു. പിന്നീട് അമ്മാത്തെ മുത്തശ്ശിയും ഇല്ലത്തെ മുത്തശ്ശിയും വാങ്ങി തന്നു ഒരു മഞ്ഞ നിറത്തിലുള്ള കാറും ഒരു ഇളം ചുവപ്പ് നിറത്തിലുള്ള കാറും. മൂന്ന് വര്‍ഷമാണ് അത് ഞാന്‍ കൊണ്ട് നടന്നത്. പിന്നീടൊരിക്കല്‍ അപ്രതീക്ഷിതമായി വിഷ്ണുവമ്മാവന്റെ വക ഒരു നീല കുഞ്ഞി കാറും കിട്ടിയിരുന്നു. കുട്ടിക്കാലത്ത് എന്റെ ഓര്‍മ്മയിലുള്ള നാല് കളിപ്പാട്ടങ്ങളായിരുന്നു ഇത്.
വൈകുന്നേരം നാല് മണിക്ക് സ്‌കൂള്‍ വിട്ടാല്‍ ആഞ്ഞ് പിടിച്ച് ഓടും. ഇല്ലത്തെത്തി പുസ്തകം ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞ് 'അമ്മേ... ചായ... എന്ന് നീട്ടി വിളിക്കും.' ഇളം ചൂട് ചായ തൊണ്ടക്കുഴിയും കഴിഞ്ഞ് വയറിലേക്ക് കിനിഞ്ഞിറങ്ങുമ്പോള്‍... ഹോ...അതും കഴിഞ്ഞ് കണ്ടം മുഴുവന്‍ ഓടി നടന്ന് തിമിര്‍ക്കല്‍, മഴക്കാലത്ത് ഇല്ലത്ത് നിന്ന് ഓട്ടം തുടങ്ങി നേരെ കുളത്തിലേക്ക് ഒരു ചാട്ടം. നീന്തലും ചാടലും തലകുത്തിമറിയലും. പുസ്തകത്തിലെ പാഠങ്ങള്‍ വീട്ടിലുള്ളവരെ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രം കൂവി വിളിക്കുന്നു. മനസ്സില്‍ എട്ട് മണിക്കും എട്ടരക്കും ഇടയിലെ പെന്റുലത്തിന്റെ ആട്ടമായിരിക്കും. ഊണ് കഴിക്കാനുള്ള സിഗ്നല്‍ വരെ കൂക്കി വിളി തുടരും. വയറുനിറയെ തട്ടി കുഞ്ഞികുമ്പ തടവി ഏമ്പക്കം വിട്ട് സുഖമായിട്ട് ഉറങ്ങുന്നു. അകത്തെ മുറിയില്‍ നിന്ന് വയലും വീടും യുവവാണിയും കഴിഞ്ഞ് റേഡിയോ നാടകങ്ങളിലെ ഡയലോഗാവും ആകാശവാണിയുടെ വക. അര്‍ധ രാത്രി ദുഃസ്വപ്നങ്ങള്‍ കാണുമ്പോള്‍ അച്ഛന്റെ രോമം നിറഞ്ഞ നെഞ്ചിലെ ചൂടിലേക്ക് ഒന്നുകൂടി ചുരുളുന്നു.
ഒന്നാം ക്ലാസില്‍ ചേര്‍ത്തിട്ടും നിലവിളിയും കയ്യും കലാശവുമായി ചേച്ചിക്കൊപ്പം മൂന്നാം ക്ലാസില്‍ പോയിരുന്നു. മഹിജ ടീച്ചര്‍ തൂക്കിയെടുത്ത് ഒന്നാം ക്ലാസില്‍ തന്നെ ഇരുത്തി ചൊക്കു കൊണ്ട് ഒരു മീശ വരച്ചു തന്നിട്ട് നമ്പൂരിക്കുട്ടി എന്ന് സ്‌നേഹത്തോടെ വിളിച്ചത് ഇന്ന് ചെവിയില്‍ മുഴങ്ങി. ഒമ്പത് എന്നെഴുതാന്‍ കഴിയാതെ പേടിച്ചരണ്ട് വിതുമ്പി കരഞ്ഞപ്പോള്‍ സ്വന്തം കൈയില്‍ കൈ ചേര്‍ത്ത് വെച്ചു ഒമ്പത് എന്നെഴുതി തന്ന നാരായണി ടീച്ചറുടെ വലത് കൈ. സൂര്യ ക്ലബിന്റെ ഓണാഘോഷത്തിന് വയല്‍ വരമ്പത്തെ ഒറ്റ പീടിക കോലായില്‍ നിന്ന് 'എന്‍ മലര്‍ വാടിയിലെന്ന' ലളിത ഗാനം പാടിയതിന് ജീവിതത്തില്‍ ആദ്യമായി കിട്ടിയ സമ്മാനം കറുത്ത മഷി പേന.
ഇന്ന് ഒറ്റക്ക് മുറിയിലിരിക്കുമ്പോള്‍ ഓര്‍ത്തതാണ് ഇതെല്ലാം. കള്ളത്തരങ്ങളൊന്നുമില്ലാതെ യഥാര്‍ഥ മനുഷ്യനായി ജീവിച്ച കുറച്ച് കാലങ്ങള്‍. നിഷ്‌കളങ്കമായി ചിരിക്കാനും കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളുമായി മല്ലിടാനും മാത്രം ശീലിക്കുന്ന പ്രായം. മുന്‍ധാരണകളൊന്നുമില്ലാതെ തൊട്ടുമുന്നിലുള്ള എല്ലാ മനുഷ്യരെയും സ്‌നേഹിക്കാന്‍ കഴിയുക എന്നത് വലിയൊരു നേട്ടമാണ്....... അല്ലേ........

Thursday, February 21, 2013

ഓര്‍മ്മകള്‍.... മഴ... ഹിന്ദോളം


ഓര്‍മ്മകള്‍ ചുറ്റും വിതറി
വര്‍ണ്ണ ചിറക് വടര്‍ത്തി
ഒരു ചിത്രശലഭം പോലെ
പൂവില്‍ നിന്ന് പൂക്കളിലേക്ക്...
നീയെന്തിനാണ് ഇങ്ങനെ
നിശബ്ദയാകുന്നത്...
വരൂ...
എന്റെ ശബ്ദങ്ങളിലേക്ക്
നിനവുകളിലേക്ക്
മുറിവുകളിലേക്ക്...
കാറ്റിന്റെ അതീത
സന്ദേശത്തിനപ്പുറത്ത് നിന്ന്
ഈ മരത്തിലെ
ഇലക്കൂടിലേക്ക്
പ്രണയം പൊത്തിപ്പിടിച്ച്
നമുക്ക് മടങ്ങാം...
വരൂ...
പുല്‍ക്കൊടിയുടെ അറ്റത്ത്
തൂങ്ങി നിന്ന മഞ്ഞിന്‍
കണത്തില്‍
നമ്മുടെ മുഖങ്ങള്‍
ചേര്‍ത്തു വെച്ച്
എന്റെയുള്ളില്‍ നിന്ന്
വായിച്ചെടുക്കൂ
മഴയുടെ ഹിന്ദോളം...
അതിലെ
കണ്ണുനീരും ചിരിയും
ഏകാന്തതയും
നിനക്കുള്ളതാണ്
നിനക്ക് മാത്രം..................

Thursday, February 14, 2013

നീ...


നിന്റെ വെളിച്ചം
ഇഴചേര്‍ത്ത് തുന്നിയ
ഈ പാതയില്‍...
പുതുമഴയില്‍ കുതിര്‍ന്ന
മണ്ണടരുകളില്‍ നിന്ന്
നിന്റെ മണം...
നിന്റെ നിശബ്ദതകളിലേക്ക്
പടരുന്ന ഇലകള്‍
നിന്നില്‍ സഞ്ചരിക്കുന്ന ഞാന്‍...
മഴയില്‍ കുളിര്‍ത്ത്
ഓളങ്ങള്‍ പെരുപ്പിച്ച്
പൂവാക കൊമ്പിലെ
ചുവന്ന പൂക്കളെ
ഹൃദയത്തിലേറ്റി
ഒഴുകുന്ന നീ...

Saturday, February 9, 2013

കുന്നിക്കുരു...


കുന്നോളം ആഗ്രഹിച്ച്
കിട്ടിയ
ഒരു സ്വപ്നമുണ്ട്
കണ്ണു തട്ടാതിരിക്കാന്‍
കറുത്ത പൊട്ടും കുത്തി
പ്രണയം പൂത്തുലഞ്ഞ്
അത് ചുവന്ന് പോയി...

Thursday, February 7, 2013

ഏറ്റവും പ്രിയപ്പെട്ടവളേ...


ഉള്ളറകളില്‍ ഉണ്ടായിരുന്നു
കുഞ്ഞു വെളിച്ചത്തിന്റെ
ചൈതന്യമായി...
ചില നോട്ടങ്ങള്‍ കൊണ്ട്
തേടുന്നതായി
തിരിച്ചറിയുന്നുണ്ട്...
എന്നിട്ടും എന്നോട്
പറഞ്ഞില്ല...
ഒരിക്കല്‍ പറഞ്ഞപ്പോള്‍
തള്ളിക്കളഞ്ഞതാണെങ്കിലും
അറിയുക
അതിപ്പോഴും എന്റെയുള്ളിലുണ്ട്
ജീവന്റെ തുടിപ്പോടെ
ഒരു തളിരില പോലെ...
അതിന് ചുറ്റും
വട്ടമിട്ട് നിന്റെ നിശ്വാസങ്ങള്‍
നിന്റെ നിശ്വാസങ്ങള്‍ക്ക് ചുറ്റും
എന്റെ കിനാവുകള്‍............................

Saturday, February 2, 2013

ബൗധായനം


ധ്യാന സ്ഥലികളില്‍
മൗനം നിറച്ച്
വഴികള്‍ അറ്റമില്ലാതെ
നീണ്ട് നീണ്ട്...
ബോധി വൃക്ഷ ചുവട്ടില്‍
നിന്ന് എന്നിലേക്ക്
നിശബ്ദം
കടന്നുവരുന്ന...
ഒറ്റക്കല്ല
ദൈ്വതമാണ്...
ജാഗ്രത്തിലോ
സ്വപ്നത്തിലോ
തുരീയത്തിലോ
ആഴങ്ങളില്‍
എവിടെയോ
ഉണ്ട്...
വിമലീകരിക്കപ്പെട്ട
ഞാന്‍...
തിരഞ്ഞ്
തിരഞ്ഞ്
തിരഞ്ഞ്...
ഇന്നും തിരയുന്നു........




Monday, January 28, 2013

പരമാനന്ദത്തിന്റെ ഹംസനാദങ്ങള്‍


കാവ്യാത്മകത അതിന്റെ പൂര്‍ണത കൈവരിക്കുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. അത്തരത്തിലൊന്നാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി ടെന്നീസ് ലോകത്ത് കാണുന്നത്. ഏതാണ്ട് രണ്ടായിരത്തി ഏഴ് മുതല്‍ അത് പൂര്‍ണതയില്‍ പരിലസിക്കുന്ന കാഴ്ച്ച അത്ഭുതാവഹമാണ്. എന്തൊരു ചടുലതയാണ്. എന്തൊരു വശ്യതയാണ്. അത് പുല്‍ത്തകിടിയോ, കളിമണ്‍ കോര്‍ട്ടോ, ഹാര്‍ഡ് കോര്‍ട്ടോ ആയിക്കോട്ടെ. പുരുഷന്‍മാരുടെ സിംഗിള്‍സ് കോര്‍ട്ടിലെ സെമി, ഫൈനല്‍ മത്സരങ്ങള്‍ നാല് പേരില്‍ ചുരുങ്ങുന്ന സൗന്ദര്യാത്മകത വാക്കുകള്‍ക്ക് അതീതം. റോജര്‍ ഫെഡറര്‍, നൊവാക് ദ്യോക്കോവിച്ച്, ആന്‍ഡി മുറെ, റാഫേല്‍ നദാല്‍ വര്‍ത്തമാന ടെന്നീസിലെ മഹാരഥന്‍മാരായ നാല് പേര്‍. ഈ സുവര്‍ണ തലമുറയുടെ  റാക്കറ്റില്‍ വിരിയുന്ന കാവ്യ ശകലങ്ങള്‍ക്ക് പൊടിപ്പും തൊങ്ങലും വെച്ച ചമല്‍ക്കാരങ്ങള്‍ ആവശ്യമില്ല. ഒരേ സമയം ലൗകികവും ആത്മീയവുമായ മേച്ചില്‍ പുറങ്ങളിലേക്ക് അവര്‍ കാഴ്ച്ചക്കാരനെ സഞ്ചരിപ്പിക്കുന്നു. നദാല്‍ പരുക്കേറ്റ് കുറച്ച് കാലമായി മൈതാനത്തില്ലെങ്കിലും അയാള്‍ അവശേഷിപ്പിച്ച് പോയ ഓര്‍മകള്‍, അതിന്റെ അലയൊലികള്‍ ബാക്കി മൂവരും ചേര്‍ന്ന് ഇപ്പോഴും പൂര്‍ത്തിയാക്കുന്നു. ഇക്കഴിഞ്ഞ ആസ്‌ത്രേലിയന്‍ ഓപ്പണിലും അതിന് മാറ്റം കണ്ടില്ല. ഫെഡററെ കീഴടക്കി മുറെ ഫൈനലിലെത്തുന്നു. ഫൈനലില്‍ ദ്യോക്കോവിച്ച് മുറെയ തോല്‍പ്പിക്കുന്നു. കഴിഞ്ഞ യു എസ് ഓപണില്‍ മുറെ ദ്യോക്കോവിച്ചിനെ പരാജയപ്പെടുത്തി കിരീടം നേടുന്നു. വിംബിള്‍ഡണില്‍ മുറെയെ കീഴടക്കി ഫെഡറര്‍ കപ്പുയര്‍ത്തുന്നു........ നോക്കു ഒരു നദി അതിന്റെ ഒഴുക്ക് തുടരുന്നത് പോലെ, കടലിലെ തിരകള്‍ മാറി മാറി വരുന്നത് പോലെ........ പ്രസവോദ്യുക്തമായ ജൈവധാരയുടെ കായികമായ നിരന്തരതകള്‍.............................. ആശാന്റെ വീണപൂവും ചങ്ങമ്പുഴയുടെ രമണനും കക്കാടിന്റെ സഫലമീ യാത്രയും വൈലോപ്പിള്ളിയുടെ ഊഞ്ഞാലിലും ജീയുടെ സാഗര ഗീതവും ആറ്റൂരിന്റെ സംക്രമണവും കുരീപ്പുഴയുടെ അമ്മ മലയാളവും വായിക്കുന്ന കേള്‍ക്കുന്ന പാടുന്ന അതേ വൈകാരികതയില്‍ ഒരു കപ്പ് ചായയും കഴിച്ച് ഒരു മുറുക്കാനും വായിലിട്ട് ഈ ജനലിലൂടെ മൈതാനത്തേക്ക് നോക്കുമ്പോള്‍ അറിയുന്നു. റാക്കറ്റില്‍ നിന്ന് സര്‍വുകള്‍ ഭേദിച്ച് പായുന്ന ആ മഞ്ഞ നിറത്തിലുള്ള കുഞ്ഞ് പന്തുകള്‍ ഹൃദയത്തിലേക്ക് ആത്മരതിയുടെ പൂക്കള്‍ വര്‍ഷിക്കുന്നത്. പരമാനന്ദത്തിന്റെ ഹംസനാദങ്ങള്‍.........

Tuesday, January 8, 2013

ചരിത്രത്തിലേക്കൊരു ബസ്സ് സര്‍വീസ്

ബാലുശ്ശേരിയില്‍ നിന്ന് വടകരക്ക് പോകുന്ന ചിഞ്ചു ബസ്സ് ഞങ്ങളുടെ നാട്ടില്‍ കൂടിയാണ് സര്‍വീസ് നടത്തുന്നത്. ബാലുശ്ശേരി, തൃക്കുറ്റിശ്ശേരി, കൂട്ടാലിട, പേരാമ്പ്ര, ചാനിയം കടവ്, തിരുവള്ളൂര്‍ വഴി വടകര. തിരിച്ചറിവ് തുടങ്ങിയ കാലം മുതല്‍ക്ക് ഞാന്‍ ഈ ബസ്സ് കാണുന്നുണ്ട്. അതിന്നും യാതൊരു മുടക്കവുമില്ലാതെ നാട്ടിലൂടെ സര്‍വീസ് നടത്തുന്നു. അതിനിടയില്‍ പല ബസ്സുകള്‍ വന്നു പോയി. പലതും പേര് മാറി, പലതും നിറം മാറി. എന്നിട്ടും ചിഞ്ചു എന്ന ബസ്സ് മാത്രം മാറ്റമില്ലാതെ തുടരുന്നു. ചന്ദന കളറും പച്ചയും നിറമാണ് ചിഞ്ചുവിന്. (കാലപ്പഴക്കം കൊണ്ട് ബസ് മൂന്നാം തലമുറക്കാരനാണെങ്കിലും പേരും നിറവും സമയവും മാറ്റമില്ലാതെ തുടരുന്നു). 
രാവിലെ 7.15 ബാലുശ്ശേരിയില്‍ നിന്ന് സര്‍വീസ് ആരംഭിച്ച് രാത്രി എട്ട് മണിയോടെ കാട്ടാംവള്ളി പെട്രോള്‍ പമ്പില്‍ വിശ്രമിക്കാന്‍ കയറുന്ന ചിഞ്ചു പിറ്റേന്ന് കാലത്ത് കുളിച്ച് കുട്ടപ്പനായി മാലയും ചാര്‍ത്തി ചന്ദനത്തിരിയുടെ സുഗന്ധവും പരത്തി ബാലുശ്ശേരി സ്റ്റാന്‍ഡിലേക്ക് കടന്നു വരുന്നു. യാതൊരു അലോസരവുമില്ലാതെ യാത്ര തുടരുന്ന ആ ബസ്സ് ഒരത്ഭുതമാണ്. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്. മറ്റ് ബസ്സുകാരോട് സമയത്തിന്റെ പേരില്‍ തര്‍ക്കിക്കാത്ത, മാന്യമായി പെരുമാറുന്ന ജീവനക്കാരുള്ള, ചില്ലറ കൃത്യമായി തരുന്ന (ഒരു പരിധി വരെ), സമയ നിഷ്ഠ പാലിക്കുന്ന, സ്ഥിരമായി കാക്കി യൂനിഫോം ധരിക്കുന്ന ഡ്രൈവറും കണ്ടക്ടറുമുള്ള ചിഞ്ചു അത്ഭുതമല്ലാതെ മറ്റെന്താണ്. വണ്ടി കേടായതിന്റെ പേരില്‍ ഒരാള്‍ക്കും വഴിയിലിറങ്ങി പോകേണ്ടി വന്നതായി കേട്ടിട്ടില്ല. സ്ഥല നാമങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡിനുമുണ്ട് പ്രത്യേകത. മറ്റെല്ലാ ബസ്സുകളിലും വെളുത്ത ബോര്‍ഡില്‍ കറുപ്പും ചുകപ്പും നിറത്തിലാണ് സ്ഥല നാമങ്ങളെങ്കില്‍ ചിഞ്ചുവില്‍ കറുത്ത ബോര്‍ഡില്‍ മഞ്ഞ, വെള്ള നിറങ്ങളിലാണ് സ്ഥല നാമങ്ങളുള്ളത്.
ചിഞ്ചുവിന്റെ ഉടമക്ക് ഇത് കൂടാതെ നാല് ബസ്സുകള്‍ കൂടിയുണ്ട്. സരസ്വതി, മഹാലക്ഷ്മി, ശ്രീലക്ഷ്മി, ധനലക്ഷ്മി. അതില്‍ ഒട്ടും സാമ്യമില്ലാത്ത പേര് ചിഞ്ചുവിന് മാത്രം. പണ്ട് ഞങ്ങളുടെ നാട്ടിന്‍പുറത്തെ വടകരയുമായി ബന്ധിപ്പിക്കുന്ന കണ്ണിയായിരുന്നു ചിഞ്ചു. ചിഞ്ചുവിന് കണക്കാക്കി പോന്നു, ചിഞ്ചുവിന് പോകാം, നാല് മണിക്കുള്ള ചിഞ്ചുവിന് കൂട്ടാലിടയില്‍ നിന്ന് കയറാം, ചിഞ്ചു പോയോ, ചിഞ്ചു കിട്ടിയില്ല....... തുടങ്ങി അന്വേഷങ്ങളും നിരാശകളും ആശ്വാസങ്ങളും അനവധി. റോഡുകള്‍ പല തവണ പൊളിയുകയും നന്നാക്കുകയും ചെയ്തു. തലമുറകള്‍ക്ക് മാറ്റം വന്നു തുടങ്ങി. എന്നിട്ടും ചരിത്രത്തിന്റെ ഏതോ നിയോഗം പോലെ മാറ്റമില്ലാതെ ഒരു ബസ്സ് സര്‍വീസ്. അറിയുന്ന കാലം മുതല്‍ ഞാന്‍ കാണുന്നതിനാല്‍ ആ ബസ്സ് സര്‍വീസിന്റെ കാലപ്പഴക്കം എനിക്ക് തിട്ടമില്ല. ക്ഷമിക്കുക.
പക്ഷേ ഒന്നെനിക്കറിയാം.... തൃപ്പൂണിത്തുറയിലെ പഠന കാലത്ത് രാത്രി എറണാകുളത്ത് നിന്ന് പോരുന്ന ഞാന്‍ മിക്കവാറും ബാലുശ്ശേരിയില്‍ നിന്ന് രാവിലെ 7.15ന്റെ ചിഞ്ചുവിനാണ് വീടണയാറുണ്ടായിരുന്നത്. ഇടക്ക് പശുക്കറവ് നിന്ന സമയത്ത് ബാലുശ്ശേരിയില്‍ നിന്ന് മില്‍മയുടെ പായ്ക്കറ്റ് പാലും കയ്യില്‍ പിടിച്ച് ബാഗും തോളിലിട്ട് ചന്ദനത്തിരി മണക്കുന്ന ആ 'നന്മ' ബസ്സിന്റെ അകത്തേക്ക് കയറുമ്പോള്‍ യാത്രയുടെയും അലച്ചിലിന്റെയും ക്ഷീണം പമ്പകടന്ന് തെളിഞ്ഞ മനസ്സായിട്ടുണ്ടാകുമെന്ന യാഥാര്‍ത്ഥ്യം...........

പുഷ്‌പേട്ടന്റെ മുറുക്കാന്‍ പീടിക

പുഷ്‌പേട്ടന്റെ മുറുക്കാന്‍ പീടിക ഒരു സങ്കേതമാണ്‌. ചില സായാഹ്നങ്ങളില്‍ പല പ്രായത്തിലുള്ളവരുമായി നടത്തുന്ന സൗഹൃദ സംഭാഷങ്ങളാല്‍ ആ പീടികയുടെ ചെറിയ വരാന്തയും അതിലെ ഒറ്റ കസേരയും ബെഞ്ചും സജീവം. സാഹിത്യവും കലയും രാഷ്‌ട്രീയവും അങ്ങനെ അങ്ങനെ നീണ്ട്‌ പോകുന്ന സംഭാഷങ്ങള്‍. അതിനിടയില്‍ പലരും വരുന്നു അഭിപ്രായങ്ങള്‍ പറയുന്നു... മുറുക്കുന്നു.... സിഗരറ്റ്‌ പുകക്കുന്നു... പച്ചക്കറി വാങ്ങുന്നു.... ഒരു നാടിന്റെ നന്മയുടെ മായാ ചിത്രങ്ങള്‍....
പുഷ്‌പേട്ടന്‍ തികഞ്ഞ കമ്മ്യൂണിസ്റ്റാണ്‌. ദിവസത്തില്‍ പല പ്രാവശ്യം മുറുക്കുന്ന പുഷ്‌പേട്ടന്‍ കൊണ്ടു പിടിച്ച സി പി ഐ ക്കാരന്‍. എന്നെ കാണുമ്പോഴൊക്കെ മൂപ്പര്‍ പറയാറുണ്ട്‌... `` ഇങ്ങള്‌ ഞാളപ്പരം പോരീക്കി''... അതിന്‌ മറുപടി ചിരിയിലൊതുക്കും. ആ ബെഞ്ചില്‍ ഗോവിന്ദേട്ടന്‍ ഇരിക്കുന്നുണ്ട്‌. സിഗരറ്റും പുകച്ച്‌.
ഒരഭിപ്രായവും പറയുന്നത്‌ കേള്‍ക്കാറില്ല. രസിക്കുന്ന വല്ലതും കേട്ടാല്‍ പൊട്ടിച്ചിരിക്കും.....
വായനയില്‍ ഞാനടക്കമുള്ള തലമുറ മാനസ ഗുരുവാക്കിയ പോക്കര്‍കുട്ടിക്കയും ഇവിടെ വരാറുണ്ട്‌. വയനയില്‍ ഒരു മനുഷ്യന്‌ എത്രത്തോളം മുഴുകാം എന്നതിന്‌ മികച്ച ഉത്തരമാണ്‌ ഇക്ക. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന്‌ അടുത്തൂണ്‍ പറ്റി സമയം ധാരാളം. ഒരേ സമയം ഇംഗ്ലീഷ്‌, മലയാള പുസ്‌തകങ്ങളും ആനുകാലികങ്ങളും എല്ലാം എല്ലാം വായിച്ചു തള്ളുന്ന അദ്ദേഹത്തെ നോക്കി ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്‌. സംഗീതവും സാഹിത്യവും രാഷ്‌ട്രീയവും തുടങ്ങി ലോകത്തിലെ സമസ്‌ത സംഭവങ്ങളോടും മൂപ്പര്‍ക്ക്‌ പഥ്യം.....
ആ തലമുറയിലെ മറ്റൊരാളാണ്‌ ബാലന്‍ മാസ്റ്റര്‍. മാഷ്‌ വായനയുടെ മറ്റൊരു തലം. മേല്‍പ്പറഞ്ഞ വിശേഷണങ്ങളെല്ലാം അവിടെയും ചേരും. ചെറിയ വ്യത്യാസം മാത്രം. പോക്കര്‍ക്കുട്ടിക്ക സൗമ്യമായി പറയുന്നത്‌ മാഷ്‌ അല്‍പ്പം ഗൗരവത്തില്‍ പറയും. ഹയര്‍ സെക്കന്‍ഡറി അധ്യാപകനായിരുന്നു മാഷ്‌. ഇപ്പോള്‍ അടുത്തൂണ്‍ പറ്റി. ഇവരുടെ ബറ്റാലിയന്‍ നീളും. ഈ സംഘത്തില്‍ ഇനിയുമുണ്ട്‌ അംഗങ്ങള്‍ പലരും പല തരത്തിലുള്ള വേഷങ്ങള്‍.... 80 കളിലെ തീക്ഷ്‌ണ യൗവനങ്ങള്‍....
നാരയണേട്ടന്‍ സൂര്യ ക്ലബിന്റെ മീറ്റിംഗിന്‌ പോകുകയാണ്‌. നാരയണേട്ടനും ഈ കൂട്ടായ്‌മയുടെ ഭാഗമാണ്‌. ചെറിയൊരു സര്‍ക്കാര്‍ സ്‌കൂളില്‍ പ്രധാനാധ്യാപകന്‍. സാഹിത്യവും എഴുത്തും ചെണ്ടയുടെ താളവും സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായി സദാസമയത്തും പ്രവര്‍ത്തിക്കുന്ന ദേഹം. ഉത്തരങ്ങള്‍ തേടാനും ഭാരങ്ങളിറക്കി വെക്കാനും ഞങ്ങളുടെ അത്താണിയായി നില്‍ക്കുന്ന മനുഷ്യന്‍.........................................................................
........................................................... ആഗോളീകരിക്കപ്പെടാത്ത ഒരു നാട്ടിന്‍ പുറത്തിന്റെ ഏറ്റവും ചെറിയ ചിത്രങ്ങള്‍.......... ബാലേട്ടന്റെ പീടിക, അമ്മദ്‌കാക്കയുടെ പലചരക്ക്‌ പീടിക, ഒരു റേഷന്‍ പീടിക.... ഒരു നിരത്ത്‌..... പഴയ എല്‍ പി സ്‌കൂള്‍......... 

ഒന്നും മിണ്ടാതെ കടന്നു പോയവര്‍

ചിലര്‍ അങ്ങനെയാണ്‌. ഓര്‍മ്മകള്‍ അവശേഷിപ്പിച്ച്‌ ഒരു ദിവസം മടങ്ങി പോകും. ഇപ്പോഴും ഓര്‍മ്മകളില്‍ ജീവിക്കുന്ന മൂന്ന്‌ പേരായിരുന്നു പിറുങ്ങനും ഭ്രാന്തന്‍ കുഞ്ഞിരാമനും കോരേട്ടനും. കോരേട്ടന്‍ കുറച്ച്‌ കാലം മുമ്പാണ്‌ മരണത്തിന്‌ കീഴ്‌പ്പെട്ടതെങ്കില്‍ മറ്റ്‌ രണ്ട്‌ പേരും വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ യാത്ര പോയി. 

ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ്‌ പിറുങ്ങനെ കണ്ടിട്ടുള്ളത്‌. മൂന്നോ നാലോ തവണ മാത്രമേ കണ്ടിട്ടുള്ളു. അന്ന്‌ മുത്തശ്ശിയുണ്ടായിരുന്നു. (അച്ഛന്റെ അമ്മ) ചില ഉച്ച സമയത്ത്‌ ഒരു തോര്‍ത്ത്‌ മുണ്ട്‌ അരയിലും ഒരു തോര്‍ത്ത്‌ തലയിലും കെട്ടി കൈയില്‍ ഒരു വളഞ്ഞ കത്തിയുമായി പിറുങ്ങന്‍ ഇല്ലത്തേക്ക്‌ വരും. വരവ്‌ തേക്കിന്റെ ഇല പറിക്കാനാണ്‌. എന്നെ കാണുമ്പോള്‍ പിറുങ്ങന്‍ സ്ഥിരമായി ഒരു പാട്ട്‌ പാടാറുണ്ടായിരുന്നു. (എത്ര ആലോചിച്ചിട്ടും ആ പാട്ട്‌ ഓര്‍മയിലേക്ക്‌ വന്നില്ല). പുറത്ത്‌ ആരെയും കണ്ടില്ലെങ്കില്‍ നീട്ടി വിളിക്കും. മുത്തശ്ശി ഇറങ്ങി വന്നാല്‍ കാര്യം പറയും. തേക്കിന്റെ കുറേ ഇലകള്‍ പറിച്ച്‌ പിറുങ്ങന്‍ ചിലപ്പോള്‍ ഊണ്‌ കഴിക്കാറുണ്ട്‌. വീണ്ടും എന്നോട്‌ എന്തൊക്കയോ ചോദിച്ച്‌ അയാള്‍ കടന്ന്‌ പോകും. പിന്നീട്‌ മാസങ്ങള്‍ കഴിഞ്ഞാണ്‌ വരവ്‌. വീണ്ടും മേല്‍ പറഞ്ഞതൊക്കെ ആവര്‍ത്തിക്കും. എങ്ങോട്ടാണ്‌ പിറുങ്ങന്‍ പോകുന്നതെന്നോ എവിടെ നിന്നാണ്‌ വരുന്നതെന്നോ എന്തിനാണ്‌ തേക്കിന്റെ ഇല കൊണ്ടു പോകുന്നതെന്നോ എനിക്ക്‌ ഇന്ന്‌ വരെ മനസ്സിലായിട്ടില്ല.... ഒരു നാള്‍ പിറുങ്ങന്‍ വരാതെയായി. പിറുങ്ങന്‍ എന്ന കൗതുകം ജനിപ്പിക്കുന്ന പേര്‌ മാത്രം ഇപ്പോഴും മനസ്സിലുണ്ട്‌.......

കുട്ടിക്കാലത്ത്‌ കുഞ്ഞിരാമന്‌ ഭ്രാന്തുണ്ടെന്ന്‌ പറഞ്ഞ്‌ എന്നെ ധരിപ്പിച്ചത്‌ മുതിര്‍ന്നവരായിരുന്നു. അതിന്‌ ശേഷമാണ്‌ എന്റെ ചെറിയ മനസ്സില്‍ അയാള്‍ കയറി കൂടിയത്‌. ആരോടും മിണ്ടാതെ ഒരു വികാരങ്ങളും മുഖത്ത്‌ പ്രകടിപ്പിക്കാതെ തലയും താഴ്‌ത്തി കുഞ്ഞിരാമന്‍ മതിലിനോട്‌ ചേര്‍ന്ന്‌ നടന്ന്‌ പോകുന്നത്‌ ഞാന്‍ നോക്കി നില്‍ക്കും. ആ നോട്ടത്തില്‍ നിന്ന്‌ ഞാന്‍ ഒരു കാര്യം കണ്ടെത്തിയിരുന്നു. കുഞ്ഞിരാമന്‍ വളരെ പതുക്കെ സംസാരിക്കാറുണ്ട്‌. അത്‌ മനുഷ്യരോടായിരുന്നില്ല. മറിച്ച്‌ മതിലിനോടായിരുന്നു. അല്ലെങ്കില്‍ ചെടികളോടായിരുന്നു. അതുമല്ലെങ്കില്‍ ഏതെങ്കിലും പ്രാണികളോടായിരുന്നു... ഒന്നും മിണ്ടാതെ കുഞ്ഞിരാമനും ഇല്ലത്തേക്ക്‌ കയറി വരാറുണ്ട്‌. അയാളും ഇല്ലത്ത്‌ നിന്ന്‌ ഊണ്‌ കഴിക്കാറുണ്ട്‌... ഒന്നും മിണ്ടാതെ ഊണും കഴിച്ച്‌ കുഞ്ഞിരാമനും ഇറങ്ങി പോയി..... എങ്ങോട്ടോ......

കോരേട്ടന്‍ വലിയൊരത്ഭുതമായിരുന്നു എനിക്ക്‌. തെങ്ങ്‌ കയറ്റമായിരുന്നു തൊഴില്‍. പിന്നീട്‌ മറ്റ്‌ ജോലികള്‍ ചെയ്‌താണ്‌ കുടുംബം പുലര്‍ത്തിയത്‌. വാഴോറമലയില്‍ നിന്ന്‌ രാവിലെ ഇറങ്ങി വരുന്ന കോരേട്ടന്‍ വൈകുന്നേരം അമ്മദ്‌കാക്കയുടെ പീടികയില്‍ നിന്ന്‌ വെളിച്ചണ്ണ വാങ്ങി തലയില്‍ തേച്ച്‌ വയലിന്റെ മൂലയിലുള്ള തോട്ടില്‍ നിന്ന്‌ കുളിയും കഴിഞ്ഞ്‌ വാഴോറമല കയറും.... കോരേട്ടന്‌ സിനിമകള്‍ ഇഷ്‌ടമായിരുന്നു (കോരേട്ടന്റെ ഭാഷയില്‍ സില്‍മ). അതും പഴയ തമിഴ്‌ സിനിമകള്‍. എം ജി ആറും ശിവാജി ഗണേശനുമായിരുന്നു മൂപ്പരുടെ ഇഷ്‌ട താരങ്ങള്‍. പഴയ വീരപാണ്ഡ്യ കട്ടബൊമ്മനിലെ ഡയലോഗുകളൊക്കെ എന്നെ കേള്‍പ്പിക്കാറുണ്ടായിരുന്നു. ജെമിനി ഗണേശനും കരുണാനിധിയും ജയലളിതയുമെല്ലാം കോരേട്ടന്റെ മനസ്സില്‍ സെല്ലുലോയിഡ്‌ വര്‍ണങ്ങളായി വിരാജിച്ചു. നന്നായി പാടുമായിരുന്നു കോരേട്ടന്‍. പഠിച്ചില്ലെങ്കിലും അറിയില്ലെങ്കിലും ചില രാഗങ്ങള്‍ ആ വായില്‍ നിന്ന്‌ വീഴാറുണ്ട്‌. പാടിച്ച്‌ പാടിച്ച്‌ ഒരു ദിവസം മൂപ്പര്‍ മൂളുന്ന രാഗത്തിന്റെ പേര്‌ ഞാന്‍ പറഞ്ഞു കൊടുത്തു. ആഭേരി രാഗത്തിന്റെ പൊട്ടും പൊടിയുമായിരുന്നു മൂളുന്നതെന്ന്‌ പറഞ്ഞപ്പോള്‍ കറുത്ത കോരേട്ടന്‍ നല്ല വെളുത്ത തെളിഞ്ഞ ചിരി സമ്മാനിച്ചു. അവസാന കാലത്ത്‌ മനസ്സ്‌ പിടിച്ച സ്ഥലത്ത്‌ നില്‍ക്കാത്ത അവസ്ഥയിലായിരുന്നു. പഴയ കഥകള്‍ പറഞ്ഞ്‌ പറഞ്ഞ്‌ കോരേട്ടന്‍ കരച്ചില്‍ തുടങ്ങും. ചില ദിവസങ്ങളില്‍ ഇല്ലത്തെ പടിഞ്ഞാറെ മുറ്റത്ത്‌ വന്ന്‌ നിന്ന്‌ കരയുന്നതും കണ്ടിട്ടുണ്ട്‌..... ഒരു ദിവസം കേട്ടു കോരേട്ടന്‍ കിടപ്പിലായെന്ന്‌.... ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന്‌... വലിയ താമസമില്ലാതെ കോരേട്ടന്റെ മരണ വാര്‍ത്തയും എത്തി.................................................. ആ അധ്യയം അങ്ങനെ അവസാനിച്ചു......... ഒന്നും മിണ്ടാതെ, എന്തൊക്കയോ ബാക്കി വെച്ച്‌ കോരേട്ടനും കടന്നു പോയി.....

Wednesday, January 2, 2013

പക്ഷി


ഈ ചിറകിന് മുകളില്‍
വിശാലമായ ആകാശമാണ്
ശൂന്യമെന്ന് തോന്നാം
ഉള്ളിറക്കങ്ങളുടെ
വഴിയില്‍ നിന്നാല്‍ കേള്‍ക്കാം
നക്ഷത്ര കിലുക്കം...

Tuesday, January 1, 2013

എന്റെ വഴികള്‍


ഈ നദിക്കരയില്‍
അനാദി കാലമായി...
പഴമയുടെ വേരുകള്‍
പുതുമയുടെ ഇലകള്‍
എല്ലാം തുടര്‍ച്ചകളാണ്...
തൊട്ടു നോക്കുക
പ്രണയത്തിന്റെ
ഭൃഗു സംഹിത വായിക്കുക...
എന്നിലെ വസന്തം,
പെയ്തിട്ടും പെയ്തിട്ടും
തോരാത്ത മഴ,
വേനലിന്റെ താപം,
എന്നിലെ എല്ലാ ഋതുക്കളും...
കാതുകള്‍ ചേര്‍ത്തു വെച്ച്
നിന്നിലേക്ക് പ്രസരിക്കുന്ന
ഹംസാനന്ദി രാഗത്തിന്റെ
വിളബിംത സ്വരങ്ങളെ
അറിയുക...
ജലത്തിലേക്ക് പടര്‍ന്ന
ശിഖരങ്ങളില്‍ ചുംബിച്ച്
ഒഴുകുന്ന പുഴ
കൊഴിയുന്ന പൂക്കളെ
മാറിലേക്ക് ആവാഹിക്കുന്നു...
നോക്കൂ......
ഇതൊരു ചര്യയാണ്
ഒരിക്കലും വറ്റാത്ത
നീരുറവ കണക്കെ
നിനക്ക് ഞാനായി തീരാനും
എന്നിലെ നാളമാവാനും
ഞാന്‍ കാണിച്ചു തരുന്ന
എന്റെ വഴികള്‍...........................