Saturday, June 29, 2013

ജന്മം...

പൂവിന്റെ ജന്മമാണ്
നിമിഷ നേരത്തേക്കുള്ള
ശലഭ ജീവിതമാണ്...
പരാഗ രേണുക്കളിലൂടെ
പടരുന്ന പരമ്പരകള്‍...
നോക്കൂ
ദളങ്ങളില്‍ പരക്കുന്ന
മഞ്ഞ് തുള്ളികള്‍
സ്വപ്നങ്ങളായി
പൂമ്പൊടികളില്‍
വീണ്
പ്രണയത്താല്‍ ചുവന്ന്
പൂക്കളായി വീണ്ടും...

Friday, June 28, 2013

രണ്ട് ഏകാന്തതകള്‍..........

എന്‍ എസ് മാധവന്‍ ഹിഗ്വിറ്റ എന്ന ചെറുകഥയുടെ തുടക്കത്തില്‍ ഇങ്ങനെ പ്രയോഗിക്കുന്നുണ്ട്. ''പെനാല്‍റ്റി കിക്ക് കാത്തു നില്‍ക്കുന്ന ഗോളിയുടെ ഏകാന്തത'' വല്ലാത്തൊരു എകാന്തതയാണ് അത്. ഗോള്‍ പോസ്റ്റിന് കീഴില്‍ ഒറ്റക്ക് നിഷ്പ്രയാസം ഗോളടിക്കാനായി വരുന്നവരെ കാത്ത് നില്‍ക്കുന്ന ആ രംഗം.
കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ രണ്ടാം സെമിയില്‍ സ്‌പെയിനും ഇറ്റലിയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ അത് ക്ലാസിക് പോരായി മാറി. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍ ഒഴിഞ്ഞു നിന്നപ്പോള്‍ വിജയികളെ തീരുമാനിച്ചത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍. കളി കണ്ടിരുന്നപ്പോള്‍ ഞാന്‍ ചിന്തിച്ചത് ആ രണ്ട് പേരെ കുറിച്ചായിരുന്നു. പിയര്‍ലൂജി ബുഫണും ഇകര്‍ കാസിയസും. 120 മിനുട്ടും ഗോള്‍ നേടാന്‍ ഇരു ടീമിനും കഴിയാതെ പോയത് ഈ രണ്ട് സിംഹ ഹൃദയജ്ഞരും ഗോള്‍ വല കാത്തത് കൊണ്ടാണ്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇരു ടീമുകളും അഞ്ച് ഗോള്‍ വീതം അടിച്ച് തുല്ല്യത പാലിച്ചപ്പോള്‍ ഇറ്റലിയുടെ ആറാം ഗോള്‍ എടുത്ത ബൊനൂച്ചി പുറത്തേക്ക് അടിച്ചു കളഞ്ഞു. സ്‌പെയിനിന്റെ ജീസസ് നവാസ് ലക്ഷ്യം കണ്ടതോടെ സ്‌പെയിന്‍ വിജയിച്ചു. ഇവിടെ മറ്റൊരു കാര്യമാണ് ശ്രദ്ധേയം. ഇരു ടീമംഗങ്ങളും കൂടിയെടുത്ത പതിനാല് കിക്കില്‍ ഒരെണ്ണവും ബുഫണും കാസിയസും തടുത്തിട്ടില്ല എന്നതാണ്.
ചില ഏകാന്തതകള്‍ അങ്ങിനെയാണ്..... 35കാരനായ ബുഫണും 32കാരനായ കാസിയസും എത്രയോ കഠിനമായ പരീക്ഷണങ്ങളെ അതിജീവിച്ചവരാണ്. ഏകാന്തമായ ആ നില്‍പ്പില്‍ അവര്‍ ചിന്തിച്ചത് എന്തായിരിക്കും...? വിശാലമായ മൈതാനത്തിന്റെ രണ്ട് അറ്റങ്ങളില്‍ ലോകത്തിലെ ഇതിഹാസ സമാനരായ രണ്ട് കാവല്‍ക്കാര്‍ ഹോ!!! എന്തൊരു കാഴ്ച്ചയാണത്. ഇരുവരും സംഗീതജ്ഞരാണ്. ഒരാള്‍ ബീഥോവനും മറ്റൊരാള്‍ മൊസാര്‍ട്ടും. അല്ലെങ്കില്‍ ഇരുവരും സ്ഥൈര്യ രാഗങ്ങളാണ്. ഒരാള്‍ ഹംസാനന്ദിയും മറ്റൊരാള്‍ ഹംസനാദവും.  മൈതാനം പിയാനോയായി രൂപപ്പെടുന്നു. അറ്റങ്ങളില്‍ നിന്ന് ഇരുവരുടെയും സംഗീത സംവിധാനത്തില്‍ ഫുട്‌ബോള്‍ എന്ന കായികം ഒരു കലയായി മാറുന്നു.
വര്‍ത്തമാനകാല ഫുട്‌ബോളിലെ രണ്ട് അതികായന്‍മാരായ ഗോളിമാരാണ് ഇറ്റലിയുടെ പിയര്‍ലൂജി ബുഫണും സ്‌പെയിനിന്റെ ഇകര്‍ കാസിയസും. ഇരുവരും തമ്മില്‍ സാമ്യങ്ങളേറെ. രണ്ട് പേരും ദേശീയ ടീമിന്റെയും രാജ്യത്തെ പ്രമുഖ ക്ലബ്ബുകളുടെയും നായകന്‍മാര്‍. ബുഫണ്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റസിന്റെയും കാസിയസ് സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെയും. ഇരുവരും ലോകകപ്പ് ഉയര്‍ത്തിയ നായകന്‍മാര്‍. മൈതാനത്തിനകത്തും പുറത്തും ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്ന അടിമുടി മാന്യന്‍മാരായ കാവല്‍ക്കാര്‍.
പോരാട്ടങ്ങളെ ആത്മവീര്യത്തോടെ നേരിടുക എന്നത് കരുത്താണ്. ആ കരുത്തിന്റെ അടയാളപ്പെടുത്തലുകളാണ് ബുഫണും കാസിയസും. പല കാലുകളിലൂടെ മറിഞ്ഞെത്തുന്ന വെളുത്ത പന്തിനെ ഒരു തൂവല്‍ കണക്കെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന ഇരുവരുടെയും അഭിജാതമായ രൂപം കാലമെത്ര കഴിഞ്ഞാലും മായാതെ കിടക്കും. സത്യം..... ഇരുവര്‍ക്കും പ്രായാകാതിരുന്നെങ്കില്‍... ഇരുവരും വിരമിക്കാതിരുന്നെങ്കില്‍..... അതെല്ലാം വെറുതെയാണെന്നറിയാമെങ്കിലും. ഭ്രാന്തമായ ആവേശത്തോടെ ഇരുവരെയും സ്‌നേഹിക്കുമ്പോള്‍ (ആരാധനയല്ല) ആരുടെ ഭാഗം ചേരും എന്നത് അങ്കലാപ്പിലാക്കുന്ന ചോദ്യമാണ്. ആ ചോദ്യം  ''പെനാല്‍റ്റി കിക്ക് കാത്തു നില്‍ക്കുന്ന ഗോളിയുടെ ഏകാന്തത'' പോലെ ഒറ്റക്കങ്ങനെ മനസ്സില്‍ തൂങ്ങി നില്‍ക്കട്ടെ അല്ലേ................

Tuesday, June 25, 2013

നിഷ്‌കളങ്കതയുടെ ചിത്രശാല

ഓഫീസിന് പുറത്ത് കനത്ത മഴ പെയ്യുന്നു. മോണിട്ടറിലേക്ക് ഈ അക്ഷരങ്ങളെ പകര്‍ത്തുമ്പോള്‍ പുറത്തെ മഴയെ ഞാന്‍ എന്നിലേക്ക് പടര്‍ത്തുന്നു. ഈ മഴക്കാലം കുട്ടിക്കാലത്തിന്റെ ബാക്കിയാണ്. ഒരിക്കലും തിരിച്ചു വരാത്ത, കവി പറഞ്ഞതുപോലെ സുഗന്ധമുള്ള ഓര്‍മ്മകള്‍ നിറഞ്ഞ നിഷ്‌കളങ്കതയുടെ ചിത്രശാല.
ഇന്ന് കൈരളിയില്‍ പോയി അഞ്ച് സുന്ദരികള്‍ സിനിമ കണ്ടു. അതില്‍ എം മുകുന്ദന്റെ കഥയില്‍ ഷൈജു ഖാലിദ് സംവിധാനം ചെയ്ത സേതുലക്ഷ്മി എന്ന സിനിമ വല്ലാതെ ഇഷ്ടപ്പെട്ടു. കാരണം സ്‌കൂള്‍ ജീവിതത്തിന്റെ മഴവില്‍ വര്‍ണ്ണങ്ങളായിരുന്നു അതില്‍ നിറയെ. മറ്റൊരു തലത്തിലും ആ സിനിമ പ്രസക്തമായ ഒരു കാര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. അതില്‍ ഒരു രംഗത്തില്‍ സ്‌കൂളിലെ സിനിമാ പ്രദര്‍ശനം കാണിക്കുന്നുണ്ട്. യാത്ര എന്ന മമ്മൂട്ടി ചിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്. കുഞ്ഞിക്കണ്ണുകളിലെ വിസ്മയങ്ങളെ സംവിധായകന്‍ അതില്‍ ഗംഭീരമായി പകര്‍ത്തിയിട്ടുണ്ട്.
ഞാന്‍ ഓര്‍ക്കുകയായിരുന്നു. തൃക്കുറ്റിശ്ശേരി സര്‍ക്കാര്‍ യു പി സ്‌കൂളിലെ ആ വലിയ നീളത്തിലുള്ള മുറി. അതിന്റെ വടക്കേ മൂലയിലുള്ള ചുവരില്‍ (അന്ന് ആ ഭാഗത്ത് അഞ്ച് എ ക്ലാസായിരുന്നു. സംസ്‌കൃതം പഠിപ്പിച്ചിരുന്ന വിജയന്‍ മാഷ് ക്ലാസ് മാഷായിരുന്ന അഞ്ച് എ ) വലിച്ചു കെട്ടിയ വെള്ള തുണിയില്‍ നെല്ലും വെള്ളാനകളുടെ നാടും കണ്ട എന്റെ കുട്ടിക്കാലത്തെ കണ്ണുകളെ കുറിച്ച്. നെല്ല് പ്രദര്‍ശിപ്പിച്ചത് ഏതോ ക്ലബിന്റെ ധനശേഖരണാര്‍ഥമായിരുന്നു. (നിരഞ്ജനയോ, സൂര്യയോ, സരിഗയോ ആണ് ഓര്‍മ്മയില്‍ തെളിയുന്നില്ല) ധനശേഖരണാര്‍ഥം എന്ന വാക്ക് ആദ്യമായി കേട്ടതും അന്നാണ്. റോസ് നിറത്തിലുള്ള പത്ത് രൂപയുടെ ടിക്കറ്റായിരുന്നു എന്റെ കൈയിലുണ്ടായിരുന്നത്. വയലാറിന്റെ പ്രസിദ്ധമായ കദളി ചെങ്കദളി എന്ന പാട്ട് ലതാ മങ്കേഷ്‌കറിന്റെ അവ്യക്തമായ മലയാളത്തില്‍ കേട്ടതും ഓര്‍മ്മയിലുണ്ട്. പിന്നീടാണ് വെള്ളാനകളുടെ നാട് കണ്ടത്. ആ സിനിമ കാണുമ്പോള്‍ കറുത്ത നിറത്തില്‍ മാത്രം കണ്ടിട്ടുള്ള ആനകളായിരുന്നു ഉള്ളില്‍. അപ്പോള്‍ വെളുത്ത ആനകള്‍ എവിടെയാകും എന്നാണ് ചിന്തിച്ചിരുന്നത്. വെള്ളാനകള്‍ സ്‌ക്രീനിലേക്ക് ഇറങ്ങി വരുന്നതും കാത്ത് ഞാനിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല.
ഇന്ന് ആ ഹാളില്ല. സ്‌കൂളുമില്ല. സ്‌കൂള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. വെള്ളയും കറുപ്പും നിറത്തിലുള്ള ആ കെട്ടിടത്തിന്റെ ഒരു ഭാഗം മാത്രമാണ് ഇപ്പോഴുള്ളത്. അവിടെ ഒരു സോപ്പ് ഫാക്ടറി ഉണ്ടായിരുന്നു. പിന്നീട് ഫര്‍ണ്ണിച്ചര്‍ പണികള്‍ നടത്തുന്നവരായിരുന്നു എന്ന് തോന്നുന്നു. ഇപ്പോള്‍ തേങ്ങാ കച്ചവടമോ മറ്റോ ആണ് അവിടെ ഉള്ളത്.....
വിസ്മയ കാഴ്ച്ചകള്‍ നിറച്ച സൗമ്യ നിമിഷങ്ങളായിരുന്നു സേതുലക്ഷ്മി എന്ന സിനിമ കഴിയും വരെ ഉള്ളില്‍ നിറഞ്ഞത്. ഇത് കുറിക്കുമ്പോഴും ആ സിനിമയിലെ കൊച്ചു പെണ്‍കുട്ടിയുടെ കളങ്കമില്ലത്ത കണ്ണുകളും കൗതുകങ്ങളും മുഖത്തെ നുണക്കുഴിയും പാതി വന്ന പല്ലുകളും വീണ്ടും തെളിയുന്നു. ഒടുവില്‍ നൊമ്പരവും ഒരുപാട് ചോദ്യങ്ങളും മനസ്സിലേക്ക് തീയായി കോരിയിട്ടാണ് ആ മുകുന്ദന്‍ കഥയുടെ സെല്ലുലോയ്ഡ് ഭാഷ്യം അവസാനിച്ചത്............
പുറത്ത് മഴ ..........
ഇപ്പോഴും.............................................

Saturday, June 22, 2013

കേള്‍ക്കുന്നുണ്ടോ

നീ കേള്‍ക്കുന്നുണ്ടോ
എന്റെ ഉള്ളിലെ കടലിരമ്പം
ഏറിയും കുറഞ്ഞുമുള്ള
അതിന്റെ ആരോഹണ
അവരോഹണങ്ങള്‍...
കുഞ്ഞു ശംഖെടുത്ത്
ചെവിയോട് ചേര്‍ത്ത് നോക്കൂ
അതിന്റെ ഹൃദയ വഴിയിലൂടെ
ഒഴുകി വരുന്ന
സാഗര സംഗീതത്തെ
എന്റെ നിശ്വാസങ്ങളോട്
ചേര്‍ത്ത് നീ പൂരിപ്പിക്കുക...
ഈ നിമിഷം വരെ നിലനിന്ന
നമുക്കിടയിലെ മൗനങ്ങള്‍
ആഴങ്ങളില്‍ കിടന്ന്
വാചാലമാകും......

Tuesday, June 18, 2013

കാഴ്ച്ച

നിന്റെ കണ്ണുകളില്‍ ഞാന്‍
ആകാശമാണ് കണ്ടത്
രാത്രിയില്‍ അതില്‍ നിറയെ
നക്ഷത്രങ്ങളായിരുന്നു...
ഇടക്ക് വെട്ടിത്തിളങ്ങുന്ന
ചാന്ദ്ര വെളിച്ചമായി നിന്റെ മുഖം...
വാടി പോയ ഒരു പ്രണയത്തിന്റെ
നനുത്ത ഓര്‍മ്മകളില്‍
പുറത്ത് കനത്ത് പെയ്യുന്ന
മഴയെ ജനലിലൂടെ
നോക്കിയിരിക്കുമ്പോള്‍
ഓര്‍ത്ത് പോകുന്നു...
നിന്റെ കണ്ണുകളിലെ ആകാശം
എത്രയെത്ര മഴകളെയാണ്
ആവാഹിക്കുന്നതെന്ന്...


Monday, June 17, 2013

അപ്പോള്‍ യാത്ര തുടങ്ങാം................

മുമ്പ് നിശ്ചയിക്കപ്പെട്ടതാണ് ഓരോ യാത്രകളും. നാം നയിക്കപ്പെടുന്നു അത്രയേയുള്ളു. വിശ്രമിക്കാനുള്ള വഴിയമ്പലങ്ങളും തീരുമാനിക്കപ്പെട്ടതു തന്നെ. രാവിലെ എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി വെളുത്ത ആകാശത്തെ നോക്കി പുഞ്ചിരിക്കുക. രാത്രിയില്‍ കിടക്കാന്‍ നേരത്ത് അതേ അകാശം കറുത്തിരിക്കുമെങ്കിലും നക്ഷത്രങ്ങളും ചന്ദ്രനും മറ്റൊരു ലോകം സമ്മാനിക്കാന്‍ കാത്തു നില്‍ക്കുന്നുണ്ടാകും. ജീവിതത്തിന്റെ രണ്ടറ്റങ്ങളാണിത്. അതിനിടയില്‍ എന്തെല്ലാം സംഭവിക്കുന്നു.
രണ്ട് ദിവസമായി കനത്ത മഴയാണ്. ഇടവിട്ടിടവിട്ടങ്ങനെ തിമിര്‍ക്കുന്നു. നല്ല രസം. ഈ മുറിയില്‍ ഒറ്റക്കിരുന്ന്
പാട്ട് കേട്ടും പുസ്തകം വായിച്ചും ഇടക്ക് ജനലിലൂടെ അകത്തേക്ക് തെറിച്ചു വീഴുന്ന മഴത്തുള്ളികളുടെ നനവ് തട്ടി കുളിരുമ്പോള്‍ അന്തം വിട്ടുറങ്ങിയും സമയം കടന്ന് പോകുന്നു. സമയമില്ലെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എനിക്ക് തോന്നിയിട്ടില്ല. കെ ജി എസ് ഒരു കവിതയില്‍ പറയുന്നുണ്ട് '' ധൃതിപ്പെടേണ്ട. എഴുന്നേല്‍ക്കുവാന്‍ ധാരാളം സമയമുണ്ടല്ലോ''. അതെ എന്തിനിങ്ങനെ തിരക്കുണ്ടാക്കുന്നു.
വലിയ സ്വപ്നങ്ങള്‍ കാണുന്നതിന് പകരം ചെറിയ ചെറിയ സ്വപ്നങ്ങള്‍ കണ്ട് ആ സ്വപ്നത്തിലേക്ക് പാദങ്ങളെ കരുത്തോടെ ഊന്നാന്‍ സജ്ജമാക്കി യാത്രക്കൊരുങ്ങുക. വലിയ സ്വപ്നങ്ങള്‍ കണ്ട് അതിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കടുത്ത നിരാശയായിരിക്കും. ചെറിയ സ്വപ്നങ്ങളാകുമ്പോള്‍ നിരാശക്കും ദൈര്‍ഖ്യം കുറയും.
ബുദ്ധനോട് ഒരനുയായി ഇങ്ങനെ പറഞ്ഞു. '' എനിക്ക് സന്തോഷം വേണം'' ബുദ്ധന്‍ അയാളോട് പറഞ്ഞു. '' ആദ്യം എനിക്ക് എടുത്തു കളയുക. അത് സ്വാര്‍ഥതയാണ്. രണ്ടാമതായി വേണം എടുത്തു മാറ്റുക. അത് ആഗ്രഹമാണ്. ഇനി നോക്കു എന്താണ് ബാക്കിയായത്. സന്തോഷം.''
പുറത്ത് മഴ കുറഞ്ഞിട്ടുണ്ട്. അപ്പോള്‍ യാത്ര തുടങ്ങാം................

Tuesday, June 4, 2013

കറുത്ത ചരിത്രത്തിന്റെ കാണാപ്പുറങ്ങള്‍

1960കളിലും 70കളുടെ പകുതി വരെയും ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ വിമോചന സമരങ്ങളുടെ പോരാളിയായിരുന്നു സ്റ്റീവന്‍ ബിക്കോ.  വംശീയ വെറിക്കെതിരെ കരുത്തുറ്റ പോരാട്ടങ്ങള്‍ നയിച്ച ആ മനുഷ്യനെ 30ാം വയസ്സില്‍ വെള്ളക്കാരുടെ പോലീസ് കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കറുത്ത വര്‍ഗ്ഗക്കാരുടെ വിദ്യാഭ്യാസ, സാമൂഹിക മുന്നേറ്റങ്ങള്‍ക്കായി പരിശ്രമിച്ച ആ ചെറുപ്പക്കാരന്‍ ഇതിഹാസ സമാനമായാണ് അവരുടെ ഇടയില്‍ ഇന്നുമുള്ളത്. വെള്ളക്കാരനൊപ്പം കറുത്തവനും ദക്ഷിണാഫ്രിക്കയില്‍ അവകാശമുണ്ടെന്ന് അയാള്‍ അധികാരികളോട് എപ്പോഴും വാദിച്ചു. വാദിച്ചുകൊണ്ട് പൊരുതി വീണു.
വെള്ളക്കാരനും ദക്ഷിണാഫ്രിക്കന്‍ പത്രപ്രവര്‍ത്തകനുമായിരുന്ന ഡൊണാള്‍ഡ് വുഡ് ബിക്കോയുടെ അടുത്ത സുഹൃത്തായിരുന്നു. ബിക്കോക്കൊപ്പം വിമോചന പോരാട്ടങ്ങളില്‍ പങ്കെടുത്തതിന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് പലായനം ചെയ്ത അദ്ദേഹം ബിക്കോയുടെ ജീവിതവും പോരാട്ടങ്ങളും മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.
വിഖ്യത സംവിധായകന്‍ റിച്ചാര്‍ഡ് ആറ്റന്‍ ബ്രോ 1987ല്‍ ബിക്കോയുടെ പോരാട്ടത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത സിനിമയായിരുന്നു ക്രൈ ഫ്രീഡം. അത് കണ്ട ശേഷമാണ് ഈ കുറിപ്പെഴുതുന്നത്. വംശവെറി എന്ന കൊള്ളരുതായ്മ ഈ 21ാം നൂറ്റാണ്ടിലും നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല.
ഘാനയില്‍ വംശ വേരുകളുള്ള ഇറ്റാലിയന്‍ ഫുട്‌ബോളര്‍ മരിയോ ബെല്ലോട്ടെല്ലി എന്ന 22കാരനാണ് ഇന്ന് വംശവെറിക്ക് ഏറ്റവും അധികം വിധേയനാകുന്നത്. സ്വന്തം രാജ്യത്തെ കാണികളും ആ ചെറുപ്പക്കാരനെ വെറുതെ വിടുന്നില്ല എന്ന് പറയുമ്പോഴാണ് അതിന്റെ ക്രൗര്യമാര്‍ന്ന ചിന്തയുടെ ഭീകരത വെളിവാക്കപ്പെടുന്നത്. യാന്ത്രവത്കൃതമായി നാം വികസിക്കുമ്പോഴും മനസ്സുകളില്‍ വികാസമുണ്ടാകുന്നില്ല എന്നത് ഭയാനകമായ അവസ്ഥയാണ്. ഈയടുത്ത് യുവേഫ അധ്യക്ഷന്‍ മിഷേല്‍ പ്ലാറ്റിനി ബെല്ലോട്ടെല്ലിയെ ഈ വിധത്തില്‍ പ്രകോപിപ്പിക്കുന്നതിനെ ശക്തമായി എതിര്‍ത്ത് രംഗത്ത് വന്നിരുന്നു.   22 വയസ്സ് മാത്രമുള്ള ആ ചെറുപ്പക്കാരനെ എന്തിനാണ് ഈ വിധത്തില്‍ അന്തമായി എതിര്‍ക്കുന്നതെന്ന് അദ്ദേഹം ചോദിക്കുകയുണ്ടായി. ഫിഫയടക്കമുള്ള സംഘടനകള്‍ ശക്തമായ നടപടികളുമായി രംഗത്തുണ്ടെങ്കിലും ഫുട്‌ബോള്‍ മൈതാനത്തെ ഈ കൊള്ളരുതായ്മക്ക് സായിപ്പന്‍മാരായ കാണികള്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നതാണ് സത്യം. യൂറോ കപ്പില്‍ ജര്‍മ്മനിക്കെതിരായ പോരാട്ടത്തില്‍ ഇറ്റാലിയന്‍ ടീമിന് വേണ്ടി വല ചലിപ്പിച്ച ശേഷം ഷര്‍ട്ടൂരി ബെല്ലോട്ടെല്ലി നിന്ന കിംഗ് കോഗ് പോസ് അയാളുടെ സ്വത്വത്തില്‍ നിന്നുണര്‍ന്ന പ്രതിഷേധ ശബ്ദമായിരുന്നു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. ആഴത്തില്‍ ചെന്നാല്‍ നമുക്കിടയില്‍ പോലും ഇത്തരത്തിലുള്ള വൈകൃത ചിന്തകളുണ്ടെന്ന് കാണാം. ആദിവാസികളുടെ അവസ്ഥ ഈ വംശവെറിയുടെ മറ്റൊരു രൂപം മാത്രമാണ്. അതിന്റെ ക്രൂരമായ മുഖമാണ് അട്ടപ്പാടിയിലെ ആദിവാസികളെ ഇന്ന് പട്ടിണി മരണങ്ങളിലേക്ക് തള്ളിവിട്ടത്. ആദിവാസികളെ കാട്ടില്‍ നിന്നിറക്കാന്‍ ശ്രമിക്കുന്നതിന് പകരം അവര്‍ക്ക് ഭക്ഷണമടക്കമുള്ള പ്രാഥമിക ആവശ്യങ്ങള്‍ക്ക് മതിയായ സൗകര്യങ്ങളും പരിഗണനയും ജീവിക്കാനുള്ള ഭൂമിയും വിദ്യാഭ്യാസപരമായ മുന്നേറ്റങ്ങള്‍ക്കുള്ള അവസരവും ഒരുക്കുകയാണ് വേണ്ടത്. അതിന് പകരം മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ അവരെ ചൂഷണം ചെയ്ത് ചെയ്ത് ഇന്നത്തെ അവസ്ഥയിലെത്തിച്ചു.
ഞാനും നിങ്ങളും ഉള്‍പ്പെടുന്ന നമ്മള്‍ എന്ന വര്‍ഗ്ഗത്തിന് ഇതൊന്നും മനസ്സിലായിക്കൊള്ളണമെന്നില്ല. കാരണം മൂന്ന് നേരം ഭക്ഷണം ഒരുവിധം തട്ടിയൊപ്പിച്ച് നമുക്ക് കിട്ടുന്നുണ്ട്. പക്ഷേ നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ കിടന്ന് ഒരാള്‍ എന്തോ പറയുന്നുണ്ട്.............. അത് കേള്‍ക്കുന്നില്ലെങ്കില്‍ ഇനിയും നാം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ചുരുക്കം!!!
മാര്‍ട്ടിന്‍ ലൂഥര്‍കിംഗിനും ജെസ്സി ഓവാന്‍സിനും മുഹമ്മദലിക്കും നെല്‍സണ്‍ മണ്ടേലക്കും പിന്നെ ഏറ്റവും പ്രിയപ്പെട്ട മരിയോക്കും പരിശുദ്ധവും കരുത്തുറ്റതുമായ സിംഹ ഹൃദയം കൊണ്ടുനടക്കുന്ന ലോകത്തിലെ എല്ലാ കറുത്ത വര്‍ഗ്ഗക്കാര്‍ക്കും  അവരുടെ ഓരോ പോരാട്ടങ്ങള്‍ക്കും ഐക്യദാര്‍ഢ്യവും ഒപ്പം ഹൃദയ നമസ്‌ക്കാരവും.