Tuesday, January 8, 2013

ഒന്നും മിണ്ടാതെ കടന്നു പോയവര്‍

ചിലര്‍ അങ്ങനെയാണ്‌. ഓര്‍മ്മകള്‍ അവശേഷിപ്പിച്ച്‌ ഒരു ദിവസം മടങ്ങി പോകും. ഇപ്പോഴും ഓര്‍മ്മകളില്‍ ജീവിക്കുന്ന മൂന്ന്‌ പേരായിരുന്നു പിറുങ്ങനും ഭ്രാന്തന്‍ കുഞ്ഞിരാമനും കോരേട്ടനും. കോരേട്ടന്‍ കുറച്ച്‌ കാലം മുമ്പാണ്‌ മരണത്തിന്‌ കീഴ്‌പ്പെട്ടതെങ്കില്‍ മറ്റ്‌ രണ്ട്‌ പേരും വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ യാത്ര പോയി. 

ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ്‌ പിറുങ്ങനെ കണ്ടിട്ടുള്ളത്‌. മൂന്നോ നാലോ തവണ മാത്രമേ കണ്ടിട്ടുള്ളു. അന്ന്‌ മുത്തശ്ശിയുണ്ടായിരുന്നു. (അച്ഛന്റെ അമ്മ) ചില ഉച്ച സമയത്ത്‌ ഒരു തോര്‍ത്ത്‌ മുണ്ട്‌ അരയിലും ഒരു തോര്‍ത്ത്‌ തലയിലും കെട്ടി കൈയില്‍ ഒരു വളഞ്ഞ കത്തിയുമായി പിറുങ്ങന്‍ ഇല്ലത്തേക്ക്‌ വരും. വരവ്‌ തേക്കിന്റെ ഇല പറിക്കാനാണ്‌. എന്നെ കാണുമ്പോള്‍ പിറുങ്ങന്‍ സ്ഥിരമായി ഒരു പാട്ട്‌ പാടാറുണ്ടായിരുന്നു. (എത്ര ആലോചിച്ചിട്ടും ആ പാട്ട്‌ ഓര്‍മയിലേക്ക്‌ വന്നില്ല). പുറത്ത്‌ ആരെയും കണ്ടില്ലെങ്കില്‍ നീട്ടി വിളിക്കും. മുത്തശ്ശി ഇറങ്ങി വന്നാല്‍ കാര്യം പറയും. തേക്കിന്റെ കുറേ ഇലകള്‍ പറിച്ച്‌ പിറുങ്ങന്‍ ചിലപ്പോള്‍ ഊണ്‌ കഴിക്കാറുണ്ട്‌. വീണ്ടും എന്നോട്‌ എന്തൊക്കയോ ചോദിച്ച്‌ അയാള്‍ കടന്ന്‌ പോകും. പിന്നീട്‌ മാസങ്ങള്‍ കഴിഞ്ഞാണ്‌ വരവ്‌. വീണ്ടും മേല്‍ പറഞ്ഞതൊക്കെ ആവര്‍ത്തിക്കും. എങ്ങോട്ടാണ്‌ പിറുങ്ങന്‍ പോകുന്നതെന്നോ എവിടെ നിന്നാണ്‌ വരുന്നതെന്നോ എന്തിനാണ്‌ തേക്കിന്റെ ഇല കൊണ്ടു പോകുന്നതെന്നോ എനിക്ക്‌ ഇന്ന്‌ വരെ മനസ്സിലായിട്ടില്ല.... ഒരു നാള്‍ പിറുങ്ങന്‍ വരാതെയായി. പിറുങ്ങന്‍ എന്ന കൗതുകം ജനിപ്പിക്കുന്ന പേര്‌ മാത്രം ഇപ്പോഴും മനസ്സിലുണ്ട്‌.......

കുട്ടിക്കാലത്ത്‌ കുഞ്ഞിരാമന്‌ ഭ്രാന്തുണ്ടെന്ന്‌ പറഞ്ഞ്‌ എന്നെ ധരിപ്പിച്ചത്‌ മുതിര്‍ന്നവരായിരുന്നു. അതിന്‌ ശേഷമാണ്‌ എന്റെ ചെറിയ മനസ്സില്‍ അയാള്‍ കയറി കൂടിയത്‌. ആരോടും മിണ്ടാതെ ഒരു വികാരങ്ങളും മുഖത്ത്‌ പ്രകടിപ്പിക്കാതെ തലയും താഴ്‌ത്തി കുഞ്ഞിരാമന്‍ മതിലിനോട്‌ ചേര്‍ന്ന്‌ നടന്ന്‌ പോകുന്നത്‌ ഞാന്‍ നോക്കി നില്‍ക്കും. ആ നോട്ടത്തില്‍ നിന്ന്‌ ഞാന്‍ ഒരു കാര്യം കണ്ടെത്തിയിരുന്നു. കുഞ്ഞിരാമന്‍ വളരെ പതുക്കെ സംസാരിക്കാറുണ്ട്‌. അത്‌ മനുഷ്യരോടായിരുന്നില്ല. മറിച്ച്‌ മതിലിനോടായിരുന്നു. അല്ലെങ്കില്‍ ചെടികളോടായിരുന്നു. അതുമല്ലെങ്കില്‍ ഏതെങ്കിലും പ്രാണികളോടായിരുന്നു... ഒന്നും മിണ്ടാതെ കുഞ്ഞിരാമനും ഇല്ലത്തേക്ക്‌ കയറി വരാറുണ്ട്‌. അയാളും ഇല്ലത്ത്‌ നിന്ന്‌ ഊണ്‌ കഴിക്കാറുണ്ട്‌... ഒന്നും മിണ്ടാതെ ഊണും കഴിച്ച്‌ കുഞ്ഞിരാമനും ഇറങ്ങി പോയി..... എങ്ങോട്ടോ......

കോരേട്ടന്‍ വലിയൊരത്ഭുതമായിരുന്നു എനിക്ക്‌. തെങ്ങ്‌ കയറ്റമായിരുന്നു തൊഴില്‍. പിന്നീട്‌ മറ്റ്‌ ജോലികള്‍ ചെയ്‌താണ്‌ കുടുംബം പുലര്‍ത്തിയത്‌. വാഴോറമലയില്‍ നിന്ന്‌ രാവിലെ ഇറങ്ങി വരുന്ന കോരേട്ടന്‍ വൈകുന്നേരം അമ്മദ്‌കാക്കയുടെ പീടികയില്‍ നിന്ന്‌ വെളിച്ചണ്ണ വാങ്ങി തലയില്‍ തേച്ച്‌ വയലിന്റെ മൂലയിലുള്ള തോട്ടില്‍ നിന്ന്‌ കുളിയും കഴിഞ്ഞ്‌ വാഴോറമല കയറും.... കോരേട്ടന്‌ സിനിമകള്‍ ഇഷ്‌ടമായിരുന്നു (കോരേട്ടന്റെ ഭാഷയില്‍ സില്‍മ). അതും പഴയ തമിഴ്‌ സിനിമകള്‍. എം ജി ആറും ശിവാജി ഗണേശനുമായിരുന്നു മൂപ്പരുടെ ഇഷ്‌ട താരങ്ങള്‍. പഴയ വീരപാണ്ഡ്യ കട്ടബൊമ്മനിലെ ഡയലോഗുകളൊക്കെ എന്നെ കേള്‍പ്പിക്കാറുണ്ടായിരുന്നു. ജെമിനി ഗണേശനും കരുണാനിധിയും ജയലളിതയുമെല്ലാം കോരേട്ടന്റെ മനസ്സില്‍ സെല്ലുലോയിഡ്‌ വര്‍ണങ്ങളായി വിരാജിച്ചു. നന്നായി പാടുമായിരുന്നു കോരേട്ടന്‍. പഠിച്ചില്ലെങ്കിലും അറിയില്ലെങ്കിലും ചില രാഗങ്ങള്‍ ആ വായില്‍ നിന്ന്‌ വീഴാറുണ്ട്‌. പാടിച്ച്‌ പാടിച്ച്‌ ഒരു ദിവസം മൂപ്പര്‍ മൂളുന്ന രാഗത്തിന്റെ പേര്‌ ഞാന്‍ പറഞ്ഞു കൊടുത്തു. ആഭേരി രാഗത്തിന്റെ പൊട്ടും പൊടിയുമായിരുന്നു മൂളുന്നതെന്ന്‌ പറഞ്ഞപ്പോള്‍ കറുത്ത കോരേട്ടന്‍ നല്ല വെളുത്ത തെളിഞ്ഞ ചിരി സമ്മാനിച്ചു. അവസാന കാലത്ത്‌ മനസ്സ്‌ പിടിച്ച സ്ഥലത്ത്‌ നില്‍ക്കാത്ത അവസ്ഥയിലായിരുന്നു. പഴയ കഥകള്‍ പറഞ്ഞ്‌ പറഞ്ഞ്‌ കോരേട്ടന്‍ കരച്ചില്‍ തുടങ്ങും. ചില ദിവസങ്ങളില്‍ ഇല്ലത്തെ പടിഞ്ഞാറെ മുറ്റത്ത്‌ വന്ന്‌ നിന്ന്‌ കരയുന്നതും കണ്ടിട്ടുണ്ട്‌..... ഒരു ദിവസം കേട്ടു കോരേട്ടന്‍ കിടപ്പിലായെന്ന്‌.... ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന്‌... വലിയ താമസമില്ലാതെ കോരേട്ടന്റെ മരണ വാര്‍ത്തയും എത്തി.................................................. ആ അധ്യയം അങ്ങനെ അവസാനിച്ചു......... ഒന്നും മിണ്ടാതെ, എന്തൊക്കയോ ബാക്കി വെച്ച്‌ കോരേട്ടനും കടന്നു പോയി.....

No comments:

Post a Comment