Monday, October 31, 2011

ശീര്‍ഷകമില്ലാത്ത പ്രണയം

നിന്റെ ഏകാന്തതകളില്‍ കൂട്ടിരിക്കാന്‍
വിഷാദങ്ങളില്‍ ചാറ്റല്‍ മഴയുടെ
ലാളിത്യം നിറക്കാന്‍
എനിക്ക്‌ കഴിയാതെ പോകുന്നു...
എന്നിട്ടും പ്രിയപ്പെട്ടവളെ
പ്രണയത്തിന്റെ ആത്മതത്വം
മൗനമായി നീ എന്നില്‍ നിറക്കുന്നു...
രാപ്പകലുകള്‍ താളലയമാക്കി
പായുന്ന തീവണ്ടി പോലെ
ഞാനിങ്ങനെ സഞ്ചരിക്കുകയാണ്‌ ഇപ്പോഴും...
നീ അറിയുന്നുണ്ടോ ഹൃദയഭൂമിയില്‍ നട്ട
പ്രണയ വിത്തില്‍
ജീവന്റെ തുടിപ്പുകള്‍ ഉയരുന്നത്‌...
ഒന്നും മിണ്ടാതെ കടന്നു പോകുന്ന
ഇടവേളകള്‍...
അതു തീര്‍ന്നാല്‍
നമുക്ക്‌ ശീര്‍ഷകമില്ലാത്ത
പ്രണയത്തെക്കുറിച്ച്‌ സംസാരിക്കാം
അതും കഴിഞ്ഞാല്‍
ചുറ്റുമുയരുന്ന പുതു മണ്ണിന്റെ
നനുത്ത മണം ഒരുമിച്ച്‌ നുകരാം
വിശപ്പിന്റെ വിളി ഒരുമിച്ച്‌ കേള്‍ക്കാം...

Monday, October 24, 2011

ആരാണ്‌ യഥാര്‍ഥ സുഹൃത്ത്‌...?

ആരാണ്‌ യഥാര്‍ഥ സുഹൃത്ത്‌...? ചോദ്യം കേള്‍ക്കുമ്പോള്‍ പലരുടേയും മുഖം ഓര്‍മ്മയില്‍ തെളിയുന്നുണ്ടാകും. എന്നാല്‍ നമ്മുടെ യഥാര്‍ഥ സുഹൃത്ത്‌ നമ്മുടെ ഉള്ളിലുള്ള നാം തന്നെയല്ലേ. വ്യക്തമായി പറഞ്ഞാല്‍ എന്റെ ഉള്ളിലെ ഞാന്‍ തന്നെയാണ്‌ എന്റെ ഏറ്റവും നല്ല സുഹൃത്ത്‌. ആരാണ്‌ എന്റെ ഉള്ളിലെ ഞാന്‍. അത്‌ മനസ്സാണ്‌. മനസ്സുമായി എത്ര പേര്‍ക്ക്‌ സൗഹൃദം പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്‌. സ്വയം ചോദിക്കേണ്ട ചോദ്യമാണ്‌ ഇത്‌. മനസ്സുമായി ചങ്ങാത്തത്തിലാവുക എന്നത്‌ ചില്ലറ കാര്യമല്ല. അതൊരു തിരിച്ചറിവാണ്‌. മനസ്സുമായി സൗഹൃദത്തിലാകുന്നതാണ്‌ ഈ തിരിച്ചറിവ്‌.
മനസ്സ്‌ കടിഞ്ഞാണില്ലാത്ത കുതിരയെ പോലെയാണെന്ന്‌ പറയാറുണ്ട്‌. സത്യമാണ്‌. എന്നാല്‍ അതിന്റെ കടിഞ്ഞാണ്‍ എപ്പോഴും നമ്മുടെ കയ്യില്‍ തന്നെയുണ്ട്‌. പക്ഷേ പലപ്പോഴും അത്‌ നാം പിടിച്ചാല്‍ നില്‍ക്കാറില്ല. എന്നാല്‍ നാം പിടിച്ചാല്‍ തീര്‍ച്ചയായും അത്‌ നില്‍ക്കും. ദിവസത്തില്‍ എത്ര തവണ നാം നമുക്ക്‌ വേണ്ടി ചെലവാക്കുന്നുണ്ട്‌. ചാടി കേറി ഉത്തരം പറയാം. എന്നാല്‍ യാഥാര്‍ഥ്യം അതാണോ. അല്ല. നാം ഒരു മിനുട്ട്‌ പോലും നമുക്ക്‌ വേണ്ടി ചെലവാക്കാറില്ല.
എനിക്കാരുമില്ല, എന്നെയാരും മനസ്സിലാക്കുന്നില്ല, ഞാനൊറ്റക്കാണ്‌ മനസ്സ്‌ നിരന്തരം നമ്മെക്കൊണ്ട്‌ ചിന്തിപ്പിക്കുന്ന മൂന്ന്‌ കാര്യങ്ങളാണ്‌ മുകളില്‍ എഴുതിയത്‌. അതിന്‌ ഉത്തരം കണ്ടെത്തുന്നത്‌ വരെ അതിങ്ങനെ ഉള്ളില്‍ കിടന്ന്‌ കറങ്ങും. എനിക്കാരുമില്ല എന്ന്‌ നിരന്തരം ചിന്ത വരുന്നുണ്ടെങ്കില്‍ ഉറപ്പിച്ചു കൊള്ളു മനസ്സ്‌ സുഹൃത്തായിട്ടില്ല. മനസ്സ്‌ ഉള്ളപ്പോള്‍ നാം ഒറ്റക്കാവുന്നത്‌ എങ്ങിനെയാണ്‌. അലോചിച്ചു നോക്കു. ഒറ്റക്ക്‌ ബസ്സിലിരുന്ന്‌ യാത്ര ചെയ്യുമ്പോള്‍ നാം സ്വയം സംസാരിക്കാറുണ്ട്‌. നാം ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നുണ്ട്‌. ആരോടാണ്‌ നാം സംസാരിക്കുന്നത്‌. ആരാണ്‌ നാം പറയുന്നത്‌ കേള്‍ക്കുന്നത്‌. മനസ്സാണ്‌ അത്‌. അപ്പോള്‍ നാം ഒറ്റക്കാണോ...? ആരാണ്‌ നമ്മെ മനസ്സിലാക്കേണ്ടത്‌. അതിനും ഉത്തരം നാം തന്നെയാണ്‌. കാരണം സ്വയം മനസ്സിലായി കഴിഞ്ഞാല്‍ മറ്റുള്ളവരെ നമുക്ക്‌ പെട്ടന്ന്‌ മനസ്സിലാകും. അവരെ മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക്‌ നമ്മെ മനസ്സിലാക്കാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല.
ഒരു നിമിഷത്തിന്റെ സമയത്തിനുള്ളില്‍ നമ്മുടെ ഉള്ളില്‍ ചില ചിന്തകള്‍ അറിയാതെ കടന്ന്‌ വരാറുണ്ട്‌. അത്‌ ആരാണ്‌ ഉന്നയിക്കുന്നതെന്ന്‌ ആലോചിച്ച്‌ നോക്കിയിട്ടുണ്ടോ. അത്‌ മനസ്സാണ്‌. ഉദാഹരണമായി പറഞ്ഞാല്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന നിമിഷത്തില്‍ ഭക്ഷണം വേണ്ട എന്ന്‌ തോന്നിപ്പോയി. ഈ ചിന്തയോടെ കഴിക്കാനിരുന്നാല്‍ ഭക്ഷണത്തിന്റെ അളവ്‌ കുറയുന്നതായി കാണാം. നല്ല മഴക്കാലത്ത്‌ മഴയൊഴിഞ്ഞ ഒരു പകലില്‍ വെയിലുദിച്ചിട്ടുണ്ട്‌. നാം പുറത്തിറങ്ങാന്‍ തീരുമാനിക്കുന്നു. ആ നിമിഷം കുടയെടുക്കേണ്ട കാര്യത്തെക്കുറിച്ച്‌ ചിന്തിച്ച്‌ കുറച്ച്‌ നില്‍ക്കുന്നു. മഴ പെയ്യില്ല എന്ന വിശ്വാസത്തില്‍ കുടയെടുക്കാതെ പുറത്തേക്കിറങ്ങുന്നു. ഉറപ്പാണ്‌ പകുതി ദൂരം എത്തുമ്പോഴേക്കും മഴ പെയ്‌തിരിക്കും. ഇത്‌ എന്തു കൊണ്ട്‌ സംഭവിച്ചു. ഉത്തരം ലളിതമാണ്‌. നാം കുടയെടുക്കാന്‍ മടിയുള്ള കൂട്ടത്തിലാണെന്ന്‌ മനസ്സിന്‌ കൃത്യമായി അറിയാം. അത്‌ നമ്മെ പരീക്ഷിക്കാന്‍ വേണ്ടിയാണ്‌ ഇറങ്ങാന്‍ നേരത്ത്‌ സംശയത്തിന്റെ വിത്ത്‌ പാകിയത്‌. ആലോചിച്ചു നോക്കു ജീവിതത്തിന്റെ പല നിര്‍ണ്ണായക ഘട്ടത്തിലും മനസ്സ്‌ ഇത്തരത്തില്‍ നമ്മോട്‌ സംസാരിച്ചിട്ടുണ്ടാകും. നാം അറിയാതെ ഒരു നിമിഷാര്‍ഥത്തില്‍ തോന്നുന്ന ഇത്തരം ചിന്തകളെ ഉള്‍ക്കൊണ്ടിട്ടുണ്ടെങ്കില്‍ അത്‌ വിജയത്തിലെത്തിയിരിക്കും. ഇനി അത്‌ തള്ളിക്കളഞ്ഞിട്ടുണ്ടെങ്കില്‍ പിന്നീട്‌ നാം ദുഃഖിച്ചിട്ടുണ്ടാകും. ശരീരം അല്‌പമൊന്ന്‌ ക്ഷീണിച്ച അവസ്ഥയില്‍ കിടക്കണമെന്ന്‌ വിചാരിച്ച്‌ നോക്കൂ. ആ നിമിഷം മുതല്‍ നമുക്ക്‌ ശക്തമായ ഉറക്കം വന്നിരിക്കും. ഇനി കിടന്ന്‌ ചിന്തിക്കുന്നത്‌ പനിയെക്കുറിച്ചാണെങ്കില്‍ കുറച്ച്‌ സമയം കഴിയുമ്പോഴേക്കും പനിച്ചിരിക്കും. രാവിലെ നാല്‌ മണിക്ക്‌ എഴുന്നേല്‍ക്കേണ്ട ആവശ്യമുണ്ട്‌. രാത്രി 11 മണിക്ക്‌ കിടക്കുന്നു. കിടന്ന്‌ കൊണ്ട്‌ 11 മണി മുതല്‍ നാല്‌ മണി വരെയുള്ള അഞ്ച്‌ മണിക്കൂറിന്റെ ഇടവേള കൈ വിരലില്‍ എണ്ണി നോക്കൂ. രാവിലെ കൃത്യം നാല്‌ മണിക്ക്‌ തനിയെ എഴുന്നേല്‍ക്കും. കുറേ കാലമായി കാണാത്ത ഒരാളെക്കുറിച്ച്‌ പെടുന്നനെ കാണാന്‍ ആഗ്രഹം തോന്നിയെന്നിരിക്കുക. വലിയ താമസമില്ലാതെ അയാള്‍ തൊട്ടു മുന്നില്‍ വന്നിരിക്കും അല്ലെങ്കില്‍ ഫോണെങ്കിലും ചെയ്‌തിരിക്കും.
മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അവിശ്വസനീയമായി തോന്നിയേക്കാം. എന്നാല്‍ യാഥാര്‍ഥ്യമാണ്‌. ചിലപ്പോഴെങ്കിലും അനുഭവിച്ചിട്ടുമുണ്ടാകും. മനസ്സ്‌ അങ്ങിനെയാണ്‌. സൗഹൃദത്തിലായി കഴിഞ്ഞാല്‍ അത്‌ നിരന്തരം നമ്മെ സംരക്ഷിക്കും. നാക്ക്‌ പിഴക്കാരെ സംസാരിക്കാന്‍ അത്‌ ശ്രദ്ധിച്ചോളും. ജീവിതത്തിന്റെ നിര്‍ണ്ണായക ഘട്ടത്തിലൊക്കെ അത്‌ നമ്മെ വഴികാട്ടും. ഏകാഗ്രത, ജാഗ്രത, രണ്ടാമതൊന്ന്‌ ആലോചിക്കുക, ചിന്തിച്ച്‌ പ്രവര്‍ത്തിക്കുക, യുക്തിസഹമായി പെരുമാറുക തുടങ്ങി മനസ്സുമായുള്ള സൗഹൃദത്തിന്‌ ധാരാളം പേരുകള്‍ നല്‍കിയിട്ടുണ്ട്‌. ഇതെല്ലാം ഒന്നാണ്‌.
മനസ്സുമായി ചങ്ങാത്തത്തിലാകാന്‍ ആദ്യം ചെയ്യേണ്ടത്‌ സ്വയം നോക്കാന്‍ പഠിക്കുക എന്നതാണ്‌. കണ്ണാടിയുടെ മുന്നിലല്ല. സ്വന്തം ഉള്ളിലേക്കാണ്‌ നോക്കേണ്ടത്‌. ഒറ്റക്ക്‌ സ്വസ്ഥമായി കണ്ണടച്ച്‌ പത്ത്‌ മിനുട്ട്‌ മൗനമായി ഇരുന്ന്‌ നോക്കു. നമ്മുടെ ഉള്ളിലേക്ക്‌ കടന്നു വരുന്ന ചിന്തകളെ നമുക്ക്‌ നിയന്ത്രിക്കാന്‍ കഴിയുന്നുണ്ടോ എന്ന്‌ പരിശോധിക്കുക. ഇല്ല. അനിയന്ത്രിതമായി മനസ്സ്‌ പല വഴിക്ക്‌ സഞ്ചരിക്കുകയായിരിക്കും. അപ്പോള്‍ തിരിച്ചറിയുക മനസ്സ്‌ നിയന്ത്രണത്തിലല്ല എന്ന്‌. ഇനി ഇത്‌ ദിവസവും തുടരുക. ക്രമേണ ക്രമേണ നാം തിരിച്ചറിഞ്ഞ്‌ തുടങ്ങും നാം ആരാണെന്ന്‌. അതൊരു തുടക്കമാണ്‌. പത്ത്‌ മിനുട്ട്‌ എന്നത്‌ നാം അറിയാതെ തന്നെ പിന്നീട്‌ ദീര്‍ഘിച്ച്‌ പോകും. ദീര്‍ഘിക്കട്ടെ. അങ്ങനെ അങ്ങനെ നമ്മുടെ ഉള്ളില്‍ നിന്ന്‌ മനസ്സ്‌ അനവധി സ്ഥലങ്ങളിലേക്കുള്ള സഞ്ചാരം നിര്‍ത്തി തുടങ്ങും. ക്രമേണ നമ്മിലേക്ക്‌ നോക്കാന്‍ നാം അറിയാതെ തന്നെ മനസ്സ്‌ പഠിപ്പിക്കും. അപ്പോള്‍ അറിഞ്ഞ്‌ തുടങ്ങുക മനസ്സ്‌ സൗഹൃദത്തിലായി തുടങ്ങിയെന്ന്‌. ഈ ഏകാന്തമായ ഇരിപ്പ്‌ ആസ്‌തികനും നാസ്‌തികനും ഒക്കെ ചെയ്യാന്‍ കഴിയുന്ന കാര്യമാണ്‌. പക്ഷേ കുറച്ച്‌ നേരമെങ്കിലും ഒറ്റക്ക്‌ ഇരിക്കാനുള്ള മനോഭാവം വളര്‍ത്തിയെടുക്കുകയാണ്‌ ആദ്യം വേണ്ടത്‌.
കാക്കശ്ശേരി ഭട്ടതിരിപ്പാടിനോട്‌ മറ്റ്‌ ബ്രാഹ്മണന്‍മാര്‍ സന്ധ്യാ വന്ദനം ഉണ്ടോ എന്ന്‌ പുച്ഛത്തോടെ ചോദിക്കുമ്പോള്‍ അദ്ദേഹം ഒരു ശ്ലോകം ചൊല്ലുന്നുണ്ട്‌. അതിന്റെ അര്‍ഥം ഇതാണ്‌. `ഹൃദയമാകുന്ന ആകാശത്തിലെ ജ്ഞാനമാകുന്ന സൂര്യന്‌ ഉദയവും അസ്‌തമയവും ഇല്ല. അപ്പോള്‍ ഞാനെങ്ങനെയാണ്‌ സന്ധ്യാ വന്ദനം കഴിക്കുക' എന്നാണ്‌ അദ്ദേഹം അവരോട്‌ ചോദിക്കുന്നത്‌. ഇവിടെ ഹൃദയത്തിന്റെ വിശാലതയാണ്‌ ആകാശം. ജ്ഞാനമാകുന്ന സൂര്യന്‍ അദ്ദേഹത്തിന്റെ മനസ്സാണ്‌. മനസ്സ്‌ ഉദയവും അസ്‌തമയവും ഇല്ലാതെ എപ്പോഴും ജ്വലിച്ചു നില്‍ക്കുന്നു എന്ന്‌ ചുരുക്കും. താവോ തേ ചിംഗിലൂടെ ലാവോത്സു പറഞ്ഞത്‌ ഈ സഹൃദയത്വത്തെക്കുറിച്ചാണ്‌. ബുദ്ധന്‍ അന്വേഷിച്ച്‌ കണ്ടെത്തിയതും ഇതാണ്‌. അദൈ്വതത്തിലൂടെ ശങ്കരാചാര്യര്‍ പറഞ്ഞതും, തത്‌ ത്വം അസി- അത്‌ നീയാകുന്നു എന്ന തത്വമസിയും, അഹം ബ്രഹ്മാസ്‌മിയും ഒക്കെ പറയുന്നത്‌ ഈ സൗഹൃദത്തെക്കുറിച്ചാണ്‌.
അള്ളാഹു അന്ത്യ പ്രവാചകനായ നബിയോട്‌ (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഭൂമിയിലെ മനുഷ്യരോട്‌ അഞ്ച്‌ തവണയെങ്കിലും നിസ്‌കരിക്കാന്‍ പറയണമെന്ന്‌ തറപ്പിച്ച്‌ പറഞ്ഞത്‌ ദിവസത്തില്‍ അഞ്ച്‌ തവണയെങ്കിലും സ്വയം ഉള്ളിലേക്ക്‌ നോക്കാന്‍ അവസരം കിട്ടട്ടെ എന്ന്‌ കരുതിയാണ്‌. യേശു ക്രിസതു ഒരിക്കല്‍ ചോദിച്ചു. ഒരു മനുഷ്യന്‍ സര്‍വ്വ ലോകവും നേടിയിട്ടും സ്വന്തം ആത്മാവ്‌ നഷ്‌ടപ്പെടുത്തിയിട്ടുണ്ടെങ്കില്‍ എന്ത്‌ കാര്യം എന്ന്‌. ഇവിടെ മനസ്സ്‌ ആത്മാവാണ്‌.
ഹെര്‍മ്മന്‍ ഹെസ്സയുടെ സിദ്ധാര്‍ഥ ജീവിതത്തിന്റെ പല അവസ്ഥാന്തരങ്ങളേയും തരണം ചെയ്‌ത്‌ ഒടുവില്‍ എത്തിപ്പെടുന്നത്‌ ഒരു പുഴയോരത്തെ തോണിക്കാരന്റെ അടുത്താണ്‌. അയാളാണ്‌ സിദ്ധാര്‍ഥക്ക്‌ ഉത്തരം നല്‍കുന്നത്‌. അയാള്‍ ഇത്രയേ പറഞ്ഞുള്ളു. പുഴ എല്ലാം പഠിപ്പിക്കും. പുഴയില്‍ ഒന്നും ശാശ്വതമായി നില്‍ക്കുന്നില്ല. എല്ലാം ഒഴുകി കൊണ്ടേ ഇരിക്കും. അതേ പോലെയാണ്‌ മനസ്സ്‌. സൗഹൃദത്തിലായി കഴിഞ്ഞാല്‍ മനസ്സ്‌ ഇങ്ങനെ സ്വച്ഛമായി ഒഴുകും. പുഴ തന്നിലുള്ള മാല്യന്യങ്ങളെ ഒഴുക്കുന്നത്‌ എപ്രകാരമാണോ അതു പോലെ മനസ്സും നമ്മുടെ ഉള്ളിലെ മാല്യനങ്ങളെ പുറന്തള്ളി നവീകരിച്ച്‌ കൊണ്ടേ ഇരിക്കും.
ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള കാര്യമെന്താണ്‌. പല ഉത്തരങ്ങളുണ്ടാകും. എന്നാല്‍ ഒറ്റ ഉത്തരമാണ്‌ ഉള്ളത്‌. ചെറിയ കുട്ടികള്‍ ഉറക്കത്തില്‍ ചിരിക്കുന്നത്‌ കണ്ടിട്ടുണ്ടോ. ഇല്ലെങ്കില്‍ ഇനി ശ്രദ്ധിച്ച്‌ നോക്കുക. ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള കാഴ്‌ച്ചയാണ്‌ അത്‌. സൗമ്യമായ ആ പുഞ്ചിരിയാണ്‌ യഥാര്‍ഥത്തിലുള്ള മനുഷ്യന്റെ തെളിഞ്ഞ മനസ്സിന്റെ അടയാളം. അതുകൊണ്ടാണ്‌ വൈലോപ്പിള്ളി പറഞ്ഞത്‌ വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ ദീര്‍ഘ ദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍ എന്ന്‌. വയസ്സ്‌ കൂടിയപ്പോള്‍ നമ്മുടെ പുഞ്ചിരി കണ്ട്‌ വൈലോപ്പിള്ളി പിന്നെയും പറഞ്ഞു പുഞ്ചിരി ഹാ കുലീനമാം കള്ളം നെഞ്ച്‌ തുറന്ന്‌ നേരിനെ കാട്ടാം എന്ന്‌.
നരേന്ദ്രന്‍ എന്ന സാധാരണക്കാരനായ വ്യക്തിക്ക്‌ ശ്രീരാമകൃഷ്‌ണ പരമഹംസരെ തൊട്ടിരുന്നപ്പോഴാണ്‌ ബോധോദയത്തിന്റെ പുതിയ ലോകത്തേക്ക്‌ അദ്ദേഹം സഞ്ചരിച്ചതും പില്‍ക്കാലത്ത്‌ സ്വാമി വിവേകാനന്ദനായി മാറിയതും. ദുഃഖ നിരാസത്തിന്‌ വഴി കണ്ടെത്താനായി കൊട്ടാരം വിട്ടിറങ്ങിയ ഗൗതമന്‌ അരയാല്‍ ചുവട്ടില്‍ വെച്ചാണ്‌ ബോധോദയം ഉണ്ടാകുന്നത്‌. പിന്നീട്‌ ശ്രീബുദ്ധനായ അദ്ദേഹത്തിനും വിവേകാന്ദനും സംഭവിച്ച രണ്ട്‌ തരത്തിലുള്ള തിരിച്ചറിവുകളെ നോക്കുക. പരമഹംസരെ തൊട്ടപ്പോള്‍ തന്റെ ഉള്ളിലൂടെ ഒരു പ്രകാശം മാത്രം കടന്ന്‌ പോകുന്നതായി അനുഭവപ്പെട്ടു എന്ന്‌ അദ്ദേഹം പിന്നീട്‌ രേഖപ്പെടുത്തുകയുണ്ടായി. പരമഹംസര്‍ തന്റെ മനസ്സുമായി അത്രകണ്ട്‌ താദാത്മ്യം പ്രാപിച്ചതിന്റെ അനുരണനങ്ങളാണ്‌ വിവേകാനന്ദന്റെ ഉള്ളില്‍ പ്രവര്‍ത്തിച്ചത്‌. ബുദ്ധന്‌ സംഭവിച്ചത്‌ വൃക്ഷത്തിന്റെ തണലില്‍ നിന്ന്‌ കിട്ടിയ ഊര്‍ജ്ജത്തിന്റെ ശക്തിയാണ്‌. കാരണം ഭൂമിയിലെ സസ്യ ലദാതികള്‍ തങ്ങളുടെ ധര്‍മ്മം മാത്രം അനുഷ്‌ടിക്കുന്ന ജീവനുള്ള വസ്‌തുക്കളാണ്‌. അവയുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളാണ്‌ ഭൂമിയുടെ സ്ഥിരതക്ക്‌ ഒരു കാരണം എന്നത്‌ തര്‍ക്കമറ്റ വിഷയമാണ്‌. വൃക്ഷം ഉദ്‌പാതിപ്പിക്കുന്ന ഊര്‍ജ്ജത്തിന്റെ അതേ ശക്തിയാണ്‌ പരമഹംസരില്‍ നിന്നും പുറത്തേക്ക്‌ വന്നത്‌. അത്‌ തന്നെയാണ്‌ നാം പറയുന്ന പോസിറ്റീവ്‌ എനര്‍ജി.
അസഹിഷ്‌ണുത, അകാരണമായ ദേഷ്യം, വേവലാതികള്‍ തുടങ്ങി നാം നിത്യ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രകടിപ്പിക്കുന്ന വികാരങ്ങളുടെ കണക്ക്‌ എടുത്ത്‌ നോക്കുക. ശരീരം പുറന്തള്ളാന്‍ വെമ്പുന്ന വികാരങ്ങളാണ്‌ ഇതെല്ലാം. എന്നിട്ടും നാം അതിനെയാണ്‌ ഏറ്റവും കൂടുതല്‍ കൂട്ട്‌ പിടിക്കുന്നത്‌. നമുക്ക്‌ ചിരിക്കാന്‍ ചെലവാക്കേണ്ട മുഖത്തെ മസിലുകളുടെ എണ്ണം വെറും നാലെണ്ണമാണ്‌. എന്നാല്‍ ദേഷ്യം പിടിക്കാന്‍ ചെലവാക്കേണ്ടത്‌ 64 മസിലുകളുടെ ഊര്‍ജ്ജമാണ്‌. എന്തിനാണ്‌ ഇത്രയധികം നെഗറ്റീവ്‌ എനര്‍ജി ശരീരത്തിലേക്ക്‌ കടത്തി വിടുന്നത്‌. മനസ്സുമായി സൗഹൃദത്തിലെത്തിയാല്‍ ഇത്തരത്തിലുള്ള വികാരങ്ങള്‍ക്ക്‌ യാതൊരു പ്രസക്തിയുമില്ല ജീവിതത്തില്‍ എന്ന്‌ മനസ്സിലാകും.
ഇത്‌ വായിച്ച്‌ ഈ ഖണ്ഡികയിലെത്തിയ നിങ്ങളുടെ മനസ്സ്‌ ഞാനിപ്പോള്‍ ഇവിടെ നിന്ന്‌ കാണുന്നുണ്ട്‌. നിങ്ങള്‍ പറയും സന്ന്യാസിമാര്‍ക്ക്‌ പറഞ്ഞതാണ്‌ ഇതെല്ലാം, എനിക്ക്‌ മഹാ മനസ്‌കനാകേണ്ട എന്നൊക്കെ. എന്നാല്‍ തെറ്റിപ്പോയി. ലൗകിക ജീവിതത്തിനാണ്‌ ഇത്‌ അത്യാവശ്യം.
മനസ്സുമായി താദാത്മ്യം പ്രാപിച്ചാല്‍ പിന്നെ നാം കാണുന്ന സമസ്‌ത വസ്‌തുക്കള്‍ക്കും വല്ലാത്ത സൗന്ദര്യമായിരിക്കും. എല്ലാവരോടും സമത്വത്തോടെ പെരുമാറാന്‍ സാധിക്കും. എന്തും ആസ്വദിക്കാനും കേള്‍ക്കാനും കാണാനും തുടങ്ങി ലോകത്തെ മുഴുവന്‍ ഇഷ്‌ടപ്പെടും. അതാണ്‌ സഹൃദയത്വം. ചുരുക്കത്തില്‍ മനസ്സുമായുള്ള സൗഹൃദമാണ്‌ സഹൃദയത്വം. സ്വയം തിരിച്ചറിയുക എന്നത്‌ വല്ലാത്തൊരു സ്വാസ്ഥ്യമാണ്‌. അപ്പോള്‍ മാത്രമാണ്‌ ആത്മ വിശ്വാസവും ആത്മ ധൈര്യവും നിറഞ്ഞ്‌ ജീവിതത്തിന്റെ നൈസ്സര്‍ഗികമായ നിറങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുക.

Wednesday, October 19, 2011

`വൃന്ദാവന സാരംഗം'

അതിപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്‌. ചിലപ്പോള്‍ പ്രണയം, ചില സമയങ്ങളില്‍ വിരഹം നിറഞ്ഞ്‌. എകാന്തമായി ഇരിക്കുന്ന ഇടവേളയില്‍ അത്‌ കേട്ട്‌ കരായാന്‍ തോന്നിയിട്ടുണ്ട്‌. `വൃന്ദാവന സാരംഗം' ഒര്‍മായനങ്ങളുടെ പാഥേയം. മൗനം നിറച്ച്‌ സൗമ്യമായ വഴികളിലൂടെ അതിങ്ങനെ എന്നിലൂടെ സഞ്ചരിക്കുന്നുണ്ട്‌ ഇപ്പോഴും.
ഏറ്റവും സുന്ദരമായി പാടാന്‍ കഴിയുന്ന ഒരു രാഗമാണ്‌ വൃന്ദാവന സാരംഗം. അതി ഭാവുകതക്കപ്പുറത്ത്‌ അത്‌ തരുന്ന ആനന്ദം അനിര്‍വ്വചനീയമാണ്‌. പ്രണയത്തിന്റെ തീവ്രമായ വികാരം ലളിതമായി അടയളപ്പെടുത്താന്‍ കഴിയുന്ന രാഗം.
അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സണ്‍ ചെയ്‌ത ചില പാട്ടുകളുണ്ട്‌ അത്‌ കേട്ടാല്‍ മനസ്സിലാകും വൃന്ദാവന സാരംഗത്തിന്റെ വൈകാരിക തലങ്ങള്‍. തൂവല്‍ കൊട്ടാരം എന്ന ചിത്രത്തിലെ ആദ്യമായ്‌ കണ്ട നാള്‍, വൈശാലിയിലെ ഇന്ദു പുഷ്‌പം ചൂടി നില്‍ക്കും രാത്രി, ഞാന്‍ ഗന്ധര്‍വനിലെ ദേവി ആത്മരാഗമേകാന്‍ തുടങ്ങിയവ ഈ രാഗത്തിന്റെ വൈവിധ്യം അടയാളപ്പെടുത്തുന്നു.
ഭക്തിയുടെ ഒരു തലം കൂടി വൃന്ദാവന സാരംഗത്തിനുണ്ട്‌. അവരോഹണ സ്വരത്തിലെ മധ്യമാവതി ബന്ധം അതിന്‌ കാരണമാണെന്ന്‌ പറയാം. രവീന്ദ്രന്‍ മാഷ്‌ അരയന്നങ്ങളുടെ വീട്‌ എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയ ദീന ദയാലോ രാമ എന്ന ഗാനം വൃന്ദാവന സാരംഗത്തിന്റെ ഭക്തിഭാവം കാണിക്കുന്നുണ്ട്‌.
ഏകാന്തമായ ഒരു രാത്രിയില്‍ പാതി തുറന്ന ജനലിലൂടെ നിലാവ്‌ നോക്കി ഇരുന്നപ്പോള്‍ പഴയ നാഷണലിന്റെ ടേപ്പ്‌ റിക്കോര്‍ഡറിലൂടെ ഹരിപ്രസാദ്‌ ചൗരസ്യയാണ്‌ പുല്ലാംകുഴലില്‍ എന്നെ വൃന്ദാവന സാരംഗം ആദ്യമായി കേള്‍പ്പിച്ചത്‌. പിന്നീട്‌ പല തവണ നേരിട്ടും അല്ലാതെയും കെ എസ്‌ ഗോപാല കൃഷ്‌ണനും പുല്ലാംകുഴലിലൂടെ തന്റെ പ്രിയപ്പെട്ട രാഗമായ വൃന്ദാവന സാരംഗം കേള്‍പ്പിച്ചു. ഒരു സ്‌ത്രൈണമായ സൗന്ദര്യം വൃന്ദാവന സാരംഗത്തിന്‌ കൈവരുന്നതായി കെ എസ്സിന്റെ കച്ചേരികള്‍ കേള്‍ക്കുമ്പോള്‍ തോന്നാറുണ്ട്‌.
അതെ അതിപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്‌. ചിലപ്പോള്‍ പ്രണയം, ചില സമയങ്ങളില്‍ വിരഹം നിറഞ്ഞ്‌. എകാന്തമായി ഇരിക്കുന്ന ഇടവേളയില്‍ അത്‌ കേട്ട്‌...കേട്ട്‌ അങ്ങനെ.........