Wednesday, July 18, 2012

ഇത്രമാത്രം

എന്റ ഹൃദയത്തോട്‌
നിന്റെ വാക്കുകള്‍ സംവദിച്ച
നാളുകള്‍ ഉണ്ടായിരുന്നു
കഴിഞ്ഞ്‌ പോയ
രാപ്പകലുകളുടെ ഇടക്ക്‌ വെച്ച്‌
എപ്പോഴോ അകന്നു പോയ
ഒരു കുഞ്ഞ്‌ സ്വപ്‌നം... 

Tuesday, July 17, 2012

മരത്തിന്‌ ഒന്നറിയാം...

ആഗോള മനുഷേന്‍മാരുടെ
കൊഞ്ഞനം കുത്തലുകള്‍
സഹിക്കാന്‍ പറ്റാതെ
നീണ്ട വഴിയുടെ വക്കത്തിരുന്ന്‌
ഒരു മരം കരയുന്നു...
മരം കരയാനോ...?
നെഞ്ചിന്‍ കൂടില്‍ നിന്ന്‌
പുളിച്ച ചോദ്യം
പുരിക കൊടിയടക്കം
നെറ്റിയില്‍ ചുളിവായി
രൂപാന്തരപ്പെടുത്തി...
സത്യം... കരച്ചിലിന്‌
യാതൊരു വിലയുമില്ല
അത്‌ പാവം മരത്തിനറിയില്ലല്ലോ...
മരത്തിന്‌ ഒന്നറിയാം
ആഗോള, ഉദാര, പണ്ടാര
മനുഷേന്‍മാര്‍
മലര്‍ന്ന്‌ കിടന്ന്‌ തുപ്പി
കളിക്കുകയാണെന്ന്‌... 

Friday, July 6, 2012

ക്രിസ്‌ ഗെയിലിന്റെ ബാറ്റിംഗും കല്‌പാത്തി ബാലകൃഷ്‌ണന്റെ തായമ്പകയും...

കലയും കായികവും പരസ്‌പര പൂരകങ്ങളാണ്‌. ചില കായിക പ്രകടനങ്ങള്‍ കാണുമ്പോള്‍ കലാ പ്രകടനങ്ങളുടെ അരങ്ങുകള്‍ ഓര്‍മയിലേക്ക്‌ കടന്നു വരാറുണ്ട്‌. അത്തരമൊരു താരതമ്യ പഠനമാണ്‌ ഈ കുറിപ്പുകള്‍. ചുരുങ്ങിയ വാക്കുകളിലാണ്‌ ഈ പഠനം തയ്യാറാക്കിയിട്ടുള്ളത്‌.
സമകാലിക ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്‌സ്‌മാനാണ്‌ വെസ്റ്റിന്‍ഡീസ്‌ ഓപ്പണര്‍ ക്രിസ്‌ ഗെയില്‍. ഒരു കൊല്ലത്തെ ശീതസമരത്തിനൊടുവില്‍ ഗെയില്‍ വീണ്ടും വിന്‍ഡീസ്‌ ടീമിലിടം പിടിച്ചു. കഴിഞ്ഞ രണ്ട്‌ വര്‍ഷമായി ഗെയില്‍ അത്യുജ്ജ്വല ഫോമിലാണ്‌. റണ്‍സുകള്‍ വാരിക്കൂട്ടുന്ന അദ്ദേഹത്തിന്റെ ബാറ്റിംഗ്‌ കണ്ടിരിക്കുക എന്നത്‌ വല്ലാത്തൊരു ആനന്ദം നല്‍കുന്ന കാര്യമാണ്‌. ക്രീസിലെത്തിയ ഉടനെ കണ്ണും പൂട്ടി അടിക്കുന്ന പ്രകൃതമല്ല ഗെയിലിന്‌. പന്തിനെ സൂക്ഷ്‌മമായി നിരീക്ഷിച്ച്‌ സാവധാനം മികവിലേക്കുയരുന്ന ശൈലിയാണ്‌ ഗെയിലിനുള്ളത്‌. ബാറ്റിംഗിന്റെ കോപ്പി ബുക്ക്‌ ശൈലിയെ പാടെ തള്ളാതെ എന്നാല്‍ അതില്‍ നിന്ന്‌ വ്യത്യസ്‌തമായാണ്‌ ഗെയില്‍ ബാറ്റ്‌ ചെയ്യാറുള്ളത്‌.
തായമ്പക കേള്‍ക്കുന്ന സുഖമാണ്‌ ഗെയിലിന്റെ ബാറ്റിംഗ്‌. അപ്പോള്‍ അതേ ശൈലിയിലുള്ള തായമ്പക നേരിട്ടു കേള്‍ക്കുമ്പോഴോ.
പുതിയ കാലത്ത്‌ വ്യത്യസ്‌തവും വൈവിധ്യം നിറഞ്ഞതുമായ തായമ്പകക്കാരുടെ കടന്നു വരവ്‌ വാദ്യ ലോകത്ത്‌ സൃഷ്‌ടിച്ച ചലനങ്ങള്‍ ശ്രദ്ധേയമാണ്‌. അതില്‍ തന്നെ കല്‌പാത്തി ബാലകൃഷ്‌ണന്റെ തായമ്പക കൂടുതല്‍ ആസ്വാദകരെ നേടിയെടുത്തിട്ടുണ്ട്‌. തായമ്പകക്ക്‌ കേരളത്തില്‍ പല ശൈലിയിലുള്ള കൊട്ട്‌ സമ്പ്രദായങ്ങള്‍ ഉണ്ടായിരുന്നു. പുതിയ കാലത്ത്‌ അതിന്‌ മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിലും തായമ്പക എന്ന കലക്ക്‌ ഇപ്പോഴും നിറഞ്ഞ ആസ്വാദകരുണ്ട്‌.
കല്‌പാത്തി ബാലകൃഷ്‌ണന്റെ തായമ്പക മറ്റുള്ളവരില്‍ നിന്ന്‌ വേറിട്ടു നില്‍ക്കുന്ന ഒന്നാണെന്ന്‌ തോന്നിയിട്ടുണ്ട്‌. ഒരേ സമയം ശാസ്‌ത്രീയമായ വഴികളും സാമ്പ്രദായക വഴിയില്‍ നിന്ന്‌ വ്യതിചലിച്ച്‌ കൊണ്ടും അദ്ദേഹം തന്റെ കൊട്ടിനെ മാറ്റി പണിയാറുണ്ട്‌. കൃത്യമായി പറഞ്ഞാല്‍ സ്ഥിരമായ ഒരു ശൈലിയിലല്ല അദ്ദേഹം തായമ്പക കൊട്ടാറുള്ളത്‌ എന്ന്‌ ചുരുക്കം. ഇപ്പറഞ്ഞിതിനര്‍ത്ഥം അദ്ദേഹം സമ്പ്രദായത്തെ പാടെ നിരാകരിക്കുന്നു എന്നല്ല.
ക്രിസ്‌ ഗെയിലിന്റെ ബാറ്റിംഗ്‌ കാല്‌പനികമാണ്‌. ചില സമയത്ത്‌ കടലിലെ വേലിയേറ്റം പോലെ ആ ബാറ്റില്‍ നിന്ന്‌ സിക്‌സും ഫോറും പ്രവഹിച്ചു കൊണ്ടിരിക്കും. ചില സമയത്ത്‌ പൊടുന്നനെ അത്‌ വേലിയിറക്കത്തിന്റെ വഴിയിലായിരിക്കും അപ്പോള്‍ സിംഗിളുകള്‍ മാത്രമായിരിക്കും പിറക്കുന്നത്‌.
തായമ്പകയുടെ തുടക്കത്തില്‍ ബാലകൃഷ്‌ണന്‍ തന്റെ ചെണ്ടയില്‍ കാല്‌പനിക എണ്ണങ്ങളുടെ നിറവാണ്‌ പ്രകടിപ്പിക്കാറുള്ളത്‌. ചെമ്പട വട്ടത്തിന്റെ അവസാനത്തില്‍ വേലിയേറ്റമാണെങ്കില്‍ തൊട്ടടുത്ത ഭാഗമായ കൂറ്‌ കൊട്ടുമ്പോള്‍ വേലിയിറക്കത്തിന്റെ പാതയില്‍ സാവധാനമുള്ള എണ്ണങ്ങള്‍ കൊട്ടി നിറക്കുന്നു.
ക്രിസ്‌ ഗെയില്‍ ബാറ്റിംഗിന്റെ തുടക്കത്തില്‍ അല്‌പം കഷ്‌ടപ്പെടുന്നയാളാണ്‌. ഈ സമയത്ത്‌ അദ്ദേഹത്തെ പുറത്താക്കാന്‍ എതിര്‍ ബൗളര്‍ ശ്രമിച്ചാല്‍ ഒരു പരിധി വരെ വിജയിക്കാറുണ്ട്‌. എന്നാല്‍ ഗെയിലിന്റെ ദിവസമാണെങ്കില്‍ ടോപ്പ്‌ ഗിയറിലായിക്കഴിഞ്ഞാല്‍ പന്തിനെ മെരുക്കിയെടുക്കുന്ന വിദഗ്‌ധനായ ഒരു കാമുകനാണ്‌ ഗെയില്‍. ബാറ്റിനെ പ്രണയിക്കുന്ന കാമുകന്‍. ടെസ്റ്റെന്നോ ഏകദിനമെന്നോ ട്വന്റിയെന്നോ വ്യത്യാസം അവിടെയില്ല.
തായമ്പക ടോപ്പ്‌ ഗിയറിലായിക്കഴിഞ്ഞാല്‍ ഗെയിലിന്റെ കലാരൂപമാണ്‌ കല്‌പാത്തി ബാലകൃഷ്‌ണന്‍. ഇടവട്ടത്തിലെത്തുമ്പോഴേക്കും അത്‌ മൂര്‍ധന്യത്തിലെത്തും. ഇടത്‌ കൈകൊണ്ടും വലത്‌ കൈകൊണ്ടും അദ്ദേഹം എണ്ണങ്ങള്‍ ഏറ്റിച്ചുരുക്കുന്നു. (ഇടത്‌ കൈക്കും വലത്‌ കൈക്കും സാധകമുള്ള അപൂര്‍വ വാദ്യ കലാകാരനാണ്‌ കല്‌പാത്തി ബാലകൃഷ്‌ണന്‍. ബാറ്റിംഗും ബൗളിംഗും കൈകര്യം ചെയ്യുന്ന ഗെയിലിനെ പോലെ ഓള്‍ റൗണ്ടര്‍). മറ്റ്‌ തായമ്പകക്കാരില്‍ നിന്ന്‌ ബാലകൃഷ്‌ണനെ വ്യതിരിക്തനാക്കി നിര്‍ത്തുന്നത്‌ കാല്‌പനിക ഭാവമാണ്‌. ബാലകൃഷ്‌ണന്‍ ചെണ്ടയെ പ്രണയിക്കുന്നുണ്ട്‌. അതിനെ തന്റെ നെഞ്ചോട്‌ ചേര്‍ത്തു പിടിച്ച്‌ എണ്ണങ്ങള്‍ കൊട്ടുന്നത്‌ കാണാം. തായമ്പക സിംഗിളായാലും ഇരട്ടയായാലും ട്രിപ്പിളായാലും പഞ്ച തായമ്പകയായാലും ബാലകൃഷ്‌ണന്‍ കൂടെ കൊട്ടുന്നവര്‍ക്കൊപ്പം ഒത്തൊരുമിച്ച്‌ പോകാന്‍ പ്രത്യേക വൈദഗ്‌ധ്യം പ്രകടിപ്പിക്കുന്നു.
കലാകാരന്റെയും കായിക താരത്തിന്റെയും വേഷമഴിച്ചു വെച്ചാല്‍ ഗെയിലും ബാലകൃഷ്‌ണനും സൗമ്യ വ്യക്തിത്വങ്ങള്‍ക്ക്‌ ഉടമകളുമാണ്‌.
ഒരാള്‍ ചെണ്ടയേയും മറ്റൊരാള്‍ ബാറ്റിനേയും പ്രണയിച്ച്‌ പ്രണയിച്ച്‌ നമുക്ക്‌ സമ്മാനിക്കുന്ന പരമാനന്ദങ്ങളുടെ മണിക്കൂറുകള്‍ പുഴ പോലെ അനസ്യൂതമൊഴുകട്ടെ........... 

Wednesday, July 4, 2012

ചോദ്യം...?

ഞാന്‍ ഉയര്‍ത്തിയ
വിമത ശബ്‌ദത്തെ
നിങ്ങള്‍ക്ക്‌ വെട്ടി മുറിച്ച്‌
ചോരയില്‍ മുക്കി ഇല്ലാതാക്കാം...
പ്രത്യായ ശാസ്‌ത്രമെന്നും
തത്വശാസ്‌ത്രമെന്നും പറഞ്ഞ്‌
പുച്ഛം പുരട്ടി വ്യാഖ്യാനിക്കാനും
നിങ്ങള്‍ക്ക്‌ സമയം കണ്ടെത്താം...
മരണം ഘനീഭവിച്ച്‌ തൂങ്ങി നില്‍ക്കുന്ന
ആകാശത്തിന്‌ കീഴിലിരുന്ന്‌
മതിയാവോളം പൊറാട്ടു നാടകം
കളിച്ചു രസിക്കാം...
നിങ്ങള്‍ പറയുന്നത്‌
ചോദ്യങ്ങള്‍ ചോദിക്കരുതെന്നാണ്‌
ഉത്തരങ്ങള്‍ മാത്രമാണത്രെ ശരി...
ശരിയായിരിക്കാം ജീവനില്ലെങ്കിലും
ഉത്തരങ്ങള്‍ ഉടമ്പടികളാണല്ലോ...
അപ്പോള്‍ ചോദ്യങ്ങളോ...?
ചോദ്യങ്ങള്‍ നിങ്ങളുടെ
വഴിക്ക്‌ വന്നില്ലെങ്കില്‍
ചോദ്യം ഉതിര്‍ത്ത നാവ്‌
അരിഞ്ഞു കളയാം...
അതുകൊണ്ടും അരിശം
തീര്‍ന്നില്ലെങ്കിലോ...?
നാവിന്റെ ഉടമയെ
കൊന്നു കളഞ്ഞേക്കാം..........
..........................................................
എന്നിട്ടും ആ ചോദ്യം മാത്രം
ഇപ്പോഴും അവിടെ
ബാക്കി നില്‍ക്കുന്നു..............

Tuesday, July 3, 2012

മഴ നൂലുകള്‍ക്കിടയില്‍

ഇപ്പോള്‍ ഒരു ഒച്ചയുമില്ല
ചില ശബ്‌ദങ്ങള്‍ ഉണ്ട്‌
പൊലിപ്പിച്ച്‌ പൊലിപ്പിച്ചങ്ങിനെ...
മോഹിപ്പിക്കുന്ന
സ്വരരാക്ഷസങ്ങള്‍...
എന്നാല്‍ ഇപ്പോള്‍ ഒരു ഒച്ചയുമില്ല...
ജാലകപ്പുറത്തെ മഴ
ഒച്ചയല്ല, സംഗീതമാണ്‌
അമൃത വര്‍ഷിണി
മേഘമല്‍ഹാര്‍
ഹിന്ദോളം
ജോഗ്‌...
ഓരോ ദിവസവും
ഓരോ രാഗങ്ങള്‍...
അതില്‍ നനഞ്ഞൊട്ടി
സഞ്ചാരിയുടെ
സ്വപ്‌നങ്ങള്‍ നെയ്‌ത്‌...
എന്നിട്ടും ഞാന്‍ മാത്രം
ബാക്കിയുണ്ട്‌
നീയിപ്പോഴും
മഴ നനയുന്നുണ്ടോ...
അലസമായി നടന്നു തീര്‍ത്ത
വഴികള്‍ നിറയെ
കുപ്പി വളച്ചില്ലുകള്‍ പോലെ
മഴത്തുള്ളികള്‍
നിറഞ്ഞു നിറഞ്ഞങ്ങിനെ...
നാളെ ചാറ്റല്‍ മഴയത്ത്‌
ഇറങ്ങി നടക്കും
എങ്ങോട്ടെന്നില്ലാതെ
പിന്നൊരു
കനത്ത മഴയത്ത്‌
കനത്ത മഴയത്ത്‌........
മഴ നൂലുകള്‍ക്കിടയിലൂടെ
ആകാശം നോക്കി...........