Monday, January 28, 2013

പരമാനന്ദത്തിന്റെ ഹംസനാദങ്ങള്‍


കാവ്യാത്മകത അതിന്റെ പൂര്‍ണത കൈവരിക്കുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. അത്തരത്തിലൊന്നാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി ടെന്നീസ് ലോകത്ത് കാണുന്നത്. ഏതാണ്ട് രണ്ടായിരത്തി ഏഴ് മുതല്‍ അത് പൂര്‍ണതയില്‍ പരിലസിക്കുന്ന കാഴ്ച്ച അത്ഭുതാവഹമാണ്. എന്തൊരു ചടുലതയാണ്. എന്തൊരു വശ്യതയാണ്. അത് പുല്‍ത്തകിടിയോ, കളിമണ്‍ കോര്‍ട്ടോ, ഹാര്‍ഡ് കോര്‍ട്ടോ ആയിക്കോട്ടെ. പുരുഷന്‍മാരുടെ സിംഗിള്‍സ് കോര്‍ട്ടിലെ സെമി, ഫൈനല്‍ മത്സരങ്ങള്‍ നാല് പേരില്‍ ചുരുങ്ങുന്ന സൗന്ദര്യാത്മകത വാക്കുകള്‍ക്ക് അതീതം. റോജര്‍ ഫെഡറര്‍, നൊവാക് ദ്യോക്കോവിച്ച്, ആന്‍ഡി മുറെ, റാഫേല്‍ നദാല്‍ വര്‍ത്തമാന ടെന്നീസിലെ മഹാരഥന്‍മാരായ നാല് പേര്‍. ഈ സുവര്‍ണ തലമുറയുടെ  റാക്കറ്റില്‍ വിരിയുന്ന കാവ്യ ശകലങ്ങള്‍ക്ക് പൊടിപ്പും തൊങ്ങലും വെച്ച ചമല്‍ക്കാരങ്ങള്‍ ആവശ്യമില്ല. ഒരേ സമയം ലൗകികവും ആത്മീയവുമായ മേച്ചില്‍ പുറങ്ങളിലേക്ക് അവര്‍ കാഴ്ച്ചക്കാരനെ സഞ്ചരിപ്പിക്കുന്നു. നദാല്‍ പരുക്കേറ്റ് കുറച്ച് കാലമായി മൈതാനത്തില്ലെങ്കിലും അയാള്‍ അവശേഷിപ്പിച്ച് പോയ ഓര്‍മകള്‍, അതിന്റെ അലയൊലികള്‍ ബാക്കി മൂവരും ചേര്‍ന്ന് ഇപ്പോഴും പൂര്‍ത്തിയാക്കുന്നു. ഇക്കഴിഞ്ഞ ആസ്‌ത്രേലിയന്‍ ഓപ്പണിലും അതിന് മാറ്റം കണ്ടില്ല. ഫെഡററെ കീഴടക്കി മുറെ ഫൈനലിലെത്തുന്നു. ഫൈനലില്‍ ദ്യോക്കോവിച്ച് മുറെയ തോല്‍പ്പിക്കുന്നു. കഴിഞ്ഞ യു എസ് ഓപണില്‍ മുറെ ദ്യോക്കോവിച്ചിനെ പരാജയപ്പെടുത്തി കിരീടം നേടുന്നു. വിംബിള്‍ഡണില്‍ മുറെയെ കീഴടക്കി ഫെഡറര്‍ കപ്പുയര്‍ത്തുന്നു........ നോക്കു ഒരു നദി അതിന്റെ ഒഴുക്ക് തുടരുന്നത് പോലെ, കടലിലെ തിരകള്‍ മാറി മാറി വരുന്നത് പോലെ........ പ്രസവോദ്യുക്തമായ ജൈവധാരയുടെ കായികമായ നിരന്തരതകള്‍.............................. ആശാന്റെ വീണപൂവും ചങ്ങമ്പുഴയുടെ രമണനും കക്കാടിന്റെ സഫലമീ യാത്രയും വൈലോപ്പിള്ളിയുടെ ഊഞ്ഞാലിലും ജീയുടെ സാഗര ഗീതവും ആറ്റൂരിന്റെ സംക്രമണവും കുരീപ്പുഴയുടെ അമ്മ മലയാളവും വായിക്കുന്ന കേള്‍ക്കുന്ന പാടുന്ന അതേ വൈകാരികതയില്‍ ഒരു കപ്പ് ചായയും കഴിച്ച് ഒരു മുറുക്കാനും വായിലിട്ട് ഈ ജനലിലൂടെ മൈതാനത്തേക്ക് നോക്കുമ്പോള്‍ അറിയുന്നു. റാക്കറ്റില്‍ നിന്ന് സര്‍വുകള്‍ ഭേദിച്ച് പായുന്ന ആ മഞ്ഞ നിറത്തിലുള്ള കുഞ്ഞ് പന്തുകള്‍ ഹൃദയത്തിലേക്ക് ആത്മരതിയുടെ പൂക്കള്‍ വര്‍ഷിക്കുന്നത്. പരമാനന്ദത്തിന്റെ ഹംസനാദങ്ങള്‍.........

Tuesday, January 8, 2013

ചരിത്രത്തിലേക്കൊരു ബസ്സ് സര്‍വീസ്

ബാലുശ്ശേരിയില്‍ നിന്ന് വടകരക്ക് പോകുന്ന ചിഞ്ചു ബസ്സ് ഞങ്ങളുടെ നാട്ടില്‍ കൂടിയാണ് സര്‍വീസ് നടത്തുന്നത്. ബാലുശ്ശേരി, തൃക്കുറ്റിശ്ശേരി, കൂട്ടാലിട, പേരാമ്പ്ര, ചാനിയം കടവ്, തിരുവള്ളൂര്‍ വഴി വടകര. തിരിച്ചറിവ് തുടങ്ങിയ കാലം മുതല്‍ക്ക് ഞാന്‍ ഈ ബസ്സ് കാണുന്നുണ്ട്. അതിന്നും യാതൊരു മുടക്കവുമില്ലാതെ നാട്ടിലൂടെ സര്‍വീസ് നടത്തുന്നു. അതിനിടയില്‍ പല ബസ്സുകള്‍ വന്നു പോയി. പലതും പേര് മാറി, പലതും നിറം മാറി. എന്നിട്ടും ചിഞ്ചു എന്ന ബസ്സ് മാത്രം മാറ്റമില്ലാതെ തുടരുന്നു. ചന്ദന കളറും പച്ചയും നിറമാണ് ചിഞ്ചുവിന്. (കാലപ്പഴക്കം കൊണ്ട് ബസ് മൂന്നാം തലമുറക്കാരനാണെങ്കിലും പേരും നിറവും സമയവും മാറ്റമില്ലാതെ തുടരുന്നു). 
രാവിലെ 7.15 ബാലുശ്ശേരിയില്‍ നിന്ന് സര്‍വീസ് ആരംഭിച്ച് രാത്രി എട്ട് മണിയോടെ കാട്ടാംവള്ളി പെട്രോള്‍ പമ്പില്‍ വിശ്രമിക്കാന്‍ കയറുന്ന ചിഞ്ചു പിറ്റേന്ന് കാലത്ത് കുളിച്ച് കുട്ടപ്പനായി മാലയും ചാര്‍ത്തി ചന്ദനത്തിരിയുടെ സുഗന്ധവും പരത്തി ബാലുശ്ശേരി സ്റ്റാന്‍ഡിലേക്ക് കടന്നു വരുന്നു. യാതൊരു അലോസരവുമില്ലാതെ യാത്ര തുടരുന്ന ആ ബസ്സ് ഒരത്ഭുതമാണ്. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്. മറ്റ് ബസ്സുകാരോട് സമയത്തിന്റെ പേരില്‍ തര്‍ക്കിക്കാത്ത, മാന്യമായി പെരുമാറുന്ന ജീവനക്കാരുള്ള, ചില്ലറ കൃത്യമായി തരുന്ന (ഒരു പരിധി വരെ), സമയ നിഷ്ഠ പാലിക്കുന്ന, സ്ഥിരമായി കാക്കി യൂനിഫോം ധരിക്കുന്ന ഡ്രൈവറും കണ്ടക്ടറുമുള്ള ചിഞ്ചു അത്ഭുതമല്ലാതെ മറ്റെന്താണ്. വണ്ടി കേടായതിന്റെ പേരില്‍ ഒരാള്‍ക്കും വഴിയിലിറങ്ങി പോകേണ്ടി വന്നതായി കേട്ടിട്ടില്ല. സ്ഥല നാമങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡിനുമുണ്ട് പ്രത്യേകത. മറ്റെല്ലാ ബസ്സുകളിലും വെളുത്ത ബോര്‍ഡില്‍ കറുപ്പും ചുകപ്പും നിറത്തിലാണ് സ്ഥല നാമങ്ങളെങ്കില്‍ ചിഞ്ചുവില്‍ കറുത്ത ബോര്‍ഡില്‍ മഞ്ഞ, വെള്ള നിറങ്ങളിലാണ് സ്ഥല നാമങ്ങളുള്ളത്.
ചിഞ്ചുവിന്റെ ഉടമക്ക് ഇത് കൂടാതെ നാല് ബസ്സുകള്‍ കൂടിയുണ്ട്. സരസ്വതി, മഹാലക്ഷ്മി, ശ്രീലക്ഷ്മി, ധനലക്ഷ്മി. അതില്‍ ഒട്ടും സാമ്യമില്ലാത്ത പേര് ചിഞ്ചുവിന് മാത്രം. പണ്ട് ഞങ്ങളുടെ നാട്ടിന്‍പുറത്തെ വടകരയുമായി ബന്ധിപ്പിക്കുന്ന കണ്ണിയായിരുന്നു ചിഞ്ചു. ചിഞ്ചുവിന് കണക്കാക്കി പോന്നു, ചിഞ്ചുവിന് പോകാം, നാല് മണിക്കുള്ള ചിഞ്ചുവിന് കൂട്ടാലിടയില്‍ നിന്ന് കയറാം, ചിഞ്ചു പോയോ, ചിഞ്ചു കിട്ടിയില്ല....... തുടങ്ങി അന്വേഷങ്ങളും നിരാശകളും ആശ്വാസങ്ങളും അനവധി. റോഡുകള്‍ പല തവണ പൊളിയുകയും നന്നാക്കുകയും ചെയ്തു. തലമുറകള്‍ക്ക് മാറ്റം വന്നു തുടങ്ങി. എന്നിട്ടും ചരിത്രത്തിന്റെ ഏതോ നിയോഗം പോലെ മാറ്റമില്ലാതെ ഒരു ബസ്സ് സര്‍വീസ്. അറിയുന്ന കാലം മുതല്‍ ഞാന്‍ കാണുന്നതിനാല്‍ ആ ബസ്സ് സര്‍വീസിന്റെ കാലപ്പഴക്കം എനിക്ക് തിട്ടമില്ല. ക്ഷമിക്കുക.
പക്ഷേ ഒന്നെനിക്കറിയാം.... തൃപ്പൂണിത്തുറയിലെ പഠന കാലത്ത് രാത്രി എറണാകുളത്ത് നിന്ന് പോരുന്ന ഞാന്‍ മിക്കവാറും ബാലുശ്ശേരിയില്‍ നിന്ന് രാവിലെ 7.15ന്റെ ചിഞ്ചുവിനാണ് വീടണയാറുണ്ടായിരുന്നത്. ഇടക്ക് പശുക്കറവ് നിന്ന സമയത്ത് ബാലുശ്ശേരിയില്‍ നിന്ന് മില്‍മയുടെ പായ്ക്കറ്റ് പാലും കയ്യില്‍ പിടിച്ച് ബാഗും തോളിലിട്ട് ചന്ദനത്തിരി മണക്കുന്ന ആ 'നന്മ' ബസ്സിന്റെ അകത്തേക്ക് കയറുമ്പോള്‍ യാത്രയുടെയും അലച്ചിലിന്റെയും ക്ഷീണം പമ്പകടന്ന് തെളിഞ്ഞ മനസ്സായിട്ടുണ്ടാകുമെന്ന യാഥാര്‍ത്ഥ്യം...........

പുഷ്‌പേട്ടന്റെ മുറുക്കാന്‍ പീടിക

പുഷ്‌പേട്ടന്റെ മുറുക്കാന്‍ പീടിക ഒരു സങ്കേതമാണ്‌. ചില സായാഹ്നങ്ങളില്‍ പല പ്രായത്തിലുള്ളവരുമായി നടത്തുന്ന സൗഹൃദ സംഭാഷങ്ങളാല്‍ ആ പീടികയുടെ ചെറിയ വരാന്തയും അതിലെ ഒറ്റ കസേരയും ബെഞ്ചും സജീവം. സാഹിത്യവും കലയും രാഷ്‌ട്രീയവും അങ്ങനെ അങ്ങനെ നീണ്ട്‌ പോകുന്ന സംഭാഷങ്ങള്‍. അതിനിടയില്‍ പലരും വരുന്നു അഭിപ്രായങ്ങള്‍ പറയുന്നു... മുറുക്കുന്നു.... സിഗരറ്റ്‌ പുകക്കുന്നു... പച്ചക്കറി വാങ്ങുന്നു.... ഒരു നാടിന്റെ നന്മയുടെ മായാ ചിത്രങ്ങള്‍....
പുഷ്‌പേട്ടന്‍ തികഞ്ഞ കമ്മ്യൂണിസ്റ്റാണ്‌. ദിവസത്തില്‍ പല പ്രാവശ്യം മുറുക്കുന്ന പുഷ്‌പേട്ടന്‍ കൊണ്ടു പിടിച്ച സി പി ഐ ക്കാരന്‍. എന്നെ കാണുമ്പോഴൊക്കെ മൂപ്പര്‍ പറയാറുണ്ട്‌... `` ഇങ്ങള്‌ ഞാളപ്പരം പോരീക്കി''... അതിന്‌ മറുപടി ചിരിയിലൊതുക്കും. ആ ബെഞ്ചില്‍ ഗോവിന്ദേട്ടന്‍ ഇരിക്കുന്നുണ്ട്‌. സിഗരറ്റും പുകച്ച്‌.
ഒരഭിപ്രായവും പറയുന്നത്‌ കേള്‍ക്കാറില്ല. രസിക്കുന്ന വല്ലതും കേട്ടാല്‍ പൊട്ടിച്ചിരിക്കും.....
വായനയില്‍ ഞാനടക്കമുള്ള തലമുറ മാനസ ഗുരുവാക്കിയ പോക്കര്‍കുട്ടിക്കയും ഇവിടെ വരാറുണ്ട്‌. വയനയില്‍ ഒരു മനുഷ്യന്‌ എത്രത്തോളം മുഴുകാം എന്നതിന്‌ മികച്ച ഉത്തരമാണ്‌ ഇക്ക. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന്‌ അടുത്തൂണ്‍ പറ്റി സമയം ധാരാളം. ഒരേ സമയം ഇംഗ്ലീഷ്‌, മലയാള പുസ്‌തകങ്ങളും ആനുകാലികങ്ങളും എല്ലാം എല്ലാം വായിച്ചു തള്ളുന്ന അദ്ദേഹത്തെ നോക്കി ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്‌. സംഗീതവും സാഹിത്യവും രാഷ്‌ട്രീയവും തുടങ്ങി ലോകത്തിലെ സമസ്‌ത സംഭവങ്ങളോടും മൂപ്പര്‍ക്ക്‌ പഥ്യം.....
ആ തലമുറയിലെ മറ്റൊരാളാണ്‌ ബാലന്‍ മാസ്റ്റര്‍. മാഷ്‌ വായനയുടെ മറ്റൊരു തലം. മേല്‍പ്പറഞ്ഞ വിശേഷണങ്ങളെല്ലാം അവിടെയും ചേരും. ചെറിയ വ്യത്യാസം മാത്രം. പോക്കര്‍ക്കുട്ടിക്ക സൗമ്യമായി പറയുന്നത്‌ മാഷ്‌ അല്‍പ്പം ഗൗരവത്തില്‍ പറയും. ഹയര്‍ സെക്കന്‍ഡറി അധ്യാപകനായിരുന്നു മാഷ്‌. ഇപ്പോള്‍ അടുത്തൂണ്‍ പറ്റി. ഇവരുടെ ബറ്റാലിയന്‍ നീളും. ഈ സംഘത്തില്‍ ഇനിയുമുണ്ട്‌ അംഗങ്ങള്‍ പലരും പല തരത്തിലുള്ള വേഷങ്ങള്‍.... 80 കളിലെ തീക്ഷ്‌ണ യൗവനങ്ങള്‍....
നാരയണേട്ടന്‍ സൂര്യ ക്ലബിന്റെ മീറ്റിംഗിന്‌ പോകുകയാണ്‌. നാരയണേട്ടനും ഈ കൂട്ടായ്‌മയുടെ ഭാഗമാണ്‌. ചെറിയൊരു സര്‍ക്കാര്‍ സ്‌കൂളില്‍ പ്രധാനാധ്യാപകന്‍. സാഹിത്യവും എഴുത്തും ചെണ്ടയുടെ താളവും സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായി സദാസമയത്തും പ്രവര്‍ത്തിക്കുന്ന ദേഹം. ഉത്തരങ്ങള്‍ തേടാനും ഭാരങ്ങളിറക്കി വെക്കാനും ഞങ്ങളുടെ അത്താണിയായി നില്‍ക്കുന്ന മനുഷ്യന്‍.........................................................................
........................................................... ആഗോളീകരിക്കപ്പെടാത്ത ഒരു നാട്ടിന്‍ പുറത്തിന്റെ ഏറ്റവും ചെറിയ ചിത്രങ്ങള്‍.......... ബാലേട്ടന്റെ പീടിക, അമ്മദ്‌കാക്കയുടെ പലചരക്ക്‌ പീടിക, ഒരു റേഷന്‍ പീടിക.... ഒരു നിരത്ത്‌..... പഴയ എല്‍ പി സ്‌കൂള്‍......... 

ഒന്നും മിണ്ടാതെ കടന്നു പോയവര്‍

ചിലര്‍ അങ്ങനെയാണ്‌. ഓര്‍മ്മകള്‍ അവശേഷിപ്പിച്ച്‌ ഒരു ദിവസം മടങ്ങി പോകും. ഇപ്പോഴും ഓര്‍മ്മകളില്‍ ജീവിക്കുന്ന മൂന്ന്‌ പേരായിരുന്നു പിറുങ്ങനും ഭ്രാന്തന്‍ കുഞ്ഞിരാമനും കോരേട്ടനും. കോരേട്ടന്‍ കുറച്ച്‌ കാലം മുമ്പാണ്‌ മരണത്തിന്‌ കീഴ്‌പ്പെട്ടതെങ്കില്‍ മറ്റ്‌ രണ്ട്‌ പേരും വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ യാത്ര പോയി. 

ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ്‌ പിറുങ്ങനെ കണ്ടിട്ടുള്ളത്‌. മൂന്നോ നാലോ തവണ മാത്രമേ കണ്ടിട്ടുള്ളു. അന്ന്‌ മുത്തശ്ശിയുണ്ടായിരുന്നു. (അച്ഛന്റെ അമ്മ) ചില ഉച്ച സമയത്ത്‌ ഒരു തോര്‍ത്ത്‌ മുണ്ട്‌ അരയിലും ഒരു തോര്‍ത്ത്‌ തലയിലും കെട്ടി കൈയില്‍ ഒരു വളഞ്ഞ കത്തിയുമായി പിറുങ്ങന്‍ ഇല്ലത്തേക്ക്‌ വരും. വരവ്‌ തേക്കിന്റെ ഇല പറിക്കാനാണ്‌. എന്നെ കാണുമ്പോള്‍ പിറുങ്ങന്‍ സ്ഥിരമായി ഒരു പാട്ട്‌ പാടാറുണ്ടായിരുന്നു. (എത്ര ആലോചിച്ചിട്ടും ആ പാട്ട്‌ ഓര്‍മയിലേക്ക്‌ വന്നില്ല). പുറത്ത്‌ ആരെയും കണ്ടില്ലെങ്കില്‍ നീട്ടി വിളിക്കും. മുത്തശ്ശി ഇറങ്ങി വന്നാല്‍ കാര്യം പറയും. തേക്കിന്റെ കുറേ ഇലകള്‍ പറിച്ച്‌ പിറുങ്ങന്‍ ചിലപ്പോള്‍ ഊണ്‌ കഴിക്കാറുണ്ട്‌. വീണ്ടും എന്നോട്‌ എന്തൊക്കയോ ചോദിച്ച്‌ അയാള്‍ കടന്ന്‌ പോകും. പിന്നീട്‌ മാസങ്ങള്‍ കഴിഞ്ഞാണ്‌ വരവ്‌. വീണ്ടും മേല്‍ പറഞ്ഞതൊക്കെ ആവര്‍ത്തിക്കും. എങ്ങോട്ടാണ്‌ പിറുങ്ങന്‍ പോകുന്നതെന്നോ എവിടെ നിന്നാണ്‌ വരുന്നതെന്നോ എന്തിനാണ്‌ തേക്കിന്റെ ഇല കൊണ്ടു പോകുന്നതെന്നോ എനിക്ക്‌ ഇന്ന്‌ വരെ മനസ്സിലായിട്ടില്ല.... ഒരു നാള്‍ പിറുങ്ങന്‍ വരാതെയായി. പിറുങ്ങന്‍ എന്ന കൗതുകം ജനിപ്പിക്കുന്ന പേര്‌ മാത്രം ഇപ്പോഴും മനസ്സിലുണ്ട്‌.......

കുട്ടിക്കാലത്ത്‌ കുഞ്ഞിരാമന്‌ ഭ്രാന്തുണ്ടെന്ന്‌ പറഞ്ഞ്‌ എന്നെ ധരിപ്പിച്ചത്‌ മുതിര്‍ന്നവരായിരുന്നു. അതിന്‌ ശേഷമാണ്‌ എന്റെ ചെറിയ മനസ്സില്‍ അയാള്‍ കയറി കൂടിയത്‌. ആരോടും മിണ്ടാതെ ഒരു വികാരങ്ങളും മുഖത്ത്‌ പ്രകടിപ്പിക്കാതെ തലയും താഴ്‌ത്തി കുഞ്ഞിരാമന്‍ മതിലിനോട്‌ ചേര്‍ന്ന്‌ നടന്ന്‌ പോകുന്നത്‌ ഞാന്‍ നോക്കി നില്‍ക്കും. ആ നോട്ടത്തില്‍ നിന്ന്‌ ഞാന്‍ ഒരു കാര്യം കണ്ടെത്തിയിരുന്നു. കുഞ്ഞിരാമന്‍ വളരെ പതുക്കെ സംസാരിക്കാറുണ്ട്‌. അത്‌ മനുഷ്യരോടായിരുന്നില്ല. മറിച്ച്‌ മതിലിനോടായിരുന്നു. അല്ലെങ്കില്‍ ചെടികളോടായിരുന്നു. അതുമല്ലെങ്കില്‍ ഏതെങ്കിലും പ്രാണികളോടായിരുന്നു... ഒന്നും മിണ്ടാതെ കുഞ്ഞിരാമനും ഇല്ലത്തേക്ക്‌ കയറി വരാറുണ്ട്‌. അയാളും ഇല്ലത്ത്‌ നിന്ന്‌ ഊണ്‌ കഴിക്കാറുണ്ട്‌... ഒന്നും മിണ്ടാതെ ഊണും കഴിച്ച്‌ കുഞ്ഞിരാമനും ഇറങ്ങി പോയി..... എങ്ങോട്ടോ......

കോരേട്ടന്‍ വലിയൊരത്ഭുതമായിരുന്നു എനിക്ക്‌. തെങ്ങ്‌ കയറ്റമായിരുന്നു തൊഴില്‍. പിന്നീട്‌ മറ്റ്‌ ജോലികള്‍ ചെയ്‌താണ്‌ കുടുംബം പുലര്‍ത്തിയത്‌. വാഴോറമലയില്‍ നിന്ന്‌ രാവിലെ ഇറങ്ങി വരുന്ന കോരേട്ടന്‍ വൈകുന്നേരം അമ്മദ്‌കാക്കയുടെ പീടികയില്‍ നിന്ന്‌ വെളിച്ചണ്ണ വാങ്ങി തലയില്‍ തേച്ച്‌ വയലിന്റെ മൂലയിലുള്ള തോട്ടില്‍ നിന്ന്‌ കുളിയും കഴിഞ്ഞ്‌ വാഴോറമല കയറും.... കോരേട്ടന്‌ സിനിമകള്‍ ഇഷ്‌ടമായിരുന്നു (കോരേട്ടന്റെ ഭാഷയില്‍ സില്‍മ). അതും പഴയ തമിഴ്‌ സിനിമകള്‍. എം ജി ആറും ശിവാജി ഗണേശനുമായിരുന്നു മൂപ്പരുടെ ഇഷ്‌ട താരങ്ങള്‍. പഴയ വീരപാണ്ഡ്യ കട്ടബൊമ്മനിലെ ഡയലോഗുകളൊക്കെ എന്നെ കേള്‍പ്പിക്കാറുണ്ടായിരുന്നു. ജെമിനി ഗണേശനും കരുണാനിധിയും ജയലളിതയുമെല്ലാം കോരേട്ടന്റെ മനസ്സില്‍ സെല്ലുലോയിഡ്‌ വര്‍ണങ്ങളായി വിരാജിച്ചു. നന്നായി പാടുമായിരുന്നു കോരേട്ടന്‍. പഠിച്ചില്ലെങ്കിലും അറിയില്ലെങ്കിലും ചില രാഗങ്ങള്‍ ആ വായില്‍ നിന്ന്‌ വീഴാറുണ്ട്‌. പാടിച്ച്‌ പാടിച്ച്‌ ഒരു ദിവസം മൂപ്പര്‍ മൂളുന്ന രാഗത്തിന്റെ പേര്‌ ഞാന്‍ പറഞ്ഞു കൊടുത്തു. ആഭേരി രാഗത്തിന്റെ പൊട്ടും പൊടിയുമായിരുന്നു മൂളുന്നതെന്ന്‌ പറഞ്ഞപ്പോള്‍ കറുത്ത കോരേട്ടന്‍ നല്ല വെളുത്ത തെളിഞ്ഞ ചിരി സമ്മാനിച്ചു. അവസാന കാലത്ത്‌ മനസ്സ്‌ പിടിച്ച സ്ഥലത്ത്‌ നില്‍ക്കാത്ത അവസ്ഥയിലായിരുന്നു. പഴയ കഥകള്‍ പറഞ്ഞ്‌ പറഞ്ഞ്‌ കോരേട്ടന്‍ കരച്ചില്‍ തുടങ്ങും. ചില ദിവസങ്ങളില്‍ ഇല്ലത്തെ പടിഞ്ഞാറെ മുറ്റത്ത്‌ വന്ന്‌ നിന്ന്‌ കരയുന്നതും കണ്ടിട്ടുണ്ട്‌..... ഒരു ദിവസം കേട്ടു കോരേട്ടന്‍ കിടപ്പിലായെന്ന്‌.... ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന്‌... വലിയ താമസമില്ലാതെ കോരേട്ടന്റെ മരണ വാര്‍ത്തയും എത്തി.................................................. ആ അധ്യയം അങ്ങനെ അവസാനിച്ചു......... ഒന്നും മിണ്ടാതെ, എന്തൊക്കയോ ബാക്കി വെച്ച്‌ കോരേട്ടനും കടന്നു പോയി.....

Wednesday, January 2, 2013

പക്ഷി


ഈ ചിറകിന് മുകളില്‍
വിശാലമായ ആകാശമാണ്
ശൂന്യമെന്ന് തോന്നാം
ഉള്ളിറക്കങ്ങളുടെ
വഴിയില്‍ നിന്നാല്‍ കേള്‍ക്കാം
നക്ഷത്ര കിലുക്കം...

Tuesday, January 1, 2013

എന്റെ വഴികള്‍


ഈ നദിക്കരയില്‍
അനാദി കാലമായി...
പഴമയുടെ വേരുകള്‍
പുതുമയുടെ ഇലകള്‍
എല്ലാം തുടര്‍ച്ചകളാണ്...
തൊട്ടു നോക്കുക
പ്രണയത്തിന്റെ
ഭൃഗു സംഹിത വായിക്കുക...
എന്നിലെ വസന്തം,
പെയ്തിട്ടും പെയ്തിട്ടും
തോരാത്ത മഴ,
വേനലിന്റെ താപം,
എന്നിലെ എല്ലാ ഋതുക്കളും...
കാതുകള്‍ ചേര്‍ത്തു വെച്ച്
നിന്നിലേക്ക് പ്രസരിക്കുന്ന
ഹംസാനന്ദി രാഗത്തിന്റെ
വിളബിംത സ്വരങ്ങളെ
അറിയുക...
ജലത്തിലേക്ക് പടര്‍ന്ന
ശിഖരങ്ങളില്‍ ചുംബിച്ച്
ഒഴുകുന്ന പുഴ
കൊഴിയുന്ന പൂക്കളെ
മാറിലേക്ക് ആവാഹിക്കുന്നു...
നോക്കൂ......
ഇതൊരു ചര്യയാണ്
ഒരിക്കലും വറ്റാത്ത
നീരുറവ കണക്കെ
നിനക്ക് ഞാനായി തീരാനും
എന്നിലെ നാളമാവാനും
ഞാന്‍ കാണിച്ചു തരുന്ന
എന്റെ വഴികള്‍...........................