Tuesday, February 26, 2013

ഓര്‍മ്മയിലെ പുതുമണ്ണിന്റെ മണം....


ഞാനൊരു വലിയ ശൂന്യതയാണ്. ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങളുമായി മല്ലിടുന്നവന്‍.... ആദ്യ മഴ നനഞ്ഞ് ചുട്ടുപഴുത്ത മണ്ണില്‍ നിന്ന് ഉയരുന്ന മണ്ണിന്റെ മണം.........
നാട്ടുവഴികളിലൂടെ നടക്കുമ്പോള്‍ ഒരു വടിയെടുത്ത് കാട്ടപ്പയുടെ കഴുത്ത് വെട്ടി യുദ്ധം ചെയ്യുന്ന ഞാന്‍. കുട്ടിക്കാലത്ത് ഈന്തിന്റെ ഓല കൊണ്ട് പന്തല് കെട്ടി പീടിക കച്ചോടം നടത്താറുണ്ടായിരുന്നു. വാങ്ങാന്‍ വരുന്ന ആളുകള്‍ ചിത്രത്തിലുണ്ടാകില്ല. ഒറ്റക്ക് സംസാരിക്കും. മുതലാളിയും തൊഴിലാളിയും ഉപഭോക്താവും എല്ലാം ഞാന്‍ തന്നെ. ഉണക്ക മട്ടലിന്റെ തടിച്ച ഭാഗത്ത് രണ്ട് ചെറിയ വടിക്കഷ്ണങ്ങള്‍ താഴ്ത്തി കാളയാക്കി ഉഴുത്തുകാരനാകും. ഇത് ഒറ്റക്കാളയാണ്. പ്ലാവില നടക്ക് ചീന്തി രണ്ട് ഭാഗത്തേക്ക് മടക്കി ഈര്‍ക്കില്‍ കുത്തി രണ്ട് കാളയാക്കി മറ്റൊരു തരത്തിലും ഈ ഉഴുത്ത് നടത്താറുണ്ട്.
കൊപ്ര വില്‍ക്കാന്‍ അച്ഛന്‍ കോഴിക്കോട്ട് പോയി തിരിച്ചെത്തിയപ്പോള്‍ മൂന്ന് ലൈറ്റുള്ള ചുവന്ന കാറ് കൊണ്ടത്തന്നു. ആദ്യമായി ആശിച്ച് കിട്ടിയ കാര്‍. അത് നല്ല കിട്ടലായിരുന്നു. പിന്നീട് അമ്മാത്തെ മുത്തശ്ശിയും ഇല്ലത്തെ മുത്തശ്ശിയും വാങ്ങി തന്നു ഒരു മഞ്ഞ നിറത്തിലുള്ള കാറും ഒരു ഇളം ചുവപ്പ് നിറത്തിലുള്ള കാറും. മൂന്ന് വര്‍ഷമാണ് അത് ഞാന്‍ കൊണ്ട് നടന്നത്. പിന്നീടൊരിക്കല്‍ അപ്രതീക്ഷിതമായി വിഷ്ണുവമ്മാവന്റെ വക ഒരു നീല കുഞ്ഞി കാറും കിട്ടിയിരുന്നു. കുട്ടിക്കാലത്ത് എന്റെ ഓര്‍മ്മയിലുള്ള നാല് കളിപ്പാട്ടങ്ങളായിരുന്നു ഇത്.
വൈകുന്നേരം നാല് മണിക്ക് സ്‌കൂള്‍ വിട്ടാല്‍ ആഞ്ഞ് പിടിച്ച് ഓടും. ഇല്ലത്തെത്തി പുസ്തകം ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞ് 'അമ്മേ... ചായ... എന്ന് നീട്ടി വിളിക്കും.' ഇളം ചൂട് ചായ തൊണ്ടക്കുഴിയും കഴിഞ്ഞ് വയറിലേക്ക് കിനിഞ്ഞിറങ്ങുമ്പോള്‍... ഹോ...അതും കഴിഞ്ഞ് കണ്ടം മുഴുവന്‍ ഓടി നടന്ന് തിമിര്‍ക്കല്‍, മഴക്കാലത്ത് ഇല്ലത്ത് നിന്ന് ഓട്ടം തുടങ്ങി നേരെ കുളത്തിലേക്ക് ഒരു ചാട്ടം. നീന്തലും ചാടലും തലകുത്തിമറിയലും. പുസ്തകത്തിലെ പാഠങ്ങള്‍ വീട്ടിലുള്ളവരെ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രം കൂവി വിളിക്കുന്നു. മനസ്സില്‍ എട്ട് മണിക്കും എട്ടരക്കും ഇടയിലെ പെന്റുലത്തിന്റെ ആട്ടമായിരിക്കും. ഊണ് കഴിക്കാനുള്ള സിഗ്നല്‍ വരെ കൂക്കി വിളി തുടരും. വയറുനിറയെ തട്ടി കുഞ്ഞികുമ്പ തടവി ഏമ്പക്കം വിട്ട് സുഖമായിട്ട് ഉറങ്ങുന്നു. അകത്തെ മുറിയില്‍ നിന്ന് വയലും വീടും യുവവാണിയും കഴിഞ്ഞ് റേഡിയോ നാടകങ്ങളിലെ ഡയലോഗാവും ആകാശവാണിയുടെ വക. അര്‍ധ രാത്രി ദുഃസ്വപ്നങ്ങള്‍ കാണുമ്പോള്‍ അച്ഛന്റെ രോമം നിറഞ്ഞ നെഞ്ചിലെ ചൂടിലേക്ക് ഒന്നുകൂടി ചുരുളുന്നു.
ഒന്നാം ക്ലാസില്‍ ചേര്‍ത്തിട്ടും നിലവിളിയും കയ്യും കലാശവുമായി ചേച്ചിക്കൊപ്പം മൂന്നാം ക്ലാസില്‍ പോയിരുന്നു. മഹിജ ടീച്ചര്‍ തൂക്കിയെടുത്ത് ഒന്നാം ക്ലാസില്‍ തന്നെ ഇരുത്തി ചൊക്കു കൊണ്ട് ഒരു മീശ വരച്ചു തന്നിട്ട് നമ്പൂരിക്കുട്ടി എന്ന് സ്‌നേഹത്തോടെ വിളിച്ചത് ഇന്ന് ചെവിയില്‍ മുഴങ്ങി. ഒമ്പത് എന്നെഴുതാന്‍ കഴിയാതെ പേടിച്ചരണ്ട് വിതുമ്പി കരഞ്ഞപ്പോള്‍ സ്വന്തം കൈയില്‍ കൈ ചേര്‍ത്ത് വെച്ചു ഒമ്പത് എന്നെഴുതി തന്ന നാരായണി ടീച്ചറുടെ വലത് കൈ. സൂര്യ ക്ലബിന്റെ ഓണാഘോഷത്തിന് വയല്‍ വരമ്പത്തെ ഒറ്റ പീടിക കോലായില്‍ നിന്ന് 'എന്‍ മലര്‍ വാടിയിലെന്ന' ലളിത ഗാനം പാടിയതിന് ജീവിതത്തില്‍ ആദ്യമായി കിട്ടിയ സമ്മാനം കറുത്ത മഷി പേന.
ഇന്ന് ഒറ്റക്ക് മുറിയിലിരിക്കുമ്പോള്‍ ഓര്‍ത്തതാണ് ഇതെല്ലാം. കള്ളത്തരങ്ങളൊന്നുമില്ലാതെ യഥാര്‍ഥ മനുഷ്യനായി ജീവിച്ച കുറച്ച് കാലങ്ങള്‍. നിഷ്‌കളങ്കമായി ചിരിക്കാനും കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളുമായി മല്ലിടാനും മാത്രം ശീലിക്കുന്ന പ്രായം. മുന്‍ധാരണകളൊന്നുമില്ലാതെ തൊട്ടുമുന്നിലുള്ള എല്ലാ മനുഷ്യരെയും സ്‌നേഹിക്കാന്‍ കഴിയുക എന്നത് വലിയൊരു നേട്ടമാണ്....... അല്ലേ........

No comments:

Post a Comment