Friday, August 19, 2011

കൂട്ടിക്കൊടുപ്പുകാരായ അച്ഛന്‍മാരും അമ്മമാരും

സ്‌ത്രീ പീഡന കഥകള്‍ കേരളത്തെ സംബന്ധിച്ച്‌ ഒരു വാര്‍ത്തയേയല്ലാതായിട്ട്‌ കാലമേറെയായി. എന്നാല്‍ ഈയടുത്ത കാലത്ത്‌ പുറത്ത്‌ വന്ന പീഡന വാര്‍ത്തകള്‍ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ട അവസ്ഥയിലേക്കാണ്‌ പോകുന്നത്‌. സ്വന്തം വീടിന്റെ അകത്തളങ്ങളില്‍ പോലും നമ്മുടെ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല എന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ്‌ പറവൂര്‍, കോതമംഗലം പീഡന വാര്‍ത്തകള്‍ പുറത്ത്‌ വന്നപ്പോള്‍ കേട്ടത്‌. ഇതില്‍ സ്വന്തം അച്ഛനാണ്‌ കുട്ടിയെ വില്‍പ്പനക്ക്‌ വെച്ചത്‌. കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ ശേഷം കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്ന്‌ വന്ന പീഡന കഥയില്‍ അച്ഛനും അമ്മയും ചേര്‍ന്നാണ്‌ കുട്ടിയെ കാഴ്‌ച്ചവെച്ചുകൊണ്ടിരുന്നത്‌.
കോഴിക്കോട്‌ ചൈല്‍ഡ്‌ ഹോമില്‍ സഹായമഭ്യര്‍ഥിച്ച്‌ കയറി വന്ന 14 കാരിക്ക്‌ പറയാനുണ്ടായിരുന്നതും സമാനമായ അനുഭവങ്ങളായിരുന്നു. രണ്ടര വര്‍ഷമായി രക്ഷിതാക്കള്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്ന്‌ കുട്ടി അധികൃതരോട്‌ പറഞ്ഞു. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ രണ്ട്‌ പേരും പലതിനും തന്നെ നിര്‍ബന്ധിക്കുകയാണെന്നും അനുസരിച്ചില്ലെങ്കില്‍ കൊന്ന്‌ കളയുമെന്ന്‌ ഭീഷണിപ്പെടുത്താറുണ്ടെന്നും വെളിപ്പെടുത്തി. ഇത്രയും കാലം മറച്ച്‌ വെച്ച കാര്യം ഇപ്പോള്‍ വന്ന്‌ പറഞ്ഞത്‌ എന്തിനാണെന്ന്‌ അന്വേഷിച്ചപ്പോഴാണ്‌ ഞെട്ടിക്കുന്ന മറ്റൊരു സത്യം അവള്‍ പറഞ്ഞത്‌. അനുജത്തിയെയും രക്ഷിതാക്കള്‍ പീഡിപ്പിച്ച്‌ തുടങ്ങിയെന്ന്‌.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ പുറത്ത്‌ അറിഞ്ഞവ മാത്രമാണ്‌. ഇതിനപ്പുറമുള്ള കാര്യങ്ങള്‍ കേരളത്തില്‍ ഓരോ നിമിഷത്തിലും സംഭവിക്കുന്നുണ്ട്‌. നമ്മുടെ മനസുകള്‍ക്ക്‌ സംഭവിച്ച്‌ കൊണ്ടിരിക്കുന്ന സാംസ്‌കാരിക അധഃപതനത്തെ ഏത്‌ മാപിനി വെച്ചാണ്‌ അളക്കേണ്ടതെന്ന്‌ ഓരോരുത്തരും ചിന്തിക്കേണ്ട സമയം അതിക്രമിച്ച്‌ തുടങ്ങിയിട്ട്‌ കുറച്ച്‌ കാലമായിരിക്കുന്നു.
രക്ഷിതാവ്‌ എന്ന വാക്കില്‍ അച്ഛനും അമ്മയും മാത്രമല്ല ഒതുങ്ങുന്നത്‌. അധ്യാപകരടക്കമുള്ള ഒരു കുട്ടിയുമായി ബന്ധപ്പെട്ട എല്ലാവരും രക്ഷിതാക്കളാണ്‌. രക്ഷിതാവ്‌ എന്നാല്‍ രക്ഷിക്കാന്‍ ചുമതലപ്പെട്ടവരാണ്‌. അതായത്‌ ജനിച്ച്‌ വീഴുന്ന കുട്ടിയെ സംസ്‌കരിച്ച്‌ ഉത്തമ മനുഷ്യനാക്കി വളര്‍ത്താന്‍ ബാധ്യത ഉള്ള ആരും രക്ഷിതാക്കളെന്ന്‌ ചുരുക്കം. ഇങ്ങനെ വളര്‍ന്ന്‌ വരാനുള്ള അവകാശം ഓരോ കുട്ടിക്കുമുണ്ട്‌.
ഇത്തരം പീഡന കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ അപ്പോള്‍ എന്തൊക്കെ കുറ്റങ്ങളാണ്‌ ചെയ്യുന്നത്‌. പീഡനത്തിന്‌്‌ പുറമെ മനുഷ്യാവകാശ ലംഘനങ്ങളുടെ ഒരു കൂമ്പാരം തന്നെ ഇവര്‍ സൃഷ്‌ടിക്കുന്നു. ജീവിക്കാനുള്ള, വിദ്യാഭ്യാസം നേടാനുള്ള അവകാശങ്ങളടക്കം ജനിപ്പിച്ചവര്‍ തന്നെ സ്വന്തം രക്തത്തിന്‌ നിഷേധിക്കുന്ന കാര്യങ്ങളെ പറ്റി ചിന്തിച്ച്‌ നോക്കൂ. നാം ഇത്തരം വാര്‍ത്തകള്‍ വായിച്ചും കേട്ടും തള്ളുമ്പോള്‍ ആലോചിക്കേണ്ടതുണ്ട്‌ നമ്മുടെ ചുറ്റും വളര്‍ന്ന്‌ വരുന്ന കുട്ടികളെക്കുറിച്ച്‌. ഇതില്‍ ലിംഗ വ്യത്യാസമില്ല. ആണ്‍കുട്ടികളും ലൈംഗിക പീഡനമടക്കമുള്ളവക്ക്‌ വിധേയമാകുന്നുണ്ട്‌.
അച്ഛന്‍, അമ്മ എന്നീ രണ്ട്‌ പദങ്ങള്‍ക്ക്‌ നമ്മുടെ ഇടയില്‍ മഹനീയമായ സ്ഥാനമാണ്‌ ഉള്ളത്‌. പക്ഷേ ഇപ്പോള്‍ സംശയത്തിന്റെ കണ്ണുകള്‍ പതിയേണ്ട രണ്ട്‌ പദങ്ങളായി ഇവയെ നാം മാറ്റി തീര്‍ത്തിരിക്കുന്നു. പണ്ട്‌ അടുത്ത വീട്ടില്‍ പോകുന്ന അമ്മ സന്ധ്യയായാല്‍ പറയും ``വീട്ടില്‍ അച്ഛനും മകളും തനിച്ചാണ്‌'' എന്ന്‌. അത്‌ സ്‌നേഹത്തിന്റെ വാക്കുകള്‍ മാത്രമായിരുന്നു അന്ന്‌. എന്നാല്‍ ഇതേ വാചകം ഇന്ന്‌ പറയുമ്പോള്‍ ഒരു ഉള്‍ഭയത്തിന്റെ ചെറിയ കണിക ആ മാതൃ ഹൃദയത്തെ ചഞ്ചലപ്പെടുത്തുന്നുണ്ടെന്ന്‌ ഉറപ്പാണ്‌.
നമ്മുടെ വീട്ടിലുള്ള അല്ലെങ്കില്‍ നമ്മുടെ അടുത്ത പരിചയത്തിലുള്ള കുട്ടിക്ക്‌ ഇത്തരത്തിലുള്ള നെറികെട്ട അക്രമം ഏല്‍ക്കേണ്ടി വരുമ്പോള്‍ മാത്രമാണോ നമുക്ക്‌ സാമൂഹ്യ ബോധവും സഹജീവി സ്‌നേഹവും ഉണരേണ്ടത്‌. ആലോചിച്ച്‌ നോക്കൂ നൂറ്റിയന്‍പതിലേറെ ആളുകളാണ്‌ പറവൂരില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മേല്‍ കയറിയിറങ്ങിയത്‌. ആ കുട്ടി അനുഭവിച്ച മാനസികാവസ്ഥ ഒരു നിമിഷം പോലുമെന്തെ നമ്മെ അസ്വസ്ഥമാക്കാത്തത്‌....?
ഇത്തരം പീഡന കഥകള്‍ പുറത്തറിയുമ്പോള്‍ നാം ഇരകളെ തള്ളിപ്പറയാറുണ്ട്‌. പക്ഷേ കേവലം പതിനാലും പതിനഞ്ചും വയസ്സ്‌ മാത്രം പ്രായമുള്ള കുട്ടികള്‍ക്ക്‌ വിത്തു കാളയുടെ ഊറ്റവുമായി മുരണ്ട്‌ വരുന്നവനെ ചെറുക്കാന്‍ സാധ്യമല്ലെന്ന്‌ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക്‌ ചിന്തിച്ചാല്‍ മനസിലാകുന്ന കാര്യമാണ്‌.
എന്തുകൊണ്ടാണ്‌ ഇത്തരം പീഡനങ്ങളില്‍ പിടിക്കപ്പെടുന്ന കുറ്റവാളികള്‍ക്ക്‌ അര്‍ഹിച്ച ശിക്ഷ കിട്ടാതെ പോകുന്നത്‌....? എന്തുകൊണ്ടാണ്‌ ഇത്തരം വിഷയങ്ങള്‍ നമ്മുടെ ഫെമിനിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കാത്തത്‌......? മാധ്യമങ്ങള്‍ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി എന്തുകൊണ്ടാണ്‌ വിമര്‍ശന വിധേയമാകാത്തത്‌.
ഇവിടെ മറ്റൊരു വിഷയത്തിന്റെ പ്രാധാന്യം കടന്ന്‌ വരുന്നു. ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്‌തത. ഇന്നും ബയോളജി ക്ലാസുകളില്‍ ശരീര സംബന്ധമായ കാര്യങ്ങള്‍ പറയാന്‍ നമ്മുടെ അധ്യാപകര്‍ക്ക്‌ ജാള്യതയാണ്‌ അപ്പോള്‍ എങ്ങിനെയാണ്‌ ശരിയായ ലൈഗിംക വിദ്യാഭ്യാസം നല്‍കുക...? ആലോചിക്കേണ്ടതുണ്ട്‌.
മനുഷ്യന്റെ ഏറ്റവും പ്രോജ്ജ്വലമായ വികാരത്തെ ഇങ്ങനെ വ്യഭിചരിച്ച്‌ കളയാന്‍ എങ്ങിനെയാണ്‌ തോന്നുന്നത്‌. അതും എട്ടും പൊട്ടും തിരിയാത്ത ശരീരങ്ങളില്‍. മറ്റൊരു ചിന്ത കൂടി ഇപ്പോള്‍ കടന്ന്‌ വരുന്നു. അറുപത്‌ വയസ്സുകാരന്‍ നാല്‌ വയസ്സുകാരിയെ പീഡിപ്പിക്കുന്നതും, തീപ്പൊള്ളി ജീവന്‍ മാത്രം അവശേഷിച്ച സ്‌ത്രീ ശരീരത്തെ ഭോഗിക്കുന്നതും, പത്ത്‌ വയസ്സ്‌ മാത്രം പ്രായമുള്ളവന്‍ ഒരുമിച്ച്‌ മണ്ണപ്പം ചുട്ട്‌ കളിച്ച എട്ട്‌ വയസുകാരിയായ കൂട്ടുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തുന്നതും രാവിലെ ചൂട്‌ ചായയോടൊപ്പം വായിച്ച്‌ തള്ളിയ വെറും വാര്‍ത്തകള്‍ മാത്രമായി തീര്‍ന്നിരിക്കുകയാണ്‌.
നാം ജാഗ്രതയുള്ളവരായി മാറേണ്ട സമയം അതിക്രമിച്ച്‌ കൊണ്ടിരിക്കുകയാണ്‌. ഇല്ലെങ്കില്‍ കൂട്ടിക്കൊടുപ്പുകാരായ അച്ഛന്‍മാരും അമ്മമാരും ഇനിയും നമ്മുടെ മുന്‍പിലേക്ക്‌ കടന്ന്‌ വന്നുകൊണ്ടേയിരിക്കും. ജീവിതത്തിന്റെ മനോഹാരിത മുഴുവന്‍ ആസ്വദിക്കാന്‍ കൊതിച്ച്‌ ഒറ്റ നിമിഷത്തിന്റെ ഇടവേളയില്‍ അരക്ഷിതാവസ്ഥയുടെ പുറമ്പോക്കിലേക്ക്‌ നിഷ്‌കരുണം വലിച്ചെറിയപ്പെടുന്ന കുട്ടികള്‍ നമ്മുടെ മുമ്പില്‍ വലിയ ചോദ്യ ചിഹ്നമായി നിരന്ന്‌ നില്‍ക്കും. അപ്പോള്‍, ആ ദുര്‍ബല നിമിഷത്തില്‍ മാത്രമായിരിക്കും ഏറ്റവും പ്രിയപ്പെട്ടവരുടെ മുഖം നാം അക്കൂട്ടത്തില്‍ കാണുന്നത്‌.

Sunday, August 14, 2011

തോറ്റാലെന്ത്‌, ഒന്നാം സ്ഥാനം പോയാലെന്ത്‌ സച്ചിന്‍ 100ാം സെഞ്ച്വറി തികച്ചല്ലോ

ഒരു പരമ്പര തോല്‍വി കൊണ്ട്‌ ഒന്നും അവസാനിക്കുന്നില്ല. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം തോറ്റ വിധമാണ്‌ ഏവരെയും അത്‌ഭുതപ്പെടുത്തുന്നത്‌. ഇംഗ്ലണ്ടിനെതിരായ നാല്‌ ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ മൂന്നിലും സമ്പൂര്‍ണ പരാജയം. മൂന്ന്‌ ടെസ്റ്റുകളുടെ ആറിന്നിംഗ്‌സിലുമായി ഒരിക്കല്‍ പോലും മുന്നൂറിനപ്പുറം പോകാന്‍ ലോകക്രിക്കറ്റ്‌ അടക്കി വാഴുന്ന ബാറ്റിംഗ്‌ നിരയുള്ള ടീമിനായില്ല എന്ന്‌ പറയുമ്പോഴാണ്‌ പരാജയത്തില്‍ ആശ്ചര്യപ്പെടേണ്ടി വരുന്നത്‌.
ഇനി ഇംഗ്ലണ്ടിന്റെ കാര്യമെടുക്കുക. ഇക്കണ്ട കാലമാത്രയും ലോകക്രിക്കറ്റില്‍ വല്ലപ്പോഴുമെ അവര്‍ തങ്ങളുടെ സുവര്‍ണ നിമിഷങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളു. ഒരു ആഷസ്‌ ടെസ്റ്റ്‌ വിജയം ചില പരമ്പര നേട്ടങ്ങള്‍ അങ്ങിനെ ചില മിന്നായങ്ങള്‍ മാത്രം. എന്നാല്‍ ട്വന്റി - ട്വന്റി ലോകകപ്പ്‌ നേട്ടത്തോടെ അവര്‍ അതിന്‌ മാറ്റം വരുത്താന്‍ തീരുമാനിച്ച്‌ ഉറപ്പിച്ചത്‌ പോലെയായിരുന്നു പിന്നീടുള്ള കാര്യങ്ങള്‍. ഈ വര്‍ഷമാദ്യം നടന്ന ആഷസില്‍ ആസ്‌ത്രേലിയയെ 3-1 പരാജയപ്പെടുത്തി അവര്‍ തുടങ്ങിയ അശ്വമേധം ടെസ്റ്റിലെ ഒന്നാം റാങ്ക്‌ നേട്ടത്തോടെ പൂര്‍ണതയിലെത്തുകയാണ്‌.
ഇത്‌ ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ച മികവല്ല. പരിശീലകന്‍ ആന്‍ഡി ഫ്‌ളവറും നായകന്‍ ആന്‍ഡ്രൂ സ്‌ട്രോസും നടപ്പില്‍ വരുത്തിയ ഒരു പദ്ധതിയുടെ അത്യുന്നതമായ ഫലങ്ങളാണ്‌ മൂന്ന്‌ ടെസ്റ്റിലുമായി ഇന്ത്യയെ തൂത്തെറിയുന്ന കാഴ്‌ച്ചകളായി ലോകത്തിന്‌ മുഴുവന്‍ കാണാന്‍ കഴിഞ്ഞത്‌. ദീര്‍ഘ നാളത്തേക്കുള്ള ഒരു പദ്ധതിയാണ്‌ മൂന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇത്‌ തുടങ്ങുമ്പോള്‍ അവര്‍ മുന്നില്‍ കണ്ടത്‌ അതില്‍ അവര്‍ വിജയിക്കുകയും ചെയ്‌തു. അവസാനമിറങ്ങുന്ന ബ്രോഡും ബ്രസ്‌നനുമൊക്കെ മികച്ച രീതിയില്‍ ബാറ്റ്‌ ചെയ്യുമ്പോള്‍ മനസിസലാക്കുക നായകനും പരിശീലകനും കൂടി രൂപപ്പെടുത്തിയ തന്ത്രങ്ങളുടെ പിഴക്കാത്ത വഴികളെക്കുറിച്ച്‌.
മുകളില്‍ പറഞ്ഞ ഇന്ത്യ തോറ്റ രീതിയും ഇംഗ്ലണ്ട്‌ വിജയിച്ച രീതിയും തമ്മിലുള്ള വ്യത്യാസമെന്ത്‌ എന്ന ചോദ്യത്തിന്‌ അധികം സഞ്ചരിക്കേണ്ട ആവശ്യമില്ല. സെവാഗിന്റെയും ഗംഭീറിന്റെയും അഭാവത്തില്‍ ആര്‌ ഓപ്പണ്‍ ചെയ്യും എന്ന കാര്യത്തില്‍ ഇന്ത്യന്‍ ടീം വല്ലാതെ കുഴങ്ങി എന്നതില്‍ സംശയമില്ല. അതിന്റെ തെളിവായിരുന്നു മധ്യനിരയുടെ നെടുംതൂണ്‍ രാഹുല്‍ ദ്രാവിഡിന്‌ ഓപ്പണ്‍ ചെയ്യേണ്ടി വന്നു എന്ന ഗതികേട്‌. മറുവശത്ത്‌ ഇംഗ്ലണ്ട്‌ ഓരോ കളിക്കാരനും താന്‍ ചെയ്യേണ്ട ഭാഗമെന്ത്‌ എന്ന്‌ കൃത്യമായി തിരിച്ചറിയുകയും അത്‌ മൈതാനത്ത്‌ നടപ്പാക്കുകയും ചെയ്‌തു. രണ്ട്‌ ടീമിന്റെയും കളിക്കാരുടെ ശരീരഭാഷ ശ്രദ്ധിച്ചാല്‍ ഇത്‌ മനസ്സിലാക്കാം.
പരുക്കടക്കമുള്ള കാര്യങ്ങള്‍ നിരത്താമെങ്കിലും നായകന്‍ ധോണിയടക്കമുള്ളവരുടെ പ്രകടനങ്ങള്‍ ഒരു ഒന്നാം നമ്പര്‍ ടീമിന്‌ യോജിച്ചതായിരുന്നില്ല. മൂന്നാം ടെസ്റ്റിന്റെ രണ്ടിന്നിംഗ്‌സിലും ധോണിയായിരുന്നു ടോപ്‌ സ്‌കോറര്‍ എന്നത്‌ വിരോധാഭാസമായി നില്‍ക്കുന്നുമുണ്ട്‌.
179 ടെസ്റ്റ്‌ കളിച്ച്‌ പരിചയമുള്ള സക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്ന്‌ വരുമ്പോള്‍ മനസ്സിലാക്കുക ഇന്ത്യന്‍ ദുരന്തത്തിന്റെ ആഴം. സീനിയര്‍ താരങ്ങളില്‍ സച്ചിന്‍ മാത്രമാണ്‌ മൂന്ന്‌ ടെസ്റ്റിലും കാര്യമായ സംഭാവന നല്‍കാത്ത കളിക്കാരന്‍. 179 ടെസ്റ്റ്‌ കളിച്ച അതിന്റെ ഇരട്ടി ഇന്നിംഗ്‌സുകള്‍ കളിച്ച സച്ചിനാണ്‌ ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ഇന്ത്യക്ക്‌ തുണ നില്‍ക്കേണ്ടിയിരുന്നത്‌. മറ്റുള്ളവര്‍ക്ക്‌ മാതൃകയാവേണ്ടിയിരുന്നത്‌. പക്ഷേ അത്‌ നടന്നില്ല. ആറിന്നിംഗ്‌സിലുമായി ബാറ്റ്‌ ചെയ്‌ത അദ്ദേഹം മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 40 റണ്‍സെടുത്തത്‌ മാത്രമാണ്‌ എടുത്ത്‌ പറയാനുള്ളത്‌. എന്തേ നമ്മുടെ കളിയെഴുത്തുകാര്‍ ഇത്‌ പറയാതെ പോയത്‌. നമ്മുടെ കളിയെഴുത്തുകാര്‍ സച്ചിന്‍ ആറിന്നിംഗ്‌സിലും പുറത്തായത്‌ നിര്‍ഭാഗ്യം കൊണ്ടാണെന്ന്‌ പറയുന്നു. മികവില്‍ കളിക്കുന്ന ദ്രാവിഡടക്കമുള്ളവര്‍ പുറത്താകുമ്പോള്‍ വിക്കറ്റ്‌ വലിച്ചെറിയലും!!!!!!.
ഏതായാലും ഒന്നാം സ്ഥാനക്കാരെന്ന ഭാരമില്ലാതെ ഇന്ത്യക്ക്‌ നാലാം ടെസ്റ്റിനിറങ്ങാം. അതില്‍ ജയിക്കുമോ തോല്‍ക്കുമോ എന്നതിനപ്പുറം സച്ചിന്‍ തന്റെ നൂറാം സെഞ്ച്വറി തികക്കുമോ എന്നതാണല്ലോ നമ്മുടെ പ്രശ്‌നം. ഇന്ത്യ ഇംഗ്ലണ്ട്‌ പര്യടനത്തിന്‌ എത്തുമ്പോഴും അത്‌ മാത്രമായിരുന്നു നമ്മുടെ പ്രശ്‌നം. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്‌ മൂന്ന്‌ ടെസ്റ്റില്‍ ഏതെങ്കിലും ഒന്നില്‍ സച്ചിന്‍ സെഞ്ച്വറി തികച്ചിരുന്നെങ്കില്‍ നാം ഇങ്ങനെ പറയും. തോറ്റാലെന്ത്‌, ഒന്നാം സ്ഥാനം പോയാലെന്ത്‌ സച്ചിന്‍ 100ാം സെഞ്ച്വറി തികച്ചല്ലോ.
ഏതായാലും മൂന്ന്‌ ടെസ്റ്റിലും സച്ചിന്‌ സെഞ്ച്വറി അടിക്കാന്‍ സാധിക്കാത്ത സ്ഥിതിക്ക്‌ അവസാന ടെസ്റ്റില്‍ സംഭവിക്കുമോ എന്ന്‌ ഇപ്പോഴെ കൗണ്ട്‌ ഡൗണ്‍ തുടങ്ങാം. രണ്ടിന്നിംഗ്‌സ്‌ ഉണ്ടല്ലോ. അതിലുമില്ലെങ്കില്‍ ആസ്‌ത്രേലിയന്‍ പര്യടനം വരുന്നുണ്ടല്ലോ........

Friday, August 5, 2011

പുച്ഛം

നവരസങ്ങളില്‍ രണ്ടാമത്തെ രസമായ ഹാസ്യത്തിന്റെ വകഭേദമാണ്‌ പുച്ഛം. പുച്ഛം ഏറ്റവും കൂടുതല്‍ ഉദ്‌പാദിപ്പിക്കുന്ന ഭൂമിയിലെ ജീവി വര്‍ഗ്ഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌ മലയാളികളാണ്‌. രാവിലെ എഴുന്നേല്‍ക്കുന്നത്‌ മുതല്‍ രാത്രി കിടക്കുന്നത്‌ വരെ നോട്ടം കൊണ്ടും വാക്കുകൊണ്ടും തുടങ്ങി സാധ്യമായ എല്ലാ അവയവും വെച്ച്‌ ഓരോ മലയാളിയും ദിവസവും ഉദ്‌പാദിപ്പിക്കുന്ന പുച്ഛ രസത്തിന്റെ അളവ്‌ എണ്ണുക അസാധ്യം. ചിരിയേക്കാളും കരച്ചിലിനേക്കാളും ഏറ്റവും കൂടുതല്‍ മുഖത്ത്‌ കാണപ്പെടുന്നതും ഈ വികാരമാണ്‌.
ഉദാഹരണത്തിന്‌ ചെറിയൊരു സന്ദര്‍ഭം പറയാം. ബസ്സിന്റെ അരിക്‌ സീറ്റിലിരിക്കുന്ന ഒരാള്‍ പുറത്തെക്കാഴ്‌ച്ചകള്‍ കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു ബൈക്ക്‌ യാത്രികന്‍ ബസ്സിനെ മറികടന്ന്‌ അമിത വേഗതയില്‍ കടന്ന്‌ പോകുന്നു. അപ്പോള്‍ ബസ്സിലിരിക്കുന്ന മാന്യദേഹത്തിന്റെ ആത്മഗതം. ``ഹും...... രണ്ട്‌ ചക്രമേ ഉള്ളൂ എന്നിട്ടും അവന്റെയൊരു.......''
ഇതേ ആള്‍ തനിക്കിറങ്ങേണ്ട സ്റ്റോപ്പിലെത്തി നാലോ അഞ്ചോ കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക്‌ സ്വന്തം ബൈക്ക്‌ എടുത്ത്‌ യാത്ര തിരിക്കുന്നു. ഒരു ബസ്സ്‌ അയാളെ കടന്ന്‌ പോകുന്നു. വീണ്ടും അയാളുടെ ആത്മഗതം `` റോഡ്‌ അവന്റെ തറവാട്ട്‌ സ്വത്താണെന്ന വിചാരം......''
മേല്‍പ്പറഞ്ഞവ ആത്മഗതത്തിന്റെ രൂപത്തിലുള്ള പുച്ഛമാണ്‌. ഇത്‌ മറ്റൊരു രൂപത്തില്‍ ഏറ്റവും മൗനമായി കടന്ന്‌ വരുന്ന ചില സന്ദര്‍ഭങ്ങളുണ്ട്‌. ഒരു പരിചയവുമില്ലാത്ത രണ്ട്‌ പേര്‍ പോലും ഈ വികാരത്തെ കണ്ണുകള്‍ കൊണ്ട്‌ കൈമാറുന്ന നിമിഷങ്ങള്‍. ഇതിനും ഒരു ബസ്സ്‌ യാത്ര തന്നെ ഉദാഹരിക്കാം. ബസ്സിലിരുന്ന്‌ ഒരാള്‍ അത്യുച്ചത്തില്‍ മൊബൈലില്‍ സംസാരിക്കുന്നു. അപ്പോള്‍ അടുത്തുള്ള ആളെ നോക്കി ഒരു പരിചയമില്ലെങ്കില്‍ പോലും നാം പുച്ഛം ഒറ്റ നിമിഷം കൊണ്ട്‌ കൈമാറിയിട്ടുണ്ടാകും. രണ്ട്‌ പേരുടേയും കണ്ണുകള്‍ ആ നിമിഷം പരസ്‌പരം ഉടക്കി ആ പുച്ഛത്തിന്റെ അര്‍ഥം നിമിഷാര്‍ഥം കൊണ്ട്‌ മനസ്സിലാക്കിയിട്ടുണ്ടാകും. അതിന്‌ ഭാഷ ചമച്ചാല്‍ ഇങ്ങനെ വായിക്കാം. `` കഷ്‌ടം ഇയാള്‍ ഏത്‌ നൂറ്റാണ്ടില്‍ ജീവിക്കുന്ന മനുഷ്യനാണ്‌........മറ്റാര്‍ക്കും മൊബൈലില്ലാത്തത്‌ പോലെ''
വാക്ക്‌ കൊണ്ട്‌ അല്ലെങ്കില്‍ ഒരു മൂളല്‍ കൊണ്ട്‌ നേരിട്ട്‌ തന്നെ പുച്ഛം പ്രകടിപ്പിക്കുന്ന ചിലരുണ്ട്‌. അങ്ങനെ ഒരാള്‍ കുറേ കാലത്തിന്‌ ശേഷം പരിചയമുള്ള രണ്ട്‌ പേരെ കാണുന്നു. പരിചയം പുതുക്കിയ ശേഷം അയാള്‍ ഇരുവരോടും ജോലിയെ കുറിച്ച്‌ അന്വേഷിക്കുന്നു. ഒന്നാമന്‍ പറയുന്നു `` ഞാന്‍ കൃഷിയൊക്കെയായി ഇങ്ങനെ.....'' അത്രയും കേള്‍ക്കുമ്പോള്‍ തന്നെ ചോദ്യകര്‍ത്താവിന്റെ മുഖത്ത്‌ പുച്ഛത്തിന്റെ ചുളിവുകള്‍ വീണിരിക്കും. `` ഓ കൃഷിയാ..... ഇപ്പം എന്ത്‌ കിട്ടും അത്‌ കൊണ്ട്‌''. രണ്ടാമന്റെ മുഖത്തേക്ക്‌ ചോദ്യത്തിന്റെ നോട്ടമെറിഞ്ഞ്‌ അയാള്‍ ഉത്തരം പ്രതീക്ഷിക്കുന്നു. രണ്ടാമന്‍ പറയുന്നു `` ഞാന്‍ ..... ഇന്ന ഡിപ്പാര്‍ട്ട്‌മെന്റില്‍ വര്‍ക്ക്‌ ചെയ്യുകയാണ്‌'' അപ്പോള്‍ ചോദ്യ കര്‍ത്താവിന്റെ മുഖം വികസിക്കുന്നു. `` ഓഹോ..... അതേല്ലേ.... ഇപ്പം എത്ര വര്‍ഷമായി കയറിയിട്ട്‌''
മേല്‍പ്പറഞ്ഞ വാക്ക്‌ കൊണ്ടുള്ള, ശബ്‌ദം കൊണ്ടുള്ള പുച്ഛമാണ്‌ കേരളത്തില്‍ ഏറ്റവും സുലഭമായി കിട്ടുന്നത്‌.
ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും ഈ വികാര പ്രകടനത്തിന്റെ വൈവിധ്യങ്ങള്‍ നമുക്ക്‌ മുന്നില്‍ കടന്ന്‌ വരാറുണ്ട്‌. നാമോരോരുത്തരും ഇത്‌ പ്രകടിപ്പിക്കുന്നതില്‍ ഒട്ടും പുറകിലല്ല. മുകളില്‍ പറഞ്ഞത്‌ ഏറ്റവും ചെറിയ ഉദാഹരണങ്ങള്‍ മാത്രമാണ്‌. ചുരുക്കത്തില്‍ എഴുതിയാലും എഴുതിയാലും തീരാത്ത മലയാളിയുടെ ഒരേയൊരു പൊതു വികാരവമാണ്‌ പുച്ഛം.
കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങുന്ന പ്രായത്തില്‍ നാമിത്‌ കേള്‍ക്കാനാരംഭിക്കുന്നുണ്ട്‌.
`` ഓ..... നീ ചെറുതല്ലേ നിനക്കെന്തറിയാം''.