Tuesday, January 8, 2013

ചരിത്രത്തിലേക്കൊരു ബസ്സ് സര്‍വീസ്

ബാലുശ്ശേരിയില്‍ നിന്ന് വടകരക്ക് പോകുന്ന ചിഞ്ചു ബസ്സ് ഞങ്ങളുടെ നാട്ടില്‍ കൂടിയാണ് സര്‍വീസ് നടത്തുന്നത്. ബാലുശ്ശേരി, തൃക്കുറ്റിശ്ശേരി, കൂട്ടാലിട, പേരാമ്പ്ര, ചാനിയം കടവ്, തിരുവള്ളൂര്‍ വഴി വടകര. തിരിച്ചറിവ് തുടങ്ങിയ കാലം മുതല്‍ക്ക് ഞാന്‍ ഈ ബസ്സ് കാണുന്നുണ്ട്. അതിന്നും യാതൊരു മുടക്കവുമില്ലാതെ നാട്ടിലൂടെ സര്‍വീസ് നടത്തുന്നു. അതിനിടയില്‍ പല ബസ്സുകള്‍ വന്നു പോയി. പലതും പേര് മാറി, പലതും നിറം മാറി. എന്നിട്ടും ചിഞ്ചു എന്ന ബസ്സ് മാത്രം മാറ്റമില്ലാതെ തുടരുന്നു. ചന്ദന കളറും പച്ചയും നിറമാണ് ചിഞ്ചുവിന്. (കാലപ്പഴക്കം കൊണ്ട് ബസ് മൂന്നാം തലമുറക്കാരനാണെങ്കിലും പേരും നിറവും സമയവും മാറ്റമില്ലാതെ തുടരുന്നു). 
രാവിലെ 7.15 ബാലുശ്ശേരിയില്‍ നിന്ന് സര്‍വീസ് ആരംഭിച്ച് രാത്രി എട്ട് മണിയോടെ കാട്ടാംവള്ളി പെട്രോള്‍ പമ്പില്‍ വിശ്രമിക്കാന്‍ കയറുന്ന ചിഞ്ചു പിറ്റേന്ന് കാലത്ത് കുളിച്ച് കുട്ടപ്പനായി മാലയും ചാര്‍ത്തി ചന്ദനത്തിരിയുടെ സുഗന്ധവും പരത്തി ബാലുശ്ശേരി സ്റ്റാന്‍ഡിലേക്ക് കടന്നു വരുന്നു. യാതൊരു അലോസരവുമില്ലാതെ യാത്ര തുടരുന്ന ആ ബസ്സ് ഒരത്ഭുതമാണ്. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്. മറ്റ് ബസ്സുകാരോട് സമയത്തിന്റെ പേരില്‍ തര്‍ക്കിക്കാത്ത, മാന്യമായി പെരുമാറുന്ന ജീവനക്കാരുള്ള, ചില്ലറ കൃത്യമായി തരുന്ന (ഒരു പരിധി വരെ), സമയ നിഷ്ഠ പാലിക്കുന്ന, സ്ഥിരമായി കാക്കി യൂനിഫോം ധരിക്കുന്ന ഡ്രൈവറും കണ്ടക്ടറുമുള്ള ചിഞ്ചു അത്ഭുതമല്ലാതെ മറ്റെന്താണ്. വണ്ടി കേടായതിന്റെ പേരില്‍ ഒരാള്‍ക്കും വഴിയിലിറങ്ങി പോകേണ്ടി വന്നതായി കേട്ടിട്ടില്ല. സ്ഥല നാമങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡിനുമുണ്ട് പ്രത്യേകത. മറ്റെല്ലാ ബസ്സുകളിലും വെളുത്ത ബോര്‍ഡില്‍ കറുപ്പും ചുകപ്പും നിറത്തിലാണ് സ്ഥല നാമങ്ങളെങ്കില്‍ ചിഞ്ചുവില്‍ കറുത്ത ബോര്‍ഡില്‍ മഞ്ഞ, വെള്ള നിറങ്ങളിലാണ് സ്ഥല നാമങ്ങളുള്ളത്.
ചിഞ്ചുവിന്റെ ഉടമക്ക് ഇത് കൂടാതെ നാല് ബസ്സുകള്‍ കൂടിയുണ്ട്. സരസ്വതി, മഹാലക്ഷ്മി, ശ്രീലക്ഷ്മി, ധനലക്ഷ്മി. അതില്‍ ഒട്ടും സാമ്യമില്ലാത്ത പേര് ചിഞ്ചുവിന് മാത്രം. പണ്ട് ഞങ്ങളുടെ നാട്ടിന്‍പുറത്തെ വടകരയുമായി ബന്ധിപ്പിക്കുന്ന കണ്ണിയായിരുന്നു ചിഞ്ചു. ചിഞ്ചുവിന് കണക്കാക്കി പോന്നു, ചിഞ്ചുവിന് പോകാം, നാല് മണിക്കുള്ള ചിഞ്ചുവിന് കൂട്ടാലിടയില്‍ നിന്ന് കയറാം, ചിഞ്ചു പോയോ, ചിഞ്ചു കിട്ടിയില്ല....... തുടങ്ങി അന്വേഷങ്ങളും നിരാശകളും ആശ്വാസങ്ങളും അനവധി. റോഡുകള്‍ പല തവണ പൊളിയുകയും നന്നാക്കുകയും ചെയ്തു. തലമുറകള്‍ക്ക് മാറ്റം വന്നു തുടങ്ങി. എന്നിട്ടും ചരിത്രത്തിന്റെ ഏതോ നിയോഗം പോലെ മാറ്റമില്ലാതെ ഒരു ബസ്സ് സര്‍വീസ്. അറിയുന്ന കാലം മുതല്‍ ഞാന്‍ കാണുന്നതിനാല്‍ ആ ബസ്സ് സര്‍വീസിന്റെ കാലപ്പഴക്കം എനിക്ക് തിട്ടമില്ല. ക്ഷമിക്കുക.
പക്ഷേ ഒന്നെനിക്കറിയാം.... തൃപ്പൂണിത്തുറയിലെ പഠന കാലത്ത് രാത്രി എറണാകുളത്ത് നിന്ന് പോരുന്ന ഞാന്‍ മിക്കവാറും ബാലുശ്ശേരിയില്‍ നിന്ന് രാവിലെ 7.15ന്റെ ചിഞ്ചുവിനാണ് വീടണയാറുണ്ടായിരുന്നത്. ഇടക്ക് പശുക്കറവ് നിന്ന സമയത്ത് ബാലുശ്ശേരിയില്‍ നിന്ന് മില്‍മയുടെ പായ്ക്കറ്റ് പാലും കയ്യില്‍ പിടിച്ച് ബാഗും തോളിലിട്ട് ചന്ദനത്തിരി മണക്കുന്ന ആ 'നന്മ' ബസ്സിന്റെ അകത്തേക്ക് കയറുമ്പോള്‍ യാത്രയുടെയും അലച്ചിലിന്റെയും ക്ഷീണം പമ്പകടന്ന് തെളിഞ്ഞ മനസ്സായിട്ടുണ്ടാകുമെന്ന യാഥാര്‍ത്ഥ്യം...........

No comments:

Post a Comment