Tuesday, June 4, 2013

കറുത്ത ചരിത്രത്തിന്റെ കാണാപ്പുറങ്ങള്‍

1960കളിലും 70കളുടെ പകുതി വരെയും ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ വിമോചന സമരങ്ങളുടെ പോരാളിയായിരുന്നു സ്റ്റീവന്‍ ബിക്കോ.  വംശീയ വെറിക്കെതിരെ കരുത്തുറ്റ പോരാട്ടങ്ങള്‍ നയിച്ച ആ മനുഷ്യനെ 30ാം വയസ്സില്‍ വെള്ളക്കാരുടെ പോലീസ് കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കറുത്ത വര്‍ഗ്ഗക്കാരുടെ വിദ്യാഭ്യാസ, സാമൂഹിക മുന്നേറ്റങ്ങള്‍ക്കായി പരിശ്രമിച്ച ആ ചെറുപ്പക്കാരന്‍ ഇതിഹാസ സമാനമായാണ് അവരുടെ ഇടയില്‍ ഇന്നുമുള്ളത്. വെള്ളക്കാരനൊപ്പം കറുത്തവനും ദക്ഷിണാഫ്രിക്കയില്‍ അവകാശമുണ്ടെന്ന് അയാള്‍ അധികാരികളോട് എപ്പോഴും വാദിച്ചു. വാദിച്ചുകൊണ്ട് പൊരുതി വീണു.
വെള്ളക്കാരനും ദക്ഷിണാഫ്രിക്കന്‍ പത്രപ്രവര്‍ത്തകനുമായിരുന്ന ഡൊണാള്‍ഡ് വുഡ് ബിക്കോയുടെ അടുത്ത സുഹൃത്തായിരുന്നു. ബിക്കോക്കൊപ്പം വിമോചന പോരാട്ടങ്ങളില്‍ പങ്കെടുത്തതിന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് പലായനം ചെയ്ത അദ്ദേഹം ബിക്കോയുടെ ജീവിതവും പോരാട്ടങ്ങളും മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.
വിഖ്യത സംവിധായകന്‍ റിച്ചാര്‍ഡ് ആറ്റന്‍ ബ്രോ 1987ല്‍ ബിക്കോയുടെ പോരാട്ടത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത സിനിമയായിരുന്നു ക്രൈ ഫ്രീഡം. അത് കണ്ട ശേഷമാണ് ഈ കുറിപ്പെഴുതുന്നത്. വംശവെറി എന്ന കൊള്ളരുതായ്മ ഈ 21ാം നൂറ്റാണ്ടിലും നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല.
ഘാനയില്‍ വംശ വേരുകളുള്ള ഇറ്റാലിയന്‍ ഫുട്‌ബോളര്‍ മരിയോ ബെല്ലോട്ടെല്ലി എന്ന 22കാരനാണ് ഇന്ന് വംശവെറിക്ക് ഏറ്റവും അധികം വിധേയനാകുന്നത്. സ്വന്തം രാജ്യത്തെ കാണികളും ആ ചെറുപ്പക്കാരനെ വെറുതെ വിടുന്നില്ല എന്ന് പറയുമ്പോഴാണ് അതിന്റെ ക്രൗര്യമാര്‍ന്ന ചിന്തയുടെ ഭീകരത വെളിവാക്കപ്പെടുന്നത്. യാന്ത്രവത്കൃതമായി നാം വികസിക്കുമ്പോഴും മനസ്സുകളില്‍ വികാസമുണ്ടാകുന്നില്ല എന്നത് ഭയാനകമായ അവസ്ഥയാണ്. ഈയടുത്ത് യുവേഫ അധ്യക്ഷന്‍ മിഷേല്‍ പ്ലാറ്റിനി ബെല്ലോട്ടെല്ലിയെ ഈ വിധത്തില്‍ പ്രകോപിപ്പിക്കുന്നതിനെ ശക്തമായി എതിര്‍ത്ത് രംഗത്ത് വന്നിരുന്നു.   22 വയസ്സ് മാത്രമുള്ള ആ ചെറുപ്പക്കാരനെ എന്തിനാണ് ഈ വിധത്തില്‍ അന്തമായി എതിര്‍ക്കുന്നതെന്ന് അദ്ദേഹം ചോദിക്കുകയുണ്ടായി. ഫിഫയടക്കമുള്ള സംഘടനകള്‍ ശക്തമായ നടപടികളുമായി രംഗത്തുണ്ടെങ്കിലും ഫുട്‌ബോള്‍ മൈതാനത്തെ ഈ കൊള്ളരുതായ്മക്ക് സായിപ്പന്‍മാരായ കാണികള്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നതാണ് സത്യം. യൂറോ കപ്പില്‍ ജര്‍മ്മനിക്കെതിരായ പോരാട്ടത്തില്‍ ഇറ്റാലിയന്‍ ടീമിന് വേണ്ടി വല ചലിപ്പിച്ച ശേഷം ഷര്‍ട്ടൂരി ബെല്ലോട്ടെല്ലി നിന്ന കിംഗ് കോഗ് പോസ് അയാളുടെ സ്വത്വത്തില്‍ നിന്നുണര്‍ന്ന പ്രതിഷേധ ശബ്ദമായിരുന്നു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. ആഴത്തില്‍ ചെന്നാല്‍ നമുക്കിടയില്‍ പോലും ഇത്തരത്തിലുള്ള വൈകൃത ചിന്തകളുണ്ടെന്ന് കാണാം. ആദിവാസികളുടെ അവസ്ഥ ഈ വംശവെറിയുടെ മറ്റൊരു രൂപം മാത്രമാണ്. അതിന്റെ ക്രൂരമായ മുഖമാണ് അട്ടപ്പാടിയിലെ ആദിവാസികളെ ഇന്ന് പട്ടിണി മരണങ്ങളിലേക്ക് തള്ളിവിട്ടത്. ആദിവാസികളെ കാട്ടില്‍ നിന്നിറക്കാന്‍ ശ്രമിക്കുന്നതിന് പകരം അവര്‍ക്ക് ഭക്ഷണമടക്കമുള്ള പ്രാഥമിക ആവശ്യങ്ങള്‍ക്ക് മതിയായ സൗകര്യങ്ങളും പരിഗണനയും ജീവിക്കാനുള്ള ഭൂമിയും വിദ്യാഭ്യാസപരമായ മുന്നേറ്റങ്ങള്‍ക്കുള്ള അവസരവും ഒരുക്കുകയാണ് വേണ്ടത്. അതിന് പകരം മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ അവരെ ചൂഷണം ചെയ്ത് ചെയ്ത് ഇന്നത്തെ അവസ്ഥയിലെത്തിച്ചു.
ഞാനും നിങ്ങളും ഉള്‍പ്പെടുന്ന നമ്മള്‍ എന്ന വര്‍ഗ്ഗത്തിന് ഇതൊന്നും മനസ്സിലായിക്കൊള്ളണമെന്നില്ല. കാരണം മൂന്ന് നേരം ഭക്ഷണം ഒരുവിധം തട്ടിയൊപ്പിച്ച് നമുക്ക് കിട്ടുന്നുണ്ട്. പക്ഷേ നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ കിടന്ന് ഒരാള്‍ എന്തോ പറയുന്നുണ്ട്.............. അത് കേള്‍ക്കുന്നില്ലെങ്കില്‍ ഇനിയും നാം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ചുരുക്കം!!!
മാര്‍ട്ടിന്‍ ലൂഥര്‍കിംഗിനും ജെസ്സി ഓവാന്‍സിനും മുഹമ്മദലിക്കും നെല്‍സണ്‍ മണ്ടേലക്കും പിന്നെ ഏറ്റവും പ്രിയപ്പെട്ട മരിയോക്കും പരിശുദ്ധവും കരുത്തുറ്റതുമായ സിംഹ ഹൃദയം കൊണ്ടുനടക്കുന്ന ലോകത്തിലെ എല്ലാ കറുത്ത വര്‍ഗ്ഗക്കാര്‍ക്കും  അവരുടെ ഓരോ പോരാട്ടങ്ങള്‍ക്കും ഐക്യദാര്‍ഢ്യവും ഒപ്പം ഹൃദയ നമസ്‌ക്കാരവും.

No comments:

Post a Comment