Friday, June 28, 2013

രണ്ട് ഏകാന്തതകള്‍..........

എന്‍ എസ് മാധവന്‍ ഹിഗ്വിറ്റ എന്ന ചെറുകഥയുടെ തുടക്കത്തില്‍ ഇങ്ങനെ പ്രയോഗിക്കുന്നുണ്ട്. ''പെനാല്‍റ്റി കിക്ക് കാത്തു നില്‍ക്കുന്ന ഗോളിയുടെ ഏകാന്തത'' വല്ലാത്തൊരു എകാന്തതയാണ് അത്. ഗോള്‍ പോസ്റ്റിന് കീഴില്‍ ഒറ്റക്ക് നിഷ്പ്രയാസം ഗോളടിക്കാനായി വരുന്നവരെ കാത്ത് നില്‍ക്കുന്ന ആ രംഗം.
കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ രണ്ടാം സെമിയില്‍ സ്‌പെയിനും ഇറ്റലിയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ അത് ക്ലാസിക് പോരായി മാറി. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍ ഒഴിഞ്ഞു നിന്നപ്പോള്‍ വിജയികളെ തീരുമാനിച്ചത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍. കളി കണ്ടിരുന്നപ്പോള്‍ ഞാന്‍ ചിന്തിച്ചത് ആ രണ്ട് പേരെ കുറിച്ചായിരുന്നു. പിയര്‍ലൂജി ബുഫണും ഇകര്‍ കാസിയസും. 120 മിനുട്ടും ഗോള്‍ നേടാന്‍ ഇരു ടീമിനും കഴിയാതെ പോയത് ഈ രണ്ട് സിംഹ ഹൃദയജ്ഞരും ഗോള്‍ വല കാത്തത് കൊണ്ടാണ്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇരു ടീമുകളും അഞ്ച് ഗോള്‍ വീതം അടിച്ച് തുല്ല്യത പാലിച്ചപ്പോള്‍ ഇറ്റലിയുടെ ആറാം ഗോള്‍ എടുത്ത ബൊനൂച്ചി പുറത്തേക്ക് അടിച്ചു കളഞ്ഞു. സ്‌പെയിനിന്റെ ജീസസ് നവാസ് ലക്ഷ്യം കണ്ടതോടെ സ്‌പെയിന്‍ വിജയിച്ചു. ഇവിടെ മറ്റൊരു കാര്യമാണ് ശ്രദ്ധേയം. ഇരു ടീമംഗങ്ങളും കൂടിയെടുത്ത പതിനാല് കിക്കില്‍ ഒരെണ്ണവും ബുഫണും കാസിയസും തടുത്തിട്ടില്ല എന്നതാണ്.
ചില ഏകാന്തതകള്‍ അങ്ങിനെയാണ്..... 35കാരനായ ബുഫണും 32കാരനായ കാസിയസും എത്രയോ കഠിനമായ പരീക്ഷണങ്ങളെ അതിജീവിച്ചവരാണ്. ഏകാന്തമായ ആ നില്‍പ്പില്‍ അവര്‍ ചിന്തിച്ചത് എന്തായിരിക്കും...? വിശാലമായ മൈതാനത്തിന്റെ രണ്ട് അറ്റങ്ങളില്‍ ലോകത്തിലെ ഇതിഹാസ സമാനരായ രണ്ട് കാവല്‍ക്കാര്‍ ഹോ!!! എന്തൊരു കാഴ്ച്ചയാണത്. ഇരുവരും സംഗീതജ്ഞരാണ്. ഒരാള്‍ ബീഥോവനും മറ്റൊരാള്‍ മൊസാര്‍ട്ടും. അല്ലെങ്കില്‍ ഇരുവരും സ്ഥൈര്യ രാഗങ്ങളാണ്. ഒരാള്‍ ഹംസാനന്ദിയും മറ്റൊരാള്‍ ഹംസനാദവും.  മൈതാനം പിയാനോയായി രൂപപ്പെടുന്നു. അറ്റങ്ങളില്‍ നിന്ന് ഇരുവരുടെയും സംഗീത സംവിധാനത്തില്‍ ഫുട്‌ബോള്‍ എന്ന കായികം ഒരു കലയായി മാറുന്നു.
വര്‍ത്തമാനകാല ഫുട്‌ബോളിലെ രണ്ട് അതികായന്‍മാരായ ഗോളിമാരാണ് ഇറ്റലിയുടെ പിയര്‍ലൂജി ബുഫണും സ്‌പെയിനിന്റെ ഇകര്‍ കാസിയസും. ഇരുവരും തമ്മില്‍ സാമ്യങ്ങളേറെ. രണ്ട് പേരും ദേശീയ ടീമിന്റെയും രാജ്യത്തെ പ്രമുഖ ക്ലബ്ബുകളുടെയും നായകന്‍മാര്‍. ബുഫണ്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റസിന്റെയും കാസിയസ് സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെയും. ഇരുവരും ലോകകപ്പ് ഉയര്‍ത്തിയ നായകന്‍മാര്‍. മൈതാനത്തിനകത്തും പുറത്തും ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്ന അടിമുടി മാന്യന്‍മാരായ കാവല്‍ക്കാര്‍.
പോരാട്ടങ്ങളെ ആത്മവീര്യത്തോടെ നേരിടുക എന്നത് കരുത്താണ്. ആ കരുത്തിന്റെ അടയാളപ്പെടുത്തലുകളാണ് ബുഫണും കാസിയസും. പല കാലുകളിലൂടെ മറിഞ്ഞെത്തുന്ന വെളുത്ത പന്തിനെ ഒരു തൂവല്‍ കണക്കെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന ഇരുവരുടെയും അഭിജാതമായ രൂപം കാലമെത്ര കഴിഞ്ഞാലും മായാതെ കിടക്കും. സത്യം..... ഇരുവര്‍ക്കും പ്രായാകാതിരുന്നെങ്കില്‍... ഇരുവരും വിരമിക്കാതിരുന്നെങ്കില്‍..... അതെല്ലാം വെറുതെയാണെന്നറിയാമെങ്കിലും. ഭ്രാന്തമായ ആവേശത്തോടെ ഇരുവരെയും സ്‌നേഹിക്കുമ്പോള്‍ (ആരാധനയല്ല) ആരുടെ ഭാഗം ചേരും എന്നത് അങ്കലാപ്പിലാക്കുന്ന ചോദ്യമാണ്. ആ ചോദ്യം  ''പെനാല്‍റ്റി കിക്ക് കാത്തു നില്‍ക്കുന്ന ഗോളിയുടെ ഏകാന്തത'' പോലെ ഒറ്റക്കങ്ങനെ മനസ്സില്‍ തൂങ്ങി നില്‍ക്കട്ടെ അല്ലേ................

No comments:

Post a Comment