Tuesday, July 23, 2013

മില്‍ഖാ... സല്യൂട്ട്... ആ സിംഹ ഹൃദയത്തിന്

1960 റോം ഒളിമ്പിക്‌സില്‍ 400 മീറ്ററിന്റെ ഫിനിഷിംഗ് ലൈനില്‍ വെച്ച് ഇന്ത്യയുടെ മില്‍ഖാ സിംഗ് തിരിഞ്ഞു നോക്കിയത് എന്തിനായിരുന്നു......... വിഭജനത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ പേറി പലായനം ചെയ്യേണ്ടി വന്ന തന്റെ കുട്ടിക്കാലത്തെ ആ നിമിഷം മില്‍ഖ ഓര്‍ത്തിരുന്നുവോ. അറിയില്ല. അതങ്ങിനെ സംഭവിക്കണമെന്ന് ആരോ മുന്‍കൂട്ടി ഏഴുതി വെച്ചതായിരിക്കണം.........................................................................
കോഴിക്കോടിന്റെ ചരിത്രത്തിനൊപ്പം കൂട്ടി വായിക്കേണ്ട പേരാണ് ക്രൗണ്‍ തിയേറ്ററിന്റെ ഭൂതകാലം. കോഴിക്കോട്ടുകാരെ ഇംഗ്ലീഷ് സിനിമ കാണാന്‍ പഠിപ്പിച്ച കൊട്ടക. ആ കൊട്ടകയുടെ ശീതീകരിച്ച മുറിയിലിരുന്ന് ഭാഗ് മില്‍ഖ ഭാഗ് എന്ന രാകേഷ് ഓംപ്രകാശ് മെഹ്‌റയുടെ ഹിന്ദി സിനിമ കണ്ടു. ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ എന്തുകൊണ്ടും യോഗ്യത വലിയ ഭൂതകാലത്തിന്റെ അകമ്പടിയുള്ള ക്രൗണിന് തന്നെയാണ്. സിനിമ തുടങ്ങുന്നത് റോം ഒളിമ്പിക്‌സ് സ്റ്റേഡിയത്തിലെ ട്രാക്കില്‍ വെച്ച് മില്‍ഖക്ക് മെഡല്‍ നഷ്ടപ്പെട്ട ഷോട്ടോടെയാണ്. അസാമാന്യ കൈയടക്കത്തോടെ ജീവിച്ചിരിക്കുന്ന ഇതിഹാസത്തെ മെഹ്‌റ സെല്ലുലോയ്ഡിലേക്ക് പകര്‍ത്തിയിരിക്കുന്നു. മില്‍ഖയായി പരകായ പ്രവേശം നടത്തിയ ഫര്‍ഹാന്‍ അക്തറിന്റെ പ്രകടനവും ഗംഭീരം. മൂന്ന് മണിക്കൂര്‍ ചിരിച്ചും ചിന്തിച്ചും പ്രണയിച്ചും ഇടക്ക് വിതുമ്പിയും പൊട്ടിക്കരഞ്ഞും രോമാഞ്ചം കൊണ്ടും ഒരു നീണ്ട കായിക ചരിത്രത്തെ  ഹൃദയത്തിലേക്ക് പടര്‍ത്തി. തിയേറ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ മനസ്സ് നിറയെ വികാരങ്ങളുടെ പെരുമഴയായിരുന്നു. പുറത്തേക്കിറങ്ങിയപ്പോള്‍ മഴ തോര്‍ന്ന് തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു...........................................
ആരാണ് മില്‍ഖ സിംഗ്? കപില്‍ ദേവിനും പി ടി ഉഷക്കും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും ലിയാണ്ടര്‍ പേസിനും മുമ്പ് ഇന്ത്യന്‍ കായിക സ്വപ്‌നങ്ങളെ ലോകത്തോളം ഓടിച്ച കരുത്തന്‍. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്ന മഹാ സത്യത്തെ ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ ഉജ്ജ്വലനായ പട്ടാളക്കാരനും അത്‌ലറ്റും. ദ ഫ്‌ളൈയിംഗ് സിഖ് എന്ന അപര നാമത്തില്‍ അറിയപ്പെട്ട ഇന്ത്യയുടെ ഒരേയൊരു ഇതിഹാസ അത്‌ലറ്റ്. വിഭജന കാലത്ത് എല്ലാം നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടി വന്നതിന്റെ തിക്താനുഭവങ്ങളില്‍ നിന്നാണ് ആ അത്‌ലറ്റ് പിറവിയെടുത്തത്. ഇന്നത്തെ പാക്കിസ്ഥാനിലുള്ള ഗോവിന്ദ്പുരയിലെ ചുട്ടു പഴുത്ത മണലിലൂടെ ഓടി തുടങ്ങി അഭയാര്‍ഥി ക്യാമ്പില്‍ താമസിച്ച്, തീവണ്ടിയില്‍ നിന്ന് കല്‍ക്കരി മോഷ്ടിച്ച്, ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് തീഹാര്‍ ജയിലില്‍ അടക്കപ്പെട്ട് ഒടുവില്‍ പട്ടാള ക്യാമ്പില്‍ നിന്ന് ഏറ്റവും ഇഷ്ടപ്പെട്ട പാലിനായി ഓട്ടം ശക്തമാക്കിയ മില്‍ഖ പിന്നീട് ഇന്ത്യന്‍ കായിക സംസ്‌കാരത്തെ മാറ്റി പണിയാന്‍ നിയുക്തനായത് കാലത്തിന്റെ കാവ്യ നീതി .........................
ഓടാനായി മാത്രം പിറന്ന മില്‍ഖ, കാമുകനായിരുന്നു നര്‍ത്തകനായിരുന്നു സംഗീതജ്ഞനായിരുന്നു. അതിലെല്ലാം ഓട്ടത്തിന്റെ ചടുലതയുണ്ട്. ആ വികാരങ്ങളുടെയെല്ലാം താളം ഒന്നായിരുന്നു. പരാജയപ്പെടുന്ന ഓരോ നിമിഷത്തിലും തിരിച്ചടിക്കാനുള്ള കരുത്ത് മനുഷ്യന് ഉണ്ടാകുന്നത് ജീവിതാനുഭവങ്ങളില്‍ നിന്നാണെന്ന് ഓട്ടത്തിലൂടെ അയാള്‍ തെളിയിച്ചു. കഠിനമായ ജീവിത സമരങ്ങള്‍, കയ്‌പ്പേറിയ അനുഭവങ്ങള്‍, ഉയിര്‍പ്പുകളും പതനങ്ങളും ഇച്ഛാഭംഗങ്ങളും എല്ലാം ചേര്‍ന്ന് നോക്കിയിട്ടും മില്‍ഖയിലെ പോരാളിയെ തളക്കാന്‍ സാധിച്ചില്ല. കവി പറഞ്ഞത് പോലെ ഈശ്വരനോ മാന്ത്രികനോ ഒന്നുമായിരുന്നില്ല ആ സര്‍ദാര്‍ജി. പച്ചയായ മനുഷ്യനായിരുന്നു, വൈകാരികമായ മനുഷ്യത്വമായിരുന്നു...................................
പ്രിയപ്പെട്ട മില്‍ഖ നന്ദി... ജീവിതം കൊണ്ട് ആത്മവിശ്വാസത്തെയും ദൃഢനിശ്ചയത്തെയും കൃത്യമായി നിര്‍വചിച്ചതിന്. വാക്കുകള്‍ കൊണ്ട്, ഹൃദയം കൊണ്ട്, മൗനം കൊണ്ട് 78ല്‍ എത്തിനില്‍ക്കുന്ന അങ്ങയുടെ ആ സിംഹ ഹൃദയത്തിന് വലിയ വലിയ സല്യൂട്ട്........

No comments:

Post a Comment