Monday, January 28, 2013

പരമാനന്ദത്തിന്റെ ഹംസനാദങ്ങള്‍


കാവ്യാത്മകത അതിന്റെ പൂര്‍ണത കൈവരിക്കുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. അത്തരത്തിലൊന്നാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി ടെന്നീസ് ലോകത്ത് കാണുന്നത്. ഏതാണ്ട് രണ്ടായിരത്തി ഏഴ് മുതല്‍ അത് പൂര്‍ണതയില്‍ പരിലസിക്കുന്ന കാഴ്ച്ച അത്ഭുതാവഹമാണ്. എന്തൊരു ചടുലതയാണ്. എന്തൊരു വശ്യതയാണ്. അത് പുല്‍ത്തകിടിയോ, കളിമണ്‍ കോര്‍ട്ടോ, ഹാര്‍ഡ് കോര്‍ട്ടോ ആയിക്കോട്ടെ. പുരുഷന്‍മാരുടെ സിംഗിള്‍സ് കോര്‍ട്ടിലെ സെമി, ഫൈനല്‍ മത്സരങ്ങള്‍ നാല് പേരില്‍ ചുരുങ്ങുന്ന സൗന്ദര്യാത്മകത വാക്കുകള്‍ക്ക് അതീതം. റോജര്‍ ഫെഡറര്‍, നൊവാക് ദ്യോക്കോവിച്ച്, ആന്‍ഡി മുറെ, റാഫേല്‍ നദാല്‍ വര്‍ത്തമാന ടെന്നീസിലെ മഹാരഥന്‍മാരായ നാല് പേര്‍. ഈ സുവര്‍ണ തലമുറയുടെ  റാക്കറ്റില്‍ വിരിയുന്ന കാവ്യ ശകലങ്ങള്‍ക്ക് പൊടിപ്പും തൊങ്ങലും വെച്ച ചമല്‍ക്കാരങ്ങള്‍ ആവശ്യമില്ല. ഒരേ സമയം ലൗകികവും ആത്മീയവുമായ മേച്ചില്‍ പുറങ്ങളിലേക്ക് അവര്‍ കാഴ്ച്ചക്കാരനെ സഞ്ചരിപ്പിക്കുന്നു. നദാല്‍ പരുക്കേറ്റ് കുറച്ച് കാലമായി മൈതാനത്തില്ലെങ്കിലും അയാള്‍ അവശേഷിപ്പിച്ച് പോയ ഓര്‍മകള്‍, അതിന്റെ അലയൊലികള്‍ ബാക്കി മൂവരും ചേര്‍ന്ന് ഇപ്പോഴും പൂര്‍ത്തിയാക്കുന്നു. ഇക്കഴിഞ്ഞ ആസ്‌ത്രേലിയന്‍ ഓപ്പണിലും അതിന് മാറ്റം കണ്ടില്ല. ഫെഡററെ കീഴടക്കി മുറെ ഫൈനലിലെത്തുന്നു. ഫൈനലില്‍ ദ്യോക്കോവിച്ച് മുറെയ തോല്‍പ്പിക്കുന്നു. കഴിഞ്ഞ യു എസ് ഓപണില്‍ മുറെ ദ്യോക്കോവിച്ചിനെ പരാജയപ്പെടുത്തി കിരീടം നേടുന്നു. വിംബിള്‍ഡണില്‍ മുറെയെ കീഴടക്കി ഫെഡറര്‍ കപ്പുയര്‍ത്തുന്നു........ നോക്കു ഒരു നദി അതിന്റെ ഒഴുക്ക് തുടരുന്നത് പോലെ, കടലിലെ തിരകള്‍ മാറി മാറി വരുന്നത് പോലെ........ പ്രസവോദ്യുക്തമായ ജൈവധാരയുടെ കായികമായ നിരന്തരതകള്‍.............................. ആശാന്റെ വീണപൂവും ചങ്ങമ്പുഴയുടെ രമണനും കക്കാടിന്റെ സഫലമീ യാത്രയും വൈലോപ്പിള്ളിയുടെ ഊഞ്ഞാലിലും ജീയുടെ സാഗര ഗീതവും ആറ്റൂരിന്റെ സംക്രമണവും കുരീപ്പുഴയുടെ അമ്മ മലയാളവും വായിക്കുന്ന കേള്‍ക്കുന്ന പാടുന്ന അതേ വൈകാരികതയില്‍ ഒരു കപ്പ് ചായയും കഴിച്ച് ഒരു മുറുക്കാനും വായിലിട്ട് ഈ ജനലിലൂടെ മൈതാനത്തേക്ക് നോക്കുമ്പോള്‍ അറിയുന്നു. റാക്കറ്റില്‍ നിന്ന് സര്‍വുകള്‍ ഭേദിച്ച് പായുന്ന ആ മഞ്ഞ നിറത്തിലുള്ള കുഞ്ഞ് പന്തുകള്‍ ഹൃദയത്തിലേക്ക് ആത്മരതിയുടെ പൂക്കള്‍ വര്‍ഷിക്കുന്നത്. പരമാനന്ദത്തിന്റെ ഹംസനാദങ്ങള്‍.........

No comments:

Post a Comment