Tuesday, June 25, 2013

നിഷ്‌കളങ്കതയുടെ ചിത്രശാല

ഓഫീസിന് പുറത്ത് കനത്ത മഴ പെയ്യുന്നു. മോണിട്ടറിലേക്ക് ഈ അക്ഷരങ്ങളെ പകര്‍ത്തുമ്പോള്‍ പുറത്തെ മഴയെ ഞാന്‍ എന്നിലേക്ക് പടര്‍ത്തുന്നു. ഈ മഴക്കാലം കുട്ടിക്കാലത്തിന്റെ ബാക്കിയാണ്. ഒരിക്കലും തിരിച്ചു വരാത്ത, കവി പറഞ്ഞതുപോലെ സുഗന്ധമുള്ള ഓര്‍മ്മകള്‍ നിറഞ്ഞ നിഷ്‌കളങ്കതയുടെ ചിത്രശാല.
ഇന്ന് കൈരളിയില്‍ പോയി അഞ്ച് സുന്ദരികള്‍ സിനിമ കണ്ടു. അതില്‍ എം മുകുന്ദന്റെ കഥയില്‍ ഷൈജു ഖാലിദ് സംവിധാനം ചെയ്ത സേതുലക്ഷ്മി എന്ന സിനിമ വല്ലാതെ ഇഷ്ടപ്പെട്ടു. കാരണം സ്‌കൂള്‍ ജീവിതത്തിന്റെ മഴവില്‍ വര്‍ണ്ണങ്ങളായിരുന്നു അതില്‍ നിറയെ. മറ്റൊരു തലത്തിലും ആ സിനിമ പ്രസക്തമായ ഒരു കാര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. അതില്‍ ഒരു രംഗത്തില്‍ സ്‌കൂളിലെ സിനിമാ പ്രദര്‍ശനം കാണിക്കുന്നുണ്ട്. യാത്ര എന്ന മമ്മൂട്ടി ചിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്. കുഞ്ഞിക്കണ്ണുകളിലെ വിസ്മയങ്ങളെ സംവിധായകന്‍ അതില്‍ ഗംഭീരമായി പകര്‍ത്തിയിട്ടുണ്ട്.
ഞാന്‍ ഓര്‍ക്കുകയായിരുന്നു. തൃക്കുറ്റിശ്ശേരി സര്‍ക്കാര്‍ യു പി സ്‌കൂളിലെ ആ വലിയ നീളത്തിലുള്ള മുറി. അതിന്റെ വടക്കേ മൂലയിലുള്ള ചുവരില്‍ (അന്ന് ആ ഭാഗത്ത് അഞ്ച് എ ക്ലാസായിരുന്നു. സംസ്‌കൃതം പഠിപ്പിച്ചിരുന്ന വിജയന്‍ മാഷ് ക്ലാസ് മാഷായിരുന്ന അഞ്ച് എ ) വലിച്ചു കെട്ടിയ വെള്ള തുണിയില്‍ നെല്ലും വെള്ളാനകളുടെ നാടും കണ്ട എന്റെ കുട്ടിക്കാലത്തെ കണ്ണുകളെ കുറിച്ച്. നെല്ല് പ്രദര്‍ശിപ്പിച്ചത് ഏതോ ക്ലബിന്റെ ധനശേഖരണാര്‍ഥമായിരുന്നു. (നിരഞ്ജനയോ, സൂര്യയോ, സരിഗയോ ആണ് ഓര്‍മ്മയില്‍ തെളിയുന്നില്ല) ധനശേഖരണാര്‍ഥം എന്ന വാക്ക് ആദ്യമായി കേട്ടതും അന്നാണ്. റോസ് നിറത്തിലുള്ള പത്ത് രൂപയുടെ ടിക്കറ്റായിരുന്നു എന്റെ കൈയിലുണ്ടായിരുന്നത്. വയലാറിന്റെ പ്രസിദ്ധമായ കദളി ചെങ്കദളി എന്ന പാട്ട് ലതാ മങ്കേഷ്‌കറിന്റെ അവ്യക്തമായ മലയാളത്തില്‍ കേട്ടതും ഓര്‍മ്മയിലുണ്ട്. പിന്നീടാണ് വെള്ളാനകളുടെ നാട് കണ്ടത്. ആ സിനിമ കാണുമ്പോള്‍ കറുത്ത നിറത്തില്‍ മാത്രം കണ്ടിട്ടുള്ള ആനകളായിരുന്നു ഉള്ളില്‍. അപ്പോള്‍ വെളുത്ത ആനകള്‍ എവിടെയാകും എന്നാണ് ചിന്തിച്ചിരുന്നത്. വെള്ളാനകള്‍ സ്‌ക്രീനിലേക്ക് ഇറങ്ങി വരുന്നതും കാത്ത് ഞാനിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല.
ഇന്ന് ആ ഹാളില്ല. സ്‌കൂളുമില്ല. സ്‌കൂള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. വെള്ളയും കറുപ്പും നിറത്തിലുള്ള ആ കെട്ടിടത്തിന്റെ ഒരു ഭാഗം മാത്രമാണ് ഇപ്പോഴുള്ളത്. അവിടെ ഒരു സോപ്പ് ഫാക്ടറി ഉണ്ടായിരുന്നു. പിന്നീട് ഫര്‍ണ്ണിച്ചര്‍ പണികള്‍ നടത്തുന്നവരായിരുന്നു എന്ന് തോന്നുന്നു. ഇപ്പോള്‍ തേങ്ങാ കച്ചവടമോ മറ്റോ ആണ് അവിടെ ഉള്ളത്.....
വിസ്മയ കാഴ്ച്ചകള്‍ നിറച്ച സൗമ്യ നിമിഷങ്ങളായിരുന്നു സേതുലക്ഷ്മി എന്ന സിനിമ കഴിയും വരെ ഉള്ളില്‍ നിറഞ്ഞത്. ഇത് കുറിക്കുമ്പോഴും ആ സിനിമയിലെ കൊച്ചു പെണ്‍കുട്ടിയുടെ കളങ്കമില്ലത്ത കണ്ണുകളും കൗതുകങ്ങളും മുഖത്തെ നുണക്കുഴിയും പാതി വന്ന പല്ലുകളും വീണ്ടും തെളിയുന്നു. ഒടുവില്‍ നൊമ്പരവും ഒരുപാട് ചോദ്യങ്ങളും മനസ്സിലേക്ക് തീയായി കോരിയിട്ടാണ് ആ മുകുന്ദന്‍ കഥയുടെ സെല്ലുലോയ്ഡ് ഭാഷ്യം അവസാനിച്ചത്............
പുറത്ത് മഴ ..........
ഇപ്പോഴും.............................................

No comments:

Post a Comment