Saturday, July 30, 2011

``ഇത്രയും കാലം ഞാന്‍ നിങ്ങളെ ആനന്ദിപ്പിച്ചുവോ''...?

മനുഷ്യന്റെ ഇച്ഛാശക്തിയുടെ ക്രിക്കറ്റ്‌ മൈതാനത്തെ പ്രതീകമായിരുന്നു ബ്രയാന്‍ ചാള്‍സ്‌ ലാറ. നീണ്ട 19 വര്‍ഷത്തെ കായിക ജീവിതത്തില്‍, നിലനില്‍പ്പിനായി പെടാപാട്‌ പെട്ട ഒരു ടീമിന്റെ മുഴുവന്‍ ഭാരവും ഒറ്റക്ക്‌ ചുമക്കേണ്ടി വന്ന ഒരു കളിക്കാരന്‍. പ്രൗഢമായൊരു ഗതകാലമുണ്ടായിരുന്ന വെസ്റ്റിന്ത്യന്‍ ക്രിക്കറ്റിന്റെ നാശത്തിന്റെ തുടക്കത്തിലാണ്‌ ലാറയെന്ന കറുത്ത കുറിയ മനുഷ്യന്‍ ടീമിലെത്തുന്നത്‌. പിന്നീട്‌ വെസ്റ്റിന്‍ഡീസ്‌ ടീം ലാറയായിരുന്നു. ലാറ ഫോമിലെത്തിയാല്‍ അവര്‍ ജയിക്കുന്നു. അയാള്‍ പരാജയപ്പെട്ടാല്‍ ടീം പരാജയപ്പെട്ടതായി കണക്കാക്കുന്നു.
ടെസ്റ്റ്‌ മത്സരങ്ങളായിരുന്നു ലാറയുടെ തട്ടകം. അഞ്ച്‌ ദിവസം നീണ്ട്‌ നില്‍ക്കുന്ന ടെസ്റ്റ്‌ മത്സരങ്ങള്‍ കളിക്കാരന്റെ ഏകാഗ്രത പരീക്ഷിക്കപ്പെടുന്ന വേദിയാണ്‌. അവിടെ ലാറ അജയ്യനായിരുന്നു. ദീര്‍ഘമായ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ അയാള്‍ക്ക്‌ നിഷ്‌പ്രയാസം സാധിക്കുന്നു. ഒമ്പത്‌ ഡബിള്‍ സെഞ്ച്വറികള്‍ ഇതിന്‌ തെളിവാണ്‌. ഇതില്‍ ഒരു ക്വാഡ്രബിളും(400 നോട്ടൗട്ട്‌) ഒരു ട്രിപ്പിളും(375) ഉള്‍പ്പെടുന്നു. ഫസ്റ്റ്‌ ക്‌ളാസ്‌ ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോറും ലാറയുടെ പേരിലാണ്‌(501 നോട്ടൗട്ട്‌). ഇതില്‍ 400, 501 എന്നിവ ഇപ്പോഴും തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡാണ്‌. രണ്ടിലും ലാറയെ പുറത്താക്കാന്‍ ബൗളര്‍ക്ക്‌ കഴിഞ്ഞില്ല എന്ന്‌ പറയുമ്പോള്‍ ആലോചിക്കുക ആ ഇന്നിംഗ്‌സുകള്‍ കെട്ടിപ്പടുക്കാന്‍ അയാള്‍ കാണിച്ച സൂക്ഷ്‌മത.
ലാറ ജീനിയസായിരുന്നു. പരിശീലിച്ചാല്‍ നശിച്ചുപോകുന്ന നൈസര്‍ഗിക വാസന ആവോളം ഉള്ള അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു ക്രിക്കറ്റ്‌ ജന്മം. അതുകൊണ്ട്‌ തന്നെ പരിശീലന സമയങ്ങളില്‍ ലാറ മൈതാനത്തേക്ക്‌ വന്നില്ല. ക്രിക്കറ്റ്‌ നിഘണ്ടുവിലില്ലാത്തതും ആര്‍ക്കും അനുകരിക്കാന്‍ കഴിയാത്തതുമായ പല ഷോട്ടുകളും ആ ബാറ്റ്‌ ലോകത്തിന്‌ പരിചയപ്പെടുത്തി. വിജയത്തിനും പരാജയത്തിനുമപ്പുറത്ത്‌ ബാറ്റിംഗ്‌ ഒരു സുന്ദരമായ കലയാണെന്നും ക്രിക്കറ്റ്‌ എങ്ങനെ ആസ്വദിക്കാമെന്നും ലാറ ലോകത്തെ പഠിപ്പിച്ചു.
2007ല്‍ നാട്ടില്‍ നടന്ന ലോകകപ്പോടെ അന്താരാഷ്‌ട്ര ക്രിക്കറ്റിനോട്‌ വിട പറഞ്ഞ ലാറ അവസാന മത്സരത്തില്‍ നേടിയത്‌ 18 റണ്‍സാണ്‌. അന്ന്‌ റണ്ണൗട്ടായി മടങ്ങിയ ലാറയുടെ വിക്കറ്റിന്‌ ഒരു ബൗളര്‍ക്കും അവകാശിയാകാന്‍ കഴിഞ്ഞില്ല എന്നത്‌ ഒരു കാവ്യ നീതിയായിരിക്കാം. വിജയം ശീലമാക്കിയ ഒരു ടീമിലായിരുന്നു ലാറയെങ്കില്‍ കഥ മറ്റൊന്നായേനെ. എങ്കിലും ലാറ ക്രിക്കറ്റിലെ ഒരു നിറവായിരുന്നു. അതി സങ്കീര്‍ണ്ണമായ പല ഘട്ടങ്ങളിലും അയാള്‍ ഒറ്റക്ക്‌ ടീമിനെ വിജയത്തിലേക്ക്‌ കൈപിടിച്ച്‌ നടത്തിയത്‌ ക്രിക്കറ്റ്‌ ലോകം അദ്‌ഭുതത്തോടെ കണ്ടു നിന്നു. നീണ്ട 19 വര്‍ഷക്കാലവും തുളവീണ ഒരു കപ്പലിന്റെ കപ്പിത്താനാവാനായിരുന്നു ലാറക്ക്‌ യോഗം. എങ്കിലും അയാള്‍ അവശേഷിപ്പിച്ച കാലിപ്‌സോ സംഗീതം പോലെ ലഹരി നിറഞ്ഞ ഇന്നിംഗ്‌സുകള്‍ മറവിക്ക്‌ കീഴടങ്ങാന്‍ കൂട്ടാക്കില്ലെന്ന്‌ ഉറപ്പാണ്‌
....... അന്ന്‌ കെന്‍സിംഗ്‌ടണ്‍ ഓവലില്‍ തടിച്ച്‌ കൂടിയ ജനങ്ങളോട്‌ അവസാന മത്സരം കളിച്ച ലാറ ചോദിച്ചു...... ``ഇത്രയും കാലം ഞാന്‍ നിങ്ങളെ ആനന്ദിപ്പിച്ചുവോ''...?

Wednesday, July 27, 2011

കവിത പോലെ മധുരമാക്കി ഉറൂഗ്വെ

കാല്‍പ്പന്തിനെ കവിത പോലെ മധുരമാക്കി കോപ്പ അമേരിക്ക ഉറൂഗ്വെ സ്വന്തമാക്കി. കാവ്യനീതീയുടെ ഏറ്റവും ലളിതമായ ഒരു സാധൂകരണമാണ്‌ ഫോര്‍ലാനും സംഘവും കീരിട നേട്ടത്തിലൂടെ കാണിച്ചു തന്നത്‌. ഏറ്റവും കൂടുതല്‍ കോപ്പ നേടിയ ടീമെന്ന ഖ്യാതിയും 15ാം കിരീടത്തിലൂടെ ഉറൂഗ്വെ സ്വന്തമാക്കി. ആദ്യത്തെ കോപ്പ അമേരിക്ക ജേതാക്കള്‍ ആദ്യത്തെ ലോക ചാമ്പ്യന്‍മാര്‍ തുടങ്ങി ഒട്ടനവധി വിശേഷണങ്ങള്‍ ഉള്ള ഒരു ടീം. എന്നിട്ടും അവര്‍ ചരിത്രത്തിന്റെ പുറമ്പോക്കുകള്‍ എവിടെയോ അലഞ്ഞു തിരിയാന്‍ വിധിക്കപ്പെട്ടു. അര്‍ജന്റീനയും ബ്രസീലും അടക്കമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ജൈത്രയാത്ര തുടങ്ങുമ്പോള്‍ ഉറൂഗ്വെ നിഷ്‌കാസിതരാക്കപ്പെട്ട ഒരു കൂട്ടമായി രൂപാന്തരപ്പെട്ടു. ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരുടെ നെഞ്ചിലെ പൊള്ളുന്ന ഓര്‍മ്മകള്‍ മാത്രമായി അവര്‍.
ആദ്യ കോപ്പാ അമേരിക്ക ടൂര്‍ണ്ണമെന്റില്‍ വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തില്‍ വെച്ച്‌ രണ്ട്‌ ലക്ഷം കാണികളെ സാക്ഷിനിര്‍ത്തി ബ്രസീലിനെ ഇച്ഛാശക്തി കൊണ്ട്‌ മറികടന്ന ഉറൂഗ്വെ അവിടെ തുടങ്ങി തങ്ങളുടെ അധീശത്വം സ്ഥാപിക്കാനുള്ള തേരോട്ടം. ആദ്യ രണ്ട്‌ ലോകകപ്പുകള്‍ നേടുന്നതില്‍ വരെ എത്തി അവര്‍ എന്ന്‌ പറയുമ്പോള്‍ ആലോചിക്കുക ഉറൂഗ്വെ ഫുട്‌ബോള്‍ മൈതാനത്ത്‌ വിരിയിച്ച സര്‍ഗ്ഗ വസന്തത്തിന്റെ മഹത്വം. കേവലം നേരമ്പോക്കു മാത്രമായിരുന്ന കാല്‍പ്പന്ത്‌ കളിയെ അതിജീവനത്തിന്റെ രസതന്ത്രമാക്കി രൂപപ്പെടുത്തിയവരായിരുന്നു ഉറൂഗ്വെ. അവര്‍ കളിയില്‍ കവിതയും സംഗീതവും പ്രാക്തന താളങ്ങളുടെ മുഴക്കങ്ങളും സൃഷ്‌ടിച്ചു. പില്‍ക്കാലത്ത്‌ യൂറോപ്പിന്റെ കളിയുടെയും കച്ചവടത്തിന്റെയും തന്ത്രങ്ങള്‍ ഫുട്‌ബോളിനെ മാറ്റിയതോടെ അര്‍ജന്റീനയടക്കമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ അതിന്റെ വഴക്കങ്ങളിലേക്ക്‌ മാറുന്നത്‌ കണ്ടു. ഉറൂഗ്വെ വല്ലപ്പോഴും വന്ന്‌ ലറ്റിനമേരിക്കന്‍ ശൈലി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന്‌ ഓര്‍മ്മപ്പെടുത്തി. നാല്‌ വര്‍ഷം മുമ്പ്‌ നടന്ന കോപ്പയില്‍ ഇതേ ടീം പെറുവിനോട്‌ ദയനീയ പരാജയം ഏറ്റുവാങ്ങി തല കുനിച്ച്‌ മടങ്ങി. ആ തോല്‍വി ഒരു തുടക്കമായിരുന്നു. അതിന്റെ പൂര്‍ണ്ണത 2010 ലോകകപ്പിലും കോപ്പയിലെ കിരീടനേട്ടത്തിലും നാം കണ്ടു കഴിഞ്ഞു. ലോകകപ്പിലെ മുന്നേറ്റം കേവലം ഭാഗ്യമല്ലെന്നും അവര്‍ അന്തസ്സായി കാട്ടിത്തന്നു.
ഓര്‍മ്മയില്ലേ ക്വാര്‍ട്ടറില്‍ ഘാനയെ തോല്‍പ്പിച്ച്‌ വില്ലനും നായകനുമായി മാറിയ സുവാരസ്സിനെ. ഭ്രാന്തമായ ആവേശത്തോടെ ഉന്തിയ പല്ലും പുറത്ത്‌ കാട്ടി മൈതാനത്തിന്‌ ചുറ്റും ഓടിയ അതേ സുവാരസ്സ്‌. അക്ഷരാര്‍ഥത്തില്‍ സുവാരസ്സിന്റെ അനിവാര്യത എന്ത്‌ എന്ന്‌ ഈ കോപ്പയാണ്‌ കാട്ടിയത്‌. കളിയുടെ ഗതി നിര്‍ണ്ണയിക്കാന്‍ കെല്‍പ്പുള്ളവനാണ്‌ താനെന്ന്‌ അയാള്‍ തെളിയിച്ചു. ഫോര്‍ലാനെന്ന സുവര്‍ണ്ണ താരം നിറമങ്ങിയെടുത്ത്‌ സുവാരസ്സ്‌ ഉദിച്ചു.
ലോകകപ്പിന്റെ സുവര്‍ണ്ണ താരമായി തിരഞ്ഞെടുക്കപ്പെട്ട ഫോര്‍ലാന്‍ അര്‍ഹിച്ചിരുന്നു ഈ കീരീടം. കാരണം ആ സ്വര്‍ണ്ണമുടിക്കാരന്റെ മുത്തച്ഛനും അച്ഛനും സ്വന്തമാക്കിയ കോപ്പയുടെ ആഭിജാത കിരീടം മൂന്നാം തലമുറയിലെ തന്റെ കൈകളിലേക്കും ഏറ്റുവാങ്ങുമ്പോള്‍ ഒരു ചരിത്രത്തെ അത്യുന്നതങ്ങളിലെത്തിക്കുകയാണ്‌ അദ്ദേഹം ചെയ്യുന്നത്‌. ഫൈനലിലെ ഇരട്ട ഗോളുകള്‍ അതിന്‌ നിറവേകുകയും ചെയ്യുന്നു.
നായകന്‍ ലുഗാനോ, മുസ്‌ലേരയെന്ന കാവല്‍ ഭടന്‍, പിന്നെ പരിശീലകന്‍ ഓസ്‌കാര്‍ ടെബാരസ്‌ എന്ന വന്ദ്യ വയോധികന്‍ തുടങ്ങി ആടീമിലെ മുഴുവന്‍ ആളുകള്‍ക്കും നിറഞ്ഞ നന്ദി. കാരണം അവര്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളില്‍ ലോക ഫുട്‌ബോളിനെ സമ്പന്നമാക്കുകയാണ്‌ ചെയ്‌തത്‌.

Monday, July 25, 2011

സൗമ്യമായ പുഞ്ചിരി നിറച്ച ഒരു മൗനം നിങ്ങള്‍ക്കും......

സൗമ്യമായ പുഞ്ചിരി നിറച്ച ഒരു മൗനം നിങ്ങള്‍ക്കും......

യാത്രകള്‍... അറ്റമില്ലാത്ത ഭൂമിയുടെ നെഞ്ചില്‍ ചവിട്ടി നാം കടന്നു പോകുന്ന വഴികള്‍. ഓരോ യാത്രയുടെ അവസാനവും പുതു യാത്രകളുടെ തുടക്കമാണ്‌. വഴിനീളെ അനുഗ്രഹം ചൊരിഞ്ഞ്‌ ഛായാ വൃക്ഷങ്ങള്‍. വഴിയമ്പലങ്ങളിലെ കാത്ത്‌ നില്‍പ്പ്‌. അറിവ്‌ തേടിയുള്ള സഞ്ചാരങ്ങള്‍. തിരിച്ചറിവിനായുള്ള അലച്ചിലുകള്‍. പറഞ്ഞ്‌ പറഞ്ഞ്‌ തീര്‍ന്നു പോകുന്ന വാക്കുകള്‍. വാക്കുകള്‍ ഇപ്പോഴും എപ്പോഴും സുന്ദരമാണ്‌.....
ഓരോ രാത്രിയിലും പുതിയ സ്വപ്‌നങ്ങള്‍ കടന്നു വരുന്നു. വസന്ത കാലത്ത്‌ വൃക്ഷങ്ങള്‍ ഇല പൊഴിക്കുന്നതുപോലെ അവ ഇപ്പോഴും മൗനങ്ങളെ നിറക്കുകയാണ്‌. നിറഞ്ഞു നില്‍ക്കുന്ന പ്രണയത്തിന്റെ അവസാനിക്കാത്ത ഋതുക്കള്‍ പോലെ.....
കടന്നു വരിക. കണ്ണീര്‍ തുടച്ച്‌ ചിരിവിരിക്കുക. മിഴികള്‍ തുറന്നു വെക്കുക......
കവി പറഞ്ഞതു പോലെ കൊഴുത്ത ചവര്‍പ്പുകള്‍ കുടിച്ച്‌ വറ്റിച്ച്‌ ശാന്തിയുടെ ഇത്തിരി ശര്‍ക്കര മധുരം നുണയാം......
ചില യാത്രകള്‍ അങ്ങനെയാണ്‌. സൗമ്യമായ പുഞ്ചിരി നിറച്ച ഒരു മൗനം നിങ്ങള്‍ക്കും തരുന്നു. ഒന്നു കൂടെ പറയട്ടെ ജീവിതം വളരെ ലളിതമാണ്‌......