Sunday, September 15, 2013

ഊണു കഴിക്കാന്‍ ജീവിക്കുക... ജീവിക്കാന്‍ ഊണു കഴിക്കുക...

ഭക്ഷണം ഒരു സംസ്‌കാരമാണ്. കേരളത്തിന്റെ സവിശേഷ കാലാവസ്ഥയുടെ അടിസ്ഥാനത്തില്‍ നമ്മുടെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് ഊണ്‍. യഥാര്‍ഥത്തില്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്‍മാരായ ജനത നാമല്ലേ. നമ്മുടെ ഊണിന്റെ മഹത്വം മറ്റൊരു ഭക്ഷണത്തിനുമുണ്ടാകാന്‍ സാധ്യതയില്ല. കാരണം അത് കഴിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദത്തിന് എല്ലാ രസങ്ങളുടെയും അകമ്പടിയുണ്ട്. ഉപ്പും മധുരവും എരുവും പുളിയും കയ്പ്പും തുടങ്ങി എല്ലാ രസങ്ങളും മേമ്പൊടി ചേര്‍ക്കപ്പെടുന്നു. മറ്റ് രാജ്യക്കാരെ അപേക്ഷിച്ച് ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് കേരളക്കാര്‍ക്ക് ലഭിക്കുന്ന ഒരു സവിശേഷത കൂടിയാണ് ഊണ് കഴിക്കല്‍ എന്ന കല. ഇതൊരു കലയാണ്. അലോചിച്ചിട്ടുണ്ടോ. ശബ്ദങ്ങളുടെ ഒരു സിംഫണി കൂടി അതിനൊപ്പം പശ്ചാത്തലത്തിലുണ്ടാകും. എന്തെല്ലാം ശബ്ദങ്ങളാണ് നാം അറിഞ്ഞ് ഉണ്ടാല്‍ കേള്‍ക്കുക. സായിപ്പിന് ഇത് മനസ്സിലാകില്ല. കാരണം അവരുടെ തീന്‍മേശ മര്യാദ തന്നെ മുഖ്യ വില്ലന്‍. ഭക്ഷണം ആസ്വദിക്കുകയോ ആസ്വദിക്കാതിരിക്കുകയോ എന്ത് വേണമെങ്കിലും ആയിക്കോ. പക്ഷേ മര്യാദയുണ്ടല്ലോ ങേഹേ! അതുകൊണ്ട് എന്ത് സംഭവിക്കുന്നു ഒന്നും ആസ്വദിച്ച് കഴിക്കാന്‍ സാധിക്കില്ല. പറഞ്ഞു വന്നത് ശബ്ദങ്ങളെ കുറിച്ചാണ്.....
ചോറ് കുഴക്കുന്നതില്‍ തുടങ്ങുന്നു നേര്‍ത്ത ശബ്ദത്തിന്റെ അകമ്പടി. പിന്നയങ്ങോട്ട് വൈവിധ്യമാര്‍ന്ന ആരോഹണ അവരോഹണ ക്രമങ്ങളാണ്. കുഞ്ഞുണ്ണി മാഷ് പറഞ്ഞ പര്‍പ്പടകം എന്ന പപ്പടം കടിക്കുമ്പോള്‍ ഒരു ശബ്ദം. അത് പൊടിക്കുമ്പോള്‍ മറ്റൊരു ശബ്ദം. അത് ചവക്കുമ്പോള്‍ ശബ്ദം നേര്‍ത്ത് ഇല്ലാതാകുന്നു. വര്‍ത്തുപ്പേരി ചവക്കുമ്പോഴും ശര്‍ക്കരയുപ്പേരി ചവക്കുമ്പോഴും ചേന വറുത്തത് ചവക്കുമ്പോഴും കേള്‍ക്കാം ഉപ്പേരിയുടെ വൈവിധ്യമാര്‍ന്ന ഒച്ചകള്‍. ഇനി കൊണ്ടാട്ടത്തിന് മറ്റൊന്നാണ്. രസം കൈയിലൊഴിച്ച് കുടിക്കുമ്പോള്‍ നേര്‍ത്ത ശബ്ദമാണ്. ആ ഒച്ചയുടെ വൈവിധ്യങ്ങള്‍ കൂടി കൂടി വരും സംഭാരവും മോരും തൈരുമാകുമ്പോള്‍. അടുത്തത് പായസമാണ്. പായസം ഇലയിലൊഴിച്ച് കഴിക്കണം. ഇലയിലൊഴിച്ച് കഴിക്കുമ്പോള്‍ പുറത്തേക്ക് വരുന്ന ഒച്ചയാണ് ഒച്ച. സദ്യക്ക് ഒരേ പന്തിയിലുള്ള ഒരു കൂട്ടം ആളുകള്‍ പായസം ഒരുമിച്ച് കഴിക്കുമ്പോള്‍ അത് സംഘ ഗാനമായി മാറുന്നു. ഊണ് കഴിഞ്ഞ് കൈ വിരലുകള്‍ നൊട്ടി നുണയുമ്പോള്‍ മറ്റൊരു ശബ്ദം. അതും കഴിഞ്ഞ് ഇല മടക്കി എഴുന്നേല്‍ക്കുമ്പോള്‍ ആശ്വാസത്തിന്റെയും ആനന്ദത്തിന്റെയും വലിയൊരു ഏമ്പക്കം... ഹോ... എന്തൊരു ശബ്ദ കോലാഹലമാണ്...................
നല്ല കുത്തരി ചോറില്‍ നല്ല നാടന്‍ നെയ്യ് ഉരുക്കിയൊഴിച്ച് കുറച്ച് ഉപ്പും കൂട്ടി വിസ്തരിച്ച് കുഴച്ച് കുറച്ചു കഴിക്കുക. അടുത്ത പടി കാളനാണ്. അത് കുറുകിയതോ ഒഴുകിയതോ ആകട്ടെ. ചേനയും കായയും ചേര്‍ന്ന് രൂപപ്പെടുത്തിയ, പുളി അല്‍പ്പം ഗമയോടെ തലയുയര്‍ത്തുന്ന കാളനും കൂട്ടി കുറച്ച്. പിന്നെ സാമ്പാര്‍. (സാമ്പാര്‍ തമിഴനാണ്. എങ്കിലും നമ്മുടെ വിശാല മനസ്‌കത അതിനെ നമ്മുടെ അവിഭാജ്യ ഘടകമാക്കി.) സാമ്പാറും കൂട്ടി വീണ്ടും ഒരു സുഭിക്ഷത. വീണ്ടും ചോറിന്റെ വരവാണ്. കുറച്ച് ചോറ് മാറ്റി വെച്ച് അല്‍പ്പം രസം ഒഴിക്കുക. ഒരു പപ്പടം പൊടിച്ച് രസത്തിനെയും ചോറിനെയും രസത്തിലാക്കുക. അടുത്ത പടി പായസമാണ്. പായസം വിസ്തരിച്ച് രസിച്ച്, രസിച്ച് ആസ്വദിക്കുക. മേമ്പൊടിയായി ഏത് ഉപ്പിലിട്ടതാണോ ഇലയിലുള്ളത് അത് ഒന്ന് തൊട്ടു നക്കുക. വയറ്റില്‍ കുറച്ച് ഒഴിവുകൂടി  പായസത്തിന് ആ ഉപ്പിലിട്ടത് അനുവദിക്കും. രസം ഒഴിച്ച സമയത്ത് മാറ്റി വെച്ച ബാക്കി ചോറ് വീണ്ടും ഇലയിലേക്ക് നീക്കുക. മോര് കൂട്ടി ചെറുതായി ഒന്നുകൂടെ. പായസത്തിന്റെ മധുരം ഏല്‍പ്പിച്ച മത്ത് മാറി കിട്ടാനും ദഹനത്തിനും ഈ അവസാന പ്രയോഗം മികച്ചതാണ്.
ഇലയുടെ അറ്റങ്ങളില്‍ ധാരാളം കുഞ്ഞു കുഞ്ഞു വിഭവങ്ങളുണ്ടാകും. അവര്‍ കുഞ്ഞന്‍മാരാണെങ്കിലും മഹത്വമേറും. ഉപ്പിടാത്ത ഓലനാണ് വേണ്ടത്. കാരണം ഓരോ വിഭവങ്ങളുടെയും വൈവിധ്യത്തെ ഓലന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. എല്ലാ പച്ചക്കറികളും ചേര്‍ന്ന അവിയല്‍, കൂട്ടുകറി, എലിശ്ശേരി, തോരന്‍, പച്ചടി, കിച്ചടി, വറുത്ത ഉപ്പേരികള്‍, കടുമാങ്ങ, നാരങ്ങ ഉപ്പിലിട്ടത്, പപ്പടം, മെഴുക്കുപുരട്ടി, പുളിയിഞ്ചി, ഇഞ്ചിത്തൈര്... അങ്ങനെ അങ്ങനെ അങ്ങനെ..........................
 ഊണ് കഴിഞ്ഞാല്‍ വരാന്തയില്‍ വന്ന് പ്രകൃതിയുടെ പ്രശാന്തതയിലേക്ക് മനസ്സിനെ തുറക്കുക. ചിങ്ങ മാസത്തിലെ പ്രകൃതിയുടെ ഗാംഭീര്യത്തെ, പരമാനന്ദത്തെ, ഓണത്തിന്റെ ഹരിതാഭയെ പതുക്കെ പതുക്കെ മനസ്സിലേക്ക് ആവാഹിക്കുക. മതി.......... മനം നിറഞ്ഞു.... മൗനം നിറഞ്ഞു..... ഓണം നിറഞ്ഞു........................................


നിറഞ്ഞ.... നിറഞ്ഞ..... നിറഞ്ഞ ഓണം..... ഓണത്തെ നല്ലോണം ഉണ്ണുക......ഓണത്തെ നല്ലോണം ഊട്ടുക............

Wednesday, September 11, 2013

പെയ്‌സിന്റെ വിസ്മയ എയ്‌സുകള്‍

അയാളുടെ ഹൃദയം അദ്ഭുതങ്ങളൊളിപ്പിച്ച ഒരു വിസ്മയ ചെപ്പായിരുന്നു. ഓരോ കാലത്തും ഒട്ടും നിനച്ചിരിക്കാത്ത സമയത്ത് അയാള്‍ തന്റെ ചെപ്പ് തുറന്ന് വിസ്മയങ്ങളെ പുറത്തേക്കെടുത്തു. ലിയാണ്ടര്‍ പെയ്‌സ് എന്ന ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം തന്റെ 40ാം വയസ്സ് ഒരു കിരീട നേട്ടത്തോടെ ആഘോഷിച്ച് പ്രായം വെറും കണക്കാണെന്ന് തെളിയിച്ച് അദ്ഭുതപ്പെടുത്തുന്നു. ആര്‍തര്‍ ആഷെ സ്റ്റേഡിയത്തിലെ ഫ്‌ളെഷിംഗ് മെഡോയില്‍ പെയ്‌സും കൂട്ടുകാരന്‍ ചെക് റിപ്പബ്ലിക്കിന്റെ റാഡെക് സ്റ്റെപാനെക്കും ചേര്‍ന്ന് എഴുതി ചേര്‍ത്തത് മനോഹരമായ, ഖണ്ഡകാവ്യ സമാനമായ ഒരു ടെന്നീസ് കവിതയായിരുന്നു. യു എസ് ഓപണ്‍ നേടി ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന രണ്ടാമത്തെ ചാമ്പ്യനെന്ന സുവര്‍ണ നേട്ടം സ്വന്തമാക്കി നെഞ്ചും വിരിച്ച് നിന്ന ആ മനുഷ്യന്‍ അദ്ഭുതമല്ലെങ്കില്‍ മറ്റെന്താണ്...........

1990 മുതല്‍ തുടങ്ങിയ പെയ്‌സിന്റെ ജൈത്രയാത്ര രണ്ട് ഘട്ടങ്ങളാക്കി തിരിക്കാം. ആ യാത്ര ഇന്ത്യന്‍ കായിക  ചരിത്രത്തെ രണ്ടാക്കി പകുക്കുന്നു. ഓര്‍മ്മയില്ലേ 1996ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സ്. 1952ലെ ഹെല്‍സിങ്കി ഒളിമ്പിക്‌സില്‍ പോക്കറ്റ് ഡൈനാമോ എന്നറിയപ്പെട്ട കെ ഡി യാദവ് ഗുസ്തിയില്‍ നേടിയ വെങ്കലത്തില്‍ ഒതുങ്ങിയ സ്വതന്ത്ര ഇന്ത്യയുടെ മെഡല്‍ നേട്ടം ഒളിമ്പിക്‌സ് വേദിയില്‍ ആവര്‍ത്തിക്കാന്‍ നാല് പതിറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു. അത് പൂവണിഞ്ഞത് 1996ല്‍ പെയ്‌സ് നേടിയ ടെന്നീസ് സിംഗിള്‍സ് വെങ്കലത്തിലൂടെയായിരുന്നു. അന്ന് സെമിയില്‍ സാക്ഷാല്‍ ആന്ദ്രെ അഗാസിയോടാണ് ഇന്ത്യന്‍ ഇതിഹാസം കീഴടങ്ങിയത്. പിന്നീടുള്ള ഒളിമ്പിക്‌സിലെ ഇന്ത്യന്‍ മെഡല്‍ നേട്ടം പരിശോധിച്ചാല്‍ മനസ്സിലാക്കാം ആ ഒരൊറ്റ വെങ്കലം ഉണ്ടാക്കിയ സുവര്‍ണ പ്രചോദനങ്ങള്‍..............

40 വയസ്സ് കായിക താരത്തെ സംബന്ധിച്ച് കളിക്കളത്തിലെ സായാഹ്നമാണ്. പെയ്‌സ് അതിനെ അട്ടിമറിക്കുന്നത് അയാളുടെ ഉള്ളിലെ ഭാവനയുടെ പുറത്താണ്. ഓരോ തവണയും വീണു പോകുമ്പോള്‍ ഉയിര്‍ത്തെഴുനേല്‍ക്കുന്ന അദ്ദേഹം ആത്മാര്‍പ്പണത്തിലൂടെയും കഠിന പരിശ്രമത്തിലൂടെയുമാണ് തന്റെ സ്ഥാനം ഉറപ്പാക്കുന്നത്. ജീവിതം ടെന്നീസിനായി സമര്‍പ്പിക്കുന്നതും രാജ്യത്തിന്റെ യശസ്സാണ് വ്യക്തി താത്പര്യത്തിനും അപ്പുറത്തെന്ന വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകളും പെയ്‌സിനെ കരുത്തനാക്കുന്നു. എട്ട് ഡബിള്‍സ് കിരീടങ്ങളും ആറ് മിക്‌സ്ഡ് ഡബിള്‍സ് കിരീടങ്ങളുമടക്കം 14 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുടെ അവകാശിയായ ഓരേയൊരു ഇന്ത്യന്‍ താരം..........

ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത മഹത്തായ കായിക താരങ്ങളില്‍ ഒരാളായ പെയ്‌സ് ബംഗാളുകാരനാണ്. ആ ഹൃദയം സിംഹവീര്യത്താലാണ് തുടിക്കുന്നത്. ആ തുടിപ്പില്‍ കളിമണ്‍ കോര്‍ട്ടിലും പുല്‍ കോര്‍ട്ടിലും ഹാര്‍ഡ് കോര്‍ട്ടിലും വസന്തത്തിന്റെ പുതുനാമ്പുകളാണ് തളിരിടാറുള്ളത്....................

പ്രിയപ്പെട്ട പെയ്‌സ് താങ്കള്‍ ഒഴുകിക്കോളൂ.......... ആ ഒഴുക്കില്‍ താങ്കള്‍ തീര്‍ക്കുന്ന വിസ്മയമൊളിപ്പിച്ച എയ്‌സുകള്‍ ആനന്ദത്തിന്റെ കനത്ത മഴ തന്നെ പെയ്യിക്കട്ടെ.................


Wednesday, September 4, 2013

യാത്രാ... മൊഴികള്‍...


ആ രാത്രി കൊട്ടാരത്തിലെ സുഖ സൗകര്യങ്ങളും പ്രിയപ്പെട്ട പത്‌നി യശോധരയേയും മകന്‍ രാഹുലനേയും ഒറ്റക്കാക്കി ഗൗതമന്‍ ഇറങ്ങി പുറപ്പെട്ടു. ദുഃഖത്തിന്റെ കാരണമന്വേഷിച്ചാണ്  പില്‍ക്കാലത്ത് ബോധദയം പൂണ്ട് സിദ്ധാര്‍ഥനും ബുദ്ധനുമൊക്കെയായി മാറിയ ഗൗതമ കുമാരന്‍ കൊട്ടാരത്തോട് വിട പറഞ്ഞത്...

അതെ,  യാത്രകള്‍ അന്വേഷണങ്ങളും തിരിച്ചറിവുകളുമാണ്. അനുഭങ്ങളില്‍ നിന്ന് രൂപപ്പെടുന്ന ഓരോ അറിവുകളും പില്‍ക്കാലത്ത് ജീവിക്കാനുള്ള ഉണ്മകളായി മാറുന്നു...

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി കണ്ടു... അറിഞ്ഞു... അനുഭവിച്ചു... ഒരു സിനിമക്കൊപ്പം രണ്ടര മണിക്കൂര്‍ യാത്ര ചെയ്തു. അതില്‍ പ്രണയമുണ്ടായിരുന്നു, വിരഹമുണ്ടായിരുന്നു, നൊമ്പരങ്ങളുണ്ടായിരുന്നു, വിപ്ലവമുണ്ടായിരുന്നു വിശപ്പും ദാഹവും കലാപങ്ങളും നിലവിളികളുമുണ്ടായിരുന്നു. രണ്ട് ബുള്ളറ്റുകള്‍ ഹൃദയം കീറി കടന്ന് പോയത് ഗോവയിലേക്കും കൊല്‍ക്കത്തയിലേക്കും ആസാമിലേക്കും പിന്നെ നാഗാലാന്റിലേക്കുമായിരുന്നു...

വിപ്ലവത്തിന്റെ രക്ത നക്ഷത്രമായിരുന്ന ഏണസ്റ്റോ ചെ ഗുവേര തന്റെ സുഹൃത്ത് ആല്‍ബര്‍ട്ടോ ഗ്രനാഡോക്കൊപ്പം ഒരു ബുള്ളറ്റില്‍ യാത്ര തിരിച്ചത് മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന പേരില്‍ വായിച്ചതും ആതേ പേരിലുള്ള സിനിമയിലൂടെ അറിഞ്ഞതുമായിരുന്നു. സമീര്‍ താഹിറിന്റെ നീലാകാശം കണ്ടിരുന്നപ്പോള്‍ ഓര്‍മയില്‍ തെളിഞ്ഞതും ചെയുടെ ബുള്ളറ്റായിരുന്നു. ആ യാത്രക്ക് ശേഷം ബൊളീവിയന്‍ കാടുകളിലെ ഒളിപ്പോരടക്കമുള്ള വിപ്ലവ വഴികളിലൂടെ തിരുത്തല്‍ ശക്തിയായി ചെ ഗുവേരയെന്ന നക്ഷത്രം ഉദിച്ചുയര്‍ന്നത് പില്‍ക്കാല ചരിത്രം...

നഷ്ട പ്രണയം വീണ്ടെടുക്കാനുള്ള നായകന്റെയും സുഹൃത്തിന്റെയും യാത്ര വൈവിധ്യമാര്‍ന്ന അനുഭവങ്ങളിലൂടെ നിലാകാശത്തും പച്ചക്കടലിലും ചുവന്ന ഭൂമിയിലും സംവിധായകന്‍ കോറിയിടുന്നു. ആധുനിക യുവതയുടെ ഉത്സവ കാഴ്ച്ചകളില്‍ നിന്ന് അവര്‍ എത്തിപ്പെടുന്നത് 70കളിലെ വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍ സൃഷ്ടിക്കാന്‍ ഇറങ്ങി പുറപ്പെട്ട വൃദ്ധനായി തീര്‍ന്ന ഒരു പഴയ നക്‌സലൈറ്റിന്റെ ഗ്രാമത്തിലാണ്. പിന്നീട് കലാപ ഭൂമിയായ ആസാമിന്റെ മണ്ണില്‍. അവിടെ നിന്നും ഇരുവരും തങ്ങളുടെ പ്രണയിനികളുടെ അടുത്തേക്ക് വഴിമാറി പോകുന്നു...

മൂന്ന് വര്‍ണങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത് ജീവിതത്തിന്റെ വൈവിധ്യങ്ങളെയാണ്. നീലാകാശം ഇളം നിറത്തിലുള്ളതാണ്. ആ ഇളം നീല പ്രണയത്തിന്റെ, നിഷ്‌കളങ്കതയുടെ അടയാളമായി മാറുന്നു. പച്ച പ്രതീക്ഷകളെ പുല്‍കുമ്പോള്‍ ചുവന്ന ഭൂമി ജീവിതത്തിന്റെ നശ്വരതയെ ഓര്‍മ്മപ്പെടുത്തുന്നു...

ഇറങ്ങി പുറപ്പെടുക അത്രതന്നെ... ഓരോ യാത്രകളും ഓര്‍മ്മപ്പെടുത്തലുകളാണ്... നഷ്ടങ്ങളൊന്നും നഷ്ടങ്ങളല്ലെന്നും നേടിയതൊന്നും നേട്ടങ്ങളല്ലെന്നും തിരിച്ചറിയുന്നിടത്ത് വെച്ചാണ് ഗൗതമന്‍ സിദ്ധാര്‍ഥനായത്... ആ മാറ്റം ബോധിയുടെ ചുവട്ടിലേക്കുള്ള പ്രയാണമാകുന്നു... വൃക്ഷ ചുവട്ടില്‍ വെച്ച് സിദ്ധാര്‍ഥനെന്ന മനുഷ്യന്‍ ബുദ്ധനെന്ന മിത്തായി മാറിയത് യാത്രയില്‍ നിന്ന്, അന്വേഷണത്തില്‍ നിന്ന് രൂപപ്പെട്ട ഇച്ഛയുടെ കരുത്തില്‍ നിന്നായിരുന്നു..................................................................