Saturday, December 29, 2012

ചെറ്റകള്‍...


ആ രാത്രി യാത്രക്കിടയില്‍
കുപ്പിവളകള്‍
നിലത്തെറിഞ്ഞുടക്കപ്പെട്ടു...
നൈമിഷിക സുഖത്തിന്റെ
കേവലതക്കായി ഉദ്ധരിച്ച
ഹ്രിംസാത്മകത
ഒരു ജനതയുടെ മാനത്തെയാണ്
വ്യഭിചരിച്ച്
പുറത്തേക്ക് തള്ളിയത്...
ഇട്ടാവട്ടത്തില്‍ കിടന്ന്
അടിവയറ്റിലേക്ക് മരണത്തെ
ദ്രവ രൂപത്തില്‍
സ്ഖലിപ്പിച്ച ചെറ്റകള്‍
സുന്ദരമായൊരു സ്വപ്നത്തെ
ആരു കേള്‍ക്കാത്ത
നിലവിളിയിലേക്ക്
ചവിട്ടി താഴ്ത്തി.........

Saturday, December 15, 2012

കണ്ണിമാങ്ങ


ഉച്ചയൂണും കഴിഞ്ഞ്
രണ്ട് മണി
ബെല്ലിന്റെ മൂളക്കം
കാതിലേക്ക്
ഇരമ്പുന്നതിനും മുമ്പ്
പറമ്പിലൂടെ
ഓടി നടന്ന്
കിട്ടുന്നത് മുഴുവന്‍ വാരി
ട്രൗസറിന്റെ കീശയിലേക്ക്
ഒറ്റ തള്ള് !!!

കാന്താരി
ചെറുതായി മുറിച്ചിട്ട്
വെളിച്ചെണ്ണയും
ഉപ്പും ചേര്‍ത്ത്
കണ്ണിറുക്കി മുഖം കോട്ടി
ഒറ്റ കടി !!!

ഉസ്‌ക്കൂളും വിട്ട്
സൊറയും പറഞ്ഞ്
വരുന്നതിനിടയില്‍
വഴി വരമ്പത്ത്
എങ്ങാനും കണ്ടാല്‍
ഒറ്റ ഏറ് !!!

കീഴ്ച്ചുണ്ടിലേക്ക്
ഇറങ്ങി വരുന്ന ഉമിനീര്
ദേ...

Saturday, December 8, 2012

അവിരാമം


ഈ മരത്തിന് ചുറ്റും
ഇപ്പോഴും ഞാന്‍...

ചില്ലയിലെ മൗനത്തിനിടയില്‍
ഒളിപ്പിച്ച
മഴ നനഞ്ഞ പച്ചിലകള്‍
ബാക്കിയുണ്ടെന്ന്...

കണ്ട് കണ്ട് അതെന്നെ
പ്രലോഭിപ്പിക്കുന്നു...

മരമേ നിന്റെ ജീവനെ
ഞാനിപ്പോഴും
ആവാഹിക്കാന്‍ ശ്രമിക്കുന്നു
നിന്റെ കിനാവുകള്‍
പഴുത്ത ഇലകള്‍ പോലെ
എന്നിലേക്ക് പെയ്തിറങ്ങുന്നു...

എന്നിട്ടും
വരണ്ട ഞരമ്പുകള്‍
തെളിഞ്ഞു കാണുന്ന
അപൂര്‍ണ ഇലകളുടെ
ഉണക്കങ്ങള്‍ കൊണ്ട്
നീയെന്നെ...


Saturday, December 1, 2012

പ്രണയ ചൈതന്യം (കാമുകിയെന്ന് ഞാന്‍ മാത്രം കരുതുന്നവള്‍ക്ക്)


ഒറ്റക്ക് മണിക്കൂറുകള്‍ താണ്ടുകയാണ്
ഇതാ ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ...
പ്രതീക്ഷയോടെ യാചിച്ച പ്രണയം
തട്ടിത്തെറിപ്പിച്ച് നീ നിശബ്ദതയിലേക്ക്
ഊളിയിട്ട നിമിഷത്തില്‍ തുടങ്ങിയ ഏകാന്തത...
അതിനോട് പൊരുത്തപ്പെട്ട് വരുന്നതിനിടയിലാണ്
നിന്നോടുള്ള ഇഷ്ടം ചഞ്ചലപ്പെട്ട്
പിന്നെയും പൊന്തി വന്നത്...
ജീവിതത്തിന്റെ ഒരു വൈകാരിക
മുനമ്പില്‍ വെച്ച്  കണ്ടെത്തിയ........
.............................................................................................................
ഓ... ഇതെല്ലാം ഇനിയെന്തിന് പറയണം...
............................................................................................................
വാക്കുകളിലെ ചൈതന്യത്തെ
കാണാതെ കേള്‍ക്കാതെ
ലാഘവത്വത്തില്‍ വലിച്ചെറിഞ്ഞ്
നീ കടന്ന് പോയപ്പോള്‍ ഞാനകപ്പെട്ട
ഈ തുരുത്ത്...
..........................................................................................................
ഇപ്പോഴും നമുക്കിടയില്‍
സമരസപ്പെടാതെ നില്‍ക്കുന്നത്
ഞാനും നീയും മാത്രമാണ്...

Wednesday, October 24, 2012

ലക്ഷ്മണ കാവ്യം....



വൈകിയൊരു കുറിപ്പാണ് ഇത്. എന്തുകൊണ്ട് വൈകി എന്നത് എന്റെ ഉള്ളില്‍ തന്നെ ചോദ്യമായി അവശേഷിക്കുന്നു. വി വി എസ് ലക്ഷ്മണ്‍ ഇത്തരം അപൂര്‍ണമായ ഉത്തരങ്ങളുടെ ഒരു പൂര്‍ണതയാണ്. നീണ്ട പതിനാറ് വര്‍ഷങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചാലക ശക്തിയായി നിന്നിട്ടും നമ്മുടെ കാഴ്ച്ചകളുടെ സൗവര്‍ണ്ണങ്ങളില്‍ പെടാതെ ഒരു മങ്ങിയ ബ്ലാക് ആന്റ് വൈറ്റ് ചിത്രം പോലെ മൂലക്ക് ഒരാള്‍.
നൈസര്‍ഗിക പ്രതിഭയുടെ മിന്നലാട്ടങ്ങളെ നിരന്തര സാധനയിലൂടെ സ്ഥിരതയിലെത്തിച്ച ലക്ഷ്മണ്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സന്തുലിത സാന്നിധ്യമായിരുന്നു. വിജയ ശീലങ്ങളിലേക്ക് ബാറ്റിന്റെ ശബ്ദായമാനം കൊണ്ട് ഇന്ത്യന്‍ ടീമിനെ പരിവര്‍ത്തിപ്പിച്ച നിശബ്ദന്‍.
ആസ്‌ത്രേലിയയെ കീഴടക്കിയ ലക്ഷ്മണിന്റെ 281 റണ്‍സ് ഇന്ത്യന്‍ ക്രിക്കറ്റിനെ രണ്ടായി പകുത്തു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ആറാമത്തെ ടെസ്റ്റ് ഇന്നിംഗ്‌സായി വിസ്ഡന്‍ അതിനെ വിലയിരുത്തി. ലക്ഷ്മണ്‍ കളിക്കളത്തോട് വിട പറഞ്ഞപ്പോള്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി പറഞ്ഞു- ഈഡനില്‍ നേടിയ 281 റണ്‍സ്, അതായിരുന്നു ലക്ഷ്മണിന്റെ കരിയറിലെ ഏറ്റവും പ്രകാശമാനമായ ദിവസം...ആ ഇന്നിംഗ്‌സ് ഇന്ത്യന്‍ ക്രിക്കറ്റിനെ പ്രചോദിപ്പിച്ചു...നാം ആര്‍ക്കും പിറകിലല്ലെന്ന് സ്വയം ഓര്‍മിപ്പിച്ചു- എത്ര സുന്ദരമായ വിലയിരുത്തല്‍.
കഴിഞ്ഞ പത്താണ്ടിനിടയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ടെത്തിയ മഹത്തായ വിജയങ്ങളുടെ കാതല്‍ ലക്ഷ്മണിന്റെ കീഴടങ്ങാന്‍ കൂട്ടാക്കാത്ത നിശ്ചയ ദാര്‍ഢ്യമായിരുന്നു.
മുഹമ്മദ് അസ്ഹറുദീന്റെ കൈക്കുഴ തിരിച്ചുള്ള ബാറ്റിംഗിനെ പില്‍ക്കാലത്ത് ക്രിയാത്മകമായി വ്യാഖ്യാനിച്ച കളിക്കാരനായിരുന്നു ലക്ഷ്മണ്‍. സാധരാണക്കാരില്‍ സാധാരണക്കാരനായ ലക്ഷ്മണ്‍ വെരി വെരി സ്‌പെഷ്യലായി രൂപാന്തരം പ്രാപിക്കുന്ന അത്ഭുത പ്രതിഭാസം.   ആകര്‍ഷകമായ ബാറ്റിംഗിനെ എത്രത്തോളം കാല്‍പ്പനികമാക്കാം എന്ന നിരന്തര അന്വേഷങ്ങളായിരുന്നു ലക്ഷ്മണ്‍ കളിച്ച ഓരോ ഇന്നിംഗ്‌സുകളും...
ഏറ്റവും പ്രിയപ്പെട്ട ലക്ഷ്മണ്‍... നന്ദി... ഋതുക്കള്‍ പോലെ മാറി മാറി വരുന്ന ജ്വലനാത്മകമായ ഇന്നിംഗ്‌സുകളുടെ വസന്തം തീര്‍ത്തതിന്...


Saturday, October 20, 2012

ലാറ... അവസാനമില്ലാത്ത ലാവണ്യത


ബ്രയാന്‍ ചാള്‍സ് ലാറ സംഗീതമായിരുന്നു. മണിക്കൂറുകളോളം വൃന്ദാവന സാരംഗം കേള്‍ക്കുന്ന അനുഭവം. ലഹരി പിടിപ്പിക്കുന്ന സാന്നിധ്യം. കൊളോണിയല്‍ കാലത്തെ കൊളോസസിനെ പോലെ നീണ്ട 19 വര്‍ഷം  അയാള്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിനെ ഒറ്റക്ക് കൊണ്ടു നടന്നു. മൈതാനത്തെ വന്യതയുടെ തീക്ഷ്ണ സാന്നിധ്യം പവലിയനിലേക്ക് മടങ്ങിയിട്ട് അഞ്ച് കൊല്ലങ്ങള്‍ കഴിഞ്ഞു. ബാറ്റിംഗ് ധ്യാനാത്മകമായ കലയാണെന്ന് കളിക്കളത്തില്‍ വ്യാഖ്യാനിച്ച ലോകത്തിലെ ഒരേയൊരു ബാറ്റ്‌സ്മാന്‍....... ബണ്ടി ലാറയുടെ മകന്‍ ചാള്‍സ് ലാറ......... സിഡ്‌നിയെന്ന കൊച്ചു സുന്ദരിക്കുട്ടിയുടെ അച്ഛന്‍....... 375ഉം, 400, 501 ഉം എടുത്ത് പുറത്താകാതെ നിന്ന് ലോകത്ത് വിസ്മയിപ്പിച്ച ലാറ.... മത്സരത്തലേന്ന് പത്ര സമ്മേളനം നടത്തി നാളെ പുറത്താകാതെ സെഞ്ച്വറിയടിക്കുമെന്ന് പറഞ്ഞ് കറുത്തവനോടുള്ള വെള്ളക്കാരന്റെ ധാര്‍ഷ്ട്യത്തെ ബാറ്റ് കൊണ്ട് വെല്ലുവിളിച്ച ലാറ (1996ലെ ലോകകപ്പില്‍ ദ. ആഫ്രിക്കക്കെതിരായ മത്സരത്തിന്റെ തലേന്ന് പത്ര സമ്മേളനത്തില്‍ നാളെ സെഞ്ച്വറി നോട്ടൗട്ടായിരിക്കുമെന്ന് ലാറ പ്രഖ്യാപിച്ചു. പിറ്റേന്ന് 116 നേട്ടൗട്ട് !!!)...... ജയിക്കാന്‍ 75 വേണ്ടപ്പോള്‍ ഒമ്പത് വിക്കറ്റ് വീണ് പരാജയം മുന്നില്‍ കണ്ട ഘട്ടത്തില്‍ കോട്‌നി വാല്‍ഷിനെ ഓടാന്‍ മാത്രമാക്കി ഓരോ ഓവറിന്റെ അവസാന പന്തിലും സിംഗിള്‍ നേടി ഒറ്റക്ക് 75 എടുത്ത് വിന്‍ഡീസിന് അവിസ്മരണീയ വിജയം സമ്മാനിച്ച ലാറ............ ഏത് പൊസിഷനിലും ബാറ്റിംഗും ഫീല്‍ഡിംഗും നിഷ്പ്രയാസം കൈകാര്യം ചെയ്ത ലാറ....
മൈതാനത്ത് അയാള്‍ ജീവിതമാണ് പറയാന്‍ ശ്രമിച്ചത്. മനുഷ്യന് അസാധ്യമായി ഒന്നുമില്ലെന്ന് അയാള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ബാറ്റെടുത്ത ഓരോ നിമിഷത്തിലും കവിതയും സംഗീതവും വിരഹവും പ്രണയവും വിഷാദവും ഭ്രാന്തും നിരാശയും എല്ലാം എല്ലാം തന്നുകൊണ്ടേയിരുന്നു.
തന്റെ പ്രിയ സുഹൃത്തിനെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിശേഷിപ്പിക്കുന്നത് 'അത്ഭുത ബാറ്റ്‌സ്മാന്‍' എന്നാണ്. അതിനുമപ്പുറം ലാറ ഒരു മിത്താണ്..... അപാരമായൊരു രസതന്ത്രത്തിന്റെ അറ്റമില്ലാത്ത ലാവണ്യത.

Saturday, October 13, 2012

ഈ മുറിയില്‍ ഇന്ന്


ചില ദിവസങ്ങളുണ്ട്
ഒന്നിലും ഒതുക്കാന്‍ കഴിയാത്ത
ചില ജന്മ സത്യങ്ങള്‍ പോലെ
തുറിച്ച് നോക്കി നില്‍ക്കും...
എന്ത് ചെയ്യാന്‍
കുറെ പുസ്തകമെടുത്ത്
മറിച്ചു നോക്കാം...
മടുപ്പ്, കോട്ടുവായ്
പതിവ് അലസതകളുടെ...
ഈ മുറിയില്‍ ഒറ്റക്കാണ്
ഒന്നിനും മാറ്റമില്ല
കുറേ നിശബ്ദതകള്‍...
പുസ്തകങ്ങള്‍, മുറുക്കാന്‍ ചെല്ലം
കുപ്പിയിലെ കരിങ്ങാലി വെള്ളം
അവിടെയും ഇവിടെയും കോറിയിട്ട
കുറേ അക്ഷരങ്ങള്‍, കസേര,
ശബ്ദമുണ്ടാക്കി തിരിയുന്ന ഫാന്‍...
കണ്ടാല്‍ ഒറ്റ സ്‌നാപ്പിലേക്ക്
ഇതെല്ലാം ഒതുങ്ങുമെന്ന് കരുതും...
ഒന്നും സംഭവിക്കാനില്ല
സംഭവിച്ചതെല്ലാം നല്ലതിന് എന്ന്
ദീര്‍ഘ നിശ്വാസം...
ചില ദിവസങ്ങളില്‍
സമയത്തിന്റെ സൂചിമുനയിലൂടെ
ചാക്രികമായി
ഇങ്ങനെ സഞ്ചരിക്കുക...


അതിജീവനത്തിന്റെ പരമാനന്ദങ്ങള്‍



ആ രാത്രി നീണ്ട 33 വര്‍ഷമായി തങ്ങള്‍ കൊണ്ടു നടന്ന ഒരു വലിയ സ്വപ്നം ശ്രീലങ്കയിലെ പ്രേമദാസ മൈതാനത്ത് സാക്ഷാത്ക്കരിക്കപ്പെട്ടതിന്റെ നിര്‍വൃതിയിലായിരുന്നു അങ്ങകലെയുള്ള വെസ്റ്റിന്‍ഡീസിലെ പത്ത് രാജ്യങ്ങളും അഞ്ച് ദ്വീപ് സമൂഹങ്ങളും. സുനില്‍ നരൈന്‍ എറിഞ്ഞ പതിനെട്ടാം ഓവറിന്റെ നാലാമത്തെ പന്ത് ലസിത് മലിംഗയുടെ വിക്കറ്റായി ഡൈ്വന്‍ ബ്രാവോയുടെ കൈകളില്‍ വിശ്രമിച്ചപ്പോള്‍ ആ നിര്‍വൃതി ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഓരോരുത്തരുടേയും ഉള്ളിലേക്ക് പ്രസിരിപ്പിക്കപ്പെട്ടിരിക്കാം. വെസ്റ്റിന്‍ഡീസ് ഒരു വികാരമാണ്. ക്രിക്കറ്റിനായി മാത്രം ഒന്നിച്ച പതിനഞ്ച് രാജ്യങ്ങളുടെ വ്യത്യസ്തമായ കായിക സംസ്‌ക്കാരങ്ങളുടെ ഏക രൂപം. 1975ലും 79ലും ക്ലൈവ് ലോയിഡിന്റെ നേതൃത്വത്തിലുള്ള വെസ്റ്റിന്‍ഡീസ് ഏകദിന ലോകകപ്പ് നേടി അജയ്യരായി നിന്ന കാലത്തിന് ശേഷം മൂന്ന് പതിറ്റാണ്ട് പിന്നിട്ടാണ് ഒരു ലോക കീരീടം കരീബിയന്‍ മണ്ണിലേക്ക് എത്തുന്നത്. അതുകൊണ്ടു തന്നെ ഈ വിജയത്തിന് മഹത്വമേറയുണ്ട്.
ക്രിക്കറ്റ് ഒരു കായിക മത്സരമെന്നതിനും വിനോദമെന്നതിനും അപ്പുറത്ത് ഒരു കൂട്ടായ്മയാണെന്ന് ലോകത്തിന് കാണിച്ചു കൊടുത്ത വെസ്റ്റിന്‍ഡീസ് അര്‍ഹിച്ചതായിരുന്നു ഈ ട്വന്റി- ട്വന്റി ലോകകപ്പ്. അത്ര മികച്ചതായിരുന്നു അവരുടെ ഓരോ മത്സരങ്ങളും. തുടക്കം മുതല്‍ പടിപടിയായുള്ള ഉയര്‍ച്ച, ടീമംഗങ്ങള്‍ തമ്മിലുള്ള പരസ്പര ധാരണ, വിജയിക്കാന്‍ ഏതറ്റം വരെ പോകാനുള്ള കരളുറപ്പ്, കത്തുന്ന ആത്മവിശ്വാസം. കാലങ്ങളായി ക്രിക്കറ്റ് മൈതാനത്ത് നിന്ന് അസ്തമിച്ച കരീബിയന്‍ കാഴ്ച്ചകളുടെ വന്യ വസന്തത്തിനാണ് ശ്രീലങ്ക സാക്ഷ്യം വഹിച്ചത്.
വിജയ ശേഷം വീന്‍ഡീസ് ടീം അംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് നൃത്തച്ചുവടുകളുമായി മൈതാനം നിറഞ്ഞത് സന്തോഷവും കൗതുകവും പകര്‍ന്നു. ഗെയില്‍ ബാറ്റ് കൊണ്ടും നൃത്തം കൊണ്ടും ഇളക്കി മറിച്ചു. അയാള്‍ മൈതാനത്ത് വീണുരുളുകയായിരുന്നു. വിന്‍ഡീസ് ടീമൊന്നടങ്കം ഗെയിലിനെ പ്രോത്സാഹിപ്പിക്കുന്നു. അതികായനായി നിന്ന് മാരകമായി ബാറ്റ് ചെയ്യുന്ന ആ കറുത്ത മനുഷ്യന്‍ ഒരു കൊച്ചു കുട്ടിയെ പോലെ നിഷ്‌കളങ്കമായി തുള്ളിച്ചാടുന്നത് കണ്ടിട്ട് അത്ഭുതം തോന്നി. കളിക്ക് ശേഷം മൈക്കുമായി മൈതാനത്തെത്തിയ സഞ്ജയ് മഞ്ജരേക്കറുടെ ചോദ്യങ്ങള്‍ക്ക് രണ്ടും മൂന്നും പേര്‍ ചേര്‍ന്നാണ് ഉത്തരങ്ങള്‍ നല്‍കിയത്. തമാശകള്‍ പറഞ്ഞും ഇടക്ക് ഗൗരവും കലര്‍ത്തിയും ഓരോരുത്തരും ചോദ്യങ്ങളെ നേരിട്ടു. ഒരു വിജയത്തിന് എത്രമാത്രം വില കല്‍പ്പിക്കണമെന്ന് അവരുടെ ഓരോരുത്തരുടേയും മുഖം പറയാതെ പറയുന്നുണ്ടായിരുന്നു.
സാമുവല്‍സും നരൈനും ബ്രോവോ സഹോദരന്‍മാരും രാംപോളും ബദ്രിയും പൊള്ളാര്‍ഡും ചാള്‍സും എഡ്വേഡ്‌സും എല്ലാവരും ചേര്‍ന്നെഴുതിയ കരുത്തുറ്റ ഒരു കായിക തിരക്കഥക്ക് ക്രാന്ത ദര്‍ശിത്വം നിറഞ്ഞ സമ്മിയുടെ സംവിധാന മികവും ചേര്‍ന്നപ്പോള്‍ സുന്ദരമായൊരു ക്ലൈമാക്‌സ്.
ക്ലൈവ് ലോയിഡെന്ന ഗൗരവക്കാരനായ നായകന്റെ സുവര്‍ണ യാത്രയില്‍ നിന്ന് തുടങ്ങി കാലത്തിന്റെ ഏതോ ഒരു ദിശാ സന്ധിയില്‍ നഷ്ടപ്പെട്ടു പോയ ഒരു വൈകാരികതയെ തിരിച്ചു പിടിച്ചതിന് പ്രിയപ്പെട്ട ഡാരന്‍ സമ്മി താങ്കള്‍ക്ക് ഹൃദയം കൊണ്ട് നമസ്‌കാരം.  മൂന്ന് പതിറ്റാണ്ടിന്റെ ഒട്ടും നിറമില്ലാത്ത ഭൂതകാലത്തിന് സ്വപ്ന സമാനമായ വര്‍ത്തമാനം സമ്മാനിക്കാനായിരിക്കാം 2010 ഒക്‌ടോബറില്‍ ഒരു നിയോഗം പോലെ നായക സ്ഥാനം താങ്കള്‍ക്ക് കൈവന്നത്. ലോകം മുഴുവന്‍ ചോദ്യ ചിഹ്നത്തില്‍ പുരികം ഉയര്‍ത്തിയപ്പോള്‍ കുലുങ്ങാതിരുന്ന ആ സിംഹവീര്യത്തിന് തന്നെയാണ് ഈ കിരീട നേട്ടത്തിന്റെ മുഴുവന്‍ മാര്‍ക്കും.
സെന്റ് ലൂസിയയില്‍ നിന്ന് വിന്‍ഡീസ് ടീമിലെത്തുന്ന ആദ്യ താരമെന്ന പെരുമയുമായാണ് ഡാരന്‍ ജൂലിയസ് ഗാര്‍വി സമ്മി 2004ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. എട്ട് വര്‍ഷം നീണ്ട കരിയറില്‍ ഒരു നേട്ടവും അവകാശപ്പെടാനില്ലാത്ത സാധാരണയിലും കവിഞ്ഞ ഒരു ക്രിക്കറ്റര്‍ മാത്രമായാണ് സമ്മി വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ഇയാളില്‍ ഒരു കൂര്‍മ്മത നിറഞ്ഞ ഒരു നായകനുണ്ടെന്ന് വിന്‍ഡീസ് അധികൃതരില്‍ ആരാണവോ കണ്ടെത്തിയത്. എത്ര വിദഗ്ധമായാണ് അയാള്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. തന്റെ പരിധിയും പരിമിതിയും ശരിക്കും അറിയുന്ന സമ്മി ടീമിലെ ഓരോ കളിക്കാരനേയും കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. കളിക്കാരെ അയാള്‍ പൂര്‍ണമായും വിശ്വസിക്കുന്നു. മറ്റുള്ളവരുടെ വ്യക്തിപരമായ ഓരോ നേട്ടത്തേയും സമ്മി മനസ്സ് തുറന്ന് അഭിനന്ദിക്കുന്നു. വിന്‍ഡീസ് ബാറ്റിംഗ് നിര സിക്‌സും ഫോറും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ക്കുമ്പോള്‍ ഇരിപ്പിടത്തില്‍ നിന്ന് ആര്‍ത്തട്ടഹസിക്കുകയും തുള്ളിച്ചാടുകയും ചെയ്യുന്ന ഒരു നായകന്‍. കളി കഴിഞ്ഞുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളെ ലളിതമായ രീതിയിലാണ് അയാള്‍ നേരിടുന്നത്. തന്റെ നേട്ടത്തേക്കാള്‍ ടീമിന്റെ കൂട്ടായ്മയും ആ കൂട്ടായ്മ ലോകത്തിന് മുഴുവന്‍ മാതൃകയാകണമെന്നും ആശിച്ച സമ്മി, കിരീടം കരീബിയന്‍ ജനതക്കാണ് സമര്‍പ്പിച്ചത്. ഗൗരവക്കാരും തന്നിഷ്ടക്കാരുമായ നായക ബിംബങ്ങള്‍ക്കിടയില്‍ നിന്ന് ഇത്രയും സരസനായ ഒരു നായകനെ ഒരു പക്ഷേ ക്രിക്കറ്റ് ലോകം ആദ്യമായിട്ടായിരിക്കും കണ്ടിരിക്കുക.
ക്രിക്കറ്റിന് നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന വെസ്റ്റിന്‍ഡീസ് ദ്വീപ് സമൂഹങ്ങള്‍ക്ക് ഈ വിജയം ഒരു പ്രചോദനമാകുമെന്ന് കരുതാം. ക്രിക്കറ്റിനായി ജീവിച്ച ഒരു ജനതയുടെ അതിജീവനത്തിന്റെ പരമാനന്ദമാണ് പ്രേമദാസാ സ്റ്റേഡിയത്തില്‍ ലോകം മുഴുവന്‍ കണ്ടത്. ആ ഊര്‍ജം സമ്മിയും കൂട്ടരും ടെസ്റ്റ്, ഏകദിന മത്സരങ്ങളിലേക്കും പകരുമെന്ന് കരുതാം. അപ്പോള്‍ മാത്രമാണ് അതിന് മൂര്‍ത്തതയുടെ സൗന്ദര്യം കൈവരുന്നത്. വെസ്റ്റിന്‍ഡീസ് ജയിക്കുമ്പോള്‍ കരീബിയന്‍ ജനത മാത്രമല്ല ലോകം മുഴുവനുമാണ് വിജയിക്കുന്നത്, ക്രിക്കറ്റാണ് വിജയിക്കുന്നത്. കാരണം അവര്‍ കളിച്ചത് പണത്തിനും പ്രശസ്തിക്കും വേണ്ടിയായിരുന്നില്ല. ജീവിതം കൊണ്ടാണ് അവര്‍ എക്കാലത്തും ക്രിക്കറ്റിനെ അടയാളപ്പെടുത്താന്‍ ശ്രമിച്ചത്. ലോക കിരീടത്തിന് സ്വന്തം ഹൃദയത്തോളം വില കല്‍പ്പിക്കുന്ന ഒരു കൂട്ടം കളിക്കാര്‍ക്ക് അത് സമ്മനിക്കാന്‍ തോന്നിയ കാലമേ നന്ദി...നന്ദി...

Saturday, October 6, 2012

തട്ടിന്‍പുറം


മാറാല വകഞ്ഞു മാറ്റി
ഗോവണി കയറുമ്പോള്‍...
മുകളില്‍ ചരിത്രവും ഭൂമി ശാസ്ത്രവും
ഭൗതിക ശാസ്ത്രവും ഗണിതവുമെല്ലാം
കെട്ടു പിണഞ്ഞ്
സംവാദ കോലാഹലത്തില്‍...
സാഹിത്യം മിണ്ടാതെ ഒരരുകില്‍ ഒറ്റക്ക്...
നരിച്ചീറുകള്‍
തലങ്ങനയും വിലങ്ങനയും പറക്കുന്നു
അവ തുര്‍ക്കികള്‍ക്കൊപ്പം
കോണ്‍സ്റ്റാന്റിനോപ്പിള്‍
കീഴടക്കുന്ന തിരക്കിലായിരിക്കും...
മൂക്കിലേക്ക് അരിച്ചിറങ്ങുന്ന
പഴമയുടെ ഗന്ധം...
ചിതലരിച്ച അറിവാണ് ചുറ്റിലും...
തുഞ്ചനും... കുഞ്ചനും മുതല്‍
അമര്‍ചിത്ര കഥകളുമായി
അനന്ത പൈ വരെ നീണ്ട് നിവര്‍ന്ന്
പത്തായത്തിന്റെ മൂലയില്‍...
ഓര്‍മ്മയില്‍
കുട്ടിക്കാലത്തിന്റെ ബാലാരിഷ്ടതകള്‍
കൗമാരത്തിന്റെ അശാന്തികള്‍...
മുറിഞ്ഞ് മുറിഞ്ഞ് വിണു പോകുന്ന
ജ്ഞാന വിജ്ഞാനങ്ങള്‍...
ഒന്നും കിട്ടിയില്ല...
അല്ലെങ്കിലും തള്ളുമ്പോള്‍
ആലോചിക്കാറില്ലല്ലോ
കൊള്ളലുകളെ പറ്റി...
ഇനി ഗോവണി ഇറങ്ങാം..........

Saturday, September 29, 2012

ഏകലവ്യം

ഛേദിക്കപ്പെട്ട പെരുവിരല്‍
നീയെടുത്തു കൊള്ളുക...
അപൂര്‍ണ വിദ്യയുടെ
ബാക്കിയാണിത്‌...
പൂര്‍ണത തേടി
അലഞ്ഞവന്റെ
കറുത്ത വേദം...
വാക്കുകളുടെ
അസ്‌ത്ര മൂര്‍ച്ചക്ക്‌ മുമ്പില്‍
മൂര്‍ച്ഛിച്ചു വീണ
എന്റെ കിനാവുകള്‍... 

Thursday, September 27, 2012

ചിരി


ചുറ്റിലും ഉയരുന്ന
കുശല ശബ്ദങ്ങള്‍ക്കിടയില്‍ നിന്ന്
പുറത്തേക്ക് തെറിച്ചു വീണ...
നിന്റെ നോട്ടത്തിന്റെ
ഉള്ളറകളിലെവിടയോ
ഒളിഞ്ഞിരിക്കുന്ന...
കൂട്ടന്തതയുടെ ഒടുക്കത്തില്‍
അട്ടഹാസത്തിന്
വഴിമാറുന്ന...
കണ്ണീരിന്റെ
ഉപ്പു നനവുകള്‍ക്കിടയില്‍
മധുരം ഊറിക്കൂടുന്ന...
ഏകാന്തത്തില്‍
ഓര്‍മകളിലേക്ക്
ചോദിക്കാതെ വരുന്ന...
പൂപോലെ സുന്ദരമായി
പ്രണയം വിടര്‍ത്തുന്ന...
പുച്ഛം പുരട്ടി
നിസ്സംഗതയില്‍ പൊതിഞ്ഞ്
ചുരുട്ടി എറിയുന്ന...
നിന്നില്‍ നിന്ന് എന്നിലേക്കും
എന്നില്‍ നിന്ന് നിന്നിലേക്കും
മൗനത്തിന്റെ പാലത്തിലൂടെ
കടന്നു പോകുന്ന...

Tuesday, September 25, 2012

വെറുതെ...

ഇനിയൊരു പക്ഷേ
ഇടക്കെപ്പോഴെങ്കിലും
ഒരു മടങ്ങി വരവ്...
വെറുതെ...
ചുറ്റും പച്ചപ്പാണ്
മഴ കടന്ന്
വെയില്‍ കടന്ന്
ചുവപ്പ് രാശിക്കൊപ്പം...
വെറുതെ...
ഇലകള്‍
സ്വപ്നത്തിലേക്ക്
കടന്നു വരുന്നു...
വെറുതെ...
നീ ബാക്കി വെച്ച
ആ മന്ദസ്മിതം
സൂര്യകാന്തി പൂക്കള്‍...
എല്ലാം വെറുതെയാണ്...
എന്നിട്ടും ഇടക്ക്
ഈ ജനല്‍ പാളിയിലൂടെ
വിദൂരത്തേക്ക് നോക്കും
നീ വരുന്നുണ്ടോ എന്ന്
ഒന്നിനുമല്ല...
വെറുതെ...

Friday, August 17, 2012

ഓട്ടോഗ്രാഫ്‌

ഈ അവസാന നിമിഷത്തില്‍
മാത്രമാണ്‌ നിന്നെ
പകര്‍ത്തിയെഴുതാന്‍ ശ്രമിച്ചത്‌...
പിഞ്ഞിയ പുസ്‌തകത്തിന്റെ
ഏതോ ഒരു താളില്‍
അക്ഷരങ്ങള്‍ മുറിഞ്ഞ
വാക്കിന്റെ വക്കില്‍
ദ്രവിച്ച സ്വപ്‌നങ്ങള്‍...
മഴത്തുള്ളി മഷിയിലേക്ക്‌ പടര്‍ത്തിയ
ഒരു ഭൂപടം...
ഓര്‍മകള്‍ കോറിയിട്ട
മെയ്‌മാസ ചുകപ്പില്‍
ചുവന്ന്‌ തുടുത്ത പ്രണയം...
എന്നിട്ടും
ബാക്കിയുണ്ട്‌
ആകാശം കാണാതെ
ഒളിഞ്ഞിരിക്കുന്ന
ഒരു തുണ്ട്‌ മയില്‍പ്പീലി... 

Saturday, August 4, 2012

പ്രണയം

ഒരു പുല്‍ക്കൊടിയില്‍ നിന്ന്‌
മഴത്തുള്ളി താഴോട്ട്‌...
പളുങ്ക്‌ സ്വപ്‌നങ്ങള്‍
വീണുടഞ്ഞ്‌
അതിപ്പോള്‍
മണ്ണിനെ ചുംബിക്കും...
വരണ്ട ഹൃദയത്തില്‍
നനവ്‌ പടര്‍ത്തും...
വെള്ളി വെളിച്ചത്തില്‍
മഴവില്‍ മൗനങ്ങളുടെ
നിറച്ചാര്‍ത്തില്‍ അവ
നാണിച്ച്‌ നാണിച്ച്‌
തല താഴ്‌ത്തി
ഒരു പുല്‍ക്കൊടിയില്‍ നിന്ന്‌... 

Friday, August 3, 2012

ആകാശം നിറയെ...

ഒരു സ്വപ്‌നം
കണ്ണു ചിമ്മുന്ന
നക്ഷത്രങ്ങളെ നോക്കി
കഥ പറയുകയാണ്‌...
പച്ചപ്പിന്റെ
വാക്കുകളാണ്‌
ആകാശം നിറയെ...
വെള്ളയിലേക്ക്‌
പടരുന്ന സൗമ്യത... 

Wednesday, August 1, 2012

തഥാഗത പ്രയാണം....

വേരിലേക്ക്‌ ആഴ്‌ന്നിറങ്ങിയ
വൃക്ഷ സ്വപ്‌നങ്ങള്‍
ഇലകളുടെ മൗന സംവാദങ്ങള്‍
ചുറ്റിലും ഊറിക്കൂടുന്ന
അതീത സന്ദേശങ്ങള്‍...
നക്ഷത്രങ്ങള്‍ കാവല്‍ നിന്ന
ആ രാത്രിയുടെ ഏകാന്തത്തില്‍
പ്രണയത്തിന്റെ ജൈവധാരയായി
പുഴ വൃക്ഷത്തലപ്പത്തേക്ക്‌ ഒഴുകി...
തല കുമ്പിട്ട്‌ ജലം തൊട്ട്‌
വൃക്ഷം സഹൃദയത്വത്തിന്റെ
പുതു വെളിച്ചം തന്നിലേക്ക്‌ ആവാഹിച്ചു...
ഋതുക്കളുടെ ആഭേരിയില്‍ ധ്യാനിയായി
ബോധോദയം പൂണ്ട
വൃക്ഷത്തിന്റെ തഥാഗത പ്രയാണം....

Wednesday, July 18, 2012

ഇത്രമാത്രം

എന്റ ഹൃദയത്തോട്‌
നിന്റെ വാക്കുകള്‍ സംവദിച്ച
നാളുകള്‍ ഉണ്ടായിരുന്നു
കഴിഞ്ഞ്‌ പോയ
രാപ്പകലുകളുടെ ഇടക്ക്‌ വെച്ച്‌
എപ്പോഴോ അകന്നു പോയ
ഒരു കുഞ്ഞ്‌ സ്വപ്‌നം... 

Tuesday, July 17, 2012

മരത്തിന്‌ ഒന്നറിയാം...

ആഗോള മനുഷേന്‍മാരുടെ
കൊഞ്ഞനം കുത്തലുകള്‍
സഹിക്കാന്‍ പറ്റാതെ
നീണ്ട വഴിയുടെ വക്കത്തിരുന്ന്‌
ഒരു മരം കരയുന്നു...
മരം കരയാനോ...?
നെഞ്ചിന്‍ കൂടില്‍ നിന്ന്‌
പുളിച്ച ചോദ്യം
പുരിക കൊടിയടക്കം
നെറ്റിയില്‍ ചുളിവായി
രൂപാന്തരപ്പെടുത്തി...
സത്യം... കരച്ചിലിന്‌
യാതൊരു വിലയുമില്ല
അത്‌ പാവം മരത്തിനറിയില്ലല്ലോ...
മരത്തിന്‌ ഒന്നറിയാം
ആഗോള, ഉദാര, പണ്ടാര
മനുഷേന്‍മാര്‍
മലര്‍ന്ന്‌ കിടന്ന്‌ തുപ്പി
കളിക്കുകയാണെന്ന്‌... 

Friday, July 6, 2012

ക്രിസ്‌ ഗെയിലിന്റെ ബാറ്റിംഗും കല്‌പാത്തി ബാലകൃഷ്‌ണന്റെ തായമ്പകയും...

കലയും കായികവും പരസ്‌പര പൂരകങ്ങളാണ്‌. ചില കായിക പ്രകടനങ്ങള്‍ കാണുമ്പോള്‍ കലാ പ്രകടനങ്ങളുടെ അരങ്ങുകള്‍ ഓര്‍മയിലേക്ക്‌ കടന്നു വരാറുണ്ട്‌. അത്തരമൊരു താരതമ്യ പഠനമാണ്‌ ഈ കുറിപ്പുകള്‍. ചുരുങ്ങിയ വാക്കുകളിലാണ്‌ ഈ പഠനം തയ്യാറാക്കിയിട്ടുള്ളത്‌.
സമകാലിക ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്‌സ്‌മാനാണ്‌ വെസ്റ്റിന്‍ഡീസ്‌ ഓപ്പണര്‍ ക്രിസ്‌ ഗെയില്‍. ഒരു കൊല്ലത്തെ ശീതസമരത്തിനൊടുവില്‍ ഗെയില്‍ വീണ്ടും വിന്‍ഡീസ്‌ ടീമിലിടം പിടിച്ചു. കഴിഞ്ഞ രണ്ട്‌ വര്‍ഷമായി ഗെയില്‍ അത്യുജ്ജ്വല ഫോമിലാണ്‌. റണ്‍സുകള്‍ വാരിക്കൂട്ടുന്ന അദ്ദേഹത്തിന്റെ ബാറ്റിംഗ്‌ കണ്ടിരിക്കുക എന്നത്‌ വല്ലാത്തൊരു ആനന്ദം നല്‍കുന്ന കാര്യമാണ്‌. ക്രീസിലെത്തിയ ഉടനെ കണ്ണും പൂട്ടി അടിക്കുന്ന പ്രകൃതമല്ല ഗെയിലിന്‌. പന്തിനെ സൂക്ഷ്‌മമായി നിരീക്ഷിച്ച്‌ സാവധാനം മികവിലേക്കുയരുന്ന ശൈലിയാണ്‌ ഗെയിലിനുള്ളത്‌. ബാറ്റിംഗിന്റെ കോപ്പി ബുക്ക്‌ ശൈലിയെ പാടെ തള്ളാതെ എന്നാല്‍ അതില്‍ നിന്ന്‌ വ്യത്യസ്‌തമായാണ്‌ ഗെയില്‍ ബാറ്റ്‌ ചെയ്യാറുള്ളത്‌.
തായമ്പക കേള്‍ക്കുന്ന സുഖമാണ്‌ ഗെയിലിന്റെ ബാറ്റിംഗ്‌. അപ്പോള്‍ അതേ ശൈലിയിലുള്ള തായമ്പക നേരിട്ടു കേള്‍ക്കുമ്പോഴോ.
പുതിയ കാലത്ത്‌ വ്യത്യസ്‌തവും വൈവിധ്യം നിറഞ്ഞതുമായ തായമ്പകക്കാരുടെ കടന്നു വരവ്‌ വാദ്യ ലോകത്ത്‌ സൃഷ്‌ടിച്ച ചലനങ്ങള്‍ ശ്രദ്ധേയമാണ്‌. അതില്‍ തന്നെ കല്‌പാത്തി ബാലകൃഷ്‌ണന്റെ തായമ്പക കൂടുതല്‍ ആസ്വാദകരെ നേടിയെടുത്തിട്ടുണ്ട്‌. തായമ്പകക്ക്‌ കേരളത്തില്‍ പല ശൈലിയിലുള്ള കൊട്ട്‌ സമ്പ്രദായങ്ങള്‍ ഉണ്ടായിരുന്നു. പുതിയ കാലത്ത്‌ അതിന്‌ മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിലും തായമ്പക എന്ന കലക്ക്‌ ഇപ്പോഴും നിറഞ്ഞ ആസ്വാദകരുണ്ട്‌.
കല്‌പാത്തി ബാലകൃഷ്‌ണന്റെ തായമ്പക മറ്റുള്ളവരില്‍ നിന്ന്‌ വേറിട്ടു നില്‍ക്കുന്ന ഒന്നാണെന്ന്‌ തോന്നിയിട്ടുണ്ട്‌. ഒരേ സമയം ശാസ്‌ത്രീയമായ വഴികളും സാമ്പ്രദായക വഴിയില്‍ നിന്ന്‌ വ്യതിചലിച്ച്‌ കൊണ്ടും അദ്ദേഹം തന്റെ കൊട്ടിനെ മാറ്റി പണിയാറുണ്ട്‌. കൃത്യമായി പറഞ്ഞാല്‍ സ്ഥിരമായ ഒരു ശൈലിയിലല്ല അദ്ദേഹം തായമ്പക കൊട്ടാറുള്ളത്‌ എന്ന്‌ ചുരുക്കം. ഇപ്പറഞ്ഞിതിനര്‍ത്ഥം അദ്ദേഹം സമ്പ്രദായത്തെ പാടെ നിരാകരിക്കുന്നു എന്നല്ല.
ക്രിസ്‌ ഗെയിലിന്റെ ബാറ്റിംഗ്‌ കാല്‌പനികമാണ്‌. ചില സമയത്ത്‌ കടലിലെ വേലിയേറ്റം പോലെ ആ ബാറ്റില്‍ നിന്ന്‌ സിക്‌സും ഫോറും പ്രവഹിച്ചു കൊണ്ടിരിക്കും. ചില സമയത്ത്‌ പൊടുന്നനെ അത്‌ വേലിയിറക്കത്തിന്റെ വഴിയിലായിരിക്കും അപ്പോള്‍ സിംഗിളുകള്‍ മാത്രമായിരിക്കും പിറക്കുന്നത്‌.
തായമ്പകയുടെ തുടക്കത്തില്‍ ബാലകൃഷ്‌ണന്‍ തന്റെ ചെണ്ടയില്‍ കാല്‌പനിക എണ്ണങ്ങളുടെ നിറവാണ്‌ പ്രകടിപ്പിക്കാറുള്ളത്‌. ചെമ്പട വട്ടത്തിന്റെ അവസാനത്തില്‍ വേലിയേറ്റമാണെങ്കില്‍ തൊട്ടടുത്ത ഭാഗമായ കൂറ്‌ കൊട്ടുമ്പോള്‍ വേലിയിറക്കത്തിന്റെ പാതയില്‍ സാവധാനമുള്ള എണ്ണങ്ങള്‍ കൊട്ടി നിറക്കുന്നു.
ക്രിസ്‌ ഗെയില്‍ ബാറ്റിംഗിന്റെ തുടക്കത്തില്‍ അല്‌പം കഷ്‌ടപ്പെടുന്നയാളാണ്‌. ഈ സമയത്ത്‌ അദ്ദേഹത്തെ പുറത്താക്കാന്‍ എതിര്‍ ബൗളര്‍ ശ്രമിച്ചാല്‍ ഒരു പരിധി വരെ വിജയിക്കാറുണ്ട്‌. എന്നാല്‍ ഗെയിലിന്റെ ദിവസമാണെങ്കില്‍ ടോപ്പ്‌ ഗിയറിലായിക്കഴിഞ്ഞാല്‍ പന്തിനെ മെരുക്കിയെടുക്കുന്ന വിദഗ്‌ധനായ ഒരു കാമുകനാണ്‌ ഗെയില്‍. ബാറ്റിനെ പ്രണയിക്കുന്ന കാമുകന്‍. ടെസ്റ്റെന്നോ ഏകദിനമെന്നോ ട്വന്റിയെന്നോ വ്യത്യാസം അവിടെയില്ല.
തായമ്പക ടോപ്പ്‌ ഗിയറിലായിക്കഴിഞ്ഞാല്‍ ഗെയിലിന്റെ കലാരൂപമാണ്‌ കല്‌പാത്തി ബാലകൃഷ്‌ണന്‍. ഇടവട്ടത്തിലെത്തുമ്പോഴേക്കും അത്‌ മൂര്‍ധന്യത്തിലെത്തും. ഇടത്‌ കൈകൊണ്ടും വലത്‌ കൈകൊണ്ടും അദ്ദേഹം എണ്ണങ്ങള്‍ ഏറ്റിച്ചുരുക്കുന്നു. (ഇടത്‌ കൈക്കും വലത്‌ കൈക്കും സാധകമുള്ള അപൂര്‍വ വാദ്യ കലാകാരനാണ്‌ കല്‌പാത്തി ബാലകൃഷ്‌ണന്‍. ബാറ്റിംഗും ബൗളിംഗും കൈകര്യം ചെയ്യുന്ന ഗെയിലിനെ പോലെ ഓള്‍ റൗണ്ടര്‍). മറ്റ്‌ തായമ്പകക്കാരില്‍ നിന്ന്‌ ബാലകൃഷ്‌ണനെ വ്യതിരിക്തനാക്കി നിര്‍ത്തുന്നത്‌ കാല്‌പനിക ഭാവമാണ്‌. ബാലകൃഷ്‌ണന്‍ ചെണ്ടയെ പ്രണയിക്കുന്നുണ്ട്‌. അതിനെ തന്റെ നെഞ്ചോട്‌ ചേര്‍ത്തു പിടിച്ച്‌ എണ്ണങ്ങള്‍ കൊട്ടുന്നത്‌ കാണാം. തായമ്പക സിംഗിളായാലും ഇരട്ടയായാലും ട്രിപ്പിളായാലും പഞ്ച തായമ്പകയായാലും ബാലകൃഷ്‌ണന്‍ കൂടെ കൊട്ടുന്നവര്‍ക്കൊപ്പം ഒത്തൊരുമിച്ച്‌ പോകാന്‍ പ്രത്യേക വൈദഗ്‌ധ്യം പ്രകടിപ്പിക്കുന്നു.
കലാകാരന്റെയും കായിക താരത്തിന്റെയും വേഷമഴിച്ചു വെച്ചാല്‍ ഗെയിലും ബാലകൃഷ്‌ണനും സൗമ്യ വ്യക്തിത്വങ്ങള്‍ക്ക്‌ ഉടമകളുമാണ്‌.
ഒരാള്‍ ചെണ്ടയേയും മറ്റൊരാള്‍ ബാറ്റിനേയും പ്രണയിച്ച്‌ പ്രണയിച്ച്‌ നമുക്ക്‌ സമ്മാനിക്കുന്ന പരമാനന്ദങ്ങളുടെ മണിക്കൂറുകള്‍ പുഴ പോലെ അനസ്യൂതമൊഴുകട്ടെ........... 

Wednesday, July 4, 2012

ചോദ്യം...?

ഞാന്‍ ഉയര്‍ത്തിയ
വിമത ശബ്‌ദത്തെ
നിങ്ങള്‍ക്ക്‌ വെട്ടി മുറിച്ച്‌
ചോരയില്‍ മുക്കി ഇല്ലാതാക്കാം...
പ്രത്യായ ശാസ്‌ത്രമെന്നും
തത്വശാസ്‌ത്രമെന്നും പറഞ്ഞ്‌
പുച്ഛം പുരട്ടി വ്യാഖ്യാനിക്കാനും
നിങ്ങള്‍ക്ക്‌ സമയം കണ്ടെത്താം...
മരണം ഘനീഭവിച്ച്‌ തൂങ്ങി നില്‍ക്കുന്ന
ആകാശത്തിന്‌ കീഴിലിരുന്ന്‌
മതിയാവോളം പൊറാട്ടു നാടകം
കളിച്ചു രസിക്കാം...
നിങ്ങള്‍ പറയുന്നത്‌
ചോദ്യങ്ങള്‍ ചോദിക്കരുതെന്നാണ്‌
ഉത്തരങ്ങള്‍ മാത്രമാണത്രെ ശരി...
ശരിയായിരിക്കാം ജീവനില്ലെങ്കിലും
ഉത്തരങ്ങള്‍ ഉടമ്പടികളാണല്ലോ...
അപ്പോള്‍ ചോദ്യങ്ങളോ...?
ചോദ്യങ്ങള്‍ നിങ്ങളുടെ
വഴിക്ക്‌ വന്നില്ലെങ്കില്‍
ചോദ്യം ഉതിര്‍ത്ത നാവ്‌
അരിഞ്ഞു കളയാം...
അതുകൊണ്ടും അരിശം
തീര്‍ന്നില്ലെങ്കിലോ...?
നാവിന്റെ ഉടമയെ
കൊന്നു കളഞ്ഞേക്കാം..........
..........................................................
എന്നിട്ടും ആ ചോദ്യം മാത്രം
ഇപ്പോഴും അവിടെ
ബാക്കി നില്‍ക്കുന്നു..............

Tuesday, July 3, 2012

മഴ നൂലുകള്‍ക്കിടയില്‍

ഇപ്പോള്‍ ഒരു ഒച്ചയുമില്ല
ചില ശബ്‌ദങ്ങള്‍ ഉണ്ട്‌
പൊലിപ്പിച്ച്‌ പൊലിപ്പിച്ചങ്ങിനെ...
മോഹിപ്പിക്കുന്ന
സ്വരരാക്ഷസങ്ങള്‍...
എന്നാല്‍ ഇപ്പോള്‍ ഒരു ഒച്ചയുമില്ല...
ജാലകപ്പുറത്തെ മഴ
ഒച്ചയല്ല, സംഗീതമാണ്‌
അമൃത വര്‍ഷിണി
മേഘമല്‍ഹാര്‍
ഹിന്ദോളം
ജോഗ്‌...
ഓരോ ദിവസവും
ഓരോ രാഗങ്ങള്‍...
അതില്‍ നനഞ്ഞൊട്ടി
സഞ്ചാരിയുടെ
സ്വപ്‌നങ്ങള്‍ നെയ്‌ത്‌...
എന്നിട്ടും ഞാന്‍ മാത്രം
ബാക്കിയുണ്ട്‌
നീയിപ്പോഴും
മഴ നനയുന്നുണ്ടോ...
അലസമായി നടന്നു തീര്‍ത്ത
വഴികള്‍ നിറയെ
കുപ്പി വളച്ചില്ലുകള്‍ പോലെ
മഴത്തുള്ളികള്‍
നിറഞ്ഞു നിറഞ്ഞങ്ങിനെ...
നാളെ ചാറ്റല്‍ മഴയത്ത്‌
ഇറങ്ങി നടക്കും
എങ്ങോട്ടെന്നില്ലാതെ
പിന്നൊരു
കനത്ത മഴയത്ത്‌
കനത്ത മഴയത്ത്‌........
മഴ നൂലുകള്‍ക്കിടയിലൂടെ
ആകാശം നോക്കി...........

Saturday, April 28, 2012

വീണ്ടും......

പാതി തുറന്നിട്ട ജാലകത്തിന്റെ
വിടവിലൂടെ ഒരു കുഞ്ഞ്‌ വെയില്‍
ഒരു തുണ്ട്‌ സ്വപ്‌നത്തിനൊപ്പം...
മഴ നനഞ്ഞ വഴികളില്‍
നീ ഉപേക്ഷിച്ച നിശ്വാസങ്ങള്‍...
നമുക്കിടയില്‍ പുഞ്ചിരി ദൂരത്തിന്റെ
അകലം മാത്രമാണ്‌ ഉള്ളത്‌...
എന്നിട്ടും പ്രണയമേ...........
........................................... വീണ്ടും......
എന്റെ മൗനങ്ങളില്‍
ബീജമായി പൊഴിയുന്ന
നിന്റെ കണ്ണുനീര്‍
നിന്റെ ചിരിയുടെ പൂക്കള്‍......
അവ...................................... 

Monday, April 2, 2012

ഹരിത സ്വപ്‌നങ്ങള്‍

രണ്ട്‌ മരങ്ങള്‍ക്കിടയില്‍ നിന്ന്‌
ഘനസാന്ദ്രമായ ഒരു മൗനം താഴോട്ട്‌
ഇലകള്‍ക്കൊപ്പം അറ്റമില്ലാത്ത യാത്ര പുറപ്പെട്ടു...
പറയാനേറയുണ്ട്‌ പക്ഷേ പറഞ്ഞില്ല
കാറ്റിന്റെ അതീത സന്ദേശത്തിനൊപ്പം
വാക്കുകളെ ഇണക്കിച്ചേര്‍ത്തു...
മഴ പെയ്‌തപ്പോള്‍ ഇലകള്‍ നനഞ്ഞൊട്ടി
നനുത്ത ചുംബനങ്ങള്‍ കൈമാറി
പൂക്കള്‍ ചുവന്ന്‌ തുടുത്ത്‌ രജസ്വലകളായി...
വേരുകള്‍ക്കിടയില്‍ നിന്ന്‌
കൊമ്പിലേക്ക്‌ പടര്‍ന്നു കയറുന്ന
സൗമ്യാനുഭവങ്ങളെ
വിത്തിന്റെ ബീജ സ്വപ്‌നങ്ങള്‍
കൈക്കുമ്പിളിലേക്ക്‌ പടര്‍ത്തുന്നു...
രണ്ട്‌ മരങ്ങള്‍ക്കിടയില്‍ നിന്ന്‌
ഘനസാന്ദ്രമായ ഒരു മൗനം താഴോട്ട്‌
ഇലകള്‍ക്കൊപ്പം അറ്റമില്ലാത്ത യാത്ര പുറപ്പെട്ടു...
രണ്ട്‌ ഇലകള്‍ കണ്ട
പ്രണയത്തിന്റെ ഹരിത സ്വപ്‌നങ്ങള്‍
പരാഗ രേണുക്കളായി
പടര്‍ന്ന്‌... പടര്‍ന്ന്‌... പടര്‍ന്ന്‌...

Thursday, March 29, 2012

ശീര്‍ഷകമില്ലാത്ത മൗനം

ഒറ്റക്ക്‌ നടന്നു തീര്‍ക്കുന്ന വഴികള്‍
ഒരു സ്വപ്‌നം തേടി അലഞ്ഞവന്റെ
നിശബ്‌ദ സംഗീതം....
അത്‌ നീയായിരുന്നു എന്ന്‌ ആരോ പറഞ്ഞു
എന്നിട്ടും കടന്നുപോയ
പാതവക്കത്തൊന്നും കണ്ടില്ല...
ആകസ്‌മികമായ ചില മൗനങ്ങള്‍ ഉണ്ട്‌
സത്യത്തില്‍ അതാണ്‌ ഇപ്പോള്‍
ഒന്നും പറയാനില്ല...
വെയിലത്ത്‌ പൊള്ളി പൊള്ളി
നനഞ്ഞൊട്ടി
ഇങ്ങനെ ഇങ്ങനെ അലയുക...
ഏകാന്തതയുടെ ധ്യാന സ്ഥലികള്‍
പരിത്യാഗത്തിന്റെ മഹാനിശബ്‌ദതയില്‍...
അലഞ്ഞ്‌ അലഞ്ഞ്‌ അലിഞ്ഞ്‌ അലിഞ്ഞ്‌...

Tuesday, March 20, 2012

സച്ചിനിസത്തിന്റെ ഭ്രമാത്മകതകള്‍

ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 100 സെഞ്ച്വറികള്‍ തികച്ചത്‌ ആഘോഷിക്കപ്പെടുകയാണല്ലോ. നല്ലത്‌. ഇന്ത്യക്കാരന്റെ കായിക ചിന്തയിലെ തിളങ്ങി നില്‍ക്കുന്ന പേരാണ്‌ സച്ചിന്‍. 23 വര്‍ഷവും 651 കളികളും അതില്‍ കൂടുതല്‍ ഇന്നിംഗ്‌സുകളും കളിച്ച ഒരു കളിക്കാരന്‌ സാധിക്കാവുന്ന ഒരു കാര്യമാണ്‌ സച്ചിന്‍ സാധിച്ചത്‌. ക്രിക്കറ്റ്‌ ചരിത്രത്തിലെ ആദ്യത്തെ സംഭവത്തിനാണ്‌ ഷേര്‍ ബംഗ്ലാ സ്റ്റേഡിയം സാക്ഷിയായത്‌.
ക്രിക്കറ്റ്‌ എന്നത്‌ കൂട്ടായ്‌മയുടെ കളിയാണ്‌. ഈ കൂട്ടായ്‌മയില്‍ ഒറ്റയാള്‍ പ്രകടനത്തിന്റെ കണക്കുകള്‍ക്ക്‌ വലിയ വില വരുന്നത്‌ മത്സരത്തിന്റെ പ്രത്യേകത അനുസരിച്ചാണ്‌. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന കളിക്കാരനെ വിലയിരുത്തുമ്പോള്‍ ഈ കൂട്ടായ്‌മ അപ്രത്യക്ഷമാകുന്നത്‌ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം. ഒരു ചോദ്യം ചോദിക്കാനുള്ളത്‌ സച്ചിന്‍ എന്ന കളിക്കാരന്‍ ഇന്ത്യന്‍ ടീമിന്റെ വിജയത്തില്‍ എത്രത്തോളം പങ്കാളിയായിരുന്നു എന്നതാണ്‌. ഇപ്പറഞ്ഞതിനര്‍ഥം അദ്ദേഹം ഇന്ത്യന്‍ വിജയത്തില്‍ പങ്കാളിയായില്ല എന്നല്ല. മറിച്ച്‌ 651 മത്സരങ്ങള്‍ കളിച്ച ഒരു കളിക്കാന്റെ മികവ്‌ അളക്കുന്നത്‌ കേവലമായ കുറച്ച്‌ മത്സരങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനമെടുത്താകരുത്‌. സച്ചിന്റെ കേമത്തങ്ങള്‍ പാടി പുകഴ്‌ത്തുന്നവര്‍ ചെയ്യുന്ന ഒരു കാര്യം ഇത്തരത്തിലുള്ള വളരെ കുറച്ച്‌ കണക്കുകള്‍ എടുത്തുകാണിച്ചാണ്‌ സമര്‍ത്ഥിക്കാറുള്ളത്‌.
സച്ചിന്‍ എന്ന താരം ഒട്ടും ഫോമിലല്ലാത്ത കാലത്തും ടീമില്‍ നിന്ന്‌ പുറത്ത്‌ പോകാത്തതിന്റെ രാഷ്‌ട്രീയം ഇന്നുവരെ ആരും ചര്‍ച്ച ചെയ്‌ത്‌ കേട്ടിട്ടില്ല. ഈയടുത്ത്‌ കഴിഞ്ഞ ആസ്‌ത്രേലിയന്‍ പര്യടനത്തില്‍ എത്ര കളിയില്‍ സച്ചിന്‍ ഫോമായിട്ടുണ്ട്‌ എന്നത്‌ ആലോചിച്ചു നോക്കുക. ഒന്നരവര്‍ഷക്കാലം 100ാം സെഞ്ച്വറിക്ക്‌ വേണ്ടി ഒരു കളിക്കാരന്‍ കാത്തിരുന്നു എന്ന്‌ പറയുമ്പോള്‍ എന്താണ്‌ അതിന്റെ അര്‍ഥം. മാനസിക സമര്‍ദ്ദമാണ്‌ എന്ന്‌ പലരും പറഞ്ഞും എഴുതിയും കണ്ടു. 23 വര്‍ഷം തുടര്‍ച്ചയായി കളിക്കുന്ന ഒരു കളിക്കാരന്‌ മാനസിക സമ്മര്‍ദ്ദം താങ്ങാനാകുന്നില്ല എന്ന്‌ പറയുമ്പോള്‍ അത്‌ ആ കളിക്കാരന്റെ മോശം അവസ്ഥയെയല്ലേ കാണിക്കുന്നത്‌.
നമ്മുടെ മാധ്യമങ്ങളുടെ സച്ചിന്‍ പ്രിയമാണ്‌ ഏറ്റവും രസകരം. എല്ലാ കളിയിലും സച്ചിന്‍ പുറത്താകുമ്പോള്‍ നിര്‍ഭാഗ്യമെന്നാണ്‌ അവര്‍ പറയുകയോ എഴുതുകയോ ചെയ്യാറുള്ളത്‌. മറ്റുള്ള ഏത്‌ കളിക്കാരനും പുറത്താകുമ്പോള്‍ ഒന്നുകില്‍ വിക്കറ്റ്‌ കളഞ്ഞു കുളിക്കുകയോ അല്ലങ്കില്‍ മോശം പന്ത്‌ കളിച്ച്‌ പുറത്തേക്കുള്ള വഴി കാണുകയോ ആണത്രെ.
ദേശീയത തുളുമ്പുന്ന കായിക താരമായി സച്ചിനെ വാഴ്‌ത്തുന്നവര്‍ മനപ്പൂര്‍വ്വം തിരസ്‌കരിക്കുന്ന പേരുകളാണ്‌ ലിയാണ്ടര്‍ പേസും, വിശ്വനാഥന്‍ ആനന്ദും അടക്കമുള്ളവര്‍. ഇന്ത്യന്‍ കായിക ചരിത്രത്തിന്‌ മഹത്തായ അനവധി സംഭാവനകള്‍ തന്നവരുടെ പേരുകള്‍ ഇനിയുമുണ്ട്‌. അവര്‍ക്കൊന്നും ഇത്ര ദേശീയത ഇല്ലേ. പറച്ചിലുകള്‍ കേട്ടാല്‍ ഇല്ല എന്നാണ്‌ തോന്നുക. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ആസ്‌ത്രേലിയയില്‍ അവസാന ടെസ്റ്റ്‌ അടിയറ വെച്ച ദിവസം തന്നെയാണ്‌ അതേ രാജ്യത്ത്‌ വെച്ച്‌ വെറ്ററന്‍ ടെന്നീസ്‌ താരമായ ലിയാണ്ടര്‍ പേസ്‌ ഡബിള്‍സില്‍ കരിയര്‍ ഗ്രാന്‍ഡ്‌സ്ലാം തികച്ചത്‌. അന്ന്‌ സോഷ്യല്‍ സൈറ്റുകളിലൊന്നും ഇങ്ങനെയൊരാഘോഷം കണ്ടില്ല. ഈയടുത്ത്‌ അദ്ദേഹം 600 വിജയങ്ങള്‍ ആഘോഷിക്കുകയും ചെയ്‌തു. അതിനെപ്പറ്റിയും ആരും പറഞ്ഞു കേട്ടില്ല. നമ്മുടെ കായിക സംസ്‌കാരത്തിന്റെ പാരമ്പര്യം കേവലം ക്രിക്കറ്റില്‍ മാത്രമല്ല ഉള്ളത്‌. ഇനി അത്‌ മാത്രം ഇഷ്‌ടമുള്ളവര്‍ ഇപ്പറഞ്ഞിതിനോട്‌ വിയോജിച്ചോളു.
ഇന്ത്യന്‍ ക്രിക്കറ്റിന്‌ സച്ചിന്‍ വിജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്‌. പക്ഷേ ടീം പരാജയത്തിന്റെ നിലയില്ലാ കയത്തിലേക്ക്‌ ആണ്ട്‌ പോകുന്ന ഒരു ഘട്ടത്തിലും സച്ചിന്‍ കളിച്ചിട്ടില്ല എന്നത്‌ ശ്രദ്ധേയമായ കാര്യമാണ്‌. പ്രത്യേകിച്ച്‌ സന്ദിഗ്‌ധ ഘട്ടങ്ങളില്‍ ദ്രാവിഡ്‌- ലക്ഷ്‌മണ്‍- കുംബ്ലെ ത്രയം സമ്മാനിച്ച വിജയങ്ങള്‍ വെച്ച്‌ നോക്കുമ്പോള്‍.
മുകളില്‍ വിവരിച്ച കാര്യങ്ങള്‍ സച്ചിനെ ഇകഴ്‌ത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല. തീര്‍ച്ചയായും സച്ചിന്‍ മാന്യനും മഹാനുമായ കളിക്കാരനാണ്‌ എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ കൂട്ടായ്‌മയുടെ പ്രകടനത്തിന്‌ പ്രാധാന്യമുള്ള കളിയില്‍ ഒരു കളിക്കാരന്റെ മാത്രം പ്രകടനത്തെ മഹത്വവത്‌ക്കരിക്കുന്നതിനോട്‌ യോജിപ്പില്ല.
വാല്‍ക്കഷ്‌ണം: 100 ാം സെഞ്ച്വറി തികച്ചത്‌ ബാറ്റിംഗിന്‌ അനുകൂലമായ പിച്ചിലായിരുന്നു. 80ലെത്തിയ സച്ചിന്‍ പിന്നീടുള്ള 20 റണ്‍സ്‌ നേടാന്‍ എടുത്തത്‌ 36 പന്തുകളാണ്‌. അന്ന്‌ കളിക്കാനിറങ്ങിയ 22 പേരില്‍ ഏറ്റവും മോശമായ രണ്ടാമത്തെ സ്‌ട്രൈക്ക്‌ റേറ്റ്‌ സച്ചിന്റേതായിരുന്നു !!!.

Tuesday, March 13, 2012

സ്വപ്‌നത്തിന്റെ അവസാനത്തില്‍...

എന്റെ ഉള്ളില്‍ കിടന്ന്‌
ഒരു തുണ്ടു സ്വപ്‌നം
ഞെരിപിരി സഞ്ചാരം കൊണ്ടിരുന്നു
ഇടവഴികളിലെല്ലാം അത്‌ കൂട്ടു നിന്നു
എത്ര എത്ര ആട്ടിയകറ്റിയിട്ടും
അത്‌ പിന്നെയും കയറി വന്നു
ഒരു മൗനത്തെ കൂട്ടുപിടിച്ച്‌
ഞാനതിനെ വ്യാഖിനിക്കാന്‍
ശ്രമിച്ച്‌ പരാജയപ്പെട്ടു...
സമരസപ്പെടാന്‍ നോക്കി
തോറ്റുപോയവന്റെ നെഞ്ചിലെ
ചൂടിനെപ്പറ്റി നിനക്കിപ്പോള്‍
ഒന്നും പറയാനില്ല അല്ലേ...
എന്റെ ഒച്ചകളെ
ഇരു ചെവികളിലൂടെയും
പുറത്തേക്ക്‌ വിട്ട ആ ഒരൊറ്റ നിമിഷത്തില്‍
ഞാനെല്ലാം അവസാനിപ്പിച്ചതാണ്‌...
ഇന്നലെ ആ സ്വപ്‌നം വീണ്ടും കയറി വന്നു
ഇന്ന്‌ ആകസ്‌മികതയുടെ
പുള്ളി വെയിലുദിച്ച നേരത്ത്‌
ഞാനതിനെ വഴിയിലേക്ക്‌ വലിച്ചെറിഞ്ഞു
വീണുടഞ്ഞ്‌ പൊട്ടിച്ചിതറിയ
ആ സ്വപ്‌നങ്ങളുടെ ബാക്കിയിലിരുന്നു
പ്രിയപ്പെട്ടവളേ നീയെന്തിനാണ്‌
പൊട്ടിക്കരഞ്ഞത്‌...

ചിന്തയിലെ ദ്രാവിഡ നിറങ്ങള്‍

ക്രീസിന്റെ ഒരറ്റത്ത്‌ അയാള്‍ ധ്യാനാത്മകതയിലായിരുന്നു. നീണ്ട പതിനാറ്‌ വര്‍ഷങ്ങള്‍ അതിന്റെ മൗന വഴികളില്‍ കിടന്ന്‌ നാം ജയപരാജയങ്ങളുടെ കണക്കുകള്‍ കൂട്ടി. വിജയം സമ്മാനിച്ച്‌ അല്ലെങ്കില്‍ തോല്‍വിയുടെ നിലയില്ലാ കയത്തിലേക്ക്‌ താണു പോകുമ്പോള്‍ താങ്ങി നിര്‍ത്തി ആയാള്‍ ക്രീസ്‌ വിടുമ്പോള്‍ കൈയടിക്കാന്‍ നാം മനപൂര്‍വ്വം മറന്നു. എന്നിട്ട്‌ മറ്റാര്‍ക്കൊക്കയോ അതിന്റെ കേമത്തം ചാര്‍ത്തിക്കൊടുത്തു...
ഒരു ദ്വിജാവന്തി രാഗം കേള്‍ക്കുന്നതിന്റെ അത്ര ആനന്ദമാണ്‌ രാഹുല്‍ ശരദ്‌ ദ്രാവിഡിന്റെ ബാറ്റിംഗ്‌ കാണുക എന്നത്‌. ആരോഹണ അവരോഹണ ക്രമത്തില്‍ അത്ര സൂക്ഷ്‌മമായാണ്‌ അയാള്‍ ബാറ്റ്‌ ചെയ്‌തിരുന്നത്‌. ക്രിക്കറ്റിലെ ആഭിജാതമായ ക്ലാസിസത്തിന്റെ വലംകൈയ്യന്‍ മാതൃകയായിരുന്നു ദ്രാവിഡ്‌. അതിന്റെ ഇടംകൈയ്യന്‍ പതിപ്പ്‌ സാക്ഷാല്‍ ബ്രയാന്‍ ലാറയെന്ന വെസ്റ്റിന്ത്യന്‍ ഇതിഹാസമായിരുന്നു. ലാറ തന്റെ ജനുസിലെ ക്രിക്കറ്ററെ സ്വതന്ത്രനായി പരിശീലനത്തിനടക്കം വിട്ടുകൊടുക്കാതെ ആഘോഷിച്ചപ്പോള്‍, നിരന്തരമായ പരിശീലനത്തിലൂടെ കഠിനാധ്വാനത്തിലൂടെയാണ്‌ ദ്രാവിഡ്‌ ക്ലാസിസത്തിന്റെ വക്താവായത്‌. വൈവിധ്യമാര്‍ന്ന രണ്ട്‌ ഏകാഗ്രതകള്‍ പ്രദര്‍ശിപ്പിച്ച അവര്‍ രണ്ട്‌ പേരും ഇന്ന്‌ കളം ഒഴിഞ്ഞിരിക്കുന്നു...
ടെസ്റ്റ്‌ കളിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കെതിരെയും അവരുടെ നാട്ടില്‍ വെച്ച്‌ ഒന്നിലധികം സെഞ്ച്വറിയടിച്ച ഒരേയൊരു കളിക്കാരനും ഏറ്റവും കൂടുതല്‍ മോശം പന്തുകള്‍ കളിക്കാതെ ഒഴിഞ്ഞുമാറിയ ബാറ്റ്‌സ്‌മാനുമായ ദ്രാവിഡ്‌ നിശബ്‌ദതയിലെ ശബ്‌ദായമാനത്തിന്റെ വക്താവായിരുന്നു. 1996ല്‍ ലോര്‍ഡ്‌സില്‍ തുടങ്ങിയ യത്രക്ക്‌ ഇപ്പോള്‍ അവസാന കുറിച്ചിരിക്കുന്നു. എല്ലാ കാലത്തും ടീമിന്റെ അസന്തുലിതാവസ്ഥക്ക്‌ സന്തുലനം നല്‍കിയ കളിക്കാരനായിരുന്നു ദ്രാവിഡ്‌. അസാധാരണത്വമൊന്നുമില്ലായിരുന്നു ദ്രാവിഡിന്‌. എന്നിട്ടും എന്തോ ഒരു അസാധാരണത്വം അയാള്‍ പ്രദര്‍ശിപ്പിച്ചിരുന്നു...
ഒരു വലിയ ശൂന്യത സൃഷ്‌ടിച്ചാണ്‌ ദ്രവിഡെന്ന കളിക്കാരന്‍ ക്രിക്കറ്റിനോട്‌ വിട പറയുന്നത്‌. ഏറ്റവും മൂര്‍ത്തമായ ഒരു ബാറ്റിംഗ്‌ സൗന്ദര്യത്തിന്റെ പ്രായോഗിക തെളിവായിരുന്നു അയാള്‍. ചിന്തയില്‍ നിറങ്ങളുടെ വലിയ വലിയ ഘോഷയാത്രകള്‍ സമ്മാനിച്ച പ്രിയപ്പെട്ട ദ്രാവിഡ്‌ താങ്കള്‍ക്ക്‌ നല്ല നമസ്‌കാരം...