Wednesday, September 28, 2011

ലയലന്റ്‌ ബസ്സും, നവരസങ്ങളും

റോഡിലൂടെയുള്ള യാത്രകള്‍ വൈവിധ്യങ്ങളുടെ കലവറയാണ്‌. ഓരോ ദിവസത്തെ യാത്രകളിലും നാം വ്യത്യസ്‌ത സ്വഭാവ സവിശേഷതകളുള്ള മനുഷ്യന്‍മാരെയാണ്‌ അഭിമുഖീകരിക്കാറുള്ളത്‌. അതുപോലെ വിവിധങ്ങളായ സവിശേഷതകളുള്ള വാഹനങ്ങളേയും നാം കാണാറുണ്ട്‌.
പറഞ്ഞ്‌ വരുന്നത്‌ നമ്മുടെ റോഡുകള്‍ കീഴടക്കിയിട്ടുള്ള ബസ്സുകളെ കുറിച്ചാണ്‌. സ്വാകര്യ ബസ്സുകളും സര്‍ക്കാര്‍ ബസ്സുകളുമടക്കം ലക്ഷകണക്കിന്‌ ബസ്സുകള്‍ ഇന്ന്‌ കേരളത്തിലെ നിരത്തുകളിലൂടെ ചീറിപ്പായുന്നു. ദിവസവും അവ വരുത്തിവെക്കുന്ന അപകടങ്ങള്‍ ചില്ലറയല്ല. അവയെക്കുറിച്ചുള്ള പരാതികളും ധാരാളം നാം കേള്‍ക്കാറുണ്ട്‌. തത്‌ക്കാലം അത്തരത്തിലുള്ള കുറ്റം പറച്ചിലുകള്‍ക്കല്ല ഇവിടെ ഉദ്ദേശിക്കുന്നത്‌. മനുഷ്യന്റെ വികാരങ്ങളുമായി അടുത്ത്‌ നില്‍ക്കുന്ന ഒരു വാഹനം നാം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ബസ്സുകളാണെന്ന്‌ എനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. മനുഷ്യന്റെ മുഖഭാവങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിഭലിപ്പിക്കുന്ന ഒരു വാഹനം ബസ്സാണെന്ന്‌ പറഞ്ഞാല്‍ നിങ്ങള്‍ നെറ്റി ചുളിച്ചേക്കാം. ചുളിക്കാന്‍ വരട്ടെ.
മേല്‍പ്പറഞ്ഞ വിഷയത്തിലേക്ക്‌ വരാം. അതിന്‌ മുമ്പ്‌ മറ്റൊന്ന്‌ കൂടെ സൂചിപ്പിക്കട്ടെ. നമ്മുടെ ബസ്സുകളില്‍ 90 ശതമാനവും അശോക്‌ ലയലന്റിന്റേയും ടാറ്റയുടെയും ബസ്സുകളാണ്‌. ഇതില്‍ ഇന്ത്യന്‍ കമ്പനിയായ ലയലന്റ്‌ ബസ്സുകള്‍ക്ക്‌ ഒരു രാജകീയ പ്രൗഢിയുള്ളതായി തോന്നിയിട്ടുണ്ട്‌. റോഡിലെ രാജാവ്‌ ആര്‌ എന്ന ചോദ്യത്തിന്‌ ടാറ്റയുടെ ബസ്സോ ലോറിയോ അല്ല ലയലന്റിന്റെ ബസ്സും ലോറിയുമാണ്‌ ഗംഭീരന്‍മാരെന്ന്‌ എനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. ടാറ്റയുടെ ബസ്സുകള്‍ക്ക്‌ പതിഞ്ഞ ശബ്‌ദമാണെങ്കില്‍ ലയലന്റ്‌ ഘന ഗംഭീര ശബ്‌ദത്തിന്‌ ഉടമയാണ്‌. ഇനി സ്റ്റിയറിംഗ്‌ ശ്രദ്ധിച്ച്‌ നോക്കൂ അതിന്റെ വൈവിധ്യം മനസ്സിലാകും. ഗിയറും, എന്‍ജിന്‍ ബോക്‌സും അടക്കം എല്ലാത്തിനും ആ രാജകീയത ദൃശ്യമാണ്‌. ഇനി ഡ്രൈവറുടെ ഇരിപ്പ്‌ നോക്കുക. ലയലന്റിലെ ഡ്രൈവര്‍ ആനപ്പുറത്ത്‌ ഇരിക്കുന്നത്‌ പോലെ തോന്നും. അയാള്‍ ആ ബസ്സിനെ മെരുക്കി കൊണ്ട്‌ പോകുന്നത്‌ കണ്ടിരിക്കാന്‍ ഒരു പ്രത്യേക സുഖമാണ്‌.
ശൃംഗാരം, ഹാസ്യം, കരുണം, വീരം, രൗദ്രം, ഭീഭത്സം, ഭയാനകം, അദ്‌ഭുതം, ശാന്തം. മനുഷ്യന്റെ വികാരങ്ങളുടെ ശാസ്‌ത്രീയ നാമമാണ്‌ ഈ ഒമ്പതെണ്ണം. നവരസങ്ങള്‍ എന്ന്‌ ഇവയെ വിളിക്കുന്നു. ഈ ഒമ്പത്‌ രസങ്ങള്‍ ഒരു വാഹനത്തിന്‌ ആരോപിച്ചാല്‍ അതിന്‌ ഏറ്റവും യോജിക്കുക ലയലന്റ്‌ ബസ്സുകളാണ്‌. സൂക്ഷ്‌മമായി നിരീക്ഷിച്ച്‌ നോക്കിയാല്‍ ഇത്‌ മനസ്സിലാകും. ഇത്‌ മനസ്സിലാക്കാനുള്ള വഴി ലളിതമാണ്‌. ലയലന്റ്‌ ബസ്സിന്റെ മുന്നിലെ വലിയ ലൈറ്റുകള്‍ രണ്ട്‌ കണ്ണുകളായി സങ്കല്‍പ്പിക്കുക. ഈ രണ്ട്‌ ലൈറ്റിന്റെയും ഇടയിലുള്ള ഭാഗത്തേക്ക്‌ നോക്കൂ. നാം ചിരിക്കുന്നത്‌ പോലെയാണ്‌ ഒരു ബസ്സെങ്കില്‍ മറ്റൊന്ന്‌ കരയുകയായിരിക്കും, സകല വാഹനങ്ങളോടും കൊഞ്ഞനം കുത്തുന്ന മുഖം കാണിച്ചായിരിക്കും ചിലതിന്റെ വരവ്‌, അടുത്തത്‌ പുളി തിന്നത്‌ പോലെ ഭീഭത്സമായിരിക്കും മുഖം, ചിലത്‌ ദേഷ്യം പിടിച്ച്‌, വീരത്തിന്റെ മസില്‍ പിടിത്തവുമായി മറ്റൊരു കൂട്ടര്‍, അന്തം വിട്ട മുഖവുമായി പരിഭ്രമിച്ചങ്ങനെ ചിലര്‍, ഓടിയോടി ചുമച്ച്‌ ചുമച്ച്‌ തളര്‍ന്ന്‌ ചിലരുണ്ട്‌ അവര്‍ ശാന്തരാണ്‌...
തൃശ്ശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ്സ്‌ സ്റ്റാന്റിലോ, കണ്ണൂര്‍ - കോഴിക്കോട്‌ റൂട്ടിലോ പോയാല്‍ ഈ ഒമ്പത്‌ രസങ്ങളും അവയുടെ വകഭേദങ്ങളുമായി വിലസുന്ന ലയലന്റ്‌ ബസ്സുകളെ യഥേഷ്‌ടം കാണാം.

Tuesday, September 27, 2011

`ഹും` ... `ഞാന്‍'

തലക്കെട്ടിലെ `ഹും` എന്നത്‌ വായ തുറക്കാതെ അണ്ണാക്കില്‍ നിന്ന്‌ അനുനാസിക കൂട്ടി മൂക്കിന്റെ ദ്വാരങ്ങളിലൂടെ പുറത്തേക്ക്‌ വിടുന്ന ഒരു ശബ്‌ദത്തെ കുറിക്കാന്‍ ചേര്‍ത്തതാണ്‌. ദൈനംദിന ജീവിതത്തില്‍ പല ഘട്ടത്തിലും നാം ഈ ശബ്‌ദം പുറപ്പെടുവിക്കാറുണ്ട്‌. ഈ ശബ്‌ദത്തിന്റെ കൂടെ ഏറ്റവും കൂടുതല്‍ ചേര്‍ക്കാറുള്ള വാക്ക്‌ `ഞാന്‍' എന്നും.
ഈ ഞാനെന്ന ഭാവത്തെ രണ്ടായി പറയാം. അഹം ബോധമെന്നും അഹങ്കാരമെന്നും. എന്താണ്‌ അഹം ബോധം...? ഉപബോധമനസ്സിലെ ബോധതലത്തില്‍ നില്‍ക്കുന്ന യാഥാര്‍ഥ്യമാണ്‌ അഹം ബോധം. ഉദാഹരണമായി പറഞ്ഞാല്‍ ടെസ്റ്റ്‌ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ വ്യക്തികത സ്‌കോര്‍ 400 തികച്ച ഏക കളിക്കാരനാണ്‌ വെസ്റ്റിന്ത്യന്‍ ഇതിഹാസം ബ്രയാന്‍ ലാറ. ആദ്യമായി ക്വാഡ്രബിള്‍ തികച്ച കളിക്കാരന്‍ എന്ന ബോധം ലാറക്ക്‌ ഉണ്ട്‌. ഇത്‌ അഹം ബോധമാണ്‌. ഈ 400 ഇനി മറ്റൊരാള്‍ക്കും തകര്‍ക്കാന്‍ കഴിയില്ല എന്ന്‌ ലാറ കരുതുന്നുണ്ടെങ്കില്‍ അത്‌ ആഹങ്കാരമായി മാറുന്നു.
രാവിലെ എഴുന്നേല്‍ക്കുന്നത്‌ മുതല്‍ രാത്രി കിടക്കുന്നത്‌ വരെ നമ്മുടെ ഉള്ളില്‍ എത്ര തവണ ഈ ഞാന്‍ എന്ന ചിന്ത കടന്നുവരുന്നുണ്ടെന്ന്‌ ആലോചിച്ച്‌ നോക്കിയിട്ടുണ്ടോ...? ജീവിതത്തിന്റെ നിര്‍ണ്ണായകമായ പല നിമിഷത്തിലും `ഞാന്‍' എന്നും `എനിക്ക്‌' എന്നും പറയാന്‍ പറ്റാത്തതിന്റെ പേരില്‍ നമുക്ക്‌ എന്തെല്ലാം നഷ്‌ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ...?
ഞാന്‍, എനിക്ക്‌, എന്റേത്‌ തുടങ്ങി വീരവാദത്തിന്റെ തേന്‍ പുരട്ടി നാം പുറത്തേക്ക്‌ തുപ്പുന്ന വാക്കുകളുടെ വൈവിധ്യങ്ങള്‍ നോക്കുക. ഞാനാരാ മോന്‍, എന്നോടാ കളി, ഞാനില്ലേ കാണാമായിരുന്നു, അവന്റെ സ്ഥാനത്ത്‌ ഞാനായിരിക്കണം, ഞാനങ്ങനെയല്ല, ഞാനങ്ങനെയൊക്കെയാണ്‌, എനിക്ക്‌ മാത്രം, ഞാനത്‌ ചെയ്‌തു, ഞാനേ അത്‌ ചെയ്‌തുള്ളു, ഞാന്‍ തന്നെ വേണമത്രേ, ഞാനായതുകൊണ്ടാണ്‌........ തുടങ്ങി എണ്ണിയാല്‍ തീരാത്തത്ര `ഞാന്‍'. ഇതിന്റെ കൂടെയെല്ലാം `ഹും' എന്ന്‌ ചേര്‍ത്താല്‍ കാര്യം വ്യക്തമാകും.
മൂന്ന്‌ വര്‍ഷത്തെ ബിരുദ പഠനത്തിന്‌ ശേഷം കോളജ്‌ വിട്ട യുവാവ്‌ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യത്തിന്‌ കുറച്ച്‌ മാസങ്ങള്‍ക്ക്‌ ശേഷം ക്യാമ്പസില്‍ എത്തി ചുറ്റും നോക്കി ഒരു ആത്മഗതമുണ്ട്‌. `ഹോ ഞാനൊക്കെ പഠിക്കുമ്പോള്‍ എന്തായിരുന്നു കോളേജ്‌... ഇപ്പം എന്ത്‌'
ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ വയസ്സായ ഒരാള്‍ക്ക്‌ ഇരിക്കാന്‍ സീറ്റ്‌ ഒഴിഞ്ഞ്‌ കൊടുക്കുന്ന ആളെ ശ്രദ്ധിച്ച്‌ നോക്കു. അയാളുടെ മുഖത്ത്‌ ഇങ്ങനെ വായിക്കാം. `ഇത്ര ആളുകളുള്ള ഈ ബസ്സില്‍ ഈ പ്രായമായ ആള്‍ക്ക്‌ യാത്ര ചെയ്യാന്‍ ഞാന്‍ തന്നെ സീറ്റ്‌ ഒഴിഞ്ഞ്‌ കൊടുക്കേണ്ടി വന്നു'. എന്നിട്ട്‌ അയാള്‍ ചുറ്റും നോക്കുന്നു. ചുറ്റുമിരിക്കുന്ന മറ്റ്‌ യാത്രക്കാരില്‍ അയാളെ ശ്രദ്ധിക്കുന്ന രണ്ട്‌ പേരെങ്കിലും ഉണ്ടാകും അവരുടെ മുഖത്ത്‌ നിന്നും ഇതും വായിക്കാം. `ഓ... ഒരു ത്യാഗി'.
ഒരു വിവാഹ വീട്ടിലേക്ക്‌ പോകാന്‍ ഒരുങ്ങുമ്പോള്‍ തന്നെ നമ്മുടെ ഉള്ളില്‍ കിടന്ന്‌ ഞാന്‍ കയറ്‌ പൊട്ടിച്ച്‌ തുടങ്ങും. `ആ വിവാഹ വീട്ടിലേക്ക്‌ കയറി പോകുമ്പോള്‍ അവിടെ കൂടിയിരിക്കുന്നവരൊക്കെ എന്നെ മാത്രം ശ്രദ്ധിക്കും. ഇതാ വന്നിരിക്കുന്നു........ എന്ന്‌ എല്ലാവരും മനസ്സില്‍ പറഞ്ഞിരിക്കും എല്ലാവരും സന്തോഷം കൊണ്ട്‌ എന്നെ വീര്‍പ്പുമുട്ടിക്കും'(അഴകിയ രാവണന്‍ എന്ന സിനിമയിലെ പ്രൊഡ്യൂസര്‍ വരുന്നു എന്ന ശ്രീനിവാസന്‍ ഡയലോഗ്‌ ആലോചിക്കുക)...... തുടങ്ങി അനേകം മനക്കോട്ടകള്‍. പക്ഷേ ഒന്നും സംഭവിക്കുന്നില്ല.
എന്ത്‌ പ്രവൃത്തി ചെയ്‌ത്‌ കഴിഞ്ഞാലും നാലാള്‍ ചുറ്റുമുണ്ടെങ്കില്‍ അവരെയെല്ലാം ഒരു നോട്ടം നോക്കുന്ന ചിലരുണ്ട്‌. ആ നോട്ടത്തില്‍ എല്ലാമടങ്ങിയിട്ടുണ്ടാകും. നാലാള്‍ കൂടുന്ന സ്ഥലത്ത്‌ ഒരു പണിയുമെടുക്കാതെ ഓടിച്ചാടി നടക്കുന്ന മറ്റ്‌ ചിലരുണ്ട്‌. നെറ്റിയിലെ വിയര്‍പ്പ്‌ തുടച്ച്‌ ദീര്‍ഘ നിശ്വാസം വിട്ട്‌ അവര്‍ ഒരു പഞ്ച്‌ ഡയലോഗ്‌ അങ്ങ്‌ കാച്ചും. `ഹോ എന്ത്‌ ചെയ്യാനാ... ഞാനൊരാളുണ്ട്‌ എല്ലാ സ്ഥലത്തും ഓടിയെത്താന്‍'.
നാം വലിയ കാര്യമായി പറയുന്ന പ്രവര്‍ത്തികളെല്ലാം തന്നെ ഇന്നലെ പലരും ചെയ്‌തിട്ടുണ്ട്‌. നാളെ അതെല്ലാം പലരും ചെയ്യും. ഇതൊന്നും വലിയ ആനക്കാര്യമല്ല എന്ന്‌ തിരിച്ചറിയാന്‍ കഴിയാത്തിടത്തോളം ഞാനെന്ന ഭൂതകാല കുളിരില്‍ ഇങ്ങനെ മയങ്ങിക്കിടക്കാം.
ഇത്രയെല്ലാം വായിച്ചിട്ടും ഞാനിങ്ങനെ ഒന്നുമല്ല എന്ന്‌ സ്വയം ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക്‌ എന്റെ നല്ല നമസ്‌കാരം.

വാല്‍ക്കഷണം: `ഞാന്‍'... പറയേണ്ടത്‌ പറഞ്ഞു. ഇനി നിങ്ങളായി നിങ്ങളുടെ പാടായി...

Sunday, September 25, 2011

`ആ' ഗോളത്തിലെ `ഈ' ലോകം

തൊണ്ടക്കുഴിയില്‍ നിന്ന്‌ വാക്കുകള്‍
പുറത്തേക്ക്‌ ചാടിപ്പോയി
ഇടത്‌ ചെവിയില്‍ ഓളങ്ങള്‍ പൊലിപ്പിച്ച്‌ ഒച്ചകള്‍
വലത്‌ ചെവിയിലൂടെ കൂട്ട പലായനം നടത്തി
കാഴ്‌ച്ചകള്‍ കണ്ണടയുടെ
ചില്ലു വേലിയടക്കം പൊട്ടിച്ച്‌ കടന്നു കളഞ്ഞു...
പറയേണ്ടത്‌ പറയാതെയും
കേള്‍ക്കേണ്ടത്‌ കേള്‍ക്കാതെയും
കാണേണ്ടത്‌ കാണാതെയും
ഘരാവോ ചെയ്യപ്പെട്ടു...
അതിശയോക്തിയുടെ പ്രകടന പരതയില്‍
വ്യഭിചരിച്ച ജീവിതം ആത്മഹത്യാ മുനമ്പില്‍
പകച്ചു നില്‍ക്കുന്നു...
കടം കൊണ്ട ഗര്‍ഭ പാത്രത്തില്‍
കൃത്രിമ ബീജം നിക്ഷേപിച്ച്‌ ക്ലോണ്‍ ചെയ്‌തെടുത്ത
`ആ' ഗോളത്തിലെ `ഈ' ലോകത്ത്‌
വില്‌പനക്ക്‌ വെച്ചിട്ടുണ്ട്‌
പുഞ്ചിരി മുതല്‍ സ്വപ്‌നങ്ങള്‍ വരെ...

Saturday, September 24, 2011

ഏറ്‌...

ജീവിതം എറിഞ്ഞ്‌ കളിക്കലാണ്‌
കൈവിട്ട്‌ പോയാല്‍ കഴിഞ്ഞു
ബൂമറാംഗ്‌ പോലെ തിരിച്ച്‌ വരുമെന്ന്‌
കരുതുന്നത്‌ വിഡ്‌ഢിത്തം...
കുട്ടിക്കാലത്ത്‌ മാവിനും പുളിക്കും
ചൊക്ലി പട്ടിക്ക്‌ നേരെയും
കല്ലെറിയുന്നത്‌ പോലെ
കൗമാര കാലത്തെ പ്രേമത്തിന്റെ
കണ്ണേറ്‌ പോലെ...
പഠനം, ജോലി, പണം, വീട്‌
ഭാര്യ, കുട്ടികള്‍, പേരക്കുട്ടികള്‍
അസുഖം, ആശുപത്രി, ശസ്‌ത്രക്രിയ, മരണം
എറിയുന്നവന്റെ കയ്യൂക്കനുസരിച്ചാണ്‌ കാര്യങ്ങള്‍
ചിലപ്പോള്‍ നിലവിളി ഉയര്‍ന്നേക്കാം...
പ്രലോഭനങ്ങള്‍ ജീവിതത്തിന്റെ
ചൂണ്ടയില്‍ തൂങ്ങി നില്‍ക്കുന്നു
ചാടിപ്പിടിക്കാം, എറിഞ്ഞ്‌ വീഴ്‌ത്താം
ഭാഗ്യക്കുറി പോലെ
കിട്ടിയാല്‍ കിട്ടി...

Thursday, September 22, 2011

തുരീയം..

എത്ര എത്ര അകറ്റിയിട്ടും
നിന്റെ മണം..
മുറിവേറ്റ ജീവിതം
നിശബ്ദതയുടെ
താഴ്വരകളില്‍
ഉപേക്ഷിച്ച്
കടലറിഞ്ഞ്
കാറ്ററിഞ്ഞ്
പ്രയാണം..
ഈ നിര്‍വാണ മാര്‍ഗത്തില്‍
ബാക്കി വെയ്ക്കുന്നത്
ആത്മാവിന്റെ
സുഗന്ധം മാത്രം..

അണുകുടുംബം..

അമ്മ പറഞ്ഞു
ദൈവം ഉണ്ട്..
അച്ഛന്‍ പറഞ്ഞു
ദൈവം ഇല്ല..
മകന്‍/മകള്‍ പറഞ്ഞു
ദൈവം ഉണ്ടില്ല..

Tuesday, September 20, 2011

ജോഗ്‌ - പ്രണയം, വിരഹം, പ്രവാസം


പ്രണയം, വിരഹം, പ്രവാസം - മനുഷ്യ മനസ്സിന്റെ ഏറ്റവും ഉജ്ജ്വലമായ വികാരങ്ങളാണ്‌ ഇവ മൂന്നും. പ്രണയം എന്നത്‌ നിര്‍വ്വചനങ്ങള്‍ക്ക്‌ അതീതമായിട്ടാണ്‌ പലപ്പോഴും തോന്നിയിട്ടുള്ളത്‌. കാരണം പ്രേമം അല്ല പ്രണയം എന്നതു തന്നെ. പ്രേമം ഭക്തിയുടെ ഒരു തലം മാത്രമാണ്‌. പലപ്പോഴും പ്രകടനപരതക്ക്‌ അപ്പുറത്ത്‌ നില്‍ക്കാറുണ്ട്‌ പ്രണയം.
പ്രണയത്തിന്റെ നേരെ വിപരീത ദിശയിലാണ്‌ വിരഹം. നഷ്‌ടത്തിന്റെ നൊമ്പരങ്ങള്‍, തമ്മില്‍ കാണാതെയുള്ള രണ്ട്‌ ഹൃദയങ്ങളുടെ മൗന സംവാദങ്ങള്‍ തുടങ്ങി വിരഹത്തിന്‌ വൈകാരിക തലങ്ങള്‍ ഒട്ടനവധിയുണ്ട്‌. പണ്ടത്തെ കവികള്‍ കാമുകി - കാമുക സങ്കല്‍പ്പത്തില്‍ വരുന്ന വിരഹത്തിന്‌ ഒരു ഉദാഹരണം പറയാറുണ്ട്‌. ``ഇണയെ പിരിഞ്ഞിരിക്കുന്ന ചക്രവാക പിടകള്‍''. ഈ ചക്രവാക പിടകള്‍ സാങ്കല്‍പ്പിക പക്ഷി മാത്രമാണ്‌. ഒരു താമര ഇല കുത്തനെ വെച്ചാല്‍ അതിന്‌ അപ്പുറവും ഇപ്പുറവും ആയിരിക്കും ഈ പക്ഷികള്‍ ഇരിക്കുക. പരസ്‌പരം കാണാതെ ഇണ തന്നെ വിട്ടുപോയെന്ന്‌ വിചാരിച്ച്‌ ചക്രവാകങ്ങള്‍ കരയുന്നതായിട്ടാണ്‌ കവികള്‍ പറയാറുള്ളത്‌. ഇനി ആലോചിച്ച്‌ നോക്കുക വിരഹത്തിന്റെ വേദന.
സ്വന്തം നാട്ടില്‍ നിന്ന്‌ അന്യദേശത്ത്‌ താമസിക്കുന്നത്‌ എല്ലാം പ്രവാസമാണ്‌. അത്‌ മറ്റൊരു രാജ്യമോ, സംസ്ഥാനമോ, ജില്ലയോ ആയ്‌ക്കോട്ടെ. കുറേ ദിവസങ്ങള്‍ക്ക്‌ ശേഷം നാട്ടിലേക്ക്‌ വരുന്നത്‌ ഒരു സുഖമുള്ള ഏര്‍പ്പാടാണ്‌. അത്‌ മാസങ്ങള്‍ക്ക്‌ ശേഷമോ, വര്‍ഷങ്ങള്‍ക്ക്‌ ശേഷമോ ആണെങ്കിലോ........നാട്ടിലെത്തി വൈകുന്നേരം കുളി കഴിഞ്ഞ്‌ നിരത്തിലിറങ്ങി പുഷ്‌പേട്ടന്റെ പെട്ടി പീടികയില്‍ നിന്ന്‌ ഒന്ന്‌ മുറുക്കി സമകാലിക രാഷ്‌ട്രീയ സാമൂഹിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുകയും തുടങ്ങി....... ഗൃഹാതുരതയുടെ വേലിയേറ്റങ്ങളില്‍ പെട്ട്‌ മനസ്സ്‌ നിറഞ്ഞ്‌ തുളുമ്പും. തിരികെ യാത്ര പോകുന്നതിന്റെ തലേ ദിവസം കാച്ചിയ എണ്ണ കവറില്‍ പൊതിഞ്ഞുകെട്ടി ഭദ്രമാക്കി ബാഗില്‍ വെക്കുമ്പോള്‍ കണ്ണില്‍ നിന്ന്‌ അറിയാതെ രണ്ട്‌ തുള്ളി വീണുവോ.........
ഇനി സംഗീതവുമായി ഈ വികാരങ്ങളെ ഒന്ന്‌ ബന്ധിപ്പിച്ച്‌ നോക്കാം. മനുഷ്യന്റെ എല്ലാ വികാര, വിചാര ചിന്തകള്‍ക്കുമുള്ള ഏറ്റവും ലളിതമായ ഉത്തരമാണ്‌ സംഗീതം. ഏകാന്തമായി ചില രാഗങ്ങള്‍ കേട്ടു നോക്കു. നാം ഒരു ധ്യാനാവസ്ഥയിലേക്ക്‌ പോകുന്നതായും ഒരു തൂവല്‍ പോലെ പറക്കുന്നതായും അനുഭവപ്പെട്ടേക്കാം. സംഗീതത്തിന്റെ ശ്വാസമാണ്‌ രാഗങ്ങള്‍. ലോകത്തിലുള്ള എല്ലാം സംഗീതവും നിലനില്‍ക്കുന്നതും രാഗത്തിലാണ്‌.
ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു രാഗമാണ്‌ ജോഗ്‌. മേല്‍പ്പറഞ്ഞ വികാരങ്ങളെ ഇത്ര കൃത്യമായി, അതായത്‌ മൂന്നിനേയും ഒരു പോലെ ഉള്‍ക്കൊള്ളാന്‍ ജോഗിന്‌ കഴിയുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്‌. പ്രവാസ ജീവിതത്തിന്റെ ഏകാന്തതകളില്‍ ജോഗ്‌ കേട്ട്‌ രാത്രിയില്‍ കിടന്ന്‌ നോക്കുക അപ്പോള്‍ നാം ഒറ്റക്ക്‌ അലയുകയാണെന്ന്‌ തോന്നും. നമുക്ക്‌ ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ അടുത്ത്‌ ഇരിക്കുമ്പോള്‍ ജോഗ്‌ കേള്‍ക്കുക ഹൃദയം പ്രണയത്താല്‍ നിറയുന്നതായി തോന്നും. യാത്ര പറഞ്ഞ്‌ പോയവരുടെ ഓര്‍മ്മകളാല്‍ ചിന്തയില്‍ മുഴുകുമ്പോള്‍ ജോഗ്‌ കേള്‍ക്കുകയാണെങ്കില്‍..........വേണ്ട. അനുഭവത്തിന്റെ അപ്പുറത്തല്ല എഴുത്ത്‌.
ബിസ്‌മില്ലാ ഖാന്‍ ഷഹനായിയില്‍ ജോഗ്‌ കേള്‍പ്പിക്കുമ്പോള്‍ വിരഹത്തിന്റെ നൊമ്പരം അനുഭവപ്പെടാറുണ്ട്‌. അംജദ്‌ അലിഖാന്റെ കൈവിരലുകള്‍ സരോദില്‍ ജോഗായി ഒഴുകുമ്പോള്‍ അലഞ്ഞ്‌ നടക്കാന്‍ തോന്നിയിട്ടുണ്ട്‌. റഷീദ്‌ ഖാന്‍ ജോഗ്‌ പാടിയപ്പോള്‍ നിറയെ പ്രണയം പൂത്തുലഞ്ഞു.
മലയാള സിനിമയില്‍ ജോഗ്‌ അപൂര്‍വ്വം ചില നിമിഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. പറയാന്‍ മറന്ന പരിഭവങ്ങളിലുടെ രമേശ്‌ നാരായണന്‍ ജോഗ്‌ നമ്മെ കേള്‍പ്പിച്ചു. പ്രമദവനം വീണ്ടും, ശ്രുതിയമ്മ ലയമച്ഛന്‍ തുടങ്ങിയ ഗാനങ്ങളിലൂടെ രവീന്ദ്രന്‍ മാഷും ജോഗിനെ ഉണര്‍ത്തി.
ഈ കുറിപ്പ്‌ ഇവിടെ നിര്‍ത്തുന്നു. എഴുതിയാലും എഴുതിയാലും തീരാത്ത കുറേ വിഷയങ്ങളും വികാരങ്ങളുമാണ്‌ ഇതെല്ലാം. അതിങ്ങനെ ചുരുക്കേണ്ടി വന്നതില്‍ ക്ഷമിക്കുക. ഇത്‌ വായിച്ച്‌ തീരുമ്പോള്‍ ജോഗ്‌ വെറുതെ മൂളാനെങ്കിലും തോന്നട്ടെ......

Sunday, September 18, 2011

ചിലന്തി..

ഇല്ലായ്മകളില്‍ കിടന്നു ഏകാകിയായ്
ജീവിതം നെയ്യുമ്പോള്‍..
ഇരകളെ കാത്തു മാദകത്വത്തിന്റെ
വലയില്‍ വിലയിക്കുംപോള്‍..
ഒട്ടുന്ന നൂല്‍ പാലത്തില്‍
ഇരകള്‍ അവസാന ജീവിതം കാണുമ്പോള്‍..
എട്ടു കാലുകള്‍ക്കിടയില്‍
ഇളം മേനികള്‍ പുളയുമ്പോള്‍..
ആരും കാണാത്ത ഇടങ്ങളില്‍
ഏകാകികള്‍ വശീകരണത്തിന്റെ
പുതിയ വലകള്‍ നെയ്തെടുക്കുന്നു..


പ്രണയം..

നിറനിലാവ് മായ്ച്ചു കളഞ്ഞ
നക്ഷത്ര തുണ്ടുകള്‍
പറയാന്‍ മറന്ന വാക്ക്..

വിരഹം..

വാക്കുകളുടെ ഘനീഭവിച്ച മൂകതയില്‍
നമുക്കിടയിലെ ഋതുക്കള്‍
മൌനമായി അവശേഷിക്കുന്നു..

Wednesday, September 7, 2011

കേവലം ഔപചാരികതയുടെ പേരില്‍ മാത്രം ഓണാശംസകള്‍.

~ഒരു ഓണക്കാലത്തിന്റെ സമൃദ്ധി കൂടി. എങ്കിലും തിരിഞ്ഞ്‌ നോക്കുന്നത്‌ നല്ലതാണ്‌. നാം ജീവിക്കുന്ന കാലവും മഹാബലി നാടു വാണ കാലത്തിന്റെ മഹത്വവും (മാവേലി നാടു വാണീടും കാലം..... പാട്ട്‌ ഓര്‍മ്മയിലുണ്ടാകുമല്ലോ) തുലനം ചെയ്യുന്നത്‌ നല്ലതാണ്‌. ലോകത്തിലെ ഏറ്റവും വലിയ അഴിമതി നടത്തിയ(2ജി സ്‌പെക്‌ട്രം) ഒരു രാജ്യത്താണ്‌ നാം ജീവിക്കുന്നത്‌ എന്നും ഓര്‍ക്കുന്നത്‌ നല്ലതാണ്‌.
ഇത്തവണ ആരുടെ കൂടെയാണ്‌ ഓണം ആഘോഷിക്കേണ്ടത്‌...? നവ്യാ നായര്‍ കല്ല്യാണം കഴിഞ്ഞ്‌ പോയ സ്ഥിതിക്കും കാവ്യാ മാധവന്‍ വിവാഹ മോചിതയായി തിരിച്ചു വന്ന സ്ഥിതിക്കും ഈയോണം ആഘോഷിക്കൂ.......... പൃഥ്വിരാജ്‌ കല്ല്യാണം കഴിച്ചതുകൊണ്ട്‌്‌ അവരുടെ ഓണ സ്‌മരണക്ക്‌ ഇടം കണ്ടത്തുകയുമാകാം.
ഒന്ന്‌ രണ്ട്‌ സിനിമകളില്‍ തല കാണിച്ച്‌ ഓണക്കാലത്ത്‌ ചാനലുകള്‍ കയറിയിറങ്ങി പണ്ടിങ്ങനെയൊന്നുമായിരുന്നില്ല ഓണമെന്നൊക്കെ മുടി ഇടക്കിടെ മാടിയൊതുക്കി (വയസുള്ള മുത്തശ്ശന്‍മാരും മുത്തശ്ശിമാരും ഇത്‌ കാണുന്നുണ്ട്‌ എന്ന സാമാന്യ ബോധത്തിന്റെ ഒരു ഉളുപ്പുമില്ലാതെ) വെച്ചുകാച്ചുന്ന പുതുമുഖ നടിമാരുടെ ഗീര്‍വാണങ്ങള്‍ക്കും പിന്നെ സ്ഥിരം പംക്തികളായ മറ്റ്‌ മഹാ നടന്‍മാരുടെ തത്വജ്ഞാനപരമായ ഉപദേശങ്ങളും തുടങ്ങി നമ്മുടെ ഓണത്തെ സമ്പന്നമാക്കാന്‍ ഉത്രാടം മുതല്‍ ചതയം വരെ ചാനലുകാര്‍ മത്സരിക്കുന്നുണ്ടല്ലോ.
പണ്ടത്തെ ഓണമായിരുന്നു ഓണം ഇതെന്തോണം എന്ന്‌ പറയാം, മലയാളിക്ക്‌ പൂക്കളമൊരുക്കാന്‍ മറുനാടന്‍ പൂക്കള്‍ എന്നും പറയാം, നാടന്‍ പൂക്കള്‍ എവിടെ എന്ന്‌ ദീര്‍ഘ നിശ്വാസം വിടാം, വിലക്കയറ്റമെന്ന്‌ പരിഭവിക്കാം, ഇന്‍സ്റ്റെന്റ്‌ വിഭവങ്ങളെന്നും, നാല്‌ തരം പ്രഥമനെന്നും, തലപന്ത്‌ കളിയെന്നും, ഓണ തല്ലെന്നും, ഓണ പൊട്ടനെന്നും...... പിന്നെ പൂവിളി പൂവിളി പൊന്നാണമായി എന്ന സ്ഥിരം ഗാനവും.
രണ്ട്‌ ദിവസം മുമ്പ്‌ മലയാളത്തിലെ പ്രമുഖ പത്രത്തിന്റെ ഒന്നാം പേജില്‍ സൊമാലിയയിലെ പട്ടിണി കൊണ്ട്‌ മരിക്കാറായ കുട്ടിയുടെ പടവും ലക്ഷക്കണക്കിന്‌ ആളുകള്‍ ക്ഷാമം മൂലം മരിച്ചുവീഴുകയാണെന്ന വാര്‍ത്തയും ഉണ്ടായിരുന്നു. താര ഗംഭീരന്‍മാരുടെ ഓണത്തിന്റെ ചരിത്രവും ഭൂമി ശാസ്‌ത്രവും രണ്ട്‌ ചെവിയിലൂടെ തലച്ചോറിലേക്ക്‌ തള്ളുമ്പോള്‍ നാം സൊമാലിയയിലെ ആ വിഷയത്തെക്കുറിച്ച്‌ ചിന്തിക്കുമോ...? എന്തിന്‌ സൊമാലിയ.... നമ്മുടെ അയല്‍പ്പക്കത്തുണ്ട്‌ കാണം വിറ്റും ഓണം ഉണ്ണാന്‍ യോഗമില്ലാത്തവര്‍.
നമ്മുടെ തൊട്ടുമുന്നിലുള്ള മനുഷ്യനോട്‌ കരുണയോടെ പെരുമാറാന്‍ പഠിക്കാത്തിടത്തോളം, കള്ളത്തരമില്ലാത്ത സമൃദ്ധമായ പുഞ്ചിരി സമ്മാനിക്കാന്‍ നമുക്ക്‌ കഴിയാത്തിടത്തോളം, ഓണവും റംസാനും ക്രിസ്‌തുമസും ആഘോഷിക്കാന്‍ സുഹൃത്തെ നമുക്ക്‌ എന്തര്‍ഹതയാണ്‌ ഉള്ളത്‌.
പിന്നെ എല്ലാവരും ചെയ്യുന്നത്‌ എന്ന്‌ പറഞ്ഞ്‌, നാടോടുമ്പോള്‍ നടുവേ ഓടണം എന്ന്‌ സമാധാനപ്പെട്ട്‌ നമുക്കിങ്ങനെയൊക്കെ ഇതങ്ങാഘോഷിക്കാം.
കോരന്മാര്‍ക്ക്‌ കഞ്ഞി ഇപ്പോഴും കുമ്പിളില്‍...................................................................... വേണ്ട ഇനി പറയുന്നില്ല.
കേവലം ഔപചാരികതയുടെ പേരില്‍ മാത്രം ഓണാശംസകള്‍.

Monday, September 5, 2011

പെണ്‍കുട്ടികളുടെ ബസ്സ്‌ യാത്ര

കേരളത്തില്‍ ഒട്ടും സാമാന്യ മര്യാദ ഇല്ലാത്ത ഒരു വിഭാഗമാണ്‌ പ്രൈവറ്റ്‌ ബസ്സിലെ ജീവനക്കാര്‍. ഇപ്പറഞ്ഞതിന്‌ എല്ലാവരും അങ്ങിനെയാണ്‌ എന്ന്‌ അര്‍ഥമാക്കേണ്ടതില്ല. ജനങ്ങളെ സുരക്ഷിതമായി എത്തിക്കേണ്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തമാണ്‌ അവര്‍ക്കുള്ളത്‌. പക്ഷേ അവരെ സംബന്ധിച്ച്‌ അതൊന്നുമല്ല പ്രശ്‌നം. സമയമാണ്‌ അവരെ നിയന്ത്രിക്കുന്നത്‌. മറ്റുള്ളതൊന്നും അവരെ ബാധിക്കുന്നതേയല്ല എന്ന ഭാവം പല തരത്തില്‍ അവര്‍ പ്രകടിപ്പിക്കാറുണ്ട്‌. ബസ്സില്‍ കയറിയാല്‍ മനസ്സിലാകും ഇത്‌. യാത്രക്കാര്‍ തൊടുന്നതെല്ലാം പ്രശ്‌നമാണ്‌. 50 പൈസ, ചില്ലറ, അടുത്ത്‌ നില്‍ക്കുക, സഹകരിക്കുക, ഫുട്‌ബോള്‍ കളിക്കാനുള്ള സ്ഥലം തുടങ്ങി അനവധി വാക്കുകള്‍ അവര്‍ എടുത്ത്‌ പ്രയോഗിക്കുന്നു. ഇപ്പറഞ്ഞതില്ലെല്ലാം നാമോരോരുത്തരുടേയും ചെവികള്‍ സാക്ഷികളാണുതാനും.
ബസില്‍ കയറാനും ഇറങ്ങാനും ഓരോ കേരളീയനും പ്രത്യേക പരിശീലനത്തിന്‌ പോകേണ്ടതായിട്ടുണ്ട്‌. സര്‍ക്കസ്‌ പരിശീലകരെ തേടിപ്പിടിക്കുകയായിരിക്കും ഉചിതം. ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന്‌ ചാടി ഇറങ്ങുക, ഓടിക്കൊണ്ട്‌ ബസ്സിലേക്ക്‌ ചാടി കയറുക തുടങ്ങി അനേകം കലാ പരിപാടികള്‍ ദിനം പ്രതി നടത്താനുള്ള അവസരമാണ്‌ നമുക്ക്‌ ബസ്സ്‌ ജീവനക്കാര്‍ ഒരുക്കി തരുന്നത്‌. ഇറങ്ങേണ്ട സ്റ്റോപ്പില്‍ നിര്‍ത്താതെ ഒന്നും പെടാത്ത ഒരു സ്ഥലത്ത്‌ കൊണ്ട്‌ ബസ്സ്‌ നിര്‍ത്തിയും, ബസ്സ്‌ കയറാന്‍ കാത്ത്‌ നില്‍ക്കുമ്പോള്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ രണ്ടുമൂന്നടി മുന്നോട്ട്‌ നിര്‍ത്തി നമ്മെ ഓട്ട മത്സരത്തിന്‌ പരിശീലിപ്പിക്കുകയും ചെയ്യുന്ന അവരുടെ സഹൃദയത്തം അപാരമാണ്‌.
ഇക്കൂട്ടര്‍ക്ക്‌ ഏറ്റവും ചതുര്‍ഥിയുള്ള വിഭാഗമാണ്‌ വിദ്യാര്‍ഥികള്‍. ലോകത്തിലെ ഏറ്റവും നികൃഷ്‌ട ജീവിയാണ്‌ വിദ്യാര്‍ഥികളെന്ന മനോഭാവത്തിലാണ്‌ ഇവരുടെ പെരുമാറ്റം. മുകളില്‍ പറഞ്ഞ സ്റ്റോപ്പില്‍ നിര്‍ത്താതെയുള്ള പൊറാട്ട്‌ നാടകം ഇവര്‍ ആടുക വിദ്യാര്‍ഥികള്‍ നില്‍ക്കുമ്പോഴാണ്‌.
അലിഖിത നിയമങ്ങളുടെ ഒരു കൂമ്പാരം തന്നെ വിദ്യാര്‍ഥികള്‍ക്കായി ബസ്സ്‌ ജീവനക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്‌. കണ്‍സഷന്‍ കിട്ടണമെങ്കില്‍ ചിലറ നിര്‍ബന്ധമാണ്‌, സീറ്റില്‍ ഇരുന്ന്‌ യാത്ര പാടില്ല, സ്റ്റാന്‍ഡില്‍ നിന്ന്‌ ബസ്സ്‌ സ്റ്റാര്‍ട്ടാക്കിയ ശേഷം മാത്രം കയറുക, പത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ കയറാന്‍ പാടില്ല തുടങ്ങി അനേകം നിയമ സംഹിതകള്‍. ഈ നിയമങ്ങള്‍ മുഴുവന്‍ ഒരു വിദ്യാര്‍ഥി പൂര്‍ണ്ണമായും പാലിച്ചാണ്‌ യാത്ര ചെയ്യുന്നതെന്ന്‌ കരുതുക എന്നാലും അവരുടെ മനോഭാവത്തില്‍ യാതൊരു മാറ്റവും വരുന്നില്ല.
വിദ്യാര്‍ഥികളില്‍ പെണ്‍കുട്ടികളുടെ ബസ്സ്‌ യാത്രയാണ്‌ ഏറ്റവും ക്രൂരം. സ്റ്റാന്‍ഡുകളില്‍ നിന്ന്‌ പെണ്‍കുട്ടികള്‍ ബസ്സില്‍ കയറിപറ്റാന്‍ പെടുന്ന പെടാപ്പാട്‌ ദയനീയമായ കാഴ്‌ച്ചയാണ്‌. ഡ്രൈവര്‍ കയറി സ്റ്റാര്‍ട്ടാക്കി ചലിച്ച്‌ തുടങ്ങുന്ന ബസ്സിലേക്ക്‌ കൂട്ടമായി ഏന്തി വലിഞ്ഞ്‌ കയറുന്ന പെണ്‍കുട്ടികളുടെ മാനസിക അവസ്ഥ എന്തായിരിക്കും എന്ന്‌ ആലോചിച്ചിട്ടുണ്ടോ...? കയറി പറ്റിയാല്‍ യാത്ര ചെയ്യാം എന്ന സ്ഥിതി മാത്രമാണ്‌ അവര്‍ക്ക്‌ മുന്നിലുള്ള ഏക പോംവഴി. ഇതില്‍ സ്‌കൂള്‍, കോളജ്‌ വിദ്യാര്‍ഥികളെന്ന വ്യത്യാസമൊന്നുമില്ല. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികളുടെ ഇതേ അനുഭവങ്ങളുണ്ട്‌.
യഥാര്‍ഥത്തില്‍ വിദ്യാര്‍ഥികള്‍ കൊടുക്കുന്ന ചില്ലറ കണക്കില്‍ പെടാത്തതാണ്‌. വിദ്യാര്‍ഥികള്‍ കയറുന്നത്‌ കൊണ്ട്‌ ബസ്സിന്റെ മുതലാളിക്ക്‌ നഷ്‌ടം വന്ന ചരിത്രവും ഇല്ല. എന്നിട്ടും ഈ വിഷയം എന്തുകൊണ്ടാണ്‌ നമുക്ക്‌ ഒരു സാമൂഹിക പ്രശ്‌നമായി തോന്നാത്തത്‌. എന്തുകൊണ്ടാണ്‌ ഇത്‌ മനുഷ്യാവകാശ ലംഘനമായി നമുക്ക്‌ തോന്നാത്തത്‌. വിദ്യാര്‍ഥികളെ ഇന്റര്‍വ്യൂചെയ്‌തും, സ്റ്റാര്‍ട്ടാക്കുമ്പോള്‍ മാത്രം അതി സാഹസികമായേ വിദ്യാര്‍ഥികള്‍ കയറാവൂ എന്നും ആരാണ്‌ ഇവിടെ നിയമം ഉണ്ടാക്കിയത്‌. ബസ്സില്‍ ഇരുന്ന്‌ യാത്ര ചെയ്യാന്‍ ഏറ്റവും കൂടുതല്‍ അവകാശം വിദ്യാര്‍ഥിക്കാണെന്നിരിക്കെ നമ്മുടെ മുന്നില്‍ കാലങ്ങളായി നടക്കുന്ന മനുഷ്യാവകാശത്തിന്റെ പരസ്യമായ ലംഘനത്തെ എങ്ങനെ ഇത്ര കാലം ബസ്സിന്റെ അരിക്‌ സീറ്റിലിരുന്ന്‌ നാം കണ്ടുകൊണ്ടിരുന്നു. ഇവിടുത്തെ വിദ്യാര്‍ഥി യുവജന സംഘടനകള്‍, ഫെമിനിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍, മുഖ്യധാരാ മാധ്യമങ്ങള്‍ തുടങ്ങി ഒരാള്‍ പോലും ഈ വിഷയത്തില്‍ സക്രിയമായി ഇടപെട്ടതായി കണ്ടിട്ടില്ല. എന്തുകൊണ്ട്‌...?