Wednesday, July 24, 2013

പട്ടം...

നിഷ്‌കളങ്കതയുടെ
കൈകളില്‍ നിന്ന്
മുകളിലേക്ക് ഉയര്‍ന്ന
ബാല ചാപല്യങ്ങള്‍...
കാറ്റുപിടിച്ച്
മാനം മുട്ടെ
ഉയര്‍ന്നപ്പോള്‍
പിടിവിട്ടു പോയ
കുഞ്ഞു കിനാവ്...

Tuesday, July 23, 2013

മില്‍ഖാ... സല്യൂട്ട്... ആ സിംഹ ഹൃദയത്തിന്

1960 റോം ഒളിമ്പിക്‌സില്‍ 400 മീറ്ററിന്റെ ഫിനിഷിംഗ് ലൈനില്‍ വെച്ച് ഇന്ത്യയുടെ മില്‍ഖാ സിംഗ് തിരിഞ്ഞു നോക്കിയത് എന്തിനായിരുന്നു......... വിഭജനത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ പേറി പലായനം ചെയ്യേണ്ടി വന്ന തന്റെ കുട്ടിക്കാലത്തെ ആ നിമിഷം മില്‍ഖ ഓര്‍ത്തിരുന്നുവോ. അറിയില്ല. അതങ്ങിനെ സംഭവിക്കണമെന്ന് ആരോ മുന്‍കൂട്ടി ഏഴുതി വെച്ചതായിരിക്കണം.........................................................................
കോഴിക്കോടിന്റെ ചരിത്രത്തിനൊപ്പം കൂട്ടി വായിക്കേണ്ട പേരാണ് ക്രൗണ്‍ തിയേറ്ററിന്റെ ഭൂതകാലം. കോഴിക്കോട്ടുകാരെ ഇംഗ്ലീഷ് സിനിമ കാണാന്‍ പഠിപ്പിച്ച കൊട്ടക. ആ കൊട്ടകയുടെ ശീതീകരിച്ച മുറിയിലിരുന്ന് ഭാഗ് മില്‍ഖ ഭാഗ് എന്ന രാകേഷ് ഓംപ്രകാശ് മെഹ്‌റയുടെ ഹിന്ദി സിനിമ കണ്ടു. ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ എന്തുകൊണ്ടും യോഗ്യത വലിയ ഭൂതകാലത്തിന്റെ അകമ്പടിയുള്ള ക്രൗണിന് തന്നെയാണ്. സിനിമ തുടങ്ങുന്നത് റോം ഒളിമ്പിക്‌സ് സ്റ്റേഡിയത്തിലെ ട്രാക്കില്‍ വെച്ച് മില്‍ഖക്ക് മെഡല്‍ നഷ്ടപ്പെട്ട ഷോട്ടോടെയാണ്. അസാമാന്യ കൈയടക്കത്തോടെ ജീവിച്ചിരിക്കുന്ന ഇതിഹാസത്തെ മെഹ്‌റ സെല്ലുലോയ്ഡിലേക്ക് പകര്‍ത്തിയിരിക്കുന്നു. മില്‍ഖയായി പരകായ പ്രവേശം നടത്തിയ ഫര്‍ഹാന്‍ അക്തറിന്റെ പ്രകടനവും ഗംഭീരം. മൂന്ന് മണിക്കൂര്‍ ചിരിച്ചും ചിന്തിച്ചും പ്രണയിച്ചും ഇടക്ക് വിതുമ്പിയും പൊട്ടിക്കരഞ്ഞും രോമാഞ്ചം കൊണ്ടും ഒരു നീണ്ട കായിക ചരിത്രത്തെ  ഹൃദയത്തിലേക്ക് പടര്‍ത്തി. തിയേറ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ മനസ്സ് നിറയെ വികാരങ്ങളുടെ പെരുമഴയായിരുന്നു. പുറത്തേക്കിറങ്ങിയപ്പോള്‍ മഴ തോര്‍ന്ന് തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു...........................................
ആരാണ് മില്‍ഖ സിംഗ്? കപില്‍ ദേവിനും പി ടി ഉഷക്കും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും ലിയാണ്ടര്‍ പേസിനും മുമ്പ് ഇന്ത്യന്‍ കായിക സ്വപ്‌നങ്ങളെ ലോകത്തോളം ഓടിച്ച കരുത്തന്‍. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്ന മഹാ സത്യത്തെ ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ ഉജ്ജ്വലനായ പട്ടാളക്കാരനും അത്‌ലറ്റും. ദ ഫ്‌ളൈയിംഗ് സിഖ് എന്ന അപര നാമത്തില്‍ അറിയപ്പെട്ട ഇന്ത്യയുടെ ഒരേയൊരു ഇതിഹാസ അത്‌ലറ്റ്. വിഭജന കാലത്ത് എല്ലാം നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടി വന്നതിന്റെ തിക്താനുഭവങ്ങളില്‍ നിന്നാണ് ആ അത്‌ലറ്റ് പിറവിയെടുത്തത്. ഇന്നത്തെ പാക്കിസ്ഥാനിലുള്ള ഗോവിന്ദ്പുരയിലെ ചുട്ടു പഴുത്ത മണലിലൂടെ ഓടി തുടങ്ങി അഭയാര്‍ഥി ക്യാമ്പില്‍ താമസിച്ച്, തീവണ്ടിയില്‍ നിന്ന് കല്‍ക്കരി മോഷ്ടിച്ച്, ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് തീഹാര്‍ ജയിലില്‍ അടക്കപ്പെട്ട് ഒടുവില്‍ പട്ടാള ക്യാമ്പില്‍ നിന്ന് ഏറ്റവും ഇഷ്ടപ്പെട്ട പാലിനായി ഓട്ടം ശക്തമാക്കിയ മില്‍ഖ പിന്നീട് ഇന്ത്യന്‍ കായിക സംസ്‌കാരത്തെ മാറ്റി പണിയാന്‍ നിയുക്തനായത് കാലത്തിന്റെ കാവ്യ നീതി .........................
ഓടാനായി മാത്രം പിറന്ന മില്‍ഖ, കാമുകനായിരുന്നു നര്‍ത്തകനായിരുന്നു സംഗീതജ്ഞനായിരുന്നു. അതിലെല്ലാം ഓട്ടത്തിന്റെ ചടുലതയുണ്ട്. ആ വികാരങ്ങളുടെയെല്ലാം താളം ഒന്നായിരുന്നു. പരാജയപ്പെടുന്ന ഓരോ നിമിഷത്തിലും തിരിച്ചടിക്കാനുള്ള കരുത്ത് മനുഷ്യന് ഉണ്ടാകുന്നത് ജീവിതാനുഭവങ്ങളില്‍ നിന്നാണെന്ന് ഓട്ടത്തിലൂടെ അയാള്‍ തെളിയിച്ചു. കഠിനമായ ജീവിത സമരങ്ങള്‍, കയ്‌പ്പേറിയ അനുഭവങ്ങള്‍, ഉയിര്‍പ്പുകളും പതനങ്ങളും ഇച്ഛാഭംഗങ്ങളും എല്ലാം ചേര്‍ന്ന് നോക്കിയിട്ടും മില്‍ഖയിലെ പോരാളിയെ തളക്കാന്‍ സാധിച്ചില്ല. കവി പറഞ്ഞത് പോലെ ഈശ്വരനോ മാന്ത്രികനോ ഒന്നുമായിരുന്നില്ല ആ സര്‍ദാര്‍ജി. പച്ചയായ മനുഷ്യനായിരുന്നു, വൈകാരികമായ മനുഷ്യത്വമായിരുന്നു...................................
പ്രിയപ്പെട്ട മില്‍ഖ നന്ദി... ജീവിതം കൊണ്ട് ആത്മവിശ്വാസത്തെയും ദൃഢനിശ്ചയത്തെയും കൃത്യമായി നിര്‍വചിച്ചതിന്. വാക്കുകള്‍ കൊണ്ട്, ഹൃദയം കൊണ്ട്, മൗനം കൊണ്ട് 78ല്‍ എത്തിനില്‍ക്കുന്ന അങ്ങയുടെ ആ സിംഹ ഹൃദയത്തിന് വലിയ വലിയ സല്യൂട്ട്........

Wednesday, July 10, 2013

കണ്‍മഷി...

നിന്റെ കണ്ണില്‍ പൂത്ത
കറുത്ത വസന്തത്തിന്
എന്റെ ജീവന്‍...
കറുപ്പില്‍ ചാലിച്ച്
പീലിയില്‍ തൊട്ട്
മുഖ ചന്ദ്രനില്‍ പടര്‍ന്ന
കണ്ണുനീര്‍ ചാലിലും
ഞാനുണ്ട്...

Tuesday, July 9, 2013

ടെന്നീസ് റാക്കറ്റിന്റെ ധ്യാന വഴികള്‍....

റാക്കറ്റെടുത്ത ഓരോ നിമിഷത്തിലും  ധ്യാന സ്ഥലികളില്‍ മുഴുകുന്ന ബൗധായന വഴികളിലായിരുന്നു അയാള്‍. ഏഴ് ഫൈനലുകള്‍ കളിച്ചിട്ടും അഞ്ചിലും പരാജയപ്പെട്ടപ്പോഴും അയാള്‍ പ്രതീക്ഷകളെ പുല്‍കി. നീണ്ട 77 വര്‍ഷം ഒരു ജനത കാത്തിരുന്ന നിമിഷം സമ്മാനിക്കുമ്പോഴും അയാളുടെ മുഖത്ത് നിറഞ്ഞ സൗമ്യതയുണ്ടായിരുന്നു. ആന്‍ഡി മുറെ എന്ന ബ്രിട്ടീഷ് ടെന്നീസ് താരത്തെ ശ്രദ്ധിച്ച് നോക്കൂ. ഹൃദയത്തില്‍ നിന്നൂറിക്കൂടുന്ന വൈകാരിക നിമിഷങ്ങളെ എപ്പോഴും ഒരു തടസ്സവുമില്ലാതെ അയാള്‍ പ്രദര്‍ശിപ്പിക്കും. അതുകൊണ്ടാണ് 2012ല്‍ വിംബിള്‍ഡണ്‍ ഫൈനലില്‍ റോജര്‍ ഫെഡററോട് പരാജയപ്പെട്ടപ്പോള്‍ അയാള്‍ പൊട്ടിക്കരഞ്ഞത്. ആ കരച്ചിലിന്റെ പിന്നില്‍ നാളെയുടെ പ്രതീക്ഷകള്‍ ഒരു പക്ഷേ തിളങ്ങിയിരിക്കാം. അതുകൊണ്ടാണ് കാലം അന്ന് മുറെയുടെ കണ്ണീര്‍ വീഴ്ത്തി ആള്‍ ഇംഗ്ലണ്ട് ക്ലബിലെ ടെന്നീസ് പുല്‍ത്തകിടിയെ ശുദ്ധീകരിച്ചത്. എട്ടാം ഫ്രഞ്ച് ഓപ്പണ്‍ നേടിയെത്തിയ നദാല്‍ ആദ്യവും എട്ടാം വിംബിള്‍ഡണ്‍ കിരീടം തേടിയെത്തിയ ഫെഡറര്‍ പിന്നാലെയും പുറത്ത് പോയതും ആ നിയോഗത്തിന്റെ ബാക്കിയാണ്.
ആഭിജാതമായ ഒരു ട്രോഫിയിലേക്ക് ഒരു ജനത കണ്ണും നട്ട് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 77 വര്‍ഷമായി എന്നത് കൗതുകം തരുന്ന കാര്യമാണ്. 1936 ഫ്രെഡ് പെറിയെന്ന ബ്രിട്ടീഷ് താരമാണ് അവസാനമായി സ്വന്തം മണ്ണിലെ കിരീടത്തില്‍ മുത്തമിട്ടത്. ടെന്നീസ് ലോകത്തെ ഏറ്റവും പഴക്കം ചെന്ന ചാമ്പ്യന്‍ഷിപ്പ് ആ ജനതയുടെ അഭിമാന ചിഹ്നമാണ്. പക്ഷേ ചരിത്രം എല്ലായ്‌പ്പോഴും വഴിമാറിപ്പോയി. ഇവാന്‍ ലന്‍ഡലടക്കമുള്ള ബ്രിട്ടീഷ് ഇതിഹാസ താരങ്ങള്‍ക്ക് പോലും വിംബിള്‍ഡണ്‍ പുല്‍ത്തകിടി മാത്രം വഴങ്ങിയില്ല. അദ്ദേഹം ആ സങ്കടം ശിഷ്യനായ മുറെയിലൂടെ തീര്‍ക്കുന്നതും കൗതുകകരമായി.
ആന്‍ഡി മുറെ ഒരു പുഴയാണ്. അത് എപ്പോഴും ഒരേ ഭാവമല്ല പ്രകടിപ്പിക്കാറുള്ളത്. എതിരാളിയുടെ നില്‍പ്പിനനുസരിച്ച് തന്റെ ടെന്നീസിനെ മുറെ വ്യാഖ്യാനിച്ചുകൊണ്ടേയിരിക്കുന്നു. ഫൈനലില്‍ എതിരാളിയായി കിട്ടിയത് ലോക ഒന്നാം നമ്പര്‍ താരമായ ദ്യോക്കോവിച്ചിനെ. മികച്ച സര്‍വുകള്‍ ഉതിര്‍ക്കുന്ന ദ്യോക്കോവിച്ചിനെതിരെ അതേ കരുത്തില്‍ സര്‍വുകള്‍ ഉതിര്‍ക്കാന്‍ മുറെക്ക് സാധിക്കുന്നത് വ്യത്യസ്ത രീതിയിലേക്ക് മാറാനുള്ള അദ്ദേഹത്തിന്റെ നൈസര്‍ഗിക വാസനയുടെ ഗുണമാണ്. ആദ്യ സെറ്റ് നേടി തുടങ്ങിയ മുറെക്ക് രണ്ടാം സെറ്റില്‍ കടുത്ത വെല്ലുവിളി നേരിടേണ്ടി വന്നു. അവിടെ നിന്ന് തിരിച്ചടിച്ച അയാള്‍ രണ്ടാം സെറ്റും മൂന്നാം സെറ്റും സ്വന്തമാക്കുമ്പോള്‍ ഒരു ചരിത്രം വഴിമാറാന്‍ വെമ്പി നില്‍ക്കുകയായിരുന്നു.
ആനന്ദത്തിന്റെ വഴികള്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്നതല്ല. അത് നൈമിഷികമായി സൃഷ്ടിക്കപ്പെടുന്നതാണ്. ആന്‍ഡി മുറെയുടെ ടെന്നീസ് സൂക്ഷ്മ വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങുന്നതല്ല. അത് നിസ്സംഗതയുടെ ആധ്യാത്മികതയാണ് ചുറ്റിലും പ്രസരിപ്പിക്കുന്നത്. അയാള്‍ ഫൈനലില്‍ തോല്‍ക്കുമ്പോഴും വിജയിക്കുമ്പോഴും തീര്‍ച്ചയായും നമ്മുടെ ഹൃദയത്തിലേക്ക് കടന്നു വരുന്ന മൗനത്തെ ഒരു മാപിനി വെച്ച് അളന്നാല്‍ അതിന് ആനന്ദമെന്ന ഒറ്റ ഉത്തരമാകും ലഭിക്കുക.............................

Friday, July 5, 2013

വരൂ... ചെപ്പടി കുന്നിലേക്ക്

മായാവിയും കുട്ടൂസനും ഡാകിനിയും രാജുവും രാധയും വിക്രമനും മുത്തുവും ലുട്ടാപ്പിയും പുട്ടാലു അമ്മാവനും കാലിയയും ചമതകനും ഡൂഡുവും കലൂലുവും കപീഷും പീലുവും സിഗാളും കിഷ്‌കുവും പപ്പൂസും ഡിങ്കനും നമ്പോലനും വൈദ്യരും പപ്പൂസും........ അങ്ങനെ ഒരുപാട് പേര്‍ ജീവിത വഴിയുടെ പരിണാമ ദിശയില്‍ നിന്ന് ഇറങ്ങി പോയി. അവരെല്ലാം ഇപ്പോഴുമുണ്ട്. ബാലരമയിലും, ബാലമംഗളത്തിലുമൊക്കെയായി. പക്ഷേ കാണാറില്ല. വല്ലപ്പോഴും സൂത്രനെ കാണാറുണ്ട്........... ഇടക്കാണ് മീശ മാര്‍ജാരനും എലുമ്പനും വന്നത്. അവരെയും പരിചയപ്പെട്ടു അത്രമാത്രം. ആദ്യം പറഞ്ഞവരായിരുന്നു വായനയിലേക്ക് കൈ പിടിച്ച് നടത്തിയവര്‍. സ്വന്തമായി വാങ്ങാന്‍ കെല്പ്പില്ലാത്ത കാലത്ത് അതെല്ലാം വായിക്കാന്‍ മാത്രം കൂട്ടുകാരാക്കിയവര്‍ ഒരുപാടുണ്ട്. ചിലരെല്ലാമായി ആ സൗഹൃദം മറ്റൊരു തലത്തില്‍ ഇന്നും തുടരുന്നുണ്ട്. ചിലരെ വഴി വക്കില്‍ വെച്ചപ്പോഴെങ്കിലും കണ്ടുമുട്ടും.
അമ്മാത്ത് സ്ഥിരമായി ബാലരമയും പൂമ്പാറ്റയും വാങ്ങാറുണ്ടായിരുന്നു. ഇടക്ക് പോകുമ്പോള്‍ കൂട്ടിവെച്ച് ഓരോന്നായി വായിച്ചു തള്ളും. വല്ല്യമ്മാവന്‍ രാത്രി വരുമ്പോള്‍ ബാലരമയും പൂമ്പാറ്റയും കൊണ്ടു വരും. അപ്പോള്‍ ഞാനും മറ്റൊരു ഞാനുമായി (മറ്റൊരു ഞാന്‍ ഞാനല്ല. അത് മറ്റൊരു വ്യക്തി തന്നെയാണ്. പേര് പറയാത്തത് മറ്റൊരാളായി എനിക്ക് കാണാന്‍ കഴിയാത്തത് കൊണ്ടാണ്) ആരാദ്യം ഏത് വായിക്കണം എന്ന് പറഞ്ഞ് അടിയുണ്ടാക്കാറുണ്ട്. പിന്നീടെപ്പോഴോ ആ വരവ് അവസാനിച്ചു. അന്ന് ബാലരമയെല്ലാം ദൈ്വവാരികയായിരുന്നു. അമ്മാത്തെ തട്ടിന്‍പുറത്തുള്ള വലിയ പത്തായത്തിന്റെ ഇരുട്ടറകളിലെവിടെയോ മായവിമാരും കുട്ടൂസന്‍മാരുമെല്ലാം കൂട്ടമായി ഏറെക്കാലം വിശ്രമിച്ചിരുന്നു. ഓര്‍മ്മ പുതുക്കാനെന്ന വണ്ണം അവരെയെല്ലാം വീണ്ടും വീണ്ടും വായിച്ചിരുന്നു. പിന്നീടെപ്പോഴോ അവരെല്ലാം ആ തട്ടിന്‍പുറം ഉപേക്ഷിച്ച് മടങ്ങി പോയി. അവരെല്ലാം എവിടെ പോയെന്നും ആര്‍ക്കും അറിയില്ല.
അങ്ങനെയിരിക്കുമ്പോഴാണ് ഞായറാഴ്ച്ചകളിലെ നാല് മണിയുടെ ദൂരദര്‍ശന്‍ സിനിമക്ക് ശേഷമുള്ള മൗഗ്ലിയുടെ വരവ്. മൗഗ്ലിയും ബഗീരയും കാ എന്ന പെരുമ്പാമ്പും ബല്ലു അമ്മാവനും കിറ്റിയെന്ന കുഞ്ഞണ്ണാനും ചെന്നായ മമ്മിയും പിന്നെ വില്ലന്‍ കടുവ ഷേര്‍ഖാനും........................ അരമണിക്കൂര്‍ നേരം എല്ലാം മറക്കും. ഏഴ് മണിക്ക് മൗഗ്ലിയും കഴിഞ്ഞ് വല്ല്യച്ഛന്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് ഇല്ലത്തേക്ക് അച്ഛന്റെ കൂടെ മടങ്ങുമ്പോള്‍ വല്ലാത്ത സങ്കടമാണ്. ഒരാഴ്ച്ച കാത്തിരിക്കേണ്ടതിന്റെയും പിറ്റേന്ന് സ്‌കൂളില്‍ പോകുന്നതും ആലോചിച്ച്!!!

''ചെപ്പടി കുന്നില്‍ ചിന്നി ചിണങ്ങും ചക്കര പൂവേ
ചെന്നായ മമ്മി അങ്കിള്‍ ബഗീരേം തേടുന്നു നിന്നെ
കാടിന്‍ കുഞ്ഞേ നീയെന്തേ നാടും തേടി പോകുന്നു
മാനോടൊപ്പം ചാടുന്നു മീനോടൊപ്പം നീന്തുന്നു''........

Wednesday, July 3, 2013

കാഴ്ച്ചയിലെ വസന്തങ്ങളും... ഇടിമുഴക്കങ്ങളും

1950 ജൂലൈ 16 ബ്രസീലിയന്‍ ജനതക്ക് കറുത്ത ദിനമായിരുന്നു. ബ്രസീല്‍ ഫുട്‌ബോള്‍ ടീം  മാറക്കാനയില്‍ വിജയശ്രീലാളിതരാകുന്നത് കാണാന്‍ ആ ജനത തടിച്ചു കൂടിയെങ്കിലും കണ്ടത് മറ്റൊന്നായിരുന്നു. ഉറുഗ്വെ തങ്ങളുടെ രണ്ടാം ലോകകപ്പ് വിജയം ആഘോഷിക്കുന്നത് നെഞ്ച് പിളര്‍ക്കുന്ന വേദനയോടെ നോക്കി നില്‍ക്കാനായിരുന്നു അവരെ കാലം ഒരുക്കി വെച്ചത്. അന്ന് സംഭവിച്ചത് ബ്രസീലിന്റെ സാംസ്‌കാരിക, ദേശീയ ദുരന്തമായി ഇന്നും അവര്‍ കാണുന്നു. അന്ന് ബ്രസീല്‍ ടീമില്‍ കളിച്ച പതിനൊന്ന് കളിക്കാരും അവഹേളനത്തിന്റെ ചവറ്റുകുട്ടയിലേക്ക് വീഴാന്‍ അധികം സമയമെടുത്തിട്ടില്ല. പലരും പിന്നീട് ഒളിവിലായിരുന്നുവത്രെ! ഏറ്റവും അധികം ക്രൂശിക്കപ്പെട്ടത് ഗോള്‍വല കാത്ത ബാര്‍ബോസയെന്ന കളിക്കാരനായിരുന്നു. അത് ചരിത്രത്തിന്റെ നിയോഗം...............................................................................................

ലോക, യൂറോ ചാമ്പ്യന്‍മാരും തോല്‍വിയറിയാതെ 29 മത്സരങ്ങള്‍ കളിച്ചെത്തിയ അതികായന്‍മാരുമായ സ്‌പെയിനിനെ ബ്രസീലിന്റെ യുവ സംഘം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി കോണ്‍ഫെഡറേഷന്‍ കപ്പ് ജേതാക്കളാ മറ്റൊരു ജൂലൈയില്‍. 2013ലെ ജൂലൈ പിറന്ന് ഉണര്‍ന്നത് ബ്രസീല്‍ ജനതയുടെ ആഹ്ലാദാരവങ്ങളിലേക്കാണ്. പുറത്ത് ആദ്യം ഭക്ഷണമെന്നും പിന്നീട് ഫുട്‌ബോളെന്നും പറഞ്ഞ് പ്രതിഷേധിക്കുന്ന ഒരു കൂട്ടം ജനത വേറെയുണ്ട് അവിടെ. എന്നാല്‍ അവരും ആ സന്തോഷത്തെ സ്വീകരിച്ചു. ഹാട്രിക്ക് കിരീടം അവര്‍ സ്വന്തമാക്കിയത് മാറക്കാനയിലെ ഹരിത മണ്ണില്‍ വെച്ചായിരുന്നു എന്നത് ചരിത്രം അവര്‍ക്കായി കാത്തുവെച്ച മറ്റൊരു നിയോഗം.......................................................................................

കാഴ്ച്ചകള്‍ പല തരത്തിലാണ്. മൈതാനത്ത് 20 കളിക്കാര്‍ പന്ത് തട്ടുന്നതും രണ്ട് ഗോളിമാര്‍ വല കാക്കുന്നതും എങ്ങനെ വേണമെങ്കിലും നോക്കി കാണാം. തങ്ങളുടെ ഇഷ്ടക്കാര്‍ ഗോളടിക്കുന്നത് പ്രതീക്ഷിച്ചിരിക്കാം. അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത് കാണുമ്പോള്‍ ദീര്‍ഘ നിശ്വാസം ഉതിര്‍ക്കാം. ഗോള്‍ നേടുമ്പോള്‍ ആഹ്ലാദിക്കാം. രണ്ട് കണ്ണില്‍ നിന്ന് പുറപ്പെടുന്ന രശ്മികള്‍ ഏത് തരത്തിലായിരിക്കും ഇത്തരം കാഴ്ച്ചകളെ തലച്ചോറിലേക്ക് അടര്‍ത്തി വെക്കുന്നത്. രണ്ടാം മിനുട്ടില്‍ ഫ്രെഡ് കിടന്ന കിടപ്പില്‍ വലയിലേക്ക് പന്ത് തട്ടിയ നിമിഷത്തില്‍ പൊട്ടിത്തെറിച്ച സ്റ്റേഡിയത്തിന്റെ ആരവം സ്പാനിഷ് കളിക്കാരുടെ ഹൃദയത്തില്‍ സൃഷ്ടിച്ച വേവലാതിയുടെ തരംഗങ്ങളെ കുറിച്ച് വെറുതെ ആലോചിച്ചു നോക്കു. നാല് സ്പാനിഷ് അതികായരെ സാക്ഷി നിര്‍ത്തി ഓസ്‌കാറെന്ന സുമുഖനായ പയ്യന്‍ തള്ളിക്കൊടുത്ത പന്തില്‍ നിന്ന് നെയ്മര്‍ വലയിലേക്ക് തൊടുത്ത കിക്കിന്റെ ശക്തിയും അസ്തപ്രജ്ഞനായി നിന്ന കാസിയസെന്ന ഗോളിയുടെ അന്ധാളിപ്പും കണ്ണുകളെ ഞെട്ടിച്ചു കളഞ്ഞു.....................................................................................

രണ്ടാം പകുതി തുടങ്ങി ഫ്രെഡ് വീണ്ടും ഗോള്‍ നേടി സ്പാനിഷ് ദുരന്തത്തിന് ചരമ ഗീതമെഴുതുമ്പോള്‍ ടിക്കി- ടാക്കയെന്ന കുറിയ പാസില്‍ കരുപ്പിടിപ്പിച്ചിരുന്ന ഒരു സുന്ദര ഫുട്‌ബോളിനും തിരശ്ശീല വീഴുകയാണ്.  ആ പാസ്സുകള്‍ക്കിടയില്‍ ബ്രസീലിന്റെ മഞ്ഞ കുപ്പായമിട്ട കുട്ടിക്കൂട്ടം വിള്ളലുകള്‍ കണ്ടെത്തിയതിന്റെ നിസ്സഹയത പന്തുമായി എന്ത് ചെയ്യണമെന്നറിയാതെയുള്ള ഇനിയെസ്റ്റയുടെ ഓട്ടത്തില്‍ കാണാമായിരുന്നു. സ്‌പെയിനിന്റെ ബുദ്ധി കേന്ദ്രമായിരുന്ന ഷാവി ചിത്രത്തിലുണ്ടായിരുന്നില്ല. പ്രതിരോധത്തിലെ കരുത്തനായ റാമോസ്  പെനാല്‍റ്റി നഷ്ടപ്പെടുത്തുന്നു. പീക്വ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തേക്ക് പോകുന്നു. ദുരന്തത്തിന്റെ ചിത്രങ്ങള്‍ക്ക് പല വര്‍ണങ്ങള്‍ കൈവരുന്ന കാഴ്ച്ച........................................................

1994ല്‍ ബ്രസീലിന് ലോകകപ്പ് സമ്മാനിച്ച കാര്‍ലോസ് ആല്‍ബര്‍ട്ടോ പെരേരയും 2002ല്‍ ലോകകപ്പ് സമ്മാനിച്ച സ്‌കൊളാരിയും ചേര്‍ന്നാണ് ഈ സംഘത്തെ ഒരുക്കിയെടുത്തത്. പട്ടാളച്ചിട്ടയുമായി സ്‌കൊളാരിയും സാത്വികനായ പെരേരയും രൂപപ്പെടുത്തിയ മിശ്രിതം നൈസര്‍ഗിക വാസനകള്‍ക്കൊപ്പം ചേരുമ്പോള്‍ രൂപപ്പെട്ട പുതിയ സൗന്ദര്യമാണ് ബ്രസീലിയന്‍ ഫുട്‌ബോളിന്റെ ഇന്നത്തെ കാഴ്ച്ച. ഏറ്റവും കൂടുതല്‍ ലോകകപ്പ് സ്വന്തമാക്കിയ, ഫുട്‌ബോളിലെ അനിഷേധ്യ ശക്തികളെന്ന് ലോകം പാടിയ ഒരു ടീം കോണ്‍ഫെഡറേഷന്‍സ് കപ്പിനെത്തുമ്പോള്‍ ലോക റാങ്കിംഗില്‍ 22ാം സ്ഥാനത്ത് നില്‍ക്കുകയായിരുന്നു. അവരുടെ തിരിച്ചു വരവിന്റെ കാഴ്ച്ചകളെ എങ്ങനെ വേണമെങ്കിലും വായിക്കാം വ്യാഖ്യാനിക്കാം...........................................

നിരാശതയുടെ കവലയില്‍ പ്രജ്ഞയറ്റ് നിന്നുപോയ നിങ്ങളുടെ വാച്ചുകള്‍ക്ക് കീ കൊടുക്കുവിന്‍. ഈ നിശബ്ദ മണിക്കൂറിന്റെ ആഴങ്ങളില്‍ വസന്തത്തിന്റെ ഇടിമുഴക്കമുണ്ട്.................................................................................................................