Sunday, September 15, 2013

ഊണു കഴിക്കാന്‍ ജീവിക്കുക... ജീവിക്കാന്‍ ഊണു കഴിക്കുക...

ഭക്ഷണം ഒരു സംസ്‌കാരമാണ്. കേരളത്തിന്റെ സവിശേഷ കാലാവസ്ഥയുടെ അടിസ്ഥാനത്തില്‍ നമ്മുടെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് ഊണ്‍. യഥാര്‍ഥത്തില്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്‍മാരായ ജനത നാമല്ലേ. നമ്മുടെ ഊണിന്റെ മഹത്വം മറ്റൊരു ഭക്ഷണത്തിനുമുണ്ടാകാന്‍ സാധ്യതയില്ല. കാരണം അത് കഴിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദത്തിന് എല്ലാ രസങ്ങളുടെയും അകമ്പടിയുണ്ട്. ഉപ്പും മധുരവും എരുവും പുളിയും കയ്പ്പും തുടങ്ങി എല്ലാ രസങ്ങളും മേമ്പൊടി ചേര്‍ക്കപ്പെടുന്നു. മറ്റ് രാജ്യക്കാരെ അപേക്ഷിച്ച് ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് കേരളക്കാര്‍ക്ക് ലഭിക്കുന്ന ഒരു സവിശേഷത കൂടിയാണ് ഊണ് കഴിക്കല്‍ എന്ന കല. ഇതൊരു കലയാണ്. അലോചിച്ചിട്ടുണ്ടോ. ശബ്ദങ്ങളുടെ ഒരു സിംഫണി കൂടി അതിനൊപ്പം പശ്ചാത്തലത്തിലുണ്ടാകും. എന്തെല്ലാം ശബ്ദങ്ങളാണ് നാം അറിഞ്ഞ് ഉണ്ടാല്‍ കേള്‍ക്കുക. സായിപ്പിന് ഇത് മനസ്സിലാകില്ല. കാരണം അവരുടെ തീന്‍മേശ മര്യാദ തന്നെ മുഖ്യ വില്ലന്‍. ഭക്ഷണം ആസ്വദിക്കുകയോ ആസ്വദിക്കാതിരിക്കുകയോ എന്ത് വേണമെങ്കിലും ആയിക്കോ. പക്ഷേ മര്യാദയുണ്ടല്ലോ ങേഹേ! അതുകൊണ്ട് എന്ത് സംഭവിക്കുന്നു ഒന്നും ആസ്വദിച്ച് കഴിക്കാന്‍ സാധിക്കില്ല. പറഞ്ഞു വന്നത് ശബ്ദങ്ങളെ കുറിച്ചാണ്.....
ചോറ് കുഴക്കുന്നതില്‍ തുടങ്ങുന്നു നേര്‍ത്ത ശബ്ദത്തിന്റെ അകമ്പടി. പിന്നയങ്ങോട്ട് വൈവിധ്യമാര്‍ന്ന ആരോഹണ അവരോഹണ ക്രമങ്ങളാണ്. കുഞ്ഞുണ്ണി മാഷ് പറഞ്ഞ പര്‍പ്പടകം എന്ന പപ്പടം കടിക്കുമ്പോള്‍ ഒരു ശബ്ദം. അത് പൊടിക്കുമ്പോള്‍ മറ്റൊരു ശബ്ദം. അത് ചവക്കുമ്പോള്‍ ശബ്ദം നേര്‍ത്ത് ഇല്ലാതാകുന്നു. വര്‍ത്തുപ്പേരി ചവക്കുമ്പോഴും ശര്‍ക്കരയുപ്പേരി ചവക്കുമ്പോഴും ചേന വറുത്തത് ചവക്കുമ്പോഴും കേള്‍ക്കാം ഉപ്പേരിയുടെ വൈവിധ്യമാര്‍ന്ന ഒച്ചകള്‍. ഇനി കൊണ്ടാട്ടത്തിന് മറ്റൊന്നാണ്. രസം കൈയിലൊഴിച്ച് കുടിക്കുമ്പോള്‍ നേര്‍ത്ത ശബ്ദമാണ്. ആ ഒച്ചയുടെ വൈവിധ്യങ്ങള്‍ കൂടി കൂടി വരും സംഭാരവും മോരും തൈരുമാകുമ്പോള്‍. അടുത്തത് പായസമാണ്. പായസം ഇലയിലൊഴിച്ച് കഴിക്കണം. ഇലയിലൊഴിച്ച് കഴിക്കുമ്പോള്‍ പുറത്തേക്ക് വരുന്ന ഒച്ചയാണ് ഒച്ച. സദ്യക്ക് ഒരേ പന്തിയിലുള്ള ഒരു കൂട്ടം ആളുകള്‍ പായസം ഒരുമിച്ച് കഴിക്കുമ്പോള്‍ അത് സംഘ ഗാനമായി മാറുന്നു. ഊണ് കഴിഞ്ഞ് കൈ വിരലുകള്‍ നൊട്ടി നുണയുമ്പോള്‍ മറ്റൊരു ശബ്ദം. അതും കഴിഞ്ഞ് ഇല മടക്കി എഴുന്നേല്‍ക്കുമ്പോള്‍ ആശ്വാസത്തിന്റെയും ആനന്ദത്തിന്റെയും വലിയൊരു ഏമ്പക്കം... ഹോ... എന്തൊരു ശബ്ദ കോലാഹലമാണ്...................
നല്ല കുത്തരി ചോറില്‍ നല്ല നാടന്‍ നെയ്യ് ഉരുക്കിയൊഴിച്ച് കുറച്ച് ഉപ്പും കൂട്ടി വിസ്തരിച്ച് കുഴച്ച് കുറച്ചു കഴിക്കുക. അടുത്ത പടി കാളനാണ്. അത് കുറുകിയതോ ഒഴുകിയതോ ആകട്ടെ. ചേനയും കായയും ചേര്‍ന്ന് രൂപപ്പെടുത്തിയ, പുളി അല്‍പ്പം ഗമയോടെ തലയുയര്‍ത്തുന്ന കാളനും കൂട്ടി കുറച്ച്. പിന്നെ സാമ്പാര്‍. (സാമ്പാര്‍ തമിഴനാണ്. എങ്കിലും നമ്മുടെ വിശാല മനസ്‌കത അതിനെ നമ്മുടെ അവിഭാജ്യ ഘടകമാക്കി.) സാമ്പാറും കൂട്ടി വീണ്ടും ഒരു സുഭിക്ഷത. വീണ്ടും ചോറിന്റെ വരവാണ്. കുറച്ച് ചോറ് മാറ്റി വെച്ച് അല്‍പ്പം രസം ഒഴിക്കുക. ഒരു പപ്പടം പൊടിച്ച് രസത്തിനെയും ചോറിനെയും രസത്തിലാക്കുക. അടുത്ത പടി പായസമാണ്. പായസം വിസ്തരിച്ച് രസിച്ച്, രസിച്ച് ആസ്വദിക്കുക. മേമ്പൊടിയായി ഏത് ഉപ്പിലിട്ടതാണോ ഇലയിലുള്ളത് അത് ഒന്ന് തൊട്ടു നക്കുക. വയറ്റില്‍ കുറച്ച് ഒഴിവുകൂടി  പായസത്തിന് ആ ഉപ്പിലിട്ടത് അനുവദിക്കും. രസം ഒഴിച്ച സമയത്ത് മാറ്റി വെച്ച ബാക്കി ചോറ് വീണ്ടും ഇലയിലേക്ക് നീക്കുക. മോര് കൂട്ടി ചെറുതായി ഒന്നുകൂടെ. പായസത്തിന്റെ മധുരം ഏല്‍പ്പിച്ച മത്ത് മാറി കിട്ടാനും ദഹനത്തിനും ഈ അവസാന പ്രയോഗം മികച്ചതാണ്.
ഇലയുടെ അറ്റങ്ങളില്‍ ധാരാളം കുഞ്ഞു കുഞ്ഞു വിഭവങ്ങളുണ്ടാകും. അവര്‍ കുഞ്ഞന്‍മാരാണെങ്കിലും മഹത്വമേറും. ഉപ്പിടാത്ത ഓലനാണ് വേണ്ടത്. കാരണം ഓരോ വിഭവങ്ങളുടെയും വൈവിധ്യത്തെ ഓലന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. എല്ലാ പച്ചക്കറികളും ചേര്‍ന്ന അവിയല്‍, കൂട്ടുകറി, എലിശ്ശേരി, തോരന്‍, പച്ചടി, കിച്ചടി, വറുത്ത ഉപ്പേരികള്‍, കടുമാങ്ങ, നാരങ്ങ ഉപ്പിലിട്ടത്, പപ്പടം, മെഴുക്കുപുരട്ടി, പുളിയിഞ്ചി, ഇഞ്ചിത്തൈര്... അങ്ങനെ അങ്ങനെ അങ്ങനെ..........................
 ഊണ് കഴിഞ്ഞാല്‍ വരാന്തയില്‍ വന്ന് പ്രകൃതിയുടെ പ്രശാന്തതയിലേക്ക് മനസ്സിനെ തുറക്കുക. ചിങ്ങ മാസത്തിലെ പ്രകൃതിയുടെ ഗാംഭീര്യത്തെ, പരമാനന്ദത്തെ, ഓണത്തിന്റെ ഹരിതാഭയെ പതുക്കെ പതുക്കെ മനസ്സിലേക്ക് ആവാഹിക്കുക. മതി.......... മനം നിറഞ്ഞു.... മൗനം നിറഞ്ഞു..... ഓണം നിറഞ്ഞു........................................


നിറഞ്ഞ.... നിറഞ്ഞ..... നിറഞ്ഞ ഓണം..... ഓണത്തെ നല്ലോണം ഉണ്ണുക......ഓണത്തെ നല്ലോണം ഊട്ടുക............

No comments:

Post a Comment