Saturday, October 13, 2012

അതിജീവനത്തിന്റെ പരമാനന്ദങ്ങള്‍



ആ രാത്രി നീണ്ട 33 വര്‍ഷമായി തങ്ങള്‍ കൊണ്ടു നടന്ന ഒരു വലിയ സ്വപ്നം ശ്രീലങ്കയിലെ പ്രേമദാസ മൈതാനത്ത് സാക്ഷാത്ക്കരിക്കപ്പെട്ടതിന്റെ നിര്‍വൃതിയിലായിരുന്നു അങ്ങകലെയുള്ള വെസ്റ്റിന്‍ഡീസിലെ പത്ത് രാജ്യങ്ങളും അഞ്ച് ദ്വീപ് സമൂഹങ്ങളും. സുനില്‍ നരൈന്‍ എറിഞ്ഞ പതിനെട്ടാം ഓവറിന്റെ നാലാമത്തെ പന്ത് ലസിത് മലിംഗയുടെ വിക്കറ്റായി ഡൈ്വന്‍ ബ്രാവോയുടെ കൈകളില്‍ വിശ്രമിച്ചപ്പോള്‍ ആ നിര്‍വൃതി ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഓരോരുത്തരുടേയും ഉള്ളിലേക്ക് പ്രസിരിപ്പിക്കപ്പെട്ടിരിക്കാം. വെസ്റ്റിന്‍ഡീസ് ഒരു വികാരമാണ്. ക്രിക്കറ്റിനായി മാത്രം ഒന്നിച്ച പതിനഞ്ച് രാജ്യങ്ങളുടെ വ്യത്യസ്തമായ കായിക സംസ്‌ക്കാരങ്ങളുടെ ഏക രൂപം. 1975ലും 79ലും ക്ലൈവ് ലോയിഡിന്റെ നേതൃത്വത്തിലുള്ള വെസ്റ്റിന്‍ഡീസ് ഏകദിന ലോകകപ്പ് നേടി അജയ്യരായി നിന്ന കാലത്തിന് ശേഷം മൂന്ന് പതിറ്റാണ്ട് പിന്നിട്ടാണ് ഒരു ലോക കീരീടം കരീബിയന്‍ മണ്ണിലേക്ക് എത്തുന്നത്. അതുകൊണ്ടു തന്നെ ഈ വിജയത്തിന് മഹത്വമേറയുണ്ട്.
ക്രിക്കറ്റ് ഒരു കായിക മത്സരമെന്നതിനും വിനോദമെന്നതിനും അപ്പുറത്ത് ഒരു കൂട്ടായ്മയാണെന്ന് ലോകത്തിന് കാണിച്ചു കൊടുത്ത വെസ്റ്റിന്‍ഡീസ് അര്‍ഹിച്ചതായിരുന്നു ഈ ട്വന്റി- ട്വന്റി ലോകകപ്പ്. അത്ര മികച്ചതായിരുന്നു അവരുടെ ഓരോ മത്സരങ്ങളും. തുടക്കം മുതല്‍ പടിപടിയായുള്ള ഉയര്‍ച്ച, ടീമംഗങ്ങള്‍ തമ്മിലുള്ള പരസ്പര ധാരണ, വിജയിക്കാന്‍ ഏതറ്റം വരെ പോകാനുള്ള കരളുറപ്പ്, കത്തുന്ന ആത്മവിശ്വാസം. കാലങ്ങളായി ക്രിക്കറ്റ് മൈതാനത്ത് നിന്ന് അസ്തമിച്ച കരീബിയന്‍ കാഴ്ച്ചകളുടെ വന്യ വസന്തത്തിനാണ് ശ്രീലങ്ക സാക്ഷ്യം വഹിച്ചത്.
വിജയ ശേഷം വീന്‍ഡീസ് ടീം അംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് നൃത്തച്ചുവടുകളുമായി മൈതാനം നിറഞ്ഞത് സന്തോഷവും കൗതുകവും പകര്‍ന്നു. ഗെയില്‍ ബാറ്റ് കൊണ്ടും നൃത്തം കൊണ്ടും ഇളക്കി മറിച്ചു. അയാള്‍ മൈതാനത്ത് വീണുരുളുകയായിരുന്നു. വിന്‍ഡീസ് ടീമൊന്നടങ്കം ഗെയിലിനെ പ്രോത്സാഹിപ്പിക്കുന്നു. അതികായനായി നിന്ന് മാരകമായി ബാറ്റ് ചെയ്യുന്ന ആ കറുത്ത മനുഷ്യന്‍ ഒരു കൊച്ചു കുട്ടിയെ പോലെ നിഷ്‌കളങ്കമായി തുള്ളിച്ചാടുന്നത് കണ്ടിട്ട് അത്ഭുതം തോന്നി. കളിക്ക് ശേഷം മൈക്കുമായി മൈതാനത്തെത്തിയ സഞ്ജയ് മഞ്ജരേക്കറുടെ ചോദ്യങ്ങള്‍ക്ക് രണ്ടും മൂന്നും പേര്‍ ചേര്‍ന്നാണ് ഉത്തരങ്ങള്‍ നല്‍കിയത്. തമാശകള്‍ പറഞ്ഞും ഇടക്ക് ഗൗരവും കലര്‍ത്തിയും ഓരോരുത്തരും ചോദ്യങ്ങളെ നേരിട്ടു. ഒരു വിജയത്തിന് എത്രമാത്രം വില കല്‍പ്പിക്കണമെന്ന് അവരുടെ ഓരോരുത്തരുടേയും മുഖം പറയാതെ പറയുന്നുണ്ടായിരുന്നു.
സാമുവല്‍സും നരൈനും ബ്രോവോ സഹോദരന്‍മാരും രാംപോളും ബദ്രിയും പൊള്ളാര്‍ഡും ചാള്‍സും എഡ്വേഡ്‌സും എല്ലാവരും ചേര്‍ന്നെഴുതിയ കരുത്തുറ്റ ഒരു കായിക തിരക്കഥക്ക് ക്രാന്ത ദര്‍ശിത്വം നിറഞ്ഞ സമ്മിയുടെ സംവിധാന മികവും ചേര്‍ന്നപ്പോള്‍ സുന്ദരമായൊരു ക്ലൈമാക്‌സ്.
ക്ലൈവ് ലോയിഡെന്ന ഗൗരവക്കാരനായ നായകന്റെ സുവര്‍ണ യാത്രയില്‍ നിന്ന് തുടങ്ങി കാലത്തിന്റെ ഏതോ ഒരു ദിശാ സന്ധിയില്‍ നഷ്ടപ്പെട്ടു പോയ ഒരു വൈകാരികതയെ തിരിച്ചു പിടിച്ചതിന് പ്രിയപ്പെട്ട ഡാരന്‍ സമ്മി താങ്കള്‍ക്ക് ഹൃദയം കൊണ്ട് നമസ്‌കാരം.  മൂന്ന് പതിറ്റാണ്ടിന്റെ ഒട്ടും നിറമില്ലാത്ത ഭൂതകാലത്തിന് സ്വപ്ന സമാനമായ വര്‍ത്തമാനം സമ്മാനിക്കാനായിരിക്കാം 2010 ഒക്‌ടോബറില്‍ ഒരു നിയോഗം പോലെ നായക സ്ഥാനം താങ്കള്‍ക്ക് കൈവന്നത്. ലോകം മുഴുവന്‍ ചോദ്യ ചിഹ്നത്തില്‍ പുരികം ഉയര്‍ത്തിയപ്പോള്‍ കുലുങ്ങാതിരുന്ന ആ സിംഹവീര്യത്തിന് തന്നെയാണ് ഈ കിരീട നേട്ടത്തിന്റെ മുഴുവന്‍ മാര്‍ക്കും.
സെന്റ് ലൂസിയയില്‍ നിന്ന് വിന്‍ഡീസ് ടീമിലെത്തുന്ന ആദ്യ താരമെന്ന പെരുമയുമായാണ് ഡാരന്‍ ജൂലിയസ് ഗാര്‍വി സമ്മി 2004ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. എട്ട് വര്‍ഷം നീണ്ട കരിയറില്‍ ഒരു നേട്ടവും അവകാശപ്പെടാനില്ലാത്ത സാധാരണയിലും കവിഞ്ഞ ഒരു ക്രിക്കറ്റര്‍ മാത്രമായാണ് സമ്മി വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ഇയാളില്‍ ഒരു കൂര്‍മ്മത നിറഞ്ഞ ഒരു നായകനുണ്ടെന്ന് വിന്‍ഡീസ് അധികൃതരില്‍ ആരാണവോ കണ്ടെത്തിയത്. എത്ര വിദഗ്ധമായാണ് അയാള്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. തന്റെ പരിധിയും പരിമിതിയും ശരിക്കും അറിയുന്ന സമ്മി ടീമിലെ ഓരോ കളിക്കാരനേയും കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. കളിക്കാരെ അയാള്‍ പൂര്‍ണമായും വിശ്വസിക്കുന്നു. മറ്റുള്ളവരുടെ വ്യക്തിപരമായ ഓരോ നേട്ടത്തേയും സമ്മി മനസ്സ് തുറന്ന് അഭിനന്ദിക്കുന്നു. വിന്‍ഡീസ് ബാറ്റിംഗ് നിര സിക്‌സും ഫോറും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ക്കുമ്പോള്‍ ഇരിപ്പിടത്തില്‍ നിന്ന് ആര്‍ത്തട്ടഹസിക്കുകയും തുള്ളിച്ചാടുകയും ചെയ്യുന്ന ഒരു നായകന്‍. കളി കഴിഞ്ഞുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളെ ലളിതമായ രീതിയിലാണ് അയാള്‍ നേരിടുന്നത്. തന്റെ നേട്ടത്തേക്കാള്‍ ടീമിന്റെ കൂട്ടായ്മയും ആ കൂട്ടായ്മ ലോകത്തിന് മുഴുവന്‍ മാതൃകയാകണമെന്നും ആശിച്ച സമ്മി, കിരീടം കരീബിയന്‍ ജനതക്കാണ് സമര്‍പ്പിച്ചത്. ഗൗരവക്കാരും തന്നിഷ്ടക്കാരുമായ നായക ബിംബങ്ങള്‍ക്കിടയില്‍ നിന്ന് ഇത്രയും സരസനായ ഒരു നായകനെ ഒരു പക്ഷേ ക്രിക്കറ്റ് ലോകം ആദ്യമായിട്ടായിരിക്കും കണ്ടിരിക്കുക.
ക്രിക്കറ്റിന് നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന വെസ്റ്റിന്‍ഡീസ് ദ്വീപ് സമൂഹങ്ങള്‍ക്ക് ഈ വിജയം ഒരു പ്രചോദനമാകുമെന്ന് കരുതാം. ക്രിക്കറ്റിനായി ജീവിച്ച ഒരു ജനതയുടെ അതിജീവനത്തിന്റെ പരമാനന്ദമാണ് പ്രേമദാസാ സ്റ്റേഡിയത്തില്‍ ലോകം മുഴുവന്‍ കണ്ടത്. ആ ഊര്‍ജം സമ്മിയും കൂട്ടരും ടെസ്റ്റ്, ഏകദിന മത്സരങ്ങളിലേക്കും പകരുമെന്ന് കരുതാം. അപ്പോള്‍ മാത്രമാണ് അതിന് മൂര്‍ത്തതയുടെ സൗന്ദര്യം കൈവരുന്നത്. വെസ്റ്റിന്‍ഡീസ് ജയിക്കുമ്പോള്‍ കരീബിയന്‍ ജനത മാത്രമല്ല ലോകം മുഴുവനുമാണ് വിജയിക്കുന്നത്, ക്രിക്കറ്റാണ് വിജയിക്കുന്നത്. കാരണം അവര്‍ കളിച്ചത് പണത്തിനും പ്രശസ്തിക്കും വേണ്ടിയായിരുന്നില്ല. ജീവിതം കൊണ്ടാണ് അവര്‍ എക്കാലത്തും ക്രിക്കറ്റിനെ അടയാളപ്പെടുത്താന്‍ ശ്രമിച്ചത്. ലോക കിരീടത്തിന് സ്വന്തം ഹൃദയത്തോളം വില കല്‍പ്പിക്കുന്ന ഒരു കൂട്ടം കളിക്കാര്‍ക്ക് അത് സമ്മനിക്കാന്‍ തോന്നിയ കാലമേ നന്ദി...നന്ദി...

No comments:

Post a Comment