Tuesday, March 20, 2012

സച്ചിനിസത്തിന്റെ ഭ്രമാത്മകതകള്‍

ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 100 സെഞ്ച്വറികള്‍ തികച്ചത്‌ ആഘോഷിക്കപ്പെടുകയാണല്ലോ. നല്ലത്‌. ഇന്ത്യക്കാരന്റെ കായിക ചിന്തയിലെ തിളങ്ങി നില്‍ക്കുന്ന പേരാണ്‌ സച്ചിന്‍. 23 വര്‍ഷവും 651 കളികളും അതില്‍ കൂടുതല്‍ ഇന്നിംഗ്‌സുകളും കളിച്ച ഒരു കളിക്കാരന്‌ സാധിക്കാവുന്ന ഒരു കാര്യമാണ്‌ സച്ചിന്‍ സാധിച്ചത്‌. ക്രിക്കറ്റ്‌ ചരിത്രത്തിലെ ആദ്യത്തെ സംഭവത്തിനാണ്‌ ഷേര്‍ ബംഗ്ലാ സ്റ്റേഡിയം സാക്ഷിയായത്‌.
ക്രിക്കറ്റ്‌ എന്നത്‌ കൂട്ടായ്‌മയുടെ കളിയാണ്‌. ഈ കൂട്ടായ്‌മയില്‍ ഒറ്റയാള്‍ പ്രകടനത്തിന്റെ കണക്കുകള്‍ക്ക്‌ വലിയ വില വരുന്നത്‌ മത്സരത്തിന്റെ പ്രത്യേകത അനുസരിച്ചാണ്‌. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന കളിക്കാരനെ വിലയിരുത്തുമ്പോള്‍ ഈ കൂട്ടായ്‌മ അപ്രത്യക്ഷമാകുന്നത്‌ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം. ഒരു ചോദ്യം ചോദിക്കാനുള്ളത്‌ സച്ചിന്‍ എന്ന കളിക്കാരന്‍ ഇന്ത്യന്‍ ടീമിന്റെ വിജയത്തില്‍ എത്രത്തോളം പങ്കാളിയായിരുന്നു എന്നതാണ്‌. ഇപ്പറഞ്ഞതിനര്‍ഥം അദ്ദേഹം ഇന്ത്യന്‍ വിജയത്തില്‍ പങ്കാളിയായില്ല എന്നല്ല. മറിച്ച്‌ 651 മത്സരങ്ങള്‍ കളിച്ച ഒരു കളിക്കാന്റെ മികവ്‌ അളക്കുന്നത്‌ കേവലമായ കുറച്ച്‌ മത്സരങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനമെടുത്താകരുത്‌. സച്ചിന്റെ കേമത്തങ്ങള്‍ പാടി പുകഴ്‌ത്തുന്നവര്‍ ചെയ്യുന്ന ഒരു കാര്യം ഇത്തരത്തിലുള്ള വളരെ കുറച്ച്‌ കണക്കുകള്‍ എടുത്തുകാണിച്ചാണ്‌ സമര്‍ത്ഥിക്കാറുള്ളത്‌.
സച്ചിന്‍ എന്ന താരം ഒട്ടും ഫോമിലല്ലാത്ത കാലത്തും ടീമില്‍ നിന്ന്‌ പുറത്ത്‌ പോകാത്തതിന്റെ രാഷ്‌ട്രീയം ഇന്നുവരെ ആരും ചര്‍ച്ച ചെയ്‌ത്‌ കേട്ടിട്ടില്ല. ഈയടുത്ത്‌ കഴിഞ്ഞ ആസ്‌ത്രേലിയന്‍ പര്യടനത്തില്‍ എത്ര കളിയില്‍ സച്ചിന്‍ ഫോമായിട്ടുണ്ട്‌ എന്നത്‌ ആലോചിച്ചു നോക്കുക. ഒന്നരവര്‍ഷക്കാലം 100ാം സെഞ്ച്വറിക്ക്‌ വേണ്ടി ഒരു കളിക്കാരന്‍ കാത്തിരുന്നു എന്ന്‌ പറയുമ്പോള്‍ എന്താണ്‌ അതിന്റെ അര്‍ഥം. മാനസിക സമര്‍ദ്ദമാണ്‌ എന്ന്‌ പലരും പറഞ്ഞും എഴുതിയും കണ്ടു. 23 വര്‍ഷം തുടര്‍ച്ചയായി കളിക്കുന്ന ഒരു കളിക്കാരന്‌ മാനസിക സമ്മര്‍ദ്ദം താങ്ങാനാകുന്നില്ല എന്ന്‌ പറയുമ്പോള്‍ അത്‌ ആ കളിക്കാരന്റെ മോശം അവസ്ഥയെയല്ലേ കാണിക്കുന്നത്‌.
നമ്മുടെ മാധ്യമങ്ങളുടെ സച്ചിന്‍ പ്രിയമാണ്‌ ഏറ്റവും രസകരം. എല്ലാ കളിയിലും സച്ചിന്‍ പുറത്താകുമ്പോള്‍ നിര്‍ഭാഗ്യമെന്നാണ്‌ അവര്‍ പറയുകയോ എഴുതുകയോ ചെയ്യാറുള്ളത്‌. മറ്റുള്ള ഏത്‌ കളിക്കാരനും പുറത്താകുമ്പോള്‍ ഒന്നുകില്‍ വിക്കറ്റ്‌ കളഞ്ഞു കുളിക്കുകയോ അല്ലങ്കില്‍ മോശം പന്ത്‌ കളിച്ച്‌ പുറത്തേക്കുള്ള വഴി കാണുകയോ ആണത്രെ.
ദേശീയത തുളുമ്പുന്ന കായിക താരമായി സച്ചിനെ വാഴ്‌ത്തുന്നവര്‍ മനപ്പൂര്‍വ്വം തിരസ്‌കരിക്കുന്ന പേരുകളാണ്‌ ലിയാണ്ടര്‍ പേസും, വിശ്വനാഥന്‍ ആനന്ദും അടക്കമുള്ളവര്‍. ഇന്ത്യന്‍ കായിക ചരിത്രത്തിന്‌ മഹത്തായ അനവധി സംഭാവനകള്‍ തന്നവരുടെ പേരുകള്‍ ഇനിയുമുണ്ട്‌. അവര്‍ക്കൊന്നും ഇത്ര ദേശീയത ഇല്ലേ. പറച്ചിലുകള്‍ കേട്ടാല്‍ ഇല്ല എന്നാണ്‌ തോന്നുക. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ആസ്‌ത്രേലിയയില്‍ അവസാന ടെസ്റ്റ്‌ അടിയറ വെച്ച ദിവസം തന്നെയാണ്‌ അതേ രാജ്യത്ത്‌ വെച്ച്‌ വെറ്ററന്‍ ടെന്നീസ്‌ താരമായ ലിയാണ്ടര്‍ പേസ്‌ ഡബിള്‍സില്‍ കരിയര്‍ ഗ്രാന്‍ഡ്‌സ്ലാം തികച്ചത്‌. അന്ന്‌ സോഷ്യല്‍ സൈറ്റുകളിലൊന്നും ഇങ്ങനെയൊരാഘോഷം കണ്ടില്ല. ഈയടുത്ത്‌ അദ്ദേഹം 600 വിജയങ്ങള്‍ ആഘോഷിക്കുകയും ചെയ്‌തു. അതിനെപ്പറ്റിയും ആരും പറഞ്ഞു കേട്ടില്ല. നമ്മുടെ കായിക സംസ്‌കാരത്തിന്റെ പാരമ്പര്യം കേവലം ക്രിക്കറ്റില്‍ മാത്രമല്ല ഉള്ളത്‌. ഇനി അത്‌ മാത്രം ഇഷ്‌ടമുള്ളവര്‍ ഇപ്പറഞ്ഞിതിനോട്‌ വിയോജിച്ചോളു.
ഇന്ത്യന്‍ ക്രിക്കറ്റിന്‌ സച്ചിന്‍ വിജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്‌. പക്ഷേ ടീം പരാജയത്തിന്റെ നിലയില്ലാ കയത്തിലേക്ക്‌ ആണ്ട്‌ പോകുന്ന ഒരു ഘട്ടത്തിലും സച്ചിന്‍ കളിച്ചിട്ടില്ല എന്നത്‌ ശ്രദ്ധേയമായ കാര്യമാണ്‌. പ്രത്യേകിച്ച്‌ സന്ദിഗ്‌ധ ഘട്ടങ്ങളില്‍ ദ്രാവിഡ്‌- ലക്ഷ്‌മണ്‍- കുംബ്ലെ ത്രയം സമ്മാനിച്ച വിജയങ്ങള്‍ വെച്ച്‌ നോക്കുമ്പോള്‍.
മുകളില്‍ വിവരിച്ച കാര്യങ്ങള്‍ സച്ചിനെ ഇകഴ്‌ത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല. തീര്‍ച്ചയായും സച്ചിന്‍ മാന്യനും മഹാനുമായ കളിക്കാരനാണ്‌ എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ കൂട്ടായ്‌മയുടെ പ്രകടനത്തിന്‌ പ്രാധാന്യമുള്ള കളിയില്‍ ഒരു കളിക്കാരന്റെ മാത്രം പ്രകടനത്തെ മഹത്വവത്‌ക്കരിക്കുന്നതിനോട്‌ യോജിപ്പില്ല.
വാല്‍ക്കഷ്‌ണം: 100 ാം സെഞ്ച്വറി തികച്ചത്‌ ബാറ്റിംഗിന്‌ അനുകൂലമായ പിച്ചിലായിരുന്നു. 80ലെത്തിയ സച്ചിന്‍ പിന്നീടുള്ള 20 റണ്‍സ്‌ നേടാന്‍ എടുത്തത്‌ 36 പന്തുകളാണ്‌. അന്ന്‌ കളിക്കാനിറങ്ങിയ 22 പേരില്‍ ഏറ്റവും മോശമായ രണ്ടാമത്തെ സ്‌ട്രൈക്ക്‌ റേറ്റ്‌ സച്ചിന്റേതായിരുന്നു !!!.

No comments:

Post a Comment