Tuesday, September 27, 2011

`ഹും` ... `ഞാന്‍'

തലക്കെട്ടിലെ `ഹും` എന്നത്‌ വായ തുറക്കാതെ അണ്ണാക്കില്‍ നിന്ന്‌ അനുനാസിക കൂട്ടി മൂക്കിന്റെ ദ്വാരങ്ങളിലൂടെ പുറത്തേക്ക്‌ വിടുന്ന ഒരു ശബ്‌ദത്തെ കുറിക്കാന്‍ ചേര്‍ത്തതാണ്‌. ദൈനംദിന ജീവിതത്തില്‍ പല ഘട്ടത്തിലും നാം ഈ ശബ്‌ദം പുറപ്പെടുവിക്കാറുണ്ട്‌. ഈ ശബ്‌ദത്തിന്റെ കൂടെ ഏറ്റവും കൂടുതല്‍ ചേര്‍ക്കാറുള്ള വാക്ക്‌ `ഞാന്‍' എന്നും.
ഈ ഞാനെന്ന ഭാവത്തെ രണ്ടായി പറയാം. അഹം ബോധമെന്നും അഹങ്കാരമെന്നും. എന്താണ്‌ അഹം ബോധം...? ഉപബോധമനസ്സിലെ ബോധതലത്തില്‍ നില്‍ക്കുന്ന യാഥാര്‍ഥ്യമാണ്‌ അഹം ബോധം. ഉദാഹരണമായി പറഞ്ഞാല്‍ ടെസ്റ്റ്‌ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ വ്യക്തികത സ്‌കോര്‍ 400 തികച്ച ഏക കളിക്കാരനാണ്‌ വെസ്റ്റിന്ത്യന്‍ ഇതിഹാസം ബ്രയാന്‍ ലാറ. ആദ്യമായി ക്വാഡ്രബിള്‍ തികച്ച കളിക്കാരന്‍ എന്ന ബോധം ലാറക്ക്‌ ഉണ്ട്‌. ഇത്‌ അഹം ബോധമാണ്‌. ഈ 400 ഇനി മറ്റൊരാള്‍ക്കും തകര്‍ക്കാന്‍ കഴിയില്ല എന്ന്‌ ലാറ കരുതുന്നുണ്ടെങ്കില്‍ അത്‌ ആഹങ്കാരമായി മാറുന്നു.
രാവിലെ എഴുന്നേല്‍ക്കുന്നത്‌ മുതല്‍ രാത്രി കിടക്കുന്നത്‌ വരെ നമ്മുടെ ഉള്ളില്‍ എത്ര തവണ ഈ ഞാന്‍ എന്ന ചിന്ത കടന്നുവരുന്നുണ്ടെന്ന്‌ ആലോചിച്ച്‌ നോക്കിയിട്ടുണ്ടോ...? ജീവിതത്തിന്റെ നിര്‍ണ്ണായകമായ പല നിമിഷത്തിലും `ഞാന്‍' എന്നും `എനിക്ക്‌' എന്നും പറയാന്‍ പറ്റാത്തതിന്റെ പേരില്‍ നമുക്ക്‌ എന്തെല്ലാം നഷ്‌ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ...?
ഞാന്‍, എനിക്ക്‌, എന്റേത്‌ തുടങ്ങി വീരവാദത്തിന്റെ തേന്‍ പുരട്ടി നാം പുറത്തേക്ക്‌ തുപ്പുന്ന വാക്കുകളുടെ വൈവിധ്യങ്ങള്‍ നോക്കുക. ഞാനാരാ മോന്‍, എന്നോടാ കളി, ഞാനില്ലേ കാണാമായിരുന്നു, അവന്റെ സ്ഥാനത്ത്‌ ഞാനായിരിക്കണം, ഞാനങ്ങനെയല്ല, ഞാനങ്ങനെയൊക്കെയാണ്‌, എനിക്ക്‌ മാത്രം, ഞാനത്‌ ചെയ്‌തു, ഞാനേ അത്‌ ചെയ്‌തുള്ളു, ഞാന്‍ തന്നെ വേണമത്രേ, ഞാനായതുകൊണ്ടാണ്‌........ തുടങ്ങി എണ്ണിയാല്‍ തീരാത്തത്ര `ഞാന്‍'. ഇതിന്റെ കൂടെയെല്ലാം `ഹും' എന്ന്‌ ചേര്‍ത്താല്‍ കാര്യം വ്യക്തമാകും.
മൂന്ന്‌ വര്‍ഷത്തെ ബിരുദ പഠനത്തിന്‌ ശേഷം കോളജ്‌ വിട്ട യുവാവ്‌ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യത്തിന്‌ കുറച്ച്‌ മാസങ്ങള്‍ക്ക്‌ ശേഷം ക്യാമ്പസില്‍ എത്തി ചുറ്റും നോക്കി ഒരു ആത്മഗതമുണ്ട്‌. `ഹോ ഞാനൊക്കെ പഠിക്കുമ്പോള്‍ എന്തായിരുന്നു കോളേജ്‌... ഇപ്പം എന്ത്‌'
ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ വയസ്സായ ഒരാള്‍ക്ക്‌ ഇരിക്കാന്‍ സീറ്റ്‌ ഒഴിഞ്ഞ്‌ കൊടുക്കുന്ന ആളെ ശ്രദ്ധിച്ച്‌ നോക്കു. അയാളുടെ മുഖത്ത്‌ ഇങ്ങനെ വായിക്കാം. `ഇത്ര ആളുകളുള്ള ഈ ബസ്സില്‍ ഈ പ്രായമായ ആള്‍ക്ക്‌ യാത്ര ചെയ്യാന്‍ ഞാന്‍ തന്നെ സീറ്റ്‌ ഒഴിഞ്ഞ്‌ കൊടുക്കേണ്ടി വന്നു'. എന്നിട്ട്‌ അയാള്‍ ചുറ്റും നോക്കുന്നു. ചുറ്റുമിരിക്കുന്ന മറ്റ്‌ യാത്രക്കാരില്‍ അയാളെ ശ്രദ്ധിക്കുന്ന രണ്ട്‌ പേരെങ്കിലും ഉണ്ടാകും അവരുടെ മുഖത്ത്‌ നിന്നും ഇതും വായിക്കാം. `ഓ... ഒരു ത്യാഗി'.
ഒരു വിവാഹ വീട്ടിലേക്ക്‌ പോകാന്‍ ഒരുങ്ങുമ്പോള്‍ തന്നെ നമ്മുടെ ഉള്ളില്‍ കിടന്ന്‌ ഞാന്‍ കയറ്‌ പൊട്ടിച്ച്‌ തുടങ്ങും. `ആ വിവാഹ വീട്ടിലേക്ക്‌ കയറി പോകുമ്പോള്‍ അവിടെ കൂടിയിരിക്കുന്നവരൊക്കെ എന്നെ മാത്രം ശ്രദ്ധിക്കും. ഇതാ വന്നിരിക്കുന്നു........ എന്ന്‌ എല്ലാവരും മനസ്സില്‍ പറഞ്ഞിരിക്കും എല്ലാവരും സന്തോഷം കൊണ്ട്‌ എന്നെ വീര്‍പ്പുമുട്ടിക്കും'(അഴകിയ രാവണന്‍ എന്ന സിനിമയിലെ പ്രൊഡ്യൂസര്‍ വരുന്നു എന്ന ശ്രീനിവാസന്‍ ഡയലോഗ്‌ ആലോചിക്കുക)...... തുടങ്ങി അനേകം മനക്കോട്ടകള്‍. പക്ഷേ ഒന്നും സംഭവിക്കുന്നില്ല.
എന്ത്‌ പ്രവൃത്തി ചെയ്‌ത്‌ കഴിഞ്ഞാലും നാലാള്‍ ചുറ്റുമുണ്ടെങ്കില്‍ അവരെയെല്ലാം ഒരു നോട്ടം നോക്കുന്ന ചിലരുണ്ട്‌. ആ നോട്ടത്തില്‍ എല്ലാമടങ്ങിയിട്ടുണ്ടാകും. നാലാള്‍ കൂടുന്ന സ്ഥലത്ത്‌ ഒരു പണിയുമെടുക്കാതെ ഓടിച്ചാടി നടക്കുന്ന മറ്റ്‌ ചിലരുണ്ട്‌. നെറ്റിയിലെ വിയര്‍പ്പ്‌ തുടച്ച്‌ ദീര്‍ഘ നിശ്വാസം വിട്ട്‌ അവര്‍ ഒരു പഞ്ച്‌ ഡയലോഗ്‌ അങ്ങ്‌ കാച്ചും. `ഹോ എന്ത്‌ ചെയ്യാനാ... ഞാനൊരാളുണ്ട്‌ എല്ലാ സ്ഥലത്തും ഓടിയെത്താന്‍'.
നാം വലിയ കാര്യമായി പറയുന്ന പ്രവര്‍ത്തികളെല്ലാം തന്നെ ഇന്നലെ പലരും ചെയ്‌തിട്ടുണ്ട്‌. നാളെ അതെല്ലാം പലരും ചെയ്യും. ഇതൊന്നും വലിയ ആനക്കാര്യമല്ല എന്ന്‌ തിരിച്ചറിയാന്‍ കഴിയാത്തിടത്തോളം ഞാനെന്ന ഭൂതകാല കുളിരില്‍ ഇങ്ങനെ മയങ്ങിക്കിടക്കാം.
ഇത്രയെല്ലാം വായിച്ചിട്ടും ഞാനിങ്ങനെ ഒന്നുമല്ല എന്ന്‌ സ്വയം ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക്‌ എന്റെ നല്ല നമസ്‌കാരം.

വാല്‍ക്കഷണം: `ഞാന്‍'... പറയേണ്ടത്‌ പറഞ്ഞു. ഇനി നിങ്ങളായി നിങ്ങളുടെ പാടായി...

1 comment:

  1. ഹഹ..അമ്പട ഞാനെ..
    സൂപ്പര്‍ ആയി..
    ഇപ്പൊ ഇപ്പൊ വെടിച്ചില്ലന്‍ സാധനങ്ങള്‍ ആണല്ലോ വരുന്നത്..തുടരു..

    ReplyDelete