Friday, August 19, 2011

കൂട്ടിക്കൊടുപ്പുകാരായ അച്ഛന്‍മാരും അമ്മമാരും

സ്‌ത്രീ പീഡന കഥകള്‍ കേരളത്തെ സംബന്ധിച്ച്‌ ഒരു വാര്‍ത്തയേയല്ലാതായിട്ട്‌ കാലമേറെയായി. എന്നാല്‍ ഈയടുത്ത കാലത്ത്‌ പുറത്ത്‌ വന്ന പീഡന വാര്‍ത്തകള്‍ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ട അവസ്ഥയിലേക്കാണ്‌ പോകുന്നത്‌. സ്വന്തം വീടിന്റെ അകത്തളങ്ങളില്‍ പോലും നമ്മുടെ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല എന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ്‌ പറവൂര്‍, കോതമംഗലം പീഡന വാര്‍ത്തകള്‍ പുറത്ത്‌ വന്നപ്പോള്‍ കേട്ടത്‌. ഇതില്‍ സ്വന്തം അച്ഛനാണ്‌ കുട്ടിയെ വില്‍പ്പനക്ക്‌ വെച്ചത്‌. കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ ശേഷം കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്ന്‌ വന്ന പീഡന കഥയില്‍ അച്ഛനും അമ്മയും ചേര്‍ന്നാണ്‌ കുട്ടിയെ കാഴ്‌ച്ചവെച്ചുകൊണ്ടിരുന്നത്‌.
കോഴിക്കോട്‌ ചൈല്‍ഡ്‌ ഹോമില്‍ സഹായമഭ്യര്‍ഥിച്ച്‌ കയറി വന്ന 14 കാരിക്ക്‌ പറയാനുണ്ടായിരുന്നതും സമാനമായ അനുഭവങ്ങളായിരുന്നു. രണ്ടര വര്‍ഷമായി രക്ഷിതാക്കള്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്ന്‌ കുട്ടി അധികൃതരോട്‌ പറഞ്ഞു. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ രണ്ട്‌ പേരും പലതിനും തന്നെ നിര്‍ബന്ധിക്കുകയാണെന്നും അനുസരിച്ചില്ലെങ്കില്‍ കൊന്ന്‌ കളയുമെന്ന്‌ ഭീഷണിപ്പെടുത്താറുണ്ടെന്നും വെളിപ്പെടുത്തി. ഇത്രയും കാലം മറച്ച്‌ വെച്ച കാര്യം ഇപ്പോള്‍ വന്ന്‌ പറഞ്ഞത്‌ എന്തിനാണെന്ന്‌ അന്വേഷിച്ചപ്പോഴാണ്‌ ഞെട്ടിക്കുന്ന മറ്റൊരു സത്യം അവള്‍ പറഞ്ഞത്‌. അനുജത്തിയെയും രക്ഷിതാക്കള്‍ പീഡിപ്പിച്ച്‌ തുടങ്ങിയെന്ന്‌.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ പുറത്ത്‌ അറിഞ്ഞവ മാത്രമാണ്‌. ഇതിനപ്പുറമുള്ള കാര്യങ്ങള്‍ കേരളത്തില്‍ ഓരോ നിമിഷത്തിലും സംഭവിക്കുന്നുണ്ട്‌. നമ്മുടെ മനസുകള്‍ക്ക്‌ സംഭവിച്ച്‌ കൊണ്ടിരിക്കുന്ന സാംസ്‌കാരിക അധഃപതനത്തെ ഏത്‌ മാപിനി വെച്ചാണ്‌ അളക്കേണ്ടതെന്ന്‌ ഓരോരുത്തരും ചിന്തിക്കേണ്ട സമയം അതിക്രമിച്ച്‌ തുടങ്ങിയിട്ട്‌ കുറച്ച്‌ കാലമായിരിക്കുന്നു.
രക്ഷിതാവ്‌ എന്ന വാക്കില്‍ അച്ഛനും അമ്മയും മാത്രമല്ല ഒതുങ്ങുന്നത്‌. അധ്യാപകരടക്കമുള്ള ഒരു കുട്ടിയുമായി ബന്ധപ്പെട്ട എല്ലാവരും രക്ഷിതാക്കളാണ്‌. രക്ഷിതാവ്‌ എന്നാല്‍ രക്ഷിക്കാന്‍ ചുമതലപ്പെട്ടവരാണ്‌. അതായത്‌ ജനിച്ച്‌ വീഴുന്ന കുട്ടിയെ സംസ്‌കരിച്ച്‌ ഉത്തമ മനുഷ്യനാക്കി വളര്‍ത്താന്‍ ബാധ്യത ഉള്ള ആരും രക്ഷിതാക്കളെന്ന്‌ ചുരുക്കം. ഇങ്ങനെ വളര്‍ന്ന്‌ വരാനുള്ള അവകാശം ഓരോ കുട്ടിക്കുമുണ്ട്‌.
ഇത്തരം പീഡന കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ അപ്പോള്‍ എന്തൊക്കെ കുറ്റങ്ങളാണ്‌ ചെയ്യുന്നത്‌. പീഡനത്തിന്‌്‌ പുറമെ മനുഷ്യാവകാശ ലംഘനങ്ങളുടെ ഒരു കൂമ്പാരം തന്നെ ഇവര്‍ സൃഷ്‌ടിക്കുന്നു. ജീവിക്കാനുള്ള, വിദ്യാഭ്യാസം നേടാനുള്ള അവകാശങ്ങളടക്കം ജനിപ്പിച്ചവര്‍ തന്നെ സ്വന്തം രക്തത്തിന്‌ നിഷേധിക്കുന്ന കാര്യങ്ങളെ പറ്റി ചിന്തിച്ച്‌ നോക്കൂ. നാം ഇത്തരം വാര്‍ത്തകള്‍ വായിച്ചും കേട്ടും തള്ളുമ്പോള്‍ ആലോചിക്കേണ്ടതുണ്ട്‌ നമ്മുടെ ചുറ്റും വളര്‍ന്ന്‌ വരുന്ന കുട്ടികളെക്കുറിച്ച്‌. ഇതില്‍ ലിംഗ വ്യത്യാസമില്ല. ആണ്‍കുട്ടികളും ലൈംഗിക പീഡനമടക്കമുള്ളവക്ക്‌ വിധേയമാകുന്നുണ്ട്‌.
അച്ഛന്‍, അമ്മ എന്നീ രണ്ട്‌ പദങ്ങള്‍ക്ക്‌ നമ്മുടെ ഇടയില്‍ മഹനീയമായ സ്ഥാനമാണ്‌ ഉള്ളത്‌. പക്ഷേ ഇപ്പോള്‍ സംശയത്തിന്റെ കണ്ണുകള്‍ പതിയേണ്ട രണ്ട്‌ പദങ്ങളായി ഇവയെ നാം മാറ്റി തീര്‍ത്തിരിക്കുന്നു. പണ്ട്‌ അടുത്ത വീട്ടില്‍ പോകുന്ന അമ്മ സന്ധ്യയായാല്‍ പറയും ``വീട്ടില്‍ അച്ഛനും മകളും തനിച്ചാണ്‌'' എന്ന്‌. അത്‌ സ്‌നേഹത്തിന്റെ വാക്കുകള്‍ മാത്രമായിരുന്നു അന്ന്‌. എന്നാല്‍ ഇതേ വാചകം ഇന്ന്‌ പറയുമ്പോള്‍ ഒരു ഉള്‍ഭയത്തിന്റെ ചെറിയ കണിക ആ മാതൃ ഹൃദയത്തെ ചഞ്ചലപ്പെടുത്തുന്നുണ്ടെന്ന്‌ ഉറപ്പാണ്‌.
നമ്മുടെ വീട്ടിലുള്ള അല്ലെങ്കില്‍ നമ്മുടെ അടുത്ത പരിചയത്തിലുള്ള കുട്ടിക്ക്‌ ഇത്തരത്തിലുള്ള നെറികെട്ട അക്രമം ഏല്‍ക്കേണ്ടി വരുമ്പോള്‍ മാത്രമാണോ നമുക്ക്‌ സാമൂഹ്യ ബോധവും സഹജീവി സ്‌നേഹവും ഉണരേണ്ടത്‌. ആലോചിച്ച്‌ നോക്കൂ നൂറ്റിയന്‍പതിലേറെ ആളുകളാണ്‌ പറവൂരില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മേല്‍ കയറിയിറങ്ങിയത്‌. ആ കുട്ടി അനുഭവിച്ച മാനസികാവസ്ഥ ഒരു നിമിഷം പോലുമെന്തെ നമ്മെ അസ്വസ്ഥമാക്കാത്തത്‌....?
ഇത്തരം പീഡന കഥകള്‍ പുറത്തറിയുമ്പോള്‍ നാം ഇരകളെ തള്ളിപ്പറയാറുണ്ട്‌. പക്ഷേ കേവലം പതിനാലും പതിനഞ്ചും വയസ്സ്‌ മാത്രം പ്രായമുള്ള കുട്ടികള്‍ക്ക്‌ വിത്തു കാളയുടെ ഊറ്റവുമായി മുരണ്ട്‌ വരുന്നവനെ ചെറുക്കാന്‍ സാധ്യമല്ലെന്ന്‌ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക്‌ ചിന്തിച്ചാല്‍ മനസിലാകുന്ന കാര്യമാണ്‌.
എന്തുകൊണ്ടാണ്‌ ഇത്തരം പീഡനങ്ങളില്‍ പിടിക്കപ്പെടുന്ന കുറ്റവാളികള്‍ക്ക്‌ അര്‍ഹിച്ച ശിക്ഷ കിട്ടാതെ പോകുന്നത്‌....? എന്തുകൊണ്ടാണ്‌ ഇത്തരം വിഷയങ്ങള്‍ നമ്മുടെ ഫെമിനിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കാത്തത്‌......? മാധ്യമങ്ങള്‍ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി എന്തുകൊണ്ടാണ്‌ വിമര്‍ശന വിധേയമാകാത്തത്‌.
ഇവിടെ മറ്റൊരു വിഷയത്തിന്റെ പ്രാധാന്യം കടന്ന്‌ വരുന്നു. ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്‌തത. ഇന്നും ബയോളജി ക്ലാസുകളില്‍ ശരീര സംബന്ധമായ കാര്യങ്ങള്‍ പറയാന്‍ നമ്മുടെ അധ്യാപകര്‍ക്ക്‌ ജാള്യതയാണ്‌ അപ്പോള്‍ എങ്ങിനെയാണ്‌ ശരിയായ ലൈഗിംക വിദ്യാഭ്യാസം നല്‍കുക...? ആലോചിക്കേണ്ടതുണ്ട്‌.
മനുഷ്യന്റെ ഏറ്റവും പ്രോജ്ജ്വലമായ വികാരത്തെ ഇങ്ങനെ വ്യഭിചരിച്ച്‌ കളയാന്‍ എങ്ങിനെയാണ്‌ തോന്നുന്നത്‌. അതും എട്ടും പൊട്ടും തിരിയാത്ത ശരീരങ്ങളില്‍. മറ്റൊരു ചിന്ത കൂടി ഇപ്പോള്‍ കടന്ന്‌ വരുന്നു. അറുപത്‌ വയസ്സുകാരന്‍ നാല്‌ വയസ്സുകാരിയെ പീഡിപ്പിക്കുന്നതും, തീപ്പൊള്ളി ജീവന്‍ മാത്രം അവശേഷിച്ച സ്‌ത്രീ ശരീരത്തെ ഭോഗിക്കുന്നതും, പത്ത്‌ വയസ്സ്‌ മാത്രം പ്രായമുള്ളവന്‍ ഒരുമിച്ച്‌ മണ്ണപ്പം ചുട്ട്‌ കളിച്ച എട്ട്‌ വയസുകാരിയായ കൂട്ടുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തുന്നതും രാവിലെ ചൂട്‌ ചായയോടൊപ്പം വായിച്ച്‌ തള്ളിയ വെറും വാര്‍ത്തകള്‍ മാത്രമായി തീര്‍ന്നിരിക്കുകയാണ്‌.
നാം ജാഗ്രതയുള്ളവരായി മാറേണ്ട സമയം അതിക്രമിച്ച്‌ കൊണ്ടിരിക്കുകയാണ്‌. ഇല്ലെങ്കില്‍ കൂട്ടിക്കൊടുപ്പുകാരായ അച്ഛന്‍മാരും അമ്മമാരും ഇനിയും നമ്മുടെ മുന്‍പിലേക്ക്‌ കടന്ന്‌ വന്നുകൊണ്ടേയിരിക്കും. ജീവിതത്തിന്റെ മനോഹാരിത മുഴുവന്‍ ആസ്വദിക്കാന്‍ കൊതിച്ച്‌ ഒറ്റ നിമിഷത്തിന്റെ ഇടവേളയില്‍ അരക്ഷിതാവസ്ഥയുടെ പുറമ്പോക്കിലേക്ക്‌ നിഷ്‌കരുണം വലിച്ചെറിയപ്പെടുന്ന കുട്ടികള്‍ നമ്മുടെ മുമ്പില്‍ വലിയ ചോദ്യ ചിഹ്നമായി നിരന്ന്‌ നില്‍ക്കും. അപ്പോള്‍, ആ ദുര്‍ബല നിമിഷത്തില്‍ മാത്രമായിരിക്കും ഏറ്റവും പ്രിയപ്പെട്ടവരുടെ മുഖം നാം അക്കൂട്ടത്തില്‍ കാണുന്നത്‌.

2 comments: