Friday, August 5, 2011

പുച്ഛം

നവരസങ്ങളില്‍ രണ്ടാമത്തെ രസമായ ഹാസ്യത്തിന്റെ വകഭേദമാണ്‌ പുച്ഛം. പുച്ഛം ഏറ്റവും കൂടുതല്‍ ഉദ്‌പാദിപ്പിക്കുന്ന ഭൂമിയിലെ ജീവി വര്‍ഗ്ഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌ മലയാളികളാണ്‌. രാവിലെ എഴുന്നേല്‍ക്കുന്നത്‌ മുതല്‍ രാത്രി കിടക്കുന്നത്‌ വരെ നോട്ടം കൊണ്ടും വാക്കുകൊണ്ടും തുടങ്ങി സാധ്യമായ എല്ലാ അവയവും വെച്ച്‌ ഓരോ മലയാളിയും ദിവസവും ഉദ്‌പാദിപ്പിക്കുന്ന പുച്ഛ രസത്തിന്റെ അളവ്‌ എണ്ണുക അസാധ്യം. ചിരിയേക്കാളും കരച്ചിലിനേക്കാളും ഏറ്റവും കൂടുതല്‍ മുഖത്ത്‌ കാണപ്പെടുന്നതും ഈ വികാരമാണ്‌.
ഉദാഹരണത്തിന്‌ ചെറിയൊരു സന്ദര്‍ഭം പറയാം. ബസ്സിന്റെ അരിക്‌ സീറ്റിലിരിക്കുന്ന ഒരാള്‍ പുറത്തെക്കാഴ്‌ച്ചകള്‍ കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു ബൈക്ക്‌ യാത്രികന്‍ ബസ്സിനെ മറികടന്ന്‌ അമിത വേഗതയില്‍ കടന്ന്‌ പോകുന്നു. അപ്പോള്‍ ബസ്സിലിരിക്കുന്ന മാന്യദേഹത്തിന്റെ ആത്മഗതം. ``ഹും...... രണ്ട്‌ ചക്രമേ ഉള്ളൂ എന്നിട്ടും അവന്റെയൊരു.......''
ഇതേ ആള്‍ തനിക്കിറങ്ങേണ്ട സ്റ്റോപ്പിലെത്തി നാലോ അഞ്ചോ കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക്‌ സ്വന്തം ബൈക്ക്‌ എടുത്ത്‌ യാത്ര തിരിക്കുന്നു. ഒരു ബസ്സ്‌ അയാളെ കടന്ന്‌ പോകുന്നു. വീണ്ടും അയാളുടെ ആത്മഗതം `` റോഡ്‌ അവന്റെ തറവാട്ട്‌ സ്വത്താണെന്ന വിചാരം......''
മേല്‍പ്പറഞ്ഞവ ആത്മഗതത്തിന്റെ രൂപത്തിലുള്ള പുച്ഛമാണ്‌. ഇത്‌ മറ്റൊരു രൂപത്തില്‍ ഏറ്റവും മൗനമായി കടന്ന്‌ വരുന്ന ചില സന്ദര്‍ഭങ്ങളുണ്ട്‌. ഒരു പരിചയവുമില്ലാത്ത രണ്ട്‌ പേര്‍ പോലും ഈ വികാരത്തെ കണ്ണുകള്‍ കൊണ്ട്‌ കൈമാറുന്ന നിമിഷങ്ങള്‍. ഇതിനും ഒരു ബസ്സ്‌ യാത്ര തന്നെ ഉദാഹരിക്കാം. ബസ്സിലിരുന്ന്‌ ഒരാള്‍ അത്യുച്ചത്തില്‍ മൊബൈലില്‍ സംസാരിക്കുന്നു. അപ്പോള്‍ അടുത്തുള്ള ആളെ നോക്കി ഒരു പരിചയമില്ലെങ്കില്‍ പോലും നാം പുച്ഛം ഒറ്റ നിമിഷം കൊണ്ട്‌ കൈമാറിയിട്ടുണ്ടാകും. രണ്ട്‌ പേരുടേയും കണ്ണുകള്‍ ആ നിമിഷം പരസ്‌പരം ഉടക്കി ആ പുച്ഛത്തിന്റെ അര്‍ഥം നിമിഷാര്‍ഥം കൊണ്ട്‌ മനസ്സിലാക്കിയിട്ടുണ്ടാകും. അതിന്‌ ഭാഷ ചമച്ചാല്‍ ഇങ്ങനെ വായിക്കാം. `` കഷ്‌ടം ഇയാള്‍ ഏത്‌ നൂറ്റാണ്ടില്‍ ജീവിക്കുന്ന മനുഷ്യനാണ്‌........മറ്റാര്‍ക്കും മൊബൈലില്ലാത്തത്‌ പോലെ''
വാക്ക്‌ കൊണ്ട്‌ അല്ലെങ്കില്‍ ഒരു മൂളല്‍ കൊണ്ട്‌ നേരിട്ട്‌ തന്നെ പുച്ഛം പ്രകടിപ്പിക്കുന്ന ചിലരുണ്ട്‌. അങ്ങനെ ഒരാള്‍ കുറേ കാലത്തിന്‌ ശേഷം പരിചയമുള്ള രണ്ട്‌ പേരെ കാണുന്നു. പരിചയം പുതുക്കിയ ശേഷം അയാള്‍ ഇരുവരോടും ജോലിയെ കുറിച്ച്‌ അന്വേഷിക്കുന്നു. ഒന്നാമന്‍ പറയുന്നു `` ഞാന്‍ കൃഷിയൊക്കെയായി ഇങ്ങനെ.....'' അത്രയും കേള്‍ക്കുമ്പോള്‍ തന്നെ ചോദ്യകര്‍ത്താവിന്റെ മുഖത്ത്‌ പുച്ഛത്തിന്റെ ചുളിവുകള്‍ വീണിരിക്കും. `` ഓ കൃഷിയാ..... ഇപ്പം എന്ത്‌ കിട്ടും അത്‌ കൊണ്ട്‌''. രണ്ടാമന്റെ മുഖത്തേക്ക്‌ ചോദ്യത്തിന്റെ നോട്ടമെറിഞ്ഞ്‌ അയാള്‍ ഉത്തരം പ്രതീക്ഷിക്കുന്നു. രണ്ടാമന്‍ പറയുന്നു `` ഞാന്‍ ..... ഇന്ന ഡിപ്പാര്‍ട്ട്‌മെന്റില്‍ വര്‍ക്ക്‌ ചെയ്യുകയാണ്‌'' അപ്പോള്‍ ചോദ്യ കര്‍ത്താവിന്റെ മുഖം വികസിക്കുന്നു. `` ഓഹോ..... അതേല്ലേ.... ഇപ്പം എത്ര വര്‍ഷമായി കയറിയിട്ട്‌''
മേല്‍പ്പറഞ്ഞ വാക്ക്‌ കൊണ്ടുള്ള, ശബ്‌ദം കൊണ്ടുള്ള പുച്ഛമാണ്‌ കേരളത്തില്‍ ഏറ്റവും സുലഭമായി കിട്ടുന്നത്‌.
ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും ഈ വികാര പ്രകടനത്തിന്റെ വൈവിധ്യങ്ങള്‍ നമുക്ക്‌ മുന്നില്‍ കടന്ന്‌ വരാറുണ്ട്‌. നാമോരോരുത്തരും ഇത്‌ പ്രകടിപ്പിക്കുന്നതില്‍ ഒട്ടും പുറകിലല്ല. മുകളില്‍ പറഞ്ഞത്‌ ഏറ്റവും ചെറിയ ഉദാഹരണങ്ങള്‍ മാത്രമാണ്‌. ചുരുക്കത്തില്‍ എഴുതിയാലും എഴുതിയാലും തീരാത്ത മലയാളിയുടെ ഒരേയൊരു പൊതു വികാരവമാണ്‌ പുച്ഛം.
കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങുന്ന പ്രായത്തില്‍ നാമിത്‌ കേള്‍ക്കാനാരംഭിക്കുന്നുണ്ട്‌.
`` ഓ..... നീ ചെറുതല്ലേ നിനക്കെന്തറിയാം''.

1 comment: