മനുഷ്യന്റെ ഇച്ഛാശക്തിയുടെ ക്രിക്കറ്റ് മൈതാനത്തെ പ്രതീകമായിരുന്നു ബ്രയാന്‍ ചാള്‍സ് ലാറ. നീണ്ട 19 വര്‍ഷത്തെ കായിക ജീവിതത്തില്‍, നിലനില്‍പ്പിനായി പെടാപാട് പെട്ട ഒരു ടീമിന്റെ മുഴുവന്‍ ഭാരവും ഒറ്റക്ക് ചുമക്കേണ്ടി വന്ന ഒരു കളിക്കാരന്. പ്രൗഢമായൊരു ഗതകാലമുണ്ടായിരുന്ന വെസ്റ്റിന്ത്യന്‍ ക്രിക്കറ്റിന്റെ നാശത്തിന്റെ തുടക്കത്തിലാണ് ലാറയെന്ന കറുത്ത കുറിയ മനുഷ്യന് ടീമിലെത്തുന്നത്. പിന്നീട് വെസ്റ്റിന്‍ഡീസ് ടീം ലാറയായിരുന്നു. ലാറ ഫോമിലെത്തിയാല്‍ അവര്‍ ജയിക്കുന്നു. അയാള്‍ പരാജയപ്പെട്ടാല്‍ ടീം പരാജയപ്പെട്ടതായി കണക്കാക്കുന്നു.
ടെസ്റ്റ് മത്സരങ്ങളായിരുന്നു ലാറയുടെ തട്ടകം. അഞ്ച് ദിവസം നീണ്ട് നില്ക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാരന്റെ ഏകാഗ്രത പരീക്ഷിക്കപ്പെടുന്ന വേദിയാണ്. അവിടെ ലാറ അജയ്യനായിരുന്നു. ദീര്‍ഘമായ ഇന്നിംഗ്സുകള്‍ കളിക്കാന്‍ അയാള്‍ക്ക് നിഷ്പ്രയാസം സാധിക്കുന്നു. ഒമ്പത് ഡബിള്‍ സെഞ്ച്വറികള്‍ ഇതിന് തെളിവാണ്. ഇതില്‍ ഒരു ക്വാഡ്രബിളും(400 നോട്ടൗട്ട്) ഒരു ട്രിപ്പിളും(375) ഉള്‍പ്പെടുന്നു. ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിലെ ഉയര്‍ന്ന സ്കോറും ലാറയുടെ പേരിലാണ്(501 നോട്ടൗട്ട്). ഇതില്‍ 400, 501 എന്നിവ ഇപ്പോഴും തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡാണ്. രണ്ടിലും ലാറയെ പുറത്താക്കാന്‍ ബൗളര്‍ക്ക് കഴിഞ്ഞില്ല എന്ന് പറയുമ്പോള്‍ ആലോചിക്കുക ആ ഇന്നിംഗ്സുകള്‍ കെട്ടിപ്പടുക്കാന്‍ അയാള്‍ കാണിച്ച സൂക്ഷ്മത.
ലാറ ജീനിയസായിരുന്നു. പരിശീലിച്ചാല്‍ നശിച്ചുപോകുന്ന നൈസര്‍ഗിക വാസന ആവോളം ഉള്ള അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു ക്രിക്കറ്റ് ജന്മം. അതുകൊണ്ട് തന്നെ പരിശീലന സമയങ്ങളില്‍ ലാറ മൈതാനത്തേക്ക് വന്നില്ല. ക്രിക്കറ്റ് നിഘണ്ടുവിലില്ലാത്തതും ആര്‍ക്കും അനുകരിക്കാന്‍ കഴിയാത്തതുമായ പല ഷോട്ടുകളും ആ ബാറ്റ് ലോകത്തിന് പരിചയപ്പെടുത്തി. വിജയത്തിനും പരാജയത്തിനുമപ്പുറത്ത് ബാറ്റിംഗ് ഒരു സുന്ദരമായ കലയാണെന്നും ക്രിക്കറ്റ് എങ്ങനെ ആസ്വദിക്കാമെന്നും ലാറ ലോകത്തെ പഠിപ്പിച്ചു.
2007ല്‍ നാട്ടില്‍ നടന്ന ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞ ലാറ അവസാന മത്സരത്തില്‍ നേടിയത് 18 റണ്‍സാണ്. അന്ന് റണ്ണൗട്ടായി മടങ്ങിയ ലാറയുടെ വിക്കറ്റിന് ഒരു ബൗളര്‍ക്കും അവകാശിയാകാന്‍ കഴിഞ്ഞില്ല എന്നത് ഒരു കാവ്യ നീതിയായിരിക്കാം. വിജയം ശീലമാക്കിയ ഒരു ടീമിലായിരുന്നു ലാറയെങ്കില്‍ കഥ മറ്റൊന്നായേനെ. എങ്കിലും ലാറ ക്രിക്കറ്റിലെ ഒരു നിറവായിരുന്നു. അതി സങ്കീര്‍ണ്ണമായ പല ഘട്ടങ്ങളിലും അയാള്‍ ഒറ്റക്ക് ടീമിനെ വിജയത്തിലേക്ക് കൈപിടിച്ച് നടത്തിയത് ക്രിക്കറ്റ് ലോകം അദ്ഭുതത്തോടെ കണ്ടു നിന്നു. നീണ്ട 19 വര്‍ഷക്കാലവും തുളവീണ ഒരു കപ്പലിന്റെ കപ്പിത്താനാവാനായിരുന്നു ലാറക്ക് യോഗം. എങ്കിലും അയാള്‍ അവശേഷിപ്പിച്ച കാലിപ്സോ സംഗീതം പോലെ ലഹരി നിറഞ്ഞ ഇന്നിംഗ്സുകള്‍ മറവിക്ക് കീഴടങ്ങാന്‍ കൂട്ടാക്കില്ലെന്ന് ഉറപ്പാണ്
....... അന്ന് കെന്‍സിംഗ്ടണ്‍ ഓവലില്‍ തടിച്ച് കൂടിയ ജനങ്ങളോട് അവസാന മത്സരം കളിച്ച ലാറ ചോദിച്ചു...... ``ഇത്രയും കാലം ഞാന്‍ നിങ്ങളെ ആനന്ദിപ്പിച്ചുവോ''...?
ippozhum Ninte Lara / West indies bhramam vittittilla alle ?
ReplyDeletelara nalloru sports man anu..thankal nalloru sports aswadakanum..
ReplyDelete