Saturday, December 29, 2012

ചെറ്റകള്‍...


ആ രാത്രി യാത്രക്കിടയില്‍
കുപ്പിവളകള്‍
നിലത്തെറിഞ്ഞുടക്കപ്പെട്ടു...
നൈമിഷിക സുഖത്തിന്റെ
കേവലതക്കായി ഉദ്ധരിച്ച
ഹ്രിംസാത്മകത
ഒരു ജനതയുടെ മാനത്തെയാണ്
വ്യഭിചരിച്ച്
പുറത്തേക്ക് തള്ളിയത്...
ഇട്ടാവട്ടത്തില്‍ കിടന്ന്
അടിവയറ്റിലേക്ക് മരണത്തെ
ദ്രവ രൂപത്തില്‍
സ്ഖലിപ്പിച്ച ചെറ്റകള്‍
സുന്ദരമായൊരു സ്വപ്നത്തെ
ആരു കേള്‍ക്കാത്ത
നിലവിളിയിലേക്ക്
ചവിട്ടി താഴ്ത്തി.........

Saturday, December 15, 2012

കണ്ണിമാങ്ങ


ഉച്ചയൂണും കഴിഞ്ഞ്
രണ്ട് മണി
ബെല്ലിന്റെ മൂളക്കം
കാതിലേക്ക്
ഇരമ്പുന്നതിനും മുമ്പ്
പറമ്പിലൂടെ
ഓടി നടന്ന്
കിട്ടുന്നത് മുഴുവന്‍ വാരി
ട്രൗസറിന്റെ കീശയിലേക്ക്
ഒറ്റ തള്ള് !!!

കാന്താരി
ചെറുതായി മുറിച്ചിട്ട്
വെളിച്ചെണ്ണയും
ഉപ്പും ചേര്‍ത്ത്
കണ്ണിറുക്കി മുഖം കോട്ടി
ഒറ്റ കടി !!!

ഉസ്‌ക്കൂളും വിട്ട്
സൊറയും പറഞ്ഞ്
വരുന്നതിനിടയില്‍
വഴി വരമ്പത്ത്
എങ്ങാനും കണ്ടാല്‍
ഒറ്റ ഏറ് !!!

കീഴ്ച്ചുണ്ടിലേക്ക്
ഇറങ്ങി വരുന്ന ഉമിനീര്
ദേ...

Saturday, December 8, 2012

അവിരാമം


ഈ മരത്തിന് ചുറ്റും
ഇപ്പോഴും ഞാന്‍...

ചില്ലയിലെ മൗനത്തിനിടയില്‍
ഒളിപ്പിച്ച
മഴ നനഞ്ഞ പച്ചിലകള്‍
ബാക്കിയുണ്ടെന്ന്...

കണ്ട് കണ്ട് അതെന്നെ
പ്രലോഭിപ്പിക്കുന്നു...

മരമേ നിന്റെ ജീവനെ
ഞാനിപ്പോഴും
ആവാഹിക്കാന്‍ ശ്രമിക്കുന്നു
നിന്റെ കിനാവുകള്‍
പഴുത്ത ഇലകള്‍ പോലെ
എന്നിലേക്ക് പെയ്തിറങ്ങുന്നു...

എന്നിട്ടും
വരണ്ട ഞരമ്പുകള്‍
തെളിഞ്ഞു കാണുന്ന
അപൂര്‍ണ ഇലകളുടെ
ഉണക്കങ്ങള്‍ കൊണ്ട്
നീയെന്നെ...


Saturday, December 1, 2012

പ്രണയ ചൈതന്യം (കാമുകിയെന്ന് ഞാന്‍ മാത്രം കരുതുന്നവള്‍ക്ക്)


ഒറ്റക്ക് മണിക്കൂറുകള്‍ താണ്ടുകയാണ്
ഇതാ ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ...
പ്രതീക്ഷയോടെ യാചിച്ച പ്രണയം
തട്ടിത്തെറിപ്പിച്ച് നീ നിശബ്ദതയിലേക്ക്
ഊളിയിട്ട നിമിഷത്തില്‍ തുടങ്ങിയ ഏകാന്തത...
അതിനോട് പൊരുത്തപ്പെട്ട് വരുന്നതിനിടയിലാണ്
നിന്നോടുള്ള ഇഷ്ടം ചഞ്ചലപ്പെട്ട്
പിന്നെയും പൊന്തി വന്നത്...
ജീവിതത്തിന്റെ ഒരു വൈകാരിക
മുനമ്പില്‍ വെച്ച്  കണ്ടെത്തിയ........
.............................................................................................................
ഓ... ഇതെല്ലാം ഇനിയെന്തിന് പറയണം...
............................................................................................................
വാക്കുകളിലെ ചൈതന്യത്തെ
കാണാതെ കേള്‍ക്കാതെ
ലാഘവത്വത്തില്‍ വലിച്ചെറിഞ്ഞ്
നീ കടന്ന് പോയപ്പോള്‍ ഞാനകപ്പെട്ട
ഈ തുരുത്ത്...
..........................................................................................................
ഇപ്പോഴും നമുക്കിടയില്‍
സമരസപ്പെടാതെ നില്‍ക്കുന്നത്
ഞാനും നീയും മാത്രമാണ്...

Wednesday, October 24, 2012

ലക്ഷ്മണ കാവ്യം....



വൈകിയൊരു കുറിപ്പാണ് ഇത്. എന്തുകൊണ്ട് വൈകി എന്നത് എന്റെ ഉള്ളില്‍ തന്നെ ചോദ്യമായി അവശേഷിക്കുന്നു. വി വി എസ് ലക്ഷ്മണ്‍ ഇത്തരം അപൂര്‍ണമായ ഉത്തരങ്ങളുടെ ഒരു പൂര്‍ണതയാണ്. നീണ്ട പതിനാറ് വര്‍ഷങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചാലക ശക്തിയായി നിന്നിട്ടും നമ്മുടെ കാഴ്ച്ചകളുടെ സൗവര്‍ണ്ണങ്ങളില്‍ പെടാതെ ഒരു മങ്ങിയ ബ്ലാക് ആന്റ് വൈറ്റ് ചിത്രം പോലെ മൂലക്ക് ഒരാള്‍.
നൈസര്‍ഗിക പ്രതിഭയുടെ മിന്നലാട്ടങ്ങളെ നിരന്തര സാധനയിലൂടെ സ്ഥിരതയിലെത്തിച്ച ലക്ഷ്മണ്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സന്തുലിത സാന്നിധ്യമായിരുന്നു. വിജയ ശീലങ്ങളിലേക്ക് ബാറ്റിന്റെ ശബ്ദായമാനം കൊണ്ട് ഇന്ത്യന്‍ ടീമിനെ പരിവര്‍ത്തിപ്പിച്ച നിശബ്ദന്‍.
ആസ്‌ത്രേലിയയെ കീഴടക്കിയ ലക്ഷ്മണിന്റെ 281 റണ്‍സ് ഇന്ത്യന്‍ ക്രിക്കറ്റിനെ രണ്ടായി പകുത്തു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ആറാമത്തെ ടെസ്റ്റ് ഇന്നിംഗ്‌സായി വിസ്ഡന്‍ അതിനെ വിലയിരുത്തി. ലക്ഷ്മണ്‍ കളിക്കളത്തോട് വിട പറഞ്ഞപ്പോള്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി പറഞ്ഞു- ഈഡനില്‍ നേടിയ 281 റണ്‍സ്, അതായിരുന്നു ലക്ഷ്മണിന്റെ കരിയറിലെ ഏറ്റവും പ്രകാശമാനമായ ദിവസം...ആ ഇന്നിംഗ്‌സ് ഇന്ത്യന്‍ ക്രിക്കറ്റിനെ പ്രചോദിപ്പിച്ചു...നാം ആര്‍ക്കും പിറകിലല്ലെന്ന് സ്വയം ഓര്‍മിപ്പിച്ചു- എത്ര സുന്ദരമായ വിലയിരുത്തല്‍.
കഴിഞ്ഞ പത്താണ്ടിനിടയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ടെത്തിയ മഹത്തായ വിജയങ്ങളുടെ കാതല്‍ ലക്ഷ്മണിന്റെ കീഴടങ്ങാന്‍ കൂട്ടാക്കാത്ത നിശ്ചയ ദാര്‍ഢ്യമായിരുന്നു.
മുഹമ്മദ് അസ്ഹറുദീന്റെ കൈക്കുഴ തിരിച്ചുള്ള ബാറ്റിംഗിനെ പില്‍ക്കാലത്ത് ക്രിയാത്മകമായി വ്യാഖ്യാനിച്ച കളിക്കാരനായിരുന്നു ലക്ഷ്മണ്‍. സാധരാണക്കാരില്‍ സാധാരണക്കാരനായ ലക്ഷ്മണ്‍ വെരി വെരി സ്‌പെഷ്യലായി രൂപാന്തരം പ്രാപിക്കുന്ന അത്ഭുത പ്രതിഭാസം.   ആകര്‍ഷകമായ ബാറ്റിംഗിനെ എത്രത്തോളം കാല്‍പ്പനികമാക്കാം എന്ന നിരന്തര അന്വേഷങ്ങളായിരുന്നു ലക്ഷ്മണ്‍ കളിച്ച ഓരോ ഇന്നിംഗ്‌സുകളും...
ഏറ്റവും പ്രിയപ്പെട്ട ലക്ഷ്മണ്‍... നന്ദി... ഋതുക്കള്‍ പോലെ മാറി മാറി വരുന്ന ജ്വലനാത്മകമായ ഇന്നിംഗ്‌സുകളുടെ വസന്തം തീര്‍ത്തതിന്...


Saturday, October 20, 2012

ലാറ... അവസാനമില്ലാത്ത ലാവണ്യത


ബ്രയാന്‍ ചാള്‍സ് ലാറ സംഗീതമായിരുന്നു. മണിക്കൂറുകളോളം വൃന്ദാവന സാരംഗം കേള്‍ക്കുന്ന അനുഭവം. ലഹരി പിടിപ്പിക്കുന്ന സാന്നിധ്യം. കൊളോണിയല്‍ കാലത്തെ കൊളോസസിനെ പോലെ നീണ്ട 19 വര്‍ഷം  അയാള്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിനെ ഒറ്റക്ക് കൊണ്ടു നടന്നു. മൈതാനത്തെ വന്യതയുടെ തീക്ഷ്ണ സാന്നിധ്യം പവലിയനിലേക്ക് മടങ്ങിയിട്ട് അഞ്ച് കൊല്ലങ്ങള്‍ കഴിഞ്ഞു. ബാറ്റിംഗ് ധ്യാനാത്മകമായ കലയാണെന്ന് കളിക്കളത്തില്‍ വ്യാഖ്യാനിച്ച ലോകത്തിലെ ഒരേയൊരു ബാറ്റ്‌സ്മാന്‍....... ബണ്ടി ലാറയുടെ മകന്‍ ചാള്‍സ് ലാറ......... സിഡ്‌നിയെന്ന കൊച്ചു സുന്ദരിക്കുട്ടിയുടെ അച്ഛന്‍....... 375ഉം, 400, 501 ഉം എടുത്ത് പുറത്താകാതെ നിന്ന് ലോകത്ത് വിസ്മയിപ്പിച്ച ലാറ.... മത്സരത്തലേന്ന് പത്ര സമ്മേളനം നടത്തി നാളെ പുറത്താകാതെ സെഞ്ച്വറിയടിക്കുമെന്ന് പറഞ്ഞ് കറുത്തവനോടുള്ള വെള്ളക്കാരന്റെ ധാര്‍ഷ്ട്യത്തെ ബാറ്റ് കൊണ്ട് വെല്ലുവിളിച്ച ലാറ (1996ലെ ലോകകപ്പില്‍ ദ. ആഫ്രിക്കക്കെതിരായ മത്സരത്തിന്റെ തലേന്ന് പത്ര സമ്മേളനത്തില്‍ നാളെ സെഞ്ച്വറി നോട്ടൗട്ടായിരിക്കുമെന്ന് ലാറ പ്രഖ്യാപിച്ചു. പിറ്റേന്ന് 116 നേട്ടൗട്ട് !!!)...... ജയിക്കാന്‍ 75 വേണ്ടപ്പോള്‍ ഒമ്പത് വിക്കറ്റ് വീണ് പരാജയം മുന്നില്‍ കണ്ട ഘട്ടത്തില്‍ കോട്‌നി വാല്‍ഷിനെ ഓടാന്‍ മാത്രമാക്കി ഓരോ ഓവറിന്റെ അവസാന പന്തിലും സിംഗിള്‍ നേടി ഒറ്റക്ക് 75 എടുത്ത് വിന്‍ഡീസിന് അവിസ്മരണീയ വിജയം സമ്മാനിച്ച ലാറ............ ഏത് പൊസിഷനിലും ബാറ്റിംഗും ഫീല്‍ഡിംഗും നിഷ്പ്രയാസം കൈകാര്യം ചെയ്ത ലാറ....
മൈതാനത്ത് അയാള്‍ ജീവിതമാണ് പറയാന്‍ ശ്രമിച്ചത്. മനുഷ്യന് അസാധ്യമായി ഒന്നുമില്ലെന്ന് അയാള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ബാറ്റെടുത്ത ഓരോ നിമിഷത്തിലും കവിതയും സംഗീതവും വിരഹവും പ്രണയവും വിഷാദവും ഭ്രാന്തും നിരാശയും എല്ലാം എല്ലാം തന്നുകൊണ്ടേയിരുന്നു.
തന്റെ പ്രിയ സുഹൃത്തിനെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിശേഷിപ്പിക്കുന്നത് 'അത്ഭുത ബാറ്റ്‌സ്മാന്‍' എന്നാണ്. അതിനുമപ്പുറം ലാറ ഒരു മിത്താണ്..... അപാരമായൊരു രസതന്ത്രത്തിന്റെ അറ്റമില്ലാത്ത ലാവണ്യത.

Saturday, October 13, 2012

ഈ മുറിയില്‍ ഇന്ന്


ചില ദിവസങ്ങളുണ്ട്
ഒന്നിലും ഒതുക്കാന്‍ കഴിയാത്ത
ചില ജന്മ സത്യങ്ങള്‍ പോലെ
തുറിച്ച് നോക്കി നില്‍ക്കും...
എന്ത് ചെയ്യാന്‍
കുറെ പുസ്തകമെടുത്ത്
മറിച്ചു നോക്കാം...
മടുപ്പ്, കോട്ടുവായ്
പതിവ് അലസതകളുടെ...
ഈ മുറിയില്‍ ഒറ്റക്കാണ്
ഒന്നിനും മാറ്റമില്ല
കുറേ നിശബ്ദതകള്‍...
പുസ്തകങ്ങള്‍, മുറുക്കാന്‍ ചെല്ലം
കുപ്പിയിലെ കരിങ്ങാലി വെള്ളം
അവിടെയും ഇവിടെയും കോറിയിട്ട
കുറേ അക്ഷരങ്ങള്‍, കസേര,
ശബ്ദമുണ്ടാക്കി തിരിയുന്ന ഫാന്‍...
കണ്ടാല്‍ ഒറ്റ സ്‌നാപ്പിലേക്ക്
ഇതെല്ലാം ഒതുങ്ങുമെന്ന് കരുതും...
ഒന്നും സംഭവിക്കാനില്ല
സംഭവിച്ചതെല്ലാം നല്ലതിന് എന്ന്
ദീര്‍ഘ നിശ്വാസം...
ചില ദിവസങ്ങളില്‍
സമയത്തിന്റെ സൂചിമുനയിലൂടെ
ചാക്രികമായി
ഇങ്ങനെ സഞ്ചരിക്കുക...