Thursday, September 22, 2011

അണുകുടുംബം..

അമ്മ പറഞ്ഞു
ദൈവം ഉണ്ട്..
അച്ഛന്‍ പറഞ്ഞു
ദൈവം ഇല്ല..
മകന്‍/മകള്‍ പറഞ്ഞു
ദൈവം ഉണ്ടില്ല..

Tuesday, September 20, 2011

ജോഗ്‌ - പ്രണയം, വിരഹം, പ്രവാസം


പ്രണയം, വിരഹം, പ്രവാസം - മനുഷ്യ മനസ്സിന്റെ ഏറ്റവും ഉജ്ജ്വലമായ വികാരങ്ങളാണ്‌ ഇവ മൂന്നും. പ്രണയം എന്നത്‌ നിര്‍വ്വചനങ്ങള്‍ക്ക്‌ അതീതമായിട്ടാണ്‌ പലപ്പോഴും തോന്നിയിട്ടുള്ളത്‌. കാരണം പ്രേമം അല്ല പ്രണയം എന്നതു തന്നെ. പ്രേമം ഭക്തിയുടെ ഒരു തലം മാത്രമാണ്‌. പലപ്പോഴും പ്രകടനപരതക്ക്‌ അപ്പുറത്ത്‌ നില്‍ക്കാറുണ്ട്‌ പ്രണയം.
പ്രണയത്തിന്റെ നേരെ വിപരീത ദിശയിലാണ്‌ വിരഹം. നഷ്‌ടത്തിന്റെ നൊമ്പരങ്ങള്‍, തമ്മില്‍ കാണാതെയുള്ള രണ്ട്‌ ഹൃദയങ്ങളുടെ മൗന സംവാദങ്ങള്‍ തുടങ്ങി വിരഹത്തിന്‌ വൈകാരിക തലങ്ങള്‍ ഒട്ടനവധിയുണ്ട്‌. പണ്ടത്തെ കവികള്‍ കാമുകി - കാമുക സങ്കല്‍പ്പത്തില്‍ വരുന്ന വിരഹത്തിന്‌ ഒരു ഉദാഹരണം പറയാറുണ്ട്‌. ``ഇണയെ പിരിഞ്ഞിരിക്കുന്ന ചക്രവാക പിടകള്‍''. ഈ ചക്രവാക പിടകള്‍ സാങ്കല്‍പ്പിക പക്ഷി മാത്രമാണ്‌. ഒരു താമര ഇല കുത്തനെ വെച്ചാല്‍ അതിന്‌ അപ്പുറവും ഇപ്പുറവും ആയിരിക്കും ഈ പക്ഷികള്‍ ഇരിക്കുക. പരസ്‌പരം കാണാതെ ഇണ തന്നെ വിട്ടുപോയെന്ന്‌ വിചാരിച്ച്‌ ചക്രവാകങ്ങള്‍ കരയുന്നതായിട്ടാണ്‌ കവികള്‍ പറയാറുള്ളത്‌. ഇനി ആലോചിച്ച്‌ നോക്കുക വിരഹത്തിന്റെ വേദന.
സ്വന്തം നാട്ടില്‍ നിന്ന്‌ അന്യദേശത്ത്‌ താമസിക്കുന്നത്‌ എല്ലാം പ്രവാസമാണ്‌. അത്‌ മറ്റൊരു രാജ്യമോ, സംസ്ഥാനമോ, ജില്ലയോ ആയ്‌ക്കോട്ടെ. കുറേ ദിവസങ്ങള്‍ക്ക്‌ ശേഷം നാട്ടിലേക്ക്‌ വരുന്നത്‌ ഒരു സുഖമുള്ള ഏര്‍പ്പാടാണ്‌. അത്‌ മാസങ്ങള്‍ക്ക്‌ ശേഷമോ, വര്‍ഷങ്ങള്‍ക്ക്‌ ശേഷമോ ആണെങ്കിലോ........നാട്ടിലെത്തി വൈകുന്നേരം കുളി കഴിഞ്ഞ്‌ നിരത്തിലിറങ്ങി പുഷ്‌പേട്ടന്റെ പെട്ടി പീടികയില്‍ നിന്ന്‌ ഒന്ന്‌ മുറുക്കി സമകാലിക രാഷ്‌ട്രീയ സാമൂഹിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുകയും തുടങ്ങി....... ഗൃഹാതുരതയുടെ വേലിയേറ്റങ്ങളില്‍ പെട്ട്‌ മനസ്സ്‌ നിറഞ്ഞ്‌ തുളുമ്പും. തിരികെ യാത്ര പോകുന്നതിന്റെ തലേ ദിവസം കാച്ചിയ എണ്ണ കവറില്‍ പൊതിഞ്ഞുകെട്ടി ഭദ്രമാക്കി ബാഗില്‍ വെക്കുമ്പോള്‍ കണ്ണില്‍ നിന്ന്‌ അറിയാതെ രണ്ട്‌ തുള്ളി വീണുവോ.........
ഇനി സംഗീതവുമായി ഈ വികാരങ്ങളെ ഒന്ന്‌ ബന്ധിപ്പിച്ച്‌ നോക്കാം. മനുഷ്യന്റെ എല്ലാ വികാര, വിചാര ചിന്തകള്‍ക്കുമുള്ള ഏറ്റവും ലളിതമായ ഉത്തരമാണ്‌ സംഗീതം. ഏകാന്തമായി ചില രാഗങ്ങള്‍ കേട്ടു നോക്കു. നാം ഒരു ധ്യാനാവസ്ഥയിലേക്ക്‌ പോകുന്നതായും ഒരു തൂവല്‍ പോലെ പറക്കുന്നതായും അനുഭവപ്പെട്ടേക്കാം. സംഗീതത്തിന്റെ ശ്വാസമാണ്‌ രാഗങ്ങള്‍. ലോകത്തിലുള്ള എല്ലാം സംഗീതവും നിലനില്‍ക്കുന്നതും രാഗത്തിലാണ്‌.
ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു രാഗമാണ്‌ ജോഗ്‌. മേല്‍പ്പറഞ്ഞ വികാരങ്ങളെ ഇത്ര കൃത്യമായി, അതായത്‌ മൂന്നിനേയും ഒരു പോലെ ഉള്‍ക്കൊള്ളാന്‍ ജോഗിന്‌ കഴിയുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്‌. പ്രവാസ ജീവിതത്തിന്റെ ഏകാന്തതകളില്‍ ജോഗ്‌ കേട്ട്‌ രാത്രിയില്‍ കിടന്ന്‌ നോക്കുക അപ്പോള്‍ നാം ഒറ്റക്ക്‌ അലയുകയാണെന്ന്‌ തോന്നും. നമുക്ക്‌ ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ അടുത്ത്‌ ഇരിക്കുമ്പോള്‍ ജോഗ്‌ കേള്‍ക്കുക ഹൃദയം പ്രണയത്താല്‍ നിറയുന്നതായി തോന്നും. യാത്ര പറഞ്ഞ്‌ പോയവരുടെ ഓര്‍മ്മകളാല്‍ ചിന്തയില്‍ മുഴുകുമ്പോള്‍ ജോഗ്‌ കേള്‍ക്കുകയാണെങ്കില്‍..........വേണ്ട. അനുഭവത്തിന്റെ അപ്പുറത്തല്ല എഴുത്ത്‌.
ബിസ്‌മില്ലാ ഖാന്‍ ഷഹനായിയില്‍ ജോഗ്‌ കേള്‍പ്പിക്കുമ്പോള്‍ വിരഹത്തിന്റെ നൊമ്പരം അനുഭവപ്പെടാറുണ്ട്‌. അംജദ്‌ അലിഖാന്റെ കൈവിരലുകള്‍ സരോദില്‍ ജോഗായി ഒഴുകുമ്പോള്‍ അലഞ്ഞ്‌ നടക്കാന്‍ തോന്നിയിട്ടുണ്ട്‌. റഷീദ്‌ ഖാന്‍ ജോഗ്‌ പാടിയപ്പോള്‍ നിറയെ പ്രണയം പൂത്തുലഞ്ഞു.
മലയാള സിനിമയില്‍ ജോഗ്‌ അപൂര്‍വ്വം ചില നിമിഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. പറയാന്‍ മറന്ന പരിഭവങ്ങളിലുടെ രമേശ്‌ നാരായണന്‍ ജോഗ്‌ നമ്മെ കേള്‍പ്പിച്ചു. പ്രമദവനം വീണ്ടും, ശ്രുതിയമ്മ ലയമച്ഛന്‍ തുടങ്ങിയ ഗാനങ്ങളിലൂടെ രവീന്ദ്രന്‍ മാഷും ജോഗിനെ ഉണര്‍ത്തി.
ഈ കുറിപ്പ്‌ ഇവിടെ നിര്‍ത്തുന്നു. എഴുതിയാലും എഴുതിയാലും തീരാത്ത കുറേ വിഷയങ്ങളും വികാരങ്ങളുമാണ്‌ ഇതെല്ലാം. അതിങ്ങനെ ചുരുക്കേണ്ടി വന്നതില്‍ ക്ഷമിക്കുക. ഇത്‌ വായിച്ച്‌ തീരുമ്പോള്‍ ജോഗ്‌ വെറുതെ മൂളാനെങ്കിലും തോന്നട്ടെ......

Sunday, September 18, 2011

ചിലന്തി..

ഇല്ലായ്മകളില്‍ കിടന്നു ഏകാകിയായ്
ജീവിതം നെയ്യുമ്പോള്‍..
ഇരകളെ കാത്തു മാദകത്വത്തിന്റെ
വലയില്‍ വിലയിക്കുംപോള്‍..
ഒട്ടുന്ന നൂല്‍ പാലത്തില്‍
ഇരകള്‍ അവസാന ജീവിതം കാണുമ്പോള്‍..
എട്ടു കാലുകള്‍ക്കിടയില്‍
ഇളം മേനികള്‍ പുളയുമ്പോള്‍..
ആരും കാണാത്ത ഇടങ്ങളില്‍
ഏകാകികള്‍ വശീകരണത്തിന്റെ
പുതിയ വലകള്‍ നെയ്തെടുക്കുന്നു..


പ്രണയം..

നിറനിലാവ് മായ്ച്ചു കളഞ്ഞ
നക്ഷത്ര തുണ്ടുകള്‍
പറയാന്‍ മറന്ന വാക്ക്..

വിരഹം..

വാക്കുകളുടെ ഘനീഭവിച്ച മൂകതയില്‍
നമുക്കിടയിലെ ഋതുക്കള്‍
മൌനമായി അവശേഷിക്കുന്നു..

Wednesday, September 7, 2011

കേവലം ഔപചാരികതയുടെ പേരില്‍ മാത്രം ഓണാശംസകള്‍.

~ഒരു ഓണക്കാലത്തിന്റെ സമൃദ്ധി കൂടി. എങ്കിലും തിരിഞ്ഞ്‌ നോക്കുന്നത്‌ നല്ലതാണ്‌. നാം ജീവിക്കുന്ന കാലവും മഹാബലി നാടു വാണ കാലത്തിന്റെ മഹത്വവും (മാവേലി നാടു വാണീടും കാലം..... പാട്ട്‌ ഓര്‍മ്മയിലുണ്ടാകുമല്ലോ) തുലനം ചെയ്യുന്നത്‌ നല്ലതാണ്‌. ലോകത്തിലെ ഏറ്റവും വലിയ അഴിമതി നടത്തിയ(2ജി സ്‌പെക്‌ട്രം) ഒരു രാജ്യത്താണ്‌ നാം ജീവിക്കുന്നത്‌ എന്നും ഓര്‍ക്കുന്നത്‌ നല്ലതാണ്‌.
ഇത്തവണ ആരുടെ കൂടെയാണ്‌ ഓണം ആഘോഷിക്കേണ്ടത്‌...? നവ്യാ നായര്‍ കല്ല്യാണം കഴിഞ്ഞ്‌ പോയ സ്ഥിതിക്കും കാവ്യാ മാധവന്‍ വിവാഹ മോചിതയായി തിരിച്ചു വന്ന സ്ഥിതിക്കും ഈയോണം ആഘോഷിക്കൂ.......... പൃഥ്വിരാജ്‌ കല്ല്യാണം കഴിച്ചതുകൊണ്ട്‌്‌ അവരുടെ ഓണ സ്‌മരണക്ക്‌ ഇടം കണ്ടത്തുകയുമാകാം.
ഒന്ന്‌ രണ്ട്‌ സിനിമകളില്‍ തല കാണിച്ച്‌ ഓണക്കാലത്ത്‌ ചാനലുകള്‍ കയറിയിറങ്ങി പണ്ടിങ്ങനെയൊന്നുമായിരുന്നില്ല ഓണമെന്നൊക്കെ മുടി ഇടക്കിടെ മാടിയൊതുക്കി (വയസുള്ള മുത്തശ്ശന്‍മാരും മുത്തശ്ശിമാരും ഇത്‌ കാണുന്നുണ്ട്‌ എന്ന സാമാന്യ ബോധത്തിന്റെ ഒരു ഉളുപ്പുമില്ലാതെ) വെച്ചുകാച്ചുന്ന പുതുമുഖ നടിമാരുടെ ഗീര്‍വാണങ്ങള്‍ക്കും പിന്നെ സ്ഥിരം പംക്തികളായ മറ്റ്‌ മഹാ നടന്‍മാരുടെ തത്വജ്ഞാനപരമായ ഉപദേശങ്ങളും തുടങ്ങി നമ്മുടെ ഓണത്തെ സമ്പന്നമാക്കാന്‍ ഉത്രാടം മുതല്‍ ചതയം വരെ ചാനലുകാര്‍ മത്സരിക്കുന്നുണ്ടല്ലോ.
പണ്ടത്തെ ഓണമായിരുന്നു ഓണം ഇതെന്തോണം എന്ന്‌ പറയാം, മലയാളിക്ക്‌ പൂക്കളമൊരുക്കാന്‍ മറുനാടന്‍ പൂക്കള്‍ എന്നും പറയാം, നാടന്‍ പൂക്കള്‍ എവിടെ എന്ന്‌ ദീര്‍ഘ നിശ്വാസം വിടാം, വിലക്കയറ്റമെന്ന്‌ പരിഭവിക്കാം, ഇന്‍സ്റ്റെന്റ്‌ വിഭവങ്ങളെന്നും, നാല്‌ തരം പ്രഥമനെന്നും, തലപന്ത്‌ കളിയെന്നും, ഓണ തല്ലെന്നും, ഓണ പൊട്ടനെന്നും...... പിന്നെ പൂവിളി പൂവിളി പൊന്നാണമായി എന്ന സ്ഥിരം ഗാനവും.
രണ്ട്‌ ദിവസം മുമ്പ്‌ മലയാളത്തിലെ പ്രമുഖ പത്രത്തിന്റെ ഒന്നാം പേജില്‍ സൊമാലിയയിലെ പട്ടിണി കൊണ്ട്‌ മരിക്കാറായ കുട്ടിയുടെ പടവും ലക്ഷക്കണക്കിന്‌ ആളുകള്‍ ക്ഷാമം മൂലം മരിച്ചുവീഴുകയാണെന്ന വാര്‍ത്തയും ഉണ്ടായിരുന്നു. താര ഗംഭീരന്‍മാരുടെ ഓണത്തിന്റെ ചരിത്രവും ഭൂമി ശാസ്‌ത്രവും രണ്ട്‌ ചെവിയിലൂടെ തലച്ചോറിലേക്ക്‌ തള്ളുമ്പോള്‍ നാം സൊമാലിയയിലെ ആ വിഷയത്തെക്കുറിച്ച്‌ ചിന്തിക്കുമോ...? എന്തിന്‌ സൊമാലിയ.... നമ്മുടെ അയല്‍പ്പക്കത്തുണ്ട്‌ കാണം വിറ്റും ഓണം ഉണ്ണാന്‍ യോഗമില്ലാത്തവര്‍.
നമ്മുടെ തൊട്ടുമുന്നിലുള്ള മനുഷ്യനോട്‌ കരുണയോടെ പെരുമാറാന്‍ പഠിക്കാത്തിടത്തോളം, കള്ളത്തരമില്ലാത്ത സമൃദ്ധമായ പുഞ്ചിരി സമ്മാനിക്കാന്‍ നമുക്ക്‌ കഴിയാത്തിടത്തോളം, ഓണവും റംസാനും ക്രിസ്‌തുമസും ആഘോഷിക്കാന്‍ സുഹൃത്തെ നമുക്ക്‌ എന്തര്‍ഹതയാണ്‌ ഉള്ളത്‌.
പിന്നെ എല്ലാവരും ചെയ്യുന്നത്‌ എന്ന്‌ പറഞ്ഞ്‌, നാടോടുമ്പോള്‍ നടുവേ ഓടണം എന്ന്‌ സമാധാനപ്പെട്ട്‌ നമുക്കിങ്ങനെയൊക്കെ ഇതങ്ങാഘോഷിക്കാം.
കോരന്മാര്‍ക്ക്‌ കഞ്ഞി ഇപ്പോഴും കുമ്പിളില്‍...................................................................... വേണ്ട ഇനി പറയുന്നില്ല.
കേവലം ഔപചാരികതയുടെ പേരില്‍ മാത്രം ഓണാശംസകള്‍.

Monday, September 5, 2011

പെണ്‍കുട്ടികളുടെ ബസ്സ്‌ യാത്ര

കേരളത്തില്‍ ഒട്ടും സാമാന്യ മര്യാദ ഇല്ലാത്ത ഒരു വിഭാഗമാണ്‌ പ്രൈവറ്റ്‌ ബസ്സിലെ ജീവനക്കാര്‍. ഇപ്പറഞ്ഞതിന്‌ എല്ലാവരും അങ്ങിനെയാണ്‌ എന്ന്‌ അര്‍ഥമാക്കേണ്ടതില്ല. ജനങ്ങളെ സുരക്ഷിതമായി എത്തിക്കേണ്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തമാണ്‌ അവര്‍ക്കുള്ളത്‌. പക്ഷേ അവരെ സംബന്ധിച്ച്‌ അതൊന്നുമല്ല പ്രശ്‌നം. സമയമാണ്‌ അവരെ നിയന്ത്രിക്കുന്നത്‌. മറ്റുള്ളതൊന്നും അവരെ ബാധിക്കുന്നതേയല്ല എന്ന ഭാവം പല തരത്തില്‍ അവര്‍ പ്രകടിപ്പിക്കാറുണ്ട്‌. ബസ്സില്‍ കയറിയാല്‍ മനസ്സിലാകും ഇത്‌. യാത്രക്കാര്‍ തൊടുന്നതെല്ലാം പ്രശ്‌നമാണ്‌. 50 പൈസ, ചില്ലറ, അടുത്ത്‌ നില്‍ക്കുക, സഹകരിക്കുക, ഫുട്‌ബോള്‍ കളിക്കാനുള്ള സ്ഥലം തുടങ്ങി അനവധി വാക്കുകള്‍ അവര്‍ എടുത്ത്‌ പ്രയോഗിക്കുന്നു. ഇപ്പറഞ്ഞതില്ലെല്ലാം നാമോരോരുത്തരുടേയും ചെവികള്‍ സാക്ഷികളാണുതാനും.
ബസില്‍ കയറാനും ഇറങ്ങാനും ഓരോ കേരളീയനും പ്രത്യേക പരിശീലനത്തിന്‌ പോകേണ്ടതായിട്ടുണ്ട്‌. സര്‍ക്കസ്‌ പരിശീലകരെ തേടിപ്പിടിക്കുകയായിരിക്കും ഉചിതം. ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന്‌ ചാടി ഇറങ്ങുക, ഓടിക്കൊണ്ട്‌ ബസ്സിലേക്ക്‌ ചാടി കയറുക തുടങ്ങി അനേകം കലാ പരിപാടികള്‍ ദിനം പ്രതി നടത്താനുള്ള അവസരമാണ്‌ നമുക്ക്‌ ബസ്സ്‌ ജീവനക്കാര്‍ ഒരുക്കി തരുന്നത്‌. ഇറങ്ങേണ്ട സ്റ്റോപ്പില്‍ നിര്‍ത്താതെ ഒന്നും പെടാത്ത ഒരു സ്ഥലത്ത്‌ കൊണ്ട്‌ ബസ്സ്‌ നിര്‍ത്തിയും, ബസ്സ്‌ കയറാന്‍ കാത്ത്‌ നില്‍ക്കുമ്പോള്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ രണ്ടുമൂന്നടി മുന്നോട്ട്‌ നിര്‍ത്തി നമ്മെ ഓട്ട മത്സരത്തിന്‌ പരിശീലിപ്പിക്കുകയും ചെയ്യുന്ന അവരുടെ സഹൃദയത്തം അപാരമാണ്‌.
ഇക്കൂട്ടര്‍ക്ക്‌ ഏറ്റവും ചതുര്‍ഥിയുള്ള വിഭാഗമാണ്‌ വിദ്യാര്‍ഥികള്‍. ലോകത്തിലെ ഏറ്റവും നികൃഷ്‌ട ജീവിയാണ്‌ വിദ്യാര്‍ഥികളെന്ന മനോഭാവത്തിലാണ്‌ ഇവരുടെ പെരുമാറ്റം. മുകളില്‍ പറഞ്ഞ സ്റ്റോപ്പില്‍ നിര്‍ത്താതെയുള്ള പൊറാട്ട്‌ നാടകം ഇവര്‍ ആടുക വിദ്യാര്‍ഥികള്‍ നില്‍ക്കുമ്പോഴാണ്‌.
അലിഖിത നിയമങ്ങളുടെ ഒരു കൂമ്പാരം തന്നെ വിദ്യാര്‍ഥികള്‍ക്കായി ബസ്സ്‌ ജീവനക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്‌. കണ്‍സഷന്‍ കിട്ടണമെങ്കില്‍ ചിലറ നിര്‍ബന്ധമാണ്‌, സീറ്റില്‍ ഇരുന്ന്‌ യാത്ര പാടില്ല, സ്റ്റാന്‍ഡില്‍ നിന്ന്‌ ബസ്സ്‌ സ്റ്റാര്‍ട്ടാക്കിയ ശേഷം മാത്രം കയറുക, പത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ കയറാന്‍ പാടില്ല തുടങ്ങി അനേകം നിയമ സംഹിതകള്‍. ഈ നിയമങ്ങള്‍ മുഴുവന്‍ ഒരു വിദ്യാര്‍ഥി പൂര്‍ണ്ണമായും പാലിച്ചാണ്‌ യാത്ര ചെയ്യുന്നതെന്ന്‌ കരുതുക എന്നാലും അവരുടെ മനോഭാവത്തില്‍ യാതൊരു മാറ്റവും വരുന്നില്ല.
വിദ്യാര്‍ഥികളില്‍ പെണ്‍കുട്ടികളുടെ ബസ്സ്‌ യാത്രയാണ്‌ ഏറ്റവും ക്രൂരം. സ്റ്റാന്‍ഡുകളില്‍ നിന്ന്‌ പെണ്‍കുട്ടികള്‍ ബസ്സില്‍ കയറിപറ്റാന്‍ പെടുന്ന പെടാപ്പാട്‌ ദയനീയമായ കാഴ്‌ച്ചയാണ്‌. ഡ്രൈവര്‍ കയറി സ്റ്റാര്‍ട്ടാക്കി ചലിച്ച്‌ തുടങ്ങുന്ന ബസ്സിലേക്ക്‌ കൂട്ടമായി ഏന്തി വലിഞ്ഞ്‌ കയറുന്ന പെണ്‍കുട്ടികളുടെ മാനസിക അവസ്ഥ എന്തായിരിക്കും എന്ന്‌ ആലോചിച്ചിട്ടുണ്ടോ...? കയറി പറ്റിയാല്‍ യാത്ര ചെയ്യാം എന്ന സ്ഥിതി മാത്രമാണ്‌ അവര്‍ക്ക്‌ മുന്നിലുള്ള ഏക പോംവഴി. ഇതില്‍ സ്‌കൂള്‍, കോളജ്‌ വിദ്യാര്‍ഥികളെന്ന വ്യത്യാസമൊന്നുമില്ല. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികളുടെ ഇതേ അനുഭവങ്ങളുണ്ട്‌.
യഥാര്‍ഥത്തില്‍ വിദ്യാര്‍ഥികള്‍ കൊടുക്കുന്ന ചില്ലറ കണക്കില്‍ പെടാത്തതാണ്‌. വിദ്യാര്‍ഥികള്‍ കയറുന്നത്‌ കൊണ്ട്‌ ബസ്സിന്റെ മുതലാളിക്ക്‌ നഷ്‌ടം വന്ന ചരിത്രവും ഇല്ല. എന്നിട്ടും ഈ വിഷയം എന്തുകൊണ്ടാണ്‌ നമുക്ക്‌ ഒരു സാമൂഹിക പ്രശ്‌നമായി തോന്നാത്തത്‌. എന്തുകൊണ്ടാണ്‌ ഇത്‌ മനുഷ്യാവകാശ ലംഘനമായി നമുക്ക്‌ തോന്നാത്തത്‌. വിദ്യാര്‍ഥികളെ ഇന്റര്‍വ്യൂചെയ്‌തും, സ്റ്റാര്‍ട്ടാക്കുമ്പോള്‍ മാത്രം അതി സാഹസികമായേ വിദ്യാര്‍ഥികള്‍ കയറാവൂ എന്നും ആരാണ്‌ ഇവിടെ നിയമം ഉണ്ടാക്കിയത്‌. ബസ്സില്‍ ഇരുന്ന്‌ യാത്ര ചെയ്യാന്‍ ഏറ്റവും കൂടുതല്‍ അവകാശം വിദ്യാര്‍ഥിക്കാണെന്നിരിക്കെ നമ്മുടെ മുന്നില്‍ കാലങ്ങളായി നടക്കുന്ന മനുഷ്യാവകാശത്തിന്റെ പരസ്യമായ ലംഘനത്തെ എങ്ങനെ ഇത്ര കാലം ബസ്സിന്റെ അരിക്‌ സീറ്റിലിരുന്ന്‌ നാം കണ്ടുകൊണ്ടിരുന്നു. ഇവിടുത്തെ വിദ്യാര്‍ഥി യുവജന സംഘടനകള്‍, ഫെമിനിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍, മുഖ്യധാരാ മാധ്യമങ്ങള്‍ തുടങ്ങി ഒരാള്‍ പോലും ഈ വിഷയത്തില്‍ സക്രിയമായി ഇടപെട്ടതായി കണ്ടിട്ടില്ല. എന്തുകൊണ്ട്‌...?