Monday, August 4, 2014

നാരങ്ങാ മിട്ടായി...


എന്റിഷ്ടാ
മൊയ്തിക്കാന്റെ
പീട്യേലെ
കുപ്പി ഭരണീല്‍
അട്ടം നോക്കി
കിടന്ന കിടപ്പില്‍
എന്നോട്
ഇളിഭ്യ ചിരി ചിരിച്ച...

ഉസ്‌കൂളിലേക്ക്
ഓടുന്ന ഓട്ടത്തില്‍
വായില്‍ കപ്പലോടിക്കാന്‍
തുനിഞ്ഞ...

ഒരുറുപ്യ
കട്ടതിന്
തല്ലുകൊള്ളിച്ച
മഞ്ഞ ഹൃദയമുള്ള
എന്റിഷ്ടാ...

നിന്നെയിപ്പോ
ഭരണിയുടെ
ട്ടാ വട്ടത്തില്‍
കാണുന്നേ ഇല്ലല്ലോ...? 

Saturday, July 12, 2014

എന്റെ ശ്വാസം തരാം...

പൊക്കിള്‍ക്കൊടി ബന്ധം വേര്‍പ്പെട്ട്
പുറത്തെത്തിയപ്പോള്‍
ഒരു സ്‌ഫോടനത്തിന്റെ ഒച്ച...
മാനത്തെ മഴവില്‍ നിറങ്ങള്‍ക്ക് പകരം
കറുത്ത പുകച്ചുരുളുകളായിരുന്നു...
കുഞ്ഞു കണ്ണുകളിലെ നിഷ്‌കളങ്കത
ഈ നിമിഷം ഒരു ന്യൂക്ലിയര്‍ ബോംബ്
ചിതറി തെറിപ്പിച്ചേക്കാം...
അതിനും മുമ്പ്
അവരുടെ ആകാശം ഇല്ലാതാകും മുമ്പ്
ഒരു മഞ്ചാടിക്കുരുവിന്റെ തണുപ്പെങ്കിലും
ആ കുരുന്നു കൈവിരലുകള്‍ അറിയുമോ...?

(ഇസ്രേയല്‍ ഫലസ്തീനെ ആക്രമിക്കുമ്പോള്‍ കൊല്ലപ്പെടുന്നത് നിരപരാധികളായ കൊച്ചു കുട്ടികളാണ്. ഇവിടെയിരുന്ന് എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല സത്യം. ക്രമാതീതമായി മിടിക്കുന്ന എന്റെ ഹൃദയവും എന്റെ ശ്വാസ ഗതികളും പ്രിയപ്പെട്ട കുഞ്ഞുങ്ങളെ നിങ്ങള്‍ക്കുള്ളതാണ്. നിങ്ങള്‍ക്ക് മാത്രം.)

Sunday, February 23, 2014

മണ്ണപ്പം...

ചിരട്ട പൊത്തില്‍
മണ്ണില്‍ പൊന്തിയ
കുമിളക്ക് മുകളില്‍
സൗഹൃദ മൗനം
നിറഞ്ഞ് തുളുമ്പി...

നീയും ഞാനും
നമ്മളായി തീര്‍ന്ന്
കുശല ശബ്ദങ്ങളാല്‍
അതിന് ചുറ്റും...

കല്ലുകളില്‍ ശര്‍ക്കര
തരികളില്‍ പഞ്ചസാര...

ഓര്‍മകളിലിരുന്ന്
ഉണ്ണി മധുരം കിനിപ്പിക്കുന്ന
മണ്ണപ്പമേ
മണ്ണപ്പമേ...

Tuesday, January 7, 2014

ആത്മരതിയുടെ കടലാഴങ്ങള്‍...

പുലര്‍ച്ചെ എഴുന്നേറ്റ് കുളിയും ഒരുക്കപ്പാടുകളും കഴിഞ്ഞ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 6.15ന് വന്ന ജനശതാബ്ദി എക്‌സ്പ്രസ്സിന്റെ ഡി വണ്‍ കോച്ചിലെ 18ാം നമ്പര്‍ സീറ്റിലേക്ക് ചായുമ്പോള്‍ മനസ്സ് ശാന്തം... തിരൂരില്‍ നിന്ന് സജീഷും ദേവദാസേട്ടനും തൃശ്ശൂരില്‍ നിന്ന് ദേവദാസേട്ടന്റെ മകന്‍ ദിലീപും ചേര്‍ന്നതോടെ ഞങ്ങള്‍ നാല്‍വര്‍ സംഘമായി വിപുലപ്പെട്ടു...
വൈകീട്ട് ആറ് മണിയ്ക്ക് രാജകീയ പ്രൗഢി നിറഞ്ഞ പൗരാണിക കെട്ടിടത്തിന്റെ പരിസരത്തേക്ക് ഞങ്ങള്‍ കടക്കുമ്പോള്‍, എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ഹൃദയത്തില്‍ വസന്തം പെയ്യിക്കാനായി  സഞ്ജയ് സുബ്രഹ്മണ്യം വേദിയില്‍. മനസ്സില്‍ നിറഞ്ഞു പൊന്തിയ ആകാംക്ഷക്ക് അതിരിടാന്‍ കഴിയാതെ പിടയുന്നുണ്ടായിരുന്നു. എന്തായിരിക്കും ഇന്ന് കരുതി വെച്ചിരിക്കുന്നത്...?
സഞ്ജയ് പരമാനന്ദത്തിന്റെ ആദ്യ ചാറ്റല്‍ മഴ കാംബോജി വര്‍ണ്ണത്തിന്റെ രൂപത്തില്‍ പെയ്യിച്ചു. ഇളം നനവുകള്‍ അവിടെ നിന്ന് പടരാന്‍ തുടങ്ങുകയായിരുന്നു. രീതിഗൗളയുടെ ശുദ്ധതക്കൊപ്പം സ്വര വിന്ന്യാസങ്ങള്‍ വിടര്‍ത്തി മഴ കനത്തു തുടങ്ങി. ശ്യാമയുടെ ശാന്തമായ ഒഴുക്ക് പിന്നാലെ. അവ ചക്രവാകത്തിന്റെ ചാക്രികതയിലൂടെ മെല്ലെ തെന്നി നീങ്ങി തുടങ്ങി. സാന്ധ്യ പ്രകാശം മാഞ്ഞ് ഇന്ദുമുഖമാര്‍ന്ന നീലാംബരിയായി രാത്രി മൗനം പൂണ്ടു. മൗനത്തെ ഭേദിച്ച് കാപ്പിയുടെ ഊര്‍ജ പ്രവാഹം. ധാതുവീര്യം തുളുമ്പിയ രാഗാലാപനം, സ്വരങ്ങളുടെ ഗണിതത്വം അത് പടര്‍ന്ന് പടര്‍ന്ന് കയറി പോകുന്ന അനേക പഥങ്ങള്‍. വഴിയവസാനിച്ചത് ചാരുകേശിയുടെ ശോക ഛവിക്കൊപ്പം ഇടകലര്‍ന്ന കാല്‍പ്പനികതയില്‍. ആനന്ദഭൈരവി തില്ലാനത്തിരയായി ഉയര്‍ന്ന് പൊന്തി. കുറിഞ്ഞിയുടെ കുഞ്ഞു വഴക്കങ്ങങ്ങളാല്‍ വിശുദ്ധമാക്കി യദുകുല കാംബോജി മംഗള ധ്വനിയാകുമ്പോള്‍ മൂന്ന് മണിക്കൂര്‍ പിന്നിട്ട യാത്ര അവസാനിച്ചിരുന്നു......
.......................... ആത്മരതിയുടെ കടലാഴങ്ങളില്‍ എവിടെയോ മൃദുവായി... മൃദുവായി അലയുകയായിരുന്നു ആ നിമിഷങ്ങളിലത്രയും ..............................

(തിരുവനന്തപുരം കുതിരമാളികയില്‍ നടന്ന സ്വാതി സംഗീതോത്സവത്തിലെ ആദ്യ ദിവസത്തില്‍ സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ ആലാപനം കേട്ടതിന്റെ അനുഭവ കുറിപ്പ്.  മൂന്ന് മണിക്കൂര്‍ നീണ്ട കച്ചേരിയില്‍ സ്വാതി തിരുനാള്‍ കൃതികള്‍ മാത്രമാണ് അദ്ദേഹം പാടിയത്. യദുകുലകാംബോജിയിലുള്ള മംഗള കൃതി വേറിട്ട അനുഭവമായി.)

Monday, December 23, 2013

ബലൂണ്‍...

ഊതി ഊതി
വീര്‍ത്ത് വീര്‍ത്ത്
പൊട്ടിത്തെറിച്ച്
നീയെന്തിനാണ്
കുഞ്ഞിക്കണുകളിലെ
വിസ്മയങ്ങളെ
കണ്ണീര്‍ മഴയില്‍
ഒഴുക്കുന്നത്...?

Tuesday, December 17, 2013

ഓല പീപ്പി...

കുഞ്ഞിളം
കൈയുള്ളത്തില്‍
ചുരുട്ടി, ചുരുട്ടി
ചുരുട്ടിക്കെട്ടി
ചുണ്ടത്ത് വെച്ച്
അടിവയറ്റില്‍ നിന്ന്
തൊണ്ടക്കുഴല്‍ വഴി
ചെറുകാറ്റിനൊപ്പം
പുറത്തോക്കൊഴുകിയ
അരൂപിയായ
ബാല കുതൂഹ
ലത...

Saturday, December 14, 2013

കടല മിഠായി...

കുഞ്ഞു മനസ്സിന്റെ
രസക്കൂട്ടിലേക്ക്
കിനിഞ്ഞിറങ്ങിയ
അതി മധുരം...
ചുണ്ടത്ത് തുളമ്പിയ
ഉമിനീര്‍ തേനില്‍
പൂക്കുന്ന
പാല്‍ പുഞ്ചിരി...

Saturday, November 16, 2013

ആ അമ്മയുടെ ഗര്‍ഭപാത്രത്തിന്... ഹൃദയപൂര്‍വ്വം

120 കോടിയിലേറെ വരുന്ന ജനതയെ 24 വര്‍ഷം തന്റെ ആത്മാവിഷ്‌ക്കാരങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ചുറ്റും സഞ്ചരിപ്പിച്ച ഒരു മനുഷ്യന്‍, കത്തുന്ന ഉച്ച സൂര്യനെ സാക്ഷിയാക്കി ഈറനണിഞ്ഞ കണ്ണുകളോടെ പവലിയനിലേക്ക് മടങ്ങിയപ്പോള്‍ അയാള്‍ ഈ മൈതാനങ്ങളില്‍ ബാക്കി വെക്കുന്നത് ഒരു രാജ്യത്തിന്റെ ഹൃദയ വികാരങ്ങളുടെ ഉള്‍ത്തുടിപ്പുകളാണ്....................

പ്രസിദ്ധ മറാഠി എഴുത്തുകാരന്‍ രമേഷ് ടെണ്ടുല്‍ക്കറുടെ മകന്‍ സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍ ബാറ്റ് കൊണ്ടാണ് സാഹിത്യ സൃഷ്ടികള്‍ നടത്തിയത്. അയാള്‍ റണ്‍സുകളും റെക്കോര്‍ഡുകളും വാരി കൂട്ടിയപ്പോള്‍ കോടിയിലേറെ സന്തോഷങ്ങളുടെ വേലിയേറ്റവും അയാള്‍ ഓരോ തവണ നിരാശനാകുമ്പോള്‍ അത്ര തന്നെ നൊമ്പരങ്ങളും ഉതിര്‍ക്കപ്പെട്ടു. ആ ബാറ്റില്‍ നിന്ന് പിറന്നത് റണ്‍സുകളുടെ ഉജ്ജ്വലമായ വൈഖരികളായിരുന്നു.....................

ക്രിക്കറ്റില്‍ ഒരേയൊരു ആനന്ദമേയുള്ളു. അത് കരീബിയന്‍ ഇതിഹാസം ബ്രയാന്‍ ചാള്‍സ് ലാറയാണ്. ലാറ ഇടംകൈയില്‍ ആനന്ദങ്ങളുടെ വസന്തമാണ് പെയ്യിച്ചത്. അവസാന മത്സരം കഴിഞ്ഞപ്പോള്‍ അദ്ദേഹം ലോകത്തോട് ചോദിച്ചത് ഞാന്‍ നിങ്ങളെ ആനന്ദിപ്പിച്ചുവോ എന്നായിരുന്നു..... ലോക ക്രിക്കറ്റില്‍ ഒരേയൊരു വികാരമേയുള്ളു. അത് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കറാണ്. സച്ചിന്‍ വലം കൈയില്‍ വൈകാരികമായ ഋതുക്കളാണ് സൃഷ്ടിച്ചത്. അവസാനം പവലിയനിലേക്ക് നടക്കുമ്പോള്‍, ഇത്രയും കാലം അക്ഷോഭ്യനായി പോരാടിയ സച്ചിന്‍ കരയുന്നുണ്ടായിരുന്നു.......................

ഇന്ത്യന്‍ ക്രിക്കറ്റിലെ സുവര്‍ണ്ണ തലമുറയിലെ അവസാന നക്ഷത്രവും ഹംസഗാനം ചൊല്ലി. വാംഖഡെയിലെ പുല്‍മൈതാനത്ത് സച്ചിന്‍ രണ്ടര പതിറ്റാണ്ടിലെ ഓര്‍മകള്‍ പങ്ക് വെക്കുമ്പോള്‍ അതിന് സാക്ഷികളായി ദ്രാവിഡും ഗാംഗുലിയും ലക്ഷ്മണുമുണ്ടായിരുന്നു. സംഭാഷണത്തിനിടയില്‍ മൂവര്‍ക്കും സച്ചിന്‍ നന്ദി പറഞ്ഞു. ഈ നാല് പേരും ചേര്‍ന്ന് ഏതാണ്ട് കാല്‍ നൂറ്റാണ്ടുകാലം ഇന്ത്യന്‍ ക്രിക്കറ്റിനെ  സഞ്ചരിപ്പിച്ച വഴികളെക്കുറിച്ച് ചിന്തിച്ചു നോക്കൂ. ഈ മൂന്ന് കരുത്തുറ്റ തൂണുകള്‍ക്ക് മുകളിലാണ് സച്ചിന്‍ തന്റെ കരിയറിലെ ഏതാണ്ടെല്ലാ നേട്ടങ്ങളും പണിതത്. സച്ചിനിലെ വ്യക്തിയുടെ മിന്നലാട്ടങ്ങളായി ഈ മൂവരെയും കാണാം. സച്ചിന്റെ രണ്ട് തരം സൗമ്യതകളാണ് ദ്രാവിഡും ലക്ഷ്മണുമെങ്കില്‍ സച്ചിനിലെ പോരാളിയുടെ സിംഹവീര്യത്വമാണ് ഗാംഗുലി. ബാറ്റിംഗ് ലൈനപ്പ് നോക്കൂ. സച്ചിനും ഗാംഗുലിയും ചേര്‍ന്ന ഓപണിംഗ് സഖ്യം അടിത്തറയിടുന്ന ഇന്നിംഗ്‌സിനെ ദ്രാവിഡും ലക്ഷ്മണും ചേര്‍ന്ന് പൂര്‍ണ്ണമാക്കുന്ന ചാരുത. ബാറ്റിംഗിലെ ഏല്ലാ ശൈലികളും സ്ഥൂലവും സൂക്ഷ്മവുമായി ചേര്‍ന്ന് രൂപപ്പെടുന്ന വ്യാകരണാത്മകമായ ലാവണ്യത..........................

സച്ചിന്റെ സഹോദരന്‍ അജിത്, ആദ്യ പരിശീലകന്‍ രമാകാന്ത് അച്ചരേക്കര്‍, വാക്കുകള്‍ കൊണ്ട് സച്ചിനിലെ ഇതിഹാസത്തെ അടയാളപ്പെടുത്തിയ ഗവാസ്‌കര്‍. ഈ മൂന്ന് പേരുടെയും ക്രാന്തദര്‍ശിത്വമാണ് ഇന്ന് 100 സെഞ്ച്വറികളടക്കമുള്ള അസാമാന്യ പ്രകടനങ്ങള്‍ നടത്തിയ ഒരു കായിക താരത്തിന്റെ പിറവിക്ക് പിന്നില്‍. പ്രിയപ്പെട്ട അജിത്, അച്ചരേക്കര്‍, ഗവാസ്‌കര്‍ നന്ദി..... ജീവന്റെ സമസ്ത മേഖലയിലേക്കും സച്ചിനെന്ന വ്യക്തിയെ ദൈവാത്മകമായി പടര്‍ത്തിയതിന്.....

ലോകത്തിലെ ഏറ്റവും സൗമ്യനായ വ്യക്തിയെന്ന് സച്ചിനെ അടയാളപ്പെടുത്താം. അതുകൊണ്ടാണ് അദ്ദേഹം സിക്‌സറുകളേക്കാള്‍ ഫോറുകളെ പ്രണയിച്ചത്............ ക്രിക്കറ്റിന്റെ ആധ്യാത്മികതയാണ് സച്ചിന്‍. അതുകൊണ്ടാണ് കഴിഞ്ഞ 24 കൊല്ലമായി താന്‍ ശ്വസിച്ചത് ക്രിക്കറ്റിന്റെ വായു മാത്രമാണെന്ന് അദ്ദേഹം പറഞ്ഞത്........ ക്രിക്കറ്റെന്ന ബോധിവൃക്ഷ ചുവട്ടിലെ ധ്യാന സ്ഥലികളില്‍ മൗനം പൂണ്ട്, മൗനം പൂണ്ട് തഥാഗത്വമാര്‍ന്ന ഒരേയൊരു സച്ചിന്‍.......

സച്ചിന്‍ നന്ദി... വ്യക്തിത്വത്തിലെ സൗമ്യതക്ക്, കളത്തിനകത്തും പുറത്തും പ്രകടിപ്പിച്ച ആഭിജാതമായ കുലീനതക്ക്, എല്ലാറ്റിനുമുപരി സാഗര ഗര്‍ജനമാര്‍ന്ന പ്രകടനങ്ങളാല്‍ പ്രപഞ്ചത്തെ പ്രചോദിപ്പിച്ചുകൊണ്ടേയിരുന്നതിന്................

ആദ്യമായും അവസാനമായും മകന്റെ ക്രിക്കറ്റ് പ്രകടനം നേരില്‍ കണ്ട് ആ അമ്മ പവലിയനിലിരുന്നു. അവസാന പോരാട്ടത്തിന് സച്ചിനിറങ്ങുമ്പോള്‍ രജ്‌നി ടെണ്ടുല്‍ക്കറുടെ ഹൃദയത്തില്‍ ചുരന്ന മാതൃത്വത്തിന്റെ നിര്‍വൃതിയെ എങ്ങനെ വിശേഷിപ്പിക്കും?...... പ്രിയപ്പെട്ട അമ്മേ നന്ദി... ഇത്രയും ഉജ്ജ്വലനായ ഒരു വ്യക്തിയെ രാജ്യത്തിന് സമ്മാനിച്ചതിന്............. ആ വ്യക്തിയെ ബീജാവാപം നടത്തി പാവന ദിവ്യത്വമാര്‍ജിച്ച അമ്മയുടെ ഗര്‍ഭ പാത്രത്തിന് ശതകോടി പ്രണാമങ്ങള്‍.......................................................................................

Monday, October 14, 2013

എന്നിട്ടും...

ഹൃദയത്തില്‍
പുഷ്പിച്ച
ഋതു
ചൈതന്യമേ...
വസന്തം തരാതെ
എന്തിനാണ്
നീയെന്ന
മഞ്ഞ വെയിലത്ത്
ഒറ്റക്ക്
നിര്‍ത്തുന്നത്...

Sunday, September 15, 2013

ഊണു കഴിക്കാന്‍ ജീവിക്കുക... ജീവിക്കാന്‍ ഊണു കഴിക്കുക...

ഭക്ഷണം ഒരു സംസ്‌കാരമാണ്. കേരളത്തിന്റെ സവിശേഷ കാലാവസ്ഥയുടെ അടിസ്ഥാനത്തില്‍ നമ്മുടെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് ഊണ്‍. യഥാര്‍ഥത്തില്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്‍മാരായ ജനത നാമല്ലേ. നമ്മുടെ ഊണിന്റെ മഹത്വം മറ്റൊരു ഭക്ഷണത്തിനുമുണ്ടാകാന്‍ സാധ്യതയില്ല. കാരണം അത് കഴിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദത്തിന് എല്ലാ രസങ്ങളുടെയും അകമ്പടിയുണ്ട്. ഉപ്പും മധുരവും എരുവും പുളിയും കയ്പ്പും തുടങ്ങി എല്ലാ രസങ്ങളും മേമ്പൊടി ചേര്‍ക്കപ്പെടുന്നു. മറ്റ് രാജ്യക്കാരെ അപേക്ഷിച്ച് ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് കേരളക്കാര്‍ക്ക് ലഭിക്കുന്ന ഒരു സവിശേഷത കൂടിയാണ് ഊണ് കഴിക്കല്‍ എന്ന കല. ഇതൊരു കലയാണ്. അലോചിച്ചിട്ടുണ്ടോ. ശബ്ദങ്ങളുടെ ഒരു സിംഫണി കൂടി അതിനൊപ്പം പശ്ചാത്തലത്തിലുണ്ടാകും. എന്തെല്ലാം ശബ്ദങ്ങളാണ് നാം അറിഞ്ഞ് ഉണ്ടാല്‍ കേള്‍ക്കുക. സായിപ്പിന് ഇത് മനസ്സിലാകില്ല. കാരണം അവരുടെ തീന്‍മേശ മര്യാദ തന്നെ മുഖ്യ വില്ലന്‍. ഭക്ഷണം ആസ്വദിക്കുകയോ ആസ്വദിക്കാതിരിക്കുകയോ എന്ത് വേണമെങ്കിലും ആയിക്കോ. പക്ഷേ മര്യാദയുണ്ടല്ലോ ങേഹേ! അതുകൊണ്ട് എന്ത് സംഭവിക്കുന്നു ഒന്നും ആസ്വദിച്ച് കഴിക്കാന്‍ സാധിക്കില്ല. പറഞ്ഞു വന്നത് ശബ്ദങ്ങളെ കുറിച്ചാണ്.....
ചോറ് കുഴക്കുന്നതില്‍ തുടങ്ങുന്നു നേര്‍ത്ത ശബ്ദത്തിന്റെ അകമ്പടി. പിന്നയങ്ങോട്ട് വൈവിധ്യമാര്‍ന്ന ആരോഹണ അവരോഹണ ക്രമങ്ങളാണ്. കുഞ്ഞുണ്ണി മാഷ് പറഞ്ഞ പര്‍പ്പടകം എന്ന പപ്പടം കടിക്കുമ്പോള്‍ ഒരു ശബ്ദം. അത് പൊടിക്കുമ്പോള്‍ മറ്റൊരു ശബ്ദം. അത് ചവക്കുമ്പോള്‍ ശബ്ദം നേര്‍ത്ത് ഇല്ലാതാകുന്നു. വര്‍ത്തുപ്പേരി ചവക്കുമ്പോഴും ശര്‍ക്കരയുപ്പേരി ചവക്കുമ്പോഴും ചേന വറുത്തത് ചവക്കുമ്പോഴും കേള്‍ക്കാം ഉപ്പേരിയുടെ വൈവിധ്യമാര്‍ന്ന ഒച്ചകള്‍. ഇനി കൊണ്ടാട്ടത്തിന് മറ്റൊന്നാണ്. രസം കൈയിലൊഴിച്ച് കുടിക്കുമ്പോള്‍ നേര്‍ത്ത ശബ്ദമാണ്. ആ ഒച്ചയുടെ വൈവിധ്യങ്ങള്‍ കൂടി കൂടി വരും സംഭാരവും മോരും തൈരുമാകുമ്പോള്‍. അടുത്തത് പായസമാണ്. പായസം ഇലയിലൊഴിച്ച് കഴിക്കണം. ഇലയിലൊഴിച്ച് കഴിക്കുമ്പോള്‍ പുറത്തേക്ക് വരുന്ന ഒച്ചയാണ് ഒച്ച. സദ്യക്ക് ഒരേ പന്തിയിലുള്ള ഒരു കൂട്ടം ആളുകള്‍ പായസം ഒരുമിച്ച് കഴിക്കുമ്പോള്‍ അത് സംഘ ഗാനമായി മാറുന്നു. ഊണ് കഴിഞ്ഞ് കൈ വിരലുകള്‍ നൊട്ടി നുണയുമ്പോള്‍ മറ്റൊരു ശബ്ദം. അതും കഴിഞ്ഞ് ഇല മടക്കി എഴുന്നേല്‍ക്കുമ്പോള്‍ ആശ്വാസത്തിന്റെയും ആനന്ദത്തിന്റെയും വലിയൊരു ഏമ്പക്കം... ഹോ... എന്തൊരു ശബ്ദ കോലാഹലമാണ്...................
നല്ല കുത്തരി ചോറില്‍ നല്ല നാടന്‍ നെയ്യ് ഉരുക്കിയൊഴിച്ച് കുറച്ച് ഉപ്പും കൂട്ടി വിസ്തരിച്ച് കുഴച്ച് കുറച്ചു കഴിക്കുക. അടുത്ത പടി കാളനാണ്. അത് കുറുകിയതോ ഒഴുകിയതോ ആകട്ടെ. ചേനയും കായയും ചേര്‍ന്ന് രൂപപ്പെടുത്തിയ, പുളി അല്‍പ്പം ഗമയോടെ തലയുയര്‍ത്തുന്ന കാളനും കൂട്ടി കുറച്ച്. പിന്നെ സാമ്പാര്‍. (സാമ്പാര്‍ തമിഴനാണ്. എങ്കിലും നമ്മുടെ വിശാല മനസ്‌കത അതിനെ നമ്മുടെ അവിഭാജ്യ ഘടകമാക്കി.) സാമ്പാറും കൂട്ടി വീണ്ടും ഒരു സുഭിക്ഷത. വീണ്ടും ചോറിന്റെ വരവാണ്. കുറച്ച് ചോറ് മാറ്റി വെച്ച് അല്‍പ്പം രസം ഒഴിക്കുക. ഒരു പപ്പടം പൊടിച്ച് രസത്തിനെയും ചോറിനെയും രസത്തിലാക്കുക. അടുത്ത പടി പായസമാണ്. പായസം വിസ്തരിച്ച് രസിച്ച്, രസിച്ച് ആസ്വദിക്കുക. മേമ്പൊടിയായി ഏത് ഉപ്പിലിട്ടതാണോ ഇലയിലുള്ളത് അത് ഒന്ന് തൊട്ടു നക്കുക. വയറ്റില്‍ കുറച്ച് ഒഴിവുകൂടി  പായസത്തിന് ആ ഉപ്പിലിട്ടത് അനുവദിക്കും. രസം ഒഴിച്ച സമയത്ത് മാറ്റി വെച്ച ബാക്കി ചോറ് വീണ്ടും ഇലയിലേക്ക് നീക്കുക. മോര് കൂട്ടി ചെറുതായി ഒന്നുകൂടെ. പായസത്തിന്റെ മധുരം ഏല്‍പ്പിച്ച മത്ത് മാറി കിട്ടാനും ദഹനത്തിനും ഈ അവസാന പ്രയോഗം മികച്ചതാണ്.
ഇലയുടെ അറ്റങ്ങളില്‍ ധാരാളം കുഞ്ഞു കുഞ്ഞു വിഭവങ്ങളുണ്ടാകും. അവര്‍ കുഞ്ഞന്‍മാരാണെങ്കിലും മഹത്വമേറും. ഉപ്പിടാത്ത ഓലനാണ് വേണ്ടത്. കാരണം ഓരോ വിഭവങ്ങളുടെയും വൈവിധ്യത്തെ ഓലന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. എല്ലാ പച്ചക്കറികളും ചേര്‍ന്ന അവിയല്‍, കൂട്ടുകറി, എലിശ്ശേരി, തോരന്‍, പച്ചടി, കിച്ചടി, വറുത്ത ഉപ്പേരികള്‍, കടുമാങ്ങ, നാരങ്ങ ഉപ്പിലിട്ടത്, പപ്പടം, മെഴുക്കുപുരട്ടി, പുളിയിഞ്ചി, ഇഞ്ചിത്തൈര്... അങ്ങനെ അങ്ങനെ അങ്ങനെ..........................
 ഊണ് കഴിഞ്ഞാല്‍ വരാന്തയില്‍ വന്ന് പ്രകൃതിയുടെ പ്രശാന്തതയിലേക്ക് മനസ്സിനെ തുറക്കുക. ചിങ്ങ മാസത്തിലെ പ്രകൃതിയുടെ ഗാംഭീര്യത്തെ, പരമാനന്ദത്തെ, ഓണത്തിന്റെ ഹരിതാഭയെ പതുക്കെ പതുക്കെ മനസ്സിലേക്ക് ആവാഹിക്കുക. മതി.......... മനം നിറഞ്ഞു.... മൗനം നിറഞ്ഞു..... ഓണം നിറഞ്ഞു........................................


നിറഞ്ഞ.... നിറഞ്ഞ..... നിറഞ്ഞ ഓണം..... ഓണത്തെ നല്ലോണം ഉണ്ണുക......ഓണത്തെ നല്ലോണം ഊട്ടുക............

Wednesday, September 11, 2013

പെയ്‌സിന്റെ വിസ്മയ എയ്‌സുകള്‍

അയാളുടെ ഹൃദയം അദ്ഭുതങ്ങളൊളിപ്പിച്ച ഒരു വിസ്മയ ചെപ്പായിരുന്നു. ഓരോ കാലത്തും ഒട്ടും നിനച്ചിരിക്കാത്ത സമയത്ത് അയാള്‍ തന്റെ ചെപ്പ് തുറന്ന് വിസ്മയങ്ങളെ പുറത്തേക്കെടുത്തു. ലിയാണ്ടര്‍ പെയ്‌സ് എന്ന ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം തന്റെ 40ാം വയസ്സ് ഒരു കിരീട നേട്ടത്തോടെ ആഘോഷിച്ച് പ്രായം വെറും കണക്കാണെന്ന് തെളിയിച്ച് അദ്ഭുതപ്പെടുത്തുന്നു. ആര്‍തര്‍ ആഷെ സ്റ്റേഡിയത്തിലെ ഫ്‌ളെഷിംഗ് മെഡോയില്‍ പെയ്‌സും കൂട്ടുകാരന്‍ ചെക് റിപ്പബ്ലിക്കിന്റെ റാഡെക് സ്റ്റെപാനെക്കും ചേര്‍ന്ന് എഴുതി ചേര്‍ത്തത് മനോഹരമായ, ഖണ്ഡകാവ്യ സമാനമായ ഒരു ടെന്നീസ് കവിതയായിരുന്നു. യു എസ് ഓപണ്‍ നേടി ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന രണ്ടാമത്തെ ചാമ്പ്യനെന്ന സുവര്‍ണ നേട്ടം സ്വന്തമാക്കി നെഞ്ചും വിരിച്ച് നിന്ന ആ മനുഷ്യന്‍ അദ്ഭുതമല്ലെങ്കില്‍ മറ്റെന്താണ്...........

1990 മുതല്‍ തുടങ്ങിയ പെയ്‌സിന്റെ ജൈത്രയാത്ര രണ്ട് ഘട്ടങ്ങളാക്കി തിരിക്കാം. ആ യാത്ര ഇന്ത്യന്‍ കായിക  ചരിത്രത്തെ രണ്ടാക്കി പകുക്കുന്നു. ഓര്‍മ്മയില്ലേ 1996ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സ്. 1952ലെ ഹെല്‍സിങ്കി ഒളിമ്പിക്‌സില്‍ പോക്കറ്റ് ഡൈനാമോ എന്നറിയപ്പെട്ട കെ ഡി യാദവ് ഗുസ്തിയില്‍ നേടിയ വെങ്കലത്തില്‍ ഒതുങ്ങിയ സ്വതന്ത്ര ഇന്ത്യയുടെ മെഡല്‍ നേട്ടം ഒളിമ്പിക്‌സ് വേദിയില്‍ ആവര്‍ത്തിക്കാന്‍ നാല് പതിറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു. അത് പൂവണിഞ്ഞത് 1996ല്‍ പെയ്‌സ് നേടിയ ടെന്നീസ് സിംഗിള്‍സ് വെങ്കലത്തിലൂടെയായിരുന്നു. അന്ന് സെമിയില്‍ സാക്ഷാല്‍ ആന്ദ്രെ അഗാസിയോടാണ് ഇന്ത്യന്‍ ഇതിഹാസം കീഴടങ്ങിയത്. പിന്നീടുള്ള ഒളിമ്പിക്‌സിലെ ഇന്ത്യന്‍ മെഡല്‍ നേട്ടം പരിശോധിച്ചാല്‍ മനസ്സിലാക്കാം ആ ഒരൊറ്റ വെങ്കലം ഉണ്ടാക്കിയ സുവര്‍ണ പ്രചോദനങ്ങള്‍..............

40 വയസ്സ് കായിക താരത്തെ സംബന്ധിച്ച് കളിക്കളത്തിലെ സായാഹ്നമാണ്. പെയ്‌സ് അതിനെ അട്ടിമറിക്കുന്നത് അയാളുടെ ഉള്ളിലെ ഭാവനയുടെ പുറത്താണ്. ഓരോ തവണയും വീണു പോകുമ്പോള്‍ ഉയിര്‍ത്തെഴുനേല്‍ക്കുന്ന അദ്ദേഹം ആത്മാര്‍പ്പണത്തിലൂടെയും കഠിന പരിശ്രമത്തിലൂടെയുമാണ് തന്റെ സ്ഥാനം ഉറപ്പാക്കുന്നത്. ജീവിതം ടെന്നീസിനായി സമര്‍പ്പിക്കുന്നതും രാജ്യത്തിന്റെ യശസ്സാണ് വ്യക്തി താത്പര്യത്തിനും അപ്പുറത്തെന്ന വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകളും പെയ്‌സിനെ കരുത്തനാക്കുന്നു. എട്ട് ഡബിള്‍സ് കിരീടങ്ങളും ആറ് മിക്‌സ്ഡ് ഡബിള്‍സ് കിരീടങ്ങളുമടക്കം 14 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുടെ അവകാശിയായ ഓരേയൊരു ഇന്ത്യന്‍ താരം..........

ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത മഹത്തായ കായിക താരങ്ങളില്‍ ഒരാളായ പെയ്‌സ് ബംഗാളുകാരനാണ്. ആ ഹൃദയം സിംഹവീര്യത്താലാണ് തുടിക്കുന്നത്. ആ തുടിപ്പില്‍ കളിമണ്‍ കോര്‍ട്ടിലും പുല്‍ കോര്‍ട്ടിലും ഹാര്‍ഡ് കോര്‍ട്ടിലും വസന്തത്തിന്റെ പുതുനാമ്പുകളാണ് തളിരിടാറുള്ളത്....................

പ്രിയപ്പെട്ട പെയ്‌സ് താങ്കള്‍ ഒഴുകിക്കോളൂ.......... ആ ഒഴുക്കില്‍ താങ്കള്‍ തീര്‍ക്കുന്ന വിസ്മയമൊളിപ്പിച്ച എയ്‌സുകള്‍ ആനന്ദത്തിന്റെ കനത്ത മഴ തന്നെ പെയ്യിക്കട്ടെ.................


Wednesday, September 4, 2013

യാത്രാ... മൊഴികള്‍...


ആ രാത്രി കൊട്ടാരത്തിലെ സുഖ സൗകര്യങ്ങളും പ്രിയപ്പെട്ട പത്‌നി യശോധരയേയും മകന്‍ രാഹുലനേയും ഒറ്റക്കാക്കി ഗൗതമന്‍ ഇറങ്ങി പുറപ്പെട്ടു. ദുഃഖത്തിന്റെ കാരണമന്വേഷിച്ചാണ്  പില്‍ക്കാലത്ത് ബോധദയം പൂണ്ട് സിദ്ധാര്‍ഥനും ബുദ്ധനുമൊക്കെയായി മാറിയ ഗൗതമ കുമാരന്‍ കൊട്ടാരത്തോട് വിട പറഞ്ഞത്...

അതെ,  യാത്രകള്‍ അന്വേഷണങ്ങളും തിരിച്ചറിവുകളുമാണ്. അനുഭങ്ങളില്‍ നിന്ന് രൂപപ്പെടുന്ന ഓരോ അറിവുകളും പില്‍ക്കാലത്ത് ജീവിക്കാനുള്ള ഉണ്മകളായി മാറുന്നു...

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി കണ്ടു... അറിഞ്ഞു... അനുഭവിച്ചു... ഒരു സിനിമക്കൊപ്പം രണ്ടര മണിക്കൂര്‍ യാത്ര ചെയ്തു. അതില്‍ പ്രണയമുണ്ടായിരുന്നു, വിരഹമുണ്ടായിരുന്നു, നൊമ്പരങ്ങളുണ്ടായിരുന്നു, വിപ്ലവമുണ്ടായിരുന്നു വിശപ്പും ദാഹവും കലാപങ്ങളും നിലവിളികളുമുണ്ടായിരുന്നു. രണ്ട് ബുള്ളറ്റുകള്‍ ഹൃദയം കീറി കടന്ന് പോയത് ഗോവയിലേക്കും കൊല്‍ക്കത്തയിലേക്കും ആസാമിലേക്കും പിന്നെ നാഗാലാന്റിലേക്കുമായിരുന്നു...

വിപ്ലവത്തിന്റെ രക്ത നക്ഷത്രമായിരുന്ന ഏണസ്റ്റോ ചെ ഗുവേര തന്റെ സുഹൃത്ത് ആല്‍ബര്‍ട്ടോ ഗ്രനാഡോക്കൊപ്പം ഒരു ബുള്ളറ്റില്‍ യാത്ര തിരിച്ചത് മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന പേരില്‍ വായിച്ചതും ആതേ പേരിലുള്ള സിനിമയിലൂടെ അറിഞ്ഞതുമായിരുന്നു. സമീര്‍ താഹിറിന്റെ നീലാകാശം കണ്ടിരുന്നപ്പോള്‍ ഓര്‍മയില്‍ തെളിഞ്ഞതും ചെയുടെ ബുള്ളറ്റായിരുന്നു. ആ യാത്രക്ക് ശേഷം ബൊളീവിയന്‍ കാടുകളിലെ ഒളിപ്പോരടക്കമുള്ള വിപ്ലവ വഴികളിലൂടെ തിരുത്തല്‍ ശക്തിയായി ചെ ഗുവേരയെന്ന നക്ഷത്രം ഉദിച്ചുയര്‍ന്നത് പില്‍ക്കാല ചരിത്രം...

നഷ്ട പ്രണയം വീണ്ടെടുക്കാനുള്ള നായകന്റെയും സുഹൃത്തിന്റെയും യാത്ര വൈവിധ്യമാര്‍ന്ന അനുഭവങ്ങളിലൂടെ നിലാകാശത്തും പച്ചക്കടലിലും ചുവന്ന ഭൂമിയിലും സംവിധായകന്‍ കോറിയിടുന്നു. ആധുനിക യുവതയുടെ ഉത്സവ കാഴ്ച്ചകളില്‍ നിന്ന് അവര്‍ എത്തിപ്പെടുന്നത് 70കളിലെ വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍ സൃഷ്ടിക്കാന്‍ ഇറങ്ങി പുറപ്പെട്ട വൃദ്ധനായി തീര്‍ന്ന ഒരു പഴയ നക്‌സലൈറ്റിന്റെ ഗ്രാമത്തിലാണ്. പിന്നീട് കലാപ ഭൂമിയായ ആസാമിന്റെ മണ്ണില്‍. അവിടെ നിന്നും ഇരുവരും തങ്ങളുടെ പ്രണയിനികളുടെ അടുത്തേക്ക് വഴിമാറി പോകുന്നു...

മൂന്ന് വര്‍ണങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത് ജീവിതത്തിന്റെ വൈവിധ്യങ്ങളെയാണ്. നീലാകാശം ഇളം നിറത്തിലുള്ളതാണ്. ആ ഇളം നീല പ്രണയത്തിന്റെ, നിഷ്‌കളങ്കതയുടെ അടയാളമായി മാറുന്നു. പച്ച പ്രതീക്ഷകളെ പുല്‍കുമ്പോള്‍ ചുവന്ന ഭൂമി ജീവിതത്തിന്റെ നശ്വരതയെ ഓര്‍മ്മപ്പെടുത്തുന്നു...

ഇറങ്ങി പുറപ്പെടുക അത്രതന്നെ... ഓരോ യാത്രകളും ഓര്‍മ്മപ്പെടുത്തലുകളാണ്... നഷ്ടങ്ങളൊന്നും നഷ്ടങ്ങളല്ലെന്നും നേടിയതൊന്നും നേട്ടങ്ങളല്ലെന്നും തിരിച്ചറിയുന്നിടത്ത് വെച്ചാണ് ഗൗതമന്‍ സിദ്ധാര്‍ഥനായത്... ആ മാറ്റം ബോധിയുടെ ചുവട്ടിലേക്കുള്ള പ്രയാണമാകുന്നു... വൃക്ഷ ചുവട്ടില്‍ വെച്ച് സിദ്ധാര്‍ഥനെന്ന മനുഷ്യന്‍ ബുദ്ധനെന്ന മിത്തായി മാറിയത് യാത്രയില്‍ നിന്ന്, അന്വേഷണത്തില്‍ നിന്ന് രൂപപ്പെട്ട ഇച്ഛയുടെ കരുത്തില്‍ നിന്നായിരുന്നു..................................................................

Wednesday, August 21, 2013

ഗുല്‍മോഹര്‍

വിത്ത് പൊട്ടി
മുള വീശി
മണ്ണില്‍ നിന്ന്
വിണ്ണിലേക്ക്
പ്രണയം
പുഷ്പിച്ച
ചുവന്ന
കനവുകള്‍...

Tuesday, August 20, 2013

ബോധി വൃക്ഷം

തായ് വേരിന്റെ
ഉള്ളറകളില്‍ നിന്ന്
വൃക്ഷ ഹൃദയം കടന്ന്
ഇലയുടെ തുമ്പിലേക്ക്
ഇരമ്പി കയറിയ
മൗനം...
ഞാന്‍... ഞാന്‍...
ഞാനെന്ന മന്ത്രം
വ്യാപനം ചെയ്ത്
നമ്മിലേക്ക് വികസിച്ച
മഹാ ബോധി....................

Tuesday, August 13, 2013

കൊടുങ്കാറ്റിന്റെ കാല്‍പ്പനികമായ രണ്ടറ്റങ്ങള്‍

മനുഷ്യാകാരം പൂണ്ട വേഗത്തിന്റെ രണ്ട് രൂപങ്ങള്‍. ട്രാക്കില്‍ നിറയുന്ന ആ രണ്ട് വസന്തങ്ങളും കറുപ്പ് ചാലിച്ച കൊടുങ്കാറ്റുകളാണ്.  കൊടുങ്കാറ്റിന്റെ കാല്‍പ്പനികമായ രണ്ടറ്റങ്ങള്‍. ഉസൈന്‍ ബോള്‍ട്ടും മോ ഫറയും പ്രപഞ്ചത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യന്‍മാരാണ്. വര്‍ത്തമാന പരിസരത്തില്‍ അവര്‍ക്ക് എതിരാളികളില്ല. ബോള്‍ട്ട് നമ്മുടെ കണ്ണുകള്‍ അടച്ച് തുറക്കുന്ന വേഗത്തില്‍ 100 മീറ്ററും 200 മീറ്ററും താണ്ടുന്നു. മോ ഫറ 5000, 10000 മീറ്ററുകളില്‍ പതിയെ തുടങ്ങി വേഗത്തിന്റെ പല മാനങ്ങള്‍ താണ്ടി ശക്തി പ്രാപിക്കുന്നു.
ബോള്‍ട്ട് ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും ജമൈക്കക്കാരനാണ്. സ്പ്രിന്റിലെ ഇതിഹാസമായി അയാളെ ലോകം കാണുന്നു. ആ വേഗങ്ങള്‍ നമ്മുടെ സങ്കല്‍പ്പങ്ങളെ പോലും വെല്ലുവിളിക്കുന്നതാണ്. ശാസ്ത്രജ്ഞന്‍മാര്‍ തലങ്ങും വിലങ്ങുമിരുന്നു ചിന്തിക്കുകയാണ് ഇത്ര വേഗത്തില്‍ ആയളെങ്ങനെ ഓടുന്നു എന്നതിനെക്കുറിച്ച്. കരീബിയന്‍ വന്യതയുടെ പ്രതീകമാണ് ബോള്‍ട്ട്. അയാള്‍ ഓടുമ്പോള്‍ താളാത്മകമായ നിറവ് അതില്‍ കാണാം. അതിന്റെ തുടക്കം ഹീറ്റ്‌സിലായിരിക്കും. സെമി മധ്യ താളത്തിലേക്ക് ഉയരും. ഫൈനല്‍ അതിന്റെ പൂര്‍ണ്ണ രൂപത്തിലെത്തുന്നു. ഹീറ്റ്‌സിലും സെമിയിലും ബോള്‍ട്ട് ഒരിക്കലും ഒന്നാമതെത്താറില്ല. കരുത്ത് മുഴുവന്‍ അവസാനത്തേക്ക് ഒരുക്കി വെക്കുന്നു. സ്റ്റാര്‍ട്ടിംഗ് പോയിന്റിലെത്തുന്ന ആ നിമിഷം മുതല്‍ നമ്മുടെ കണ്ണുകളെയും അയാള്‍ ഓടാന്‍ തയ്യാറാക്കുന്നു. കണ്ണടച്ച് തുറക്കുന്ന അത്ര വേഗത്തില്‍................
മോ ഫറ ജന്മം കൊണ്ട് സൊമാലിയക്കാരനും കര്‍മ്മം കൊണ്ട് ബ്രിട്ടീഷുകാരനുമാണ്. 5000, 10000 മീറ്ററുകള്‍ താണ്ടുന്ന ആ കറുത്ത മെലിഞ്ഞ മനുഷ്യന്‍ ഇക്കണ്ട ദൂരം മുഴുവന്‍ ഓടിയാലും തളരുന്നില്ല എന്നത് കൗതുകം ജനിപ്പിക്കുന്ന കാര്യമാണ്. ഒപ്പമുള്ളവര്‍ ഫിനിഷിംഗ് ലൈന്‍ തൊട്ട് തളര്‍ന്ന് വീഴുമ്പോള്‍ ഫറ സുന്ദരമായി നടന്നു നീങ്ങുന്ന കാഴ്ച്ചയായിരിക്കും സ്റ്റേഡിയത്തില്‍. ബ്രിട്ടനായി മത്സരിക്കുമ്പോഴും ഫറയുടെ സ്വത്വത്തില്‍ കറുത്തവന്റെ കരുത്താണ് വിരിയുന്നത്. പതിയെ തുടങ്ങി ചടുലമായി അവസാനിക്കുന്ന ആഫ്രിക്കന്‍ വാദ്യത്തിന്റെ താള വഴികളാണ് അയാള്‍ ട്രാക്കില്‍ തെളിയിക്കുന്നത്. അയാള്‍ ഓടി തുടങ്ങുമ്പോള്‍ നമുക്ക് ചിന്തിക്കാന്‍ സമയമുണ്ട്. ഒപ്പം മത്സരിക്കുന്നവരുടെ വേഗം വെച്ച് കണക്ക് കൂട്ടാന്‍ അയാള്‍ നമുക്ക് സമയം തരുന്നു. എന്നാല്‍ അവസാന ലാപ്പില്‍ നമ്മുടെ ചിന്തകളെ തകിടം മറിച്ച് അയാള്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു. അതാണ് ഫറ.......... അതാണ്...........വേഗത്തിന്റെ മറ്റൊരു രൂപം..................
ഒപ്പം ഓടാന്‍ ഫറ ബോള്‍ട്ടിനെ വെല്ലുവിളിച്ചിട്ടുണ്ട്. ആര് ജയിക്കും എന്നത് അവിടെ നില്‍ക്കട്ടെ. രണ്ട് വ്യത്യസ്ത വേഗങ്ങള്‍ ഒരുമിക്കുമ്പോഴുണ്ടാകുന്ന വൈവിധ്യതയെ കുറിച്ച് ചിന്തിച്ച് നോക്കുക.
പന്തുവരാളിയും പൂര്‍വികല്ല്യാണിയും രണ്ട് വ്യത്യസ്ത രാഗങ്ങളാണ്. അതിന്റെ സ്വര സ്ഥാനങ്ങളും വ്യത്യസ്തം. എങ്കിലും കേള്‍ക്കുമ്പോള്‍ അതില്‍ ചില സാമ്യതകള്‍ തോന്നും. അവരോഹണ സ്വരങ്ങല്‍ ഏതാണ്ട് തുല്ല്യമാണ്. അതേ പോലെയാണ് ബോള്‍ട്ടും ഫറയും. വേഗതയുടെ രണ്ട് സമസ്യകള്‍. മുകളില്‍ പറഞ്ഞ രണ്ട് രാഗങ്ങള്‍ കേള്‍ക്കുന്ന ആതേ സ്വച്ഛതയില്‍ രണ്ട് വേഗങ്ങളെയും വ്യത്യസ്തമായും സമരസപ്പെട്ടും അറിയണം................

Saturday, August 3, 2013

ബുദ്ധം

നിറഞ്ഞ മൗനം
അടി തൊട്ട്
മുടി വരെ ശൂന്യം...
നിശ്ചലമായി
ധ്യാനം പൂണ്ട്
തുറവിയിലേക്ക്
സഞ്ചാരം...
ഉള്ളില്‍
ആഴങ്ങളില്‍
ആഴങ്ങളില്‍ നിന്ന്
സഹസ്ര പത്മത്തിലേക്ക്
പെയ്തിറങ്ങിയ
ആനന്ദധാര...

Wednesday, July 24, 2013

പട്ടം...

നിഷ്‌കളങ്കതയുടെ
കൈകളില്‍ നിന്ന്
മുകളിലേക്ക് ഉയര്‍ന്ന
ബാല ചാപല്യങ്ങള്‍...
കാറ്റുപിടിച്ച്
മാനം മുട്ടെ
ഉയര്‍ന്നപ്പോള്‍
പിടിവിട്ടു പോയ
കുഞ്ഞു കിനാവ്...

Tuesday, July 23, 2013

മില്‍ഖാ... സല്യൂട്ട്... ആ സിംഹ ഹൃദയത്തിന്

1960 റോം ഒളിമ്പിക്‌സില്‍ 400 മീറ്ററിന്റെ ഫിനിഷിംഗ് ലൈനില്‍ വെച്ച് ഇന്ത്യയുടെ മില്‍ഖാ സിംഗ് തിരിഞ്ഞു നോക്കിയത് എന്തിനായിരുന്നു......... വിഭജനത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ പേറി പലായനം ചെയ്യേണ്ടി വന്ന തന്റെ കുട്ടിക്കാലത്തെ ആ നിമിഷം മില്‍ഖ ഓര്‍ത്തിരുന്നുവോ. അറിയില്ല. അതങ്ങിനെ സംഭവിക്കണമെന്ന് ആരോ മുന്‍കൂട്ടി ഏഴുതി വെച്ചതായിരിക്കണം.........................................................................
കോഴിക്കോടിന്റെ ചരിത്രത്തിനൊപ്പം കൂട്ടി വായിക്കേണ്ട പേരാണ് ക്രൗണ്‍ തിയേറ്ററിന്റെ ഭൂതകാലം. കോഴിക്കോട്ടുകാരെ ഇംഗ്ലീഷ് സിനിമ കാണാന്‍ പഠിപ്പിച്ച കൊട്ടക. ആ കൊട്ടകയുടെ ശീതീകരിച്ച മുറിയിലിരുന്ന് ഭാഗ് മില്‍ഖ ഭാഗ് എന്ന രാകേഷ് ഓംപ്രകാശ് മെഹ്‌റയുടെ ഹിന്ദി സിനിമ കണ്ടു. ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ എന്തുകൊണ്ടും യോഗ്യത വലിയ ഭൂതകാലത്തിന്റെ അകമ്പടിയുള്ള ക്രൗണിന് തന്നെയാണ്. സിനിമ തുടങ്ങുന്നത് റോം ഒളിമ്പിക്‌സ് സ്റ്റേഡിയത്തിലെ ട്രാക്കില്‍ വെച്ച് മില്‍ഖക്ക് മെഡല്‍ നഷ്ടപ്പെട്ട ഷോട്ടോടെയാണ്. അസാമാന്യ കൈയടക്കത്തോടെ ജീവിച്ചിരിക്കുന്ന ഇതിഹാസത്തെ മെഹ്‌റ സെല്ലുലോയ്ഡിലേക്ക് പകര്‍ത്തിയിരിക്കുന്നു. മില്‍ഖയായി പരകായ പ്രവേശം നടത്തിയ ഫര്‍ഹാന്‍ അക്തറിന്റെ പ്രകടനവും ഗംഭീരം. മൂന്ന് മണിക്കൂര്‍ ചിരിച്ചും ചിന്തിച്ചും പ്രണയിച്ചും ഇടക്ക് വിതുമ്പിയും പൊട്ടിക്കരഞ്ഞും രോമാഞ്ചം കൊണ്ടും ഒരു നീണ്ട കായിക ചരിത്രത്തെ  ഹൃദയത്തിലേക്ക് പടര്‍ത്തി. തിയേറ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ മനസ്സ് നിറയെ വികാരങ്ങളുടെ പെരുമഴയായിരുന്നു. പുറത്തേക്കിറങ്ങിയപ്പോള്‍ മഴ തോര്‍ന്ന് തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു...........................................
ആരാണ് മില്‍ഖ സിംഗ്? കപില്‍ ദേവിനും പി ടി ഉഷക്കും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും ലിയാണ്ടര്‍ പേസിനും മുമ്പ് ഇന്ത്യന്‍ കായിക സ്വപ്‌നങ്ങളെ ലോകത്തോളം ഓടിച്ച കരുത്തന്‍. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്ന മഹാ സത്യത്തെ ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ ഉജ്ജ്വലനായ പട്ടാളക്കാരനും അത്‌ലറ്റും. ദ ഫ്‌ളൈയിംഗ് സിഖ് എന്ന അപര നാമത്തില്‍ അറിയപ്പെട്ട ഇന്ത്യയുടെ ഒരേയൊരു ഇതിഹാസ അത്‌ലറ്റ്. വിഭജന കാലത്ത് എല്ലാം നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടി വന്നതിന്റെ തിക്താനുഭവങ്ങളില്‍ നിന്നാണ് ആ അത്‌ലറ്റ് പിറവിയെടുത്തത്. ഇന്നത്തെ പാക്കിസ്ഥാനിലുള്ള ഗോവിന്ദ്പുരയിലെ ചുട്ടു പഴുത്ത മണലിലൂടെ ഓടി തുടങ്ങി അഭയാര്‍ഥി ക്യാമ്പില്‍ താമസിച്ച്, തീവണ്ടിയില്‍ നിന്ന് കല്‍ക്കരി മോഷ്ടിച്ച്, ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് തീഹാര്‍ ജയിലില്‍ അടക്കപ്പെട്ട് ഒടുവില്‍ പട്ടാള ക്യാമ്പില്‍ നിന്ന് ഏറ്റവും ഇഷ്ടപ്പെട്ട പാലിനായി ഓട്ടം ശക്തമാക്കിയ മില്‍ഖ പിന്നീട് ഇന്ത്യന്‍ കായിക സംസ്‌കാരത്തെ മാറ്റി പണിയാന്‍ നിയുക്തനായത് കാലത്തിന്റെ കാവ്യ നീതി .........................
ഓടാനായി മാത്രം പിറന്ന മില്‍ഖ, കാമുകനായിരുന്നു നര്‍ത്തകനായിരുന്നു സംഗീതജ്ഞനായിരുന്നു. അതിലെല്ലാം ഓട്ടത്തിന്റെ ചടുലതയുണ്ട്. ആ വികാരങ്ങളുടെയെല്ലാം താളം ഒന്നായിരുന്നു. പരാജയപ്പെടുന്ന ഓരോ നിമിഷത്തിലും തിരിച്ചടിക്കാനുള്ള കരുത്ത് മനുഷ്യന് ഉണ്ടാകുന്നത് ജീവിതാനുഭവങ്ങളില്‍ നിന്നാണെന്ന് ഓട്ടത്തിലൂടെ അയാള്‍ തെളിയിച്ചു. കഠിനമായ ജീവിത സമരങ്ങള്‍, കയ്‌പ്പേറിയ അനുഭവങ്ങള്‍, ഉയിര്‍പ്പുകളും പതനങ്ങളും ഇച്ഛാഭംഗങ്ങളും എല്ലാം ചേര്‍ന്ന് നോക്കിയിട്ടും മില്‍ഖയിലെ പോരാളിയെ തളക്കാന്‍ സാധിച്ചില്ല. കവി പറഞ്ഞത് പോലെ ഈശ്വരനോ മാന്ത്രികനോ ഒന്നുമായിരുന്നില്ല ആ സര്‍ദാര്‍ജി. പച്ചയായ മനുഷ്യനായിരുന്നു, വൈകാരികമായ മനുഷ്യത്വമായിരുന്നു...................................
പ്രിയപ്പെട്ട മില്‍ഖ നന്ദി... ജീവിതം കൊണ്ട് ആത്മവിശ്വാസത്തെയും ദൃഢനിശ്ചയത്തെയും കൃത്യമായി നിര്‍വചിച്ചതിന്. വാക്കുകള്‍ കൊണ്ട്, ഹൃദയം കൊണ്ട്, മൗനം കൊണ്ട് 78ല്‍ എത്തിനില്‍ക്കുന്ന അങ്ങയുടെ ആ സിംഹ ഹൃദയത്തിന് വലിയ വലിയ സല്യൂട്ട്........

Wednesday, July 10, 2013

കണ്‍മഷി...

നിന്റെ കണ്ണില്‍ പൂത്ത
കറുത്ത വസന്തത്തിന്
എന്റെ ജീവന്‍...
കറുപ്പില്‍ ചാലിച്ച്
പീലിയില്‍ തൊട്ട്
മുഖ ചന്ദ്രനില്‍ പടര്‍ന്ന
കണ്ണുനീര്‍ ചാലിലും
ഞാനുണ്ട്...

Tuesday, July 9, 2013

ടെന്നീസ് റാക്കറ്റിന്റെ ധ്യാന വഴികള്‍....

റാക്കറ്റെടുത്ത ഓരോ നിമിഷത്തിലും  ധ്യാന സ്ഥലികളില്‍ മുഴുകുന്ന ബൗധായന വഴികളിലായിരുന്നു അയാള്‍. ഏഴ് ഫൈനലുകള്‍ കളിച്ചിട്ടും അഞ്ചിലും പരാജയപ്പെട്ടപ്പോഴും അയാള്‍ പ്രതീക്ഷകളെ പുല്‍കി. നീണ്ട 77 വര്‍ഷം ഒരു ജനത കാത്തിരുന്ന നിമിഷം സമ്മാനിക്കുമ്പോഴും അയാളുടെ മുഖത്ത് നിറഞ്ഞ സൗമ്യതയുണ്ടായിരുന്നു. ആന്‍ഡി മുറെ എന്ന ബ്രിട്ടീഷ് ടെന്നീസ് താരത്തെ ശ്രദ്ധിച്ച് നോക്കൂ. ഹൃദയത്തില്‍ നിന്നൂറിക്കൂടുന്ന വൈകാരിക നിമിഷങ്ങളെ എപ്പോഴും ഒരു തടസ്സവുമില്ലാതെ അയാള്‍ പ്രദര്‍ശിപ്പിക്കും. അതുകൊണ്ടാണ് 2012ല്‍ വിംബിള്‍ഡണ്‍ ഫൈനലില്‍ റോജര്‍ ഫെഡററോട് പരാജയപ്പെട്ടപ്പോള്‍ അയാള്‍ പൊട്ടിക്കരഞ്ഞത്. ആ കരച്ചിലിന്റെ പിന്നില്‍ നാളെയുടെ പ്രതീക്ഷകള്‍ ഒരു പക്ഷേ തിളങ്ങിയിരിക്കാം. അതുകൊണ്ടാണ് കാലം അന്ന് മുറെയുടെ കണ്ണീര്‍ വീഴ്ത്തി ആള്‍ ഇംഗ്ലണ്ട് ക്ലബിലെ ടെന്നീസ് പുല്‍ത്തകിടിയെ ശുദ്ധീകരിച്ചത്. എട്ടാം ഫ്രഞ്ച് ഓപ്പണ്‍ നേടിയെത്തിയ നദാല്‍ ആദ്യവും എട്ടാം വിംബിള്‍ഡണ്‍ കിരീടം തേടിയെത്തിയ ഫെഡറര്‍ പിന്നാലെയും പുറത്ത് പോയതും ആ നിയോഗത്തിന്റെ ബാക്കിയാണ്.
ആഭിജാതമായ ഒരു ട്രോഫിയിലേക്ക് ഒരു ജനത കണ്ണും നട്ട് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 77 വര്‍ഷമായി എന്നത് കൗതുകം തരുന്ന കാര്യമാണ്. 1936 ഫ്രെഡ് പെറിയെന്ന ബ്രിട്ടീഷ് താരമാണ് അവസാനമായി സ്വന്തം മണ്ണിലെ കിരീടത്തില്‍ മുത്തമിട്ടത്. ടെന്നീസ് ലോകത്തെ ഏറ്റവും പഴക്കം ചെന്ന ചാമ്പ്യന്‍ഷിപ്പ് ആ ജനതയുടെ അഭിമാന ചിഹ്നമാണ്. പക്ഷേ ചരിത്രം എല്ലായ്‌പ്പോഴും വഴിമാറിപ്പോയി. ഇവാന്‍ ലന്‍ഡലടക്കമുള്ള ബ്രിട്ടീഷ് ഇതിഹാസ താരങ്ങള്‍ക്ക് പോലും വിംബിള്‍ഡണ്‍ പുല്‍ത്തകിടി മാത്രം വഴങ്ങിയില്ല. അദ്ദേഹം ആ സങ്കടം ശിഷ്യനായ മുറെയിലൂടെ തീര്‍ക്കുന്നതും കൗതുകകരമായി.
ആന്‍ഡി മുറെ ഒരു പുഴയാണ്. അത് എപ്പോഴും ഒരേ ഭാവമല്ല പ്രകടിപ്പിക്കാറുള്ളത്. എതിരാളിയുടെ നില്‍പ്പിനനുസരിച്ച് തന്റെ ടെന്നീസിനെ മുറെ വ്യാഖ്യാനിച്ചുകൊണ്ടേയിരിക്കുന്നു. ഫൈനലില്‍ എതിരാളിയായി കിട്ടിയത് ലോക ഒന്നാം നമ്പര്‍ താരമായ ദ്യോക്കോവിച്ചിനെ. മികച്ച സര്‍വുകള്‍ ഉതിര്‍ക്കുന്ന ദ്യോക്കോവിച്ചിനെതിരെ അതേ കരുത്തില്‍ സര്‍വുകള്‍ ഉതിര്‍ക്കാന്‍ മുറെക്ക് സാധിക്കുന്നത് വ്യത്യസ്ത രീതിയിലേക്ക് മാറാനുള്ള അദ്ദേഹത്തിന്റെ നൈസര്‍ഗിക വാസനയുടെ ഗുണമാണ്. ആദ്യ സെറ്റ് നേടി തുടങ്ങിയ മുറെക്ക് രണ്ടാം സെറ്റില്‍ കടുത്ത വെല്ലുവിളി നേരിടേണ്ടി വന്നു. അവിടെ നിന്ന് തിരിച്ചടിച്ച അയാള്‍ രണ്ടാം സെറ്റും മൂന്നാം സെറ്റും സ്വന്തമാക്കുമ്പോള്‍ ഒരു ചരിത്രം വഴിമാറാന്‍ വെമ്പി നില്‍ക്കുകയായിരുന്നു.
ആനന്ദത്തിന്റെ വഴികള്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്നതല്ല. അത് നൈമിഷികമായി സൃഷ്ടിക്കപ്പെടുന്നതാണ്. ആന്‍ഡി മുറെയുടെ ടെന്നീസ് സൂക്ഷ്മ വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങുന്നതല്ല. അത് നിസ്സംഗതയുടെ ആധ്യാത്മികതയാണ് ചുറ്റിലും പ്രസരിപ്പിക്കുന്നത്. അയാള്‍ ഫൈനലില്‍ തോല്‍ക്കുമ്പോഴും വിജയിക്കുമ്പോഴും തീര്‍ച്ചയായും നമ്മുടെ ഹൃദയത്തിലേക്ക് കടന്നു വരുന്ന മൗനത്തെ ഒരു മാപിനി വെച്ച് അളന്നാല്‍ അതിന് ആനന്ദമെന്ന ഒറ്റ ഉത്തരമാകും ലഭിക്കുക.............................